27 April Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jan 1, 2023

കവിതയുടെ മഴപ്പെയ്‌ത്ത്‌

മണികണ്‌ഠൻ മണലൂർ

വേദികളെ പുളകംകൊള്ളിക്കുന്ന ആലാപനസിദ്ധിയും  അനർഗളമായ പ്രഭാഷണചാതുരിയും പദസമ്പത്തും രചനാസൗന്ദര്യംകൊണ്ടും പുതു കാവ്യവഴിയിൽ വസന്തം വിടർത്തുന്ന കവിയാണ്‌ എൻ എസ്‌ സുമേഷ്‌ കൃഷ്‌ണൻ. അദ്ദേഹത്തിന്റെ കവിതകൾ കാലത്തിന്റെ നേരടയാളങ്ങളാണ്‌. ഇതിനകംതന്നെ ഒമ്പത്‌ പുസ്‌തകം രചിച്ച സുമേഷിന്റെ പത്താമത്തെ പുസ്‌തകമായ ‘എന്റെയും നിങ്ങളുടെയും മഴകളു’മായി വീണ്ടും. ഈ കൃതിയിൽ 51 കവിതയാണുള്ളത്‌. ഭട്ടതിരിയുടെ കവർചിത്രം കൂടിയായപ്പോൾ സ്വർണത്തിന്‌ സുഗന്ധംപോലെ. സുഗതകുമാരിയെക്കുറിച്ചുള്ള ‘ആർദ്രം’, ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘ഒരു’ എന്നീ കവിതകളുൾപ്പെടെ ഹൃദയാവർജകങ്ങളായ ഒട്ടനവധി കവിതകൾകൊണ്ട്‌ സമ്പുഷ്ടമാണ്‌ എന്റെയും നിങ്ങളുടെ മഴകൾ. ഏഴാച്ചേരി രാമചന്ദ്രന്റെ അവതാരികയും ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ പഠനവും ഡോ. സി വി സുരേഷിന്റെ ആസ്വാദനവും ‘എന്റെയും നിങ്ങളുടെ മഴകൾ’ കൂടുതൽ അനുഭവവേദ്യമാക്കിത്തരുന്നു.

 

സ്‌നേഹമരത്തണലിലൂടെ

പൊന്ന്യം ചന്ദ്രൻ

കുട്ടികളിലേക്കും അവരുടെ ജീവിതത്തിലേക്കും അവരുടെ ഭാഷയിലേക്കും സംവദിക്കാൻ സാധിക്കുന്നവർക്ക്‌ മാത്രം ഇണങ്ങുന്ന ഒന്നാണ്‌ ബാലസാഹിത്യം. പ്രകൃതിയും ചുറ്റുപാടും അവിടത്തെ ജൈവപരിസരങ്ങളും ആകമാനം നിരീക്ഷിച്ച്‌ കഥാ പരിസരങ്ങളിലേക്ക്‌ കുഞ്ഞു മനസ്സോടെ ചേർത്തുനിർത്തിയ എത്രയെങ്കിലും ബാലസാഹിത്യകാരന്മാരെ മലയാളത്തിൽ കാണാം. എന്നാൽ, ഇതിൽനിന്നെല്ലാം തികച്ചും ഭിന്നമായി പ്രകൃതിവിഭവങ്ങളോട്‌ സല്ലപിച്ചും സൗഹൃദം പങ്കിട്ടും കടന്നുപോകുന്ന ഇതൾ എന്ന കുട്ടിയുടെ ബാല്യകാല ചിന്തയെ രേഖപ്പെടുത്തുകയാണ്‌ ആർ തുഷാരയുടെ ‘അങ്ങനെയല്ലോ ആകാശയാത്രകൾ ഉണ്ടാവുന്നത്‌’ എന്ന ബാലസാഹിത്യ നോവൽ. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ പാകത്തിൽ, ഒഴുക്കോടെ നോവലിനെ ഒരുക്കിനിർത്തുന്നതിൽ നോവലിസ്റ്റ്‌ വിജയിച്ചിട്ടുണ്ട്‌. രവീന്ദ്രനാഥ ടാഗോർ കാബൂളിവാല എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതുപോലെ ഇതൾ കണ്ടെത്തുന്നത്‌ കാട്ടൂരാൻ എന്ന കഥാപാത്രത്തെയാണ്‌. തോളിൽ സഞ്ചി തൂക്കിയിട്ട്‌ സ്‌നേഹംമാത്രം പകർന്നു നൽകി സഞ്ചരിക്കുന്ന കാട്ടൂരാൻ. യാത്രയ്‌ക്കിടയിൽ കാണുന്ന കുട്ടികൾക്ക്‌ സഞ്ചിയിൽനിന്ന്‌ എടുത്തുനൽകുന്ന പേന മഷിതീർന്ന്‌ വലിച്ചെറിയുന്ന അതിനകത്തെ വിത്ത്‌ മുളപൊട്ടി ചെടിയാകുന്നതിലൂടെ നൽകുന്ന സന്ദേശം പാരിസ്ഥിതിക അവബോധമാണ്‌. ഇതളിനെപ്പോലെ കഥയിലുടനീളം കൂട്ടായി സഞ്ചരിക്കുന്ന കഥാപാത്രമാണ്‌ മുത്തുമൈന. പരിസരങ്ങളുടെ ജൈവതലം ബോധ്യപ്പെടുത്താൻ നോവലിനകത്ത്‌ തെരഞ്ഞെടുത്ത കക്രാട്ടുകുന്ന്‌ എന്ന ഭൂപരിസരപ്രദേശത്തെയും നാട്ടിടവഴികളെയും ചേർത്തുനിർത്തിയാണ്‌ നോവൽ വികസിക്കുന്നത്‌.

 

ഉള്ളു-രു-ക്ക-ത്തിന്റെ കവി-തകൾ

ഡോ. ഉണ്ണി ആമ-പ്പാ-റ-യ്-ക്കൽ 

അറു-പ-ത്തേഴ്- കവി-ത-ക-ളുടെ സ-മാഹാര-മാണ് ബാബു-രാ-ജൻ നല്ലൂ-ര-ങ്ങാ-ടി-യുടെ ‘ഇതല്ല ഞാൻ’. ആത്മാ-നു-ഭ-വ-ങ്ങ-ളുടെ ഉല-യിൽ സ്-ഫുടം ചെയ്-ത-താണ് പല കവി-ത-ക-ളും. എത്ര കഴു-കി-യിട്ടും എത്ര കുളി-ച്ചിട്ടും പോകു-ന്ന-തല്ല തന്റെമേൽ പതി-ഞ്ഞി-രി-ക്കുന്ന ആണ-ധി-കാര ദുർഗ-ന്ധ-മെന്ന് പറ-യാ-നുള്ള തന്റേ-ട-മാണ്  കവിയെ വേർതി-രി-ച്ചു-നിർത്തു-ന്ന-ത്-.  ഒരു കാലാ-വ-സ്ഥാ- നി-രീ-ക്ഷ-കനും കാണാ-നാ-കാത്ത കട-ലി-രമ്പം പേറു-ന്ന-വ-രാണ് സ്-ത്രീക-ളെന്ന് പറ-യാൻ കവിക്ക്-  മടി-യി-ല്ല. മറ്റു-ള്ള-വർക്കായി എരി-ഞ്ഞു-തീ-രുന്ന സ്-ത്രീജ-ന്മ-ത്തെ-ക്കു-റിച്ച്- തട്ടി-പ്പി-ട-ച്ചി  എന്ന കവി-ത-യിലും പാഴാ-വുന്ന അവ-ളുടെ വാക്കു-ക-ളെ-പ്പറ്റി കേൾക്കാത്ത വാക്കു-കൾ കാണാത്ത ജോലി-കൾ എന്ന കവി-ത-യിലും സൂചി-പ്പി-ക്കു-ന്നു-ണ്ട്-.  പരോളോ ജാമ്യമോ ലഭി-ക്കാ-ത്ത, ഏതു-തരം ശിക്ഷ-യാണ് വിധി-ക്ക-പ്പെ-ട്ട-തെ-ന്നു-പോ-ലു-മ-റി-യാത്ത നിരാ-ലം-ബ-രു-ടെയും അരി-കു-വ-ൽക്കൃ-ത-രു-ടെയും അവ-സ്ഥ-യെ-യാണ് ‘തുറന്ന ജയി ’ കാണി-ച്ചു-ത-രു-ന്ന-ത്-. ഗുണ്ട-യാ-യി-രു-ന്നില്ല ഞാൻ, പുനർജ-ന്മം, വീടിന്റെ ചിരി, നീറ്റ, ഒരു പരി-ദേ-വ-നം,- ന-വ-ദർപ്പ-ണം തുട-ങ്ങിയ കവി-ത-ക-ളിൽ  ഒറ്റ-പ്പെ-ട-ലിന്റെ വേവും നോവും പ്രക-ട-മാ-ണ്. പാർശ്വ-വ-ൽക്കൃ-ത-ർക്കൊപ്പ-മാണ് കവി-യുടെ നിൽപ്പ്‌-. മതേ-ത-ര-ബോ-ധ-ത്തിലും മാന-വൈ-ക്യ-ത്തിലും കവി-ക്കുള്ള വിശ്വാസം ബുൾഡോ-സർ, മുദ്രാ-വാക്യം തുട-ങ്ങിയ കവി-ത-കൾ വ്യക്ത-മാ-ക്കു-ന്നു-ണ്ട്-. ഹാസ-മാണ് ബാബു-രാ-ജന്റെ പ്രിയ-ര-സം. നവ-സാ-ങ്കേ-തി-ക-ത-യുടെ വര-വോടെ നമുക്ക്- നഷ്ട-മായ മാന-വി-ക-മൂ-ല്യ-ങ്ങ-ളിൽ  ആശ-ങ്കാ-കു-ല-നാണ് കവി.

 

നവോത്ഥാന നാൾവഴികളുടെ നോവൽ ശിൽപ്പം

പ്രൊഫ. കെ ജി നാരായണൻ

അക്ഷണപരിണാമിയായ വർത്തമാനകാല വ്യവഹാരങ്ങളുടെ ഗതിവേഗം നമ്മുടെ വായനശീലത്തെ ബാധിച്ചിട്ടുണ്ട്‌. അതിന്റെ പ്രത്യക്ഷഫലങ്ങളിലൊന്ന്‌ ബൃഹദാഖ്യാനങ്ങളുടെ അഭാവമത്രെ. അതുകൊണ്ടുതന്നെ ഡോ. എസ്‌ കെ വസന്തന്റെ ‘കാലം സാക്ഷി’ എന്ന ബൃഹദാഖ്യായിക ശ്രദ്ധേയമായ വായനാനുഭവം പകരുന്നു. ഇരു വാള്യങ്ങളിൽ ആയിരത്തിൽപ്പരം പേജുൾക്കൊള്ളുന്ന നോവൽ ശിൽപ്പത്തിന്‌ ഏറെ അപൂർവത അവകാശപ്പെടാം. 19–-ാം ശതകത്തിലാരംഭിച്ച്‌ നവകേരളപ്പിറവിവരെ ദീർഘിച്ച നവോത്ഥാനോന്മുഖമായ സമഗ്രപരിവർത്തനങ്ങളെ നോവലിൽ ഉദ്‌ഗ്രഥിച്ചിരിക്കുന്നു. ആഴമാർന്ന ചരിത്രജ്ഞാനവും ബഹുതല സ്‌പർശിയുമായ സൗന്ദര്യാനുശീലനവും സമന്വയിച്ച സർഗസാഫല്യമാണിത്‌. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേർതിരിഞ്ഞിരുന്ന മലയാള മണ്ണിൽ വാർന്നുവീണ്‌ കുതിർന്ന കണ്ണീരിന്റെയും ചോരയുടെയും വിയർപ്പിന്റെയും ത്യാഗോജ്വല ഗാഥകൾ, ഒരു ഇതിഹാസ ചലച്ചിത്ര തിരക്കഥപോലെ വിഭാവനം ചെയ്‌തിരിക്കുന്നു. രാജഭരണം, ഭൂപ്രഭുത്വം, സവർണമേധാവിത്വം, മുതലാളിത്തം, നവീന ജനാധിപത്യം എന്നീ അധീശത്വകാലങ്ങളിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഒന്നുംതന്നെ വിട്ടുപോകാതെ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. കേരളീയ നവോത്ഥാനത്തിന്‌ നാന്ദികുറിച്ച വൈകുണ്‌ഠസ്വാമികളെ സ്വാതിതിരുനാൾ മഹാരാജാവ്‌ സുരക്ഷോപായമെന്ന നിലയിൽ തടവിലാക്കുകയും പിന്നീട്‌ നിശിതമായ നീതിബോധത്താൽ മോചിപ്പിക്കുകയും ചെയ്യുന്നത്‌ ഗ്രന്ഥാരംഭത്തിൽ കാണാം. ആഖ്യാനത്തിലും അണിനിരക്കുന്ന ചരിത്രനായകരുടെ പോരാട്ടവീര്യവും ആദർശദാർഢ്യവും ധർമവ്യസനിതയും ഇഴചേർന്ന രംഗചിത്രങ്ങളും സംഭാഷണ വിന്യാസങ്ങളും ചേർന്ന്‌ ലക്ഷണമൊത്ത ചരിത്രാഖ്യായികയായി ‘കാലം സാക്ഷി’യെ വിശേഷിപ്പിക്കാം. നോവലിന്റെ രണ്ടാം ഭാഗത്ത്‌ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യിലെ വങ്കനായ സൂരിനമ്പൂതിരിപ്പാടിന്റെ ശിഷ്ടജീവിതഖണ്ഡം. ജാതീയമായ അനാചാരങ്ങളുടെ നെടുങ്കോട്ടകൾ തകർത്ത ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, സ്വദേശാഭിമാനി, വി ടി ഭട്ടതിരിപ്പാട്‌, മന്നത്ത്‌ പത്മനാഭൻ, സഹോദരൻ അയ്യപ്പൻ എന്നിവരോടൊപ്പം പരിഷ്‌കരണവാദികളായ പ്രമുഖ എഴുത്തുകാരും പത്രപ്രവർത്തകരും ഗ്രന്ഥശാലാ പ്രവർത്തകരും മിഷണറിമാരുമെല്ലാം കടന്നുവരുന്നുണ്ട്‌. ദേശീയ പ്രസ്ഥാന ചലനങ്ങൾക്കൊപ്പം കമ്യൂണിസ്റ്റ്‌ പുരോഗമന പ്രസ്ഥാനങ്ങളെയും സവിശേഷം പരിഗണിച്ചിട്ടുണ്ട്‌. മഹാനുഭാവന്മാരായ കേളപ്പജി, മുഹമ്മദ്‌ അബ്ദുറഹ്‌മാൻ, സി കേശവൻ, പി കൃഷ്‌ണപിള്ള, ഇ എം എസ്‌, എ കെ ജി എന്നിവർക്കൊപ്പം ഒട്ടേറെ പ്രമുഖരെയും സന്ദർഭോചിതമായി വിന്യസിച്ചിട്ടുണ്ട്‌.

 

അതിരുകളെ മറികടന്ന കാവ്യങ്ങൾ

ബിജു കാർത്തിക്‌

ലോക കവിതകൾക്കൊപ്പം മലയാള കവിതയെയും ചേർത്തുനിർത്താൻ  എഴുത്തിലൂടെ ശ്രമിച്ചവരിൽ പ്രധാനിയാണ്‌ ടി പി രാജീവൻ. ബുദ്ധികൊണ്ട്‌ വായിക്കേണ്ട കവിതകൾ വായിച്ചു മടുത്ത മലയാളിക്ക്‌ വൈകാരികതയുടെ ചോരയോട്ടത്തിലൂടെ പുത്തനുണർവ്‌ നൽകാനും ഇതുവഴി അദ്ദേഹത്തിന്‌ സാധിച്ചു. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ രാജീവന്റേതായി അവസാനം പുറത്തുവന്ന കവിതാ സമാഹാരമായ നീലക്കൊടുവേലി. ദൃഢതയാർന്ന, ഗദ്യഭാഷയോട്‌ ചേർന്നുനിൽക്കുന്ന കാവ്യഭാഷയാണ്‌ ഇതിലെ കവിതകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ ആധുനിക പൂർവ കവികളോട്‌ സാംസ്‌കാരികമായി ഐക്യപ്പെടാനും ഇതിലെ കവിതകൾക്കാകുന്നു. രാജീവന്റെ തന്നെ രൂപപരവും ഭാഷാപരവുമായ മുൻ അതിരുകളെയെല്ലാം നീലക്കൊടുവേലി മറികടക്കുന്നുമുണ്ട്‌. അവതാരികയിൽ കവി പി രാമൻ പറഞ്ഞതുപോലെ ഒരു മരത്തെ സംബന്ധിച്ച്‌ അത്‌ നിൽക്കുന്ന ഇടമാണ്‌ പച്ച. ടി പി രാജീവനെ സംബന്ധിച്ചിടത്തോളം താൻ നിൽക്കുന്ന ഇടമാണ്‌ കവിത. അങ്ങനെ ഈ സമാഹാരത്തിലെ കുറ്റ്യാടിപ്പുഴയിലൂടെ, നീലക്കൊടുവേലിയിലൂടെ, അസാധ്യത്തിലൂടെ, പാതിരാനൃത്തത്തിലൂടെ രാജീവൻ ആ ഇടങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top