26 April Friday

വടക്കൻ കേരളത്തെ അടുത്തറിയാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

‘നേരം പുലരുന്നതേയുള്ളൂ. മങ്ങിയ നിലാവ്‌. മുന്നിൽ നടക്കുന്നത്‌ അച്ഛൻ. അച്ഛന്റെ ചുമലിൽ വലിയ ചക്രം. പരുത്തിയടിക്കുന്ന മിഷ്യൻ തിരിക്കാനുള്ള ചക്രം. ചെറിയ മിഷ്യൻ അമ്മയുടെ തലച്ചുമടാണ്‌... അച്ഛനമ്മമാർക്ക്‌ ഞങ്ങൾ അഞ്ചു മക്കൾ. പഞ്ചപാണ്ഡവന്മാർ അരക്കില്ലത്തിൽനിന്നു രക്ഷപ്പെട്ട്‌ കാട്ടിലേക്ക്‌ പലായനം ചെയ്‌തതുപോലെ തറവാട്ടുവീട്ടിൽനിന്നു രക്ഷപ്പെട്ട്‌ ഞങ്ങൾ പരദേശവാസത്തിന്‌ പോകുകയാണ്‌’. പയ്യന്നൂരിനടുത്ത തറവാട്ടുവീട്ടിൽനിന്ന്‌ കാരണവർ ദയാരഹിതമായി പുറത്താക്കിയശേഷം മംഗളൂരുവിനടുത്ത കാർക്കളയിലേക്കാണ്‌ ആ കുടുംബം കുടിയേറിയത്‌.  ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച്‌ പിന്നീട്‌ സ്‌കൂൾ അധ്യാപകനും എഴുത്തുകാരനും പരിഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാഷ്‌ കണ്ണീരിന്റെ നനവുള്ള സ്വന്തം ജീവിതകഥ പറയുകയാണ്‌  ‘ഇലയും പുകയിലയും നടന്നുതീർന്ന വഴികൾ’ എന്ന പുസ്‌തകത്തിലൂടെ. 

അരനൂറ്റാണ്ടു മുമ്പുള്ള വടക്കൻ കേരളത്തിന്റെ ജീവിതമെന്തെന്ന്‌ അടുത്തറിയാൻ ഈ പുസ്‌തകം ഏറെ സഹായകമാണ്‌. പുല്ലുമേയുന്ന വീടുകളും ഓലക്കുടയും ചിമ്മിനി വിളക്കും കൺട്രോൾ ഷോപ്പും (ഇന്നത്തെ റേഷൻകട നിറഞ്ഞുനിന്ന കാലത്തെക്കുറിച്ചുള്ള വിവരണം).  ജീവിതം മുന്നോട്ടുപോകാൻ വഴികളില്ലാതെ വന്നപ്പോൾ ബീഡി തെറുപ്പ്‌ പഠിക്കുകയും ആ തൊഴിൽ മനുഷ്യനായി നിവർന്നുനിൽക്കാൻ സഹായിക്കുകയും ചെയ്‌തതുകൊണ്ടായിരിക്കണം ‘ഇലയും പുകയിലയും’ എന്ന പേര്‌ പുസ്‌തകത്തിനു നൽകിയത്‌. ബീഡി തെറുപ്പ്‌ എങ്ങനെയാണ്‌ ഒരു സാഹിത്യ സാംസ്‌കാരിക കേന്ദ്രമായി തീർന്നതെന്നും ആ മാറ്റത്തിന്‌ ദേശാഭിമാനിയുടെ ആദ്യ ജനറൽ മാനേജർ കണ്ണൻ നായർ എങ്ങനെയാണ്‌ നിമിത്തമായതെന്നും പുസ്‌തകം വിവരിക്കുന്നു.

കാർക്കളയിലെ രണ്ടു വർഷം നീണ്ട താമസമാണ്‌ മാഷെ കന്നട സാഹിത്യവുമായി അടുപ്പിച്ചത്‌. ശിവരാമ കാറന്ത്‌, നിരഞ്ജന, കൽബുർഗി എന്നിവരെക്കുറിച്ചുള്ള കുറിപ്പുകൾ ഹൃദ്യമാണ്‌. വടക്കേ മലബാറിലെ കമ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തെക്കുറിച്ചും അതിന്‌ നേതൃത്വം നൽകിയവരെക്കുറിച്ചും പരാമർശമുണ്ട്‌. കഥ എഴുത്തിൽ മലയാളിയുടെ അഭിമാനമായ ടി പത്മനാഭൻ, നാടൻകലയുടെ വടക്കൻ പെരുമയായ ഡോ. എം വി വിഷ്ണുനമ്പൂതിരി, പി  ജിഡി മാഷ്‌, പി വി കെ കടമ്പേരി, നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവരെക്കുറിച്ചും പരാമർശമുണ്ട്‌. ഹിന്ദുത്വ വർഗീയതയെ ചെറുത്തുനിന്ന ഭാസ്‌കരൻ കുമ്പളയെക്കുറിച്ചും കമ്യൂണിസ്റ്റ്‌ പാർടി പിറന്നുവീണ പിണറായി ഗ്രാമത്തെക്കുറിച്ചുമുള്ള വിവരണം പുതുമയുള്ളതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top