26 April Friday

വാട്സാപ് സ്റ്റാറ്റസിലെ വായന ലോകം

അനിൽ മാരാത്ത് anilmarath69@gmail.comUpdated: Sunday Sep 6, 2020

നോവലുകളും കഥകളും വാട്‌സാപ്‌‌ സ്‌റ്റാറ്റസിലൂടെ സുഹൃത്തുക്കളിലും ശിഷ്യരിലും എത്തിച്ച്‌ അവരെ സാഹിത്യ കുതുകികൾ ആക്കുന്ന ഒരു അധ്യാപികയുണ്ട്‌ നമുക്കൊപ്പം

വാട്സാപ് സ്റ്റാറ്റസിൽ നമ്മുടെ യാത്രകൾ പ്രത്യക്ഷപ്പെട്ടേക്കാം, ഇഷ്ടഗാനങ്ങളും സെൽഫികളും വരാം. ഒരു നോവലാണെങ്കിലോ?  അതെ. എന്നും അൽപ്പാൽപ്പമായി  നോവൽ ഭാഗങ്ങൾ സ്റ്റാറ്റസിൽ വരുന്നത് തികച്ചും അസാധാരണമല്ലേ?

1958–- -60 കാലത്താണ്‌ രാജലക്ഷ്‌മിയുടെ നോവൽ "ഒരു വഴിയും കുറെ നിഴലുകളും’ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്‌.  സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവൽ അര നൂറ്റാണ്ടിനുശേഷം  ഡോ. എം ദിവ്യ വാട്സാപ്‌ സ്റ്റാറ്റസിലൂടെ ഈ നോവൽ വീണ്ടും നവമാധ്യമരംഗത്ത് തരംഗമാക്കി. തൃശൂർ, ഒല്ലൂർ വൈലോപ്പിള്ളി സ്‌മാരക ഗവൺമെന്റ്‌ ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ മലയാളം അതിഥി അധ്യാപികയാണ് എഴുത്തുകാരി കൂടിയായ ഡോ. ദിവ്യ.  വാട്‌സാപ്‌  സ്റ്റാറ്റസായി രാജലക്ഷ്‌മിയുടെ നോവലിന്റെ 29 അധ്യായങ്ങൾ  380 സ്റ്റാറ്റസിലൂടെ 200ൽപരം  പേർക്ക്‌ നൽകി.  

‍‍2019 മാർച്ച് അവസാന വാരമാണ്  തന്റെ ഫോൺ കോണ്ടാക്ടിലുള്ളവർക്ക് പ്രിയകഥാകാരിയുടെ നോവൽ ഭാഗങ്ങൾ ദിവ്യ സ്റ്റാറ്റസിലൂടെ  തുറന്നിട്ടത്.  നോവലിലെ പല സംഭാഷണങ്ങളും ദിവ്യയ്‌ക്ക്‌ ഹൃദിസ്ഥം.   24 മണിക്കൂറാണ്‌  വാട്സാപ് സ്റ്റാറ്റസിന്റെ ആയുസ്സ്‌.  ഒരു സ്‌റ്റാറ്റസിന്റെ പരിധി 700 ക്യാരക്‌ടറും. ആദ്യമെല്ലാം ഓരോ ദിവസവും രാവിലെയും വൈകുന്നേരവുമാണ്‌  സ്റ്റാറ്റസ് ഇട്ടിരുന്നത്.  2019 ലെ അവധിക്കാലത്ത്‌  എണ്ണം കൂട്ടി.  വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമാണ് നോവൽഭാഗങ്ങൾ ആദ്യം മുതലേ സ്റ്റാറ്റസിലൂടെ വായിക്കാൻ സാധിച്ചിരുന്നത്. പിന്നീട് നോവലിലെ ഓരോ അധ്യായവും ആകാംക്ഷയോടെ കടന്നുപോകുമ്പോൾ കഥാസന്ദർഭത്തിന് അനുയോജ്യമായ ചലച്ചിത്രഗാനങ്ങളുടെ വീഡിയോകളും ചേർത്തുവച്ചു.  24 മണിക്കൂർ സമയപരിധി കഴിഞ്ഞ് ആ വരികൾ സ്റ്റാറ്റസ് പേജിൽനിന്ന് മാഞ്ഞു പോയപ്പോൾ മറ്റൊരു അധ്യായത്തിലെ രണ്ടു വരികൾ സ്റ്റാറ്റസിൽ ഇട്ടു. അതൊരു വഴിത്തിരിവായി.

അങ്ങനെയെങ്കിൽ നോവലിന്റെ തുടക്കം മുതൽ തുടർച്ചയായി സ്റ്റാറ്റസ് ഇടാമല്ലോ എന്നു ചിന്തിച്ചു. അതോടെ ഓരോ സ്റ്റാറ്റസിനും ക്രമനമ്പരിട്ടു.  പുസ്‌തകത്തിന്റെ ഇമോജിയോടു കൂടിയ  തലക്കെട്ടും. തുടക്കത്തിൽ കുറച്ചു വിദ്യാർഥികളേ കോൺടാക്‌ടിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒല്ലൂർ കോളേജിലെയും ദിവ്യ മുമ്പ്‌ പഠിപ്പിച്ചിരുന്ന നെന്മാറ എൻഎസ്‌എസ്‌ കോളേജിലെയും  വിദ്യാർഥികൾക്കിടയിൽത്തന്നെ ലഭിച്ച സ്വീകാര്യതയും പ്രചാരവും കൂടുതൽ കുട്ടികളെക്കൂടി ദിവ്യയുടെ കോൺടാക്‌ടിൽ എത്തിച്ചു.

പണ്ട് ആഴ്‌ച്ചപ്പതിപ്പ് കാത്തിരുന്നതുപോലെ   പലരും ദിവ്യയുടെ സ്റ്റാറ്റസ് അപ്ഡേഷൻ കാത്തിരിക്കാൻ തുടങ്ങി.  പ്രധാനഭാഗമെത്തിയപ്പോഴേക്കും നോവൽ ആവേശപൂർവം കുട്ടികളേറ്റെടുത്തു.  ചിലർ  നോവൽ വാങ്ങി വായിച്ചു. 

കുഞ്ഞുണ്ണി മാഷിന്റെ "കുറ്റിപ്പെൻസിൽ’,  എസ്‌ കെ  പൊറ്റെക്കാടിന്റെ നിശാഗന്ധി എന്നീ  കഥകളുടെ ഊഴമായിരുന്നു പിന്നീട്‌. തുടർന്ന്‌  ഇന്ത്യയിലെ ആദ്യ  നോവൽ  "ദുർഗേശനന്ദിനി’യും.   

പുസ്‌തക വായനയെ ഒരു പുതിയ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്ന ദിവ്യ  സ്വന്തം രചനകൾ സ്റ്റാറ്റസിൽ 2019വരെ കൊടുത്തിരുന്നില്ല. മനസ്സിൽ രൂപം കൊണ്ട കഥയെ  നോവലാക്കി വികസിപ്പിക്കാൻ ദിവ്യ തീരുമാനിക്കുന്നത് 2019 ജൂലായിൽ. "ഇനിയും കരയാത്ത കാർമുകിൽ ’ എന്ന  നോവലിന്റെ പത്ത്‌  അധ്യായങ്ങൾ 1000 സ്റ്റാറ്റസ് നമ്പർ ഇതിനകം പിന്നിട്ടിരിക്കുകയാണ്. ഓരോ സ്റ്റാറ്റസ്‌ വായിക്കുമ്പോൾ അടുത്ത സ്റ്റാറ്റസിലേക്ക്‌ അറിയാതെ കണ്ണോടിച്ചു പോകാൻ നിർബന്ധിക്കും വിധം ആകർഷകമായ രചനാശൈലിയാണ് നോവലിനുള്ളത്.

" രചനയിലുടനീളം ഞാൻ പല പല അത്ഭുതങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ആദ്യ  അത്ഭുതമായി തോന്നുന്നത് എനിക്ക് ഇങ്ങനെയൊക്കെ എഴുതാൻ പറ്റും എന്ന് സ്വയം ബോധ്യപ്പെടുന്നതാണ്. സങ്കൽപ്പ കഥാപാത്രങ്ങൾക്ക് വാക്കിന്റെ ശക്തി കൊടുത്ത് ആ കഥാപാത്രങ്ങളെ  വായനക്കാരുടെ മനസ്സിലേക്ക് പതിപ്പിക്കുന്നത് എങ്ങനെയെന്ന് ഞാൻ സ്വയം മനസ്സിലാക്കുകയാണ്’‐ ദിവ്യ പറഞ്ഞു.  സ്റ്റാറ്റസിൽ വരുമ്പോൾത്തന്നെ പത്തോളം വാട്ട്സാപ്‌ ഗ്രൂപ്പുകളിലേക്ക്‌  നോവൽ ഷെയർ ചെയ്യുന്നുമുണ്ട്. ഓരോ അധ്യായങ്ങളുടെയും ശബ്‌ദരേഖ ഓഡിയോ ഫയൽ ആയി  കൊടുക്കുന്നുണ്ട്. ഗ്രൂപ്പുകളിലെല്ലാം അതിന്‌ വലിയ സ്വീകാര്യത ലഭിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ലോകത്തെവിടെയും ഇങ്ങനെ ഒരു സംരംഭം   ഉണ്ടായിട്ടുണ്ടാകില്ല. എഴുത്തുകാരിയുടെ വാട്സാപ്‌ സ്റ്റാറ്റസ് കാത്തിരുന്ന്  കുറേശ്ശെ കുറേശ്ശെയായി  രസം പിടിച്ച ഒരു  വായനാ യാത്ര..അതു തന്നെ ഏറ്റവും വലിയ അത്ഭുതമല്ലേ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top