26 April Friday

രണ്ടേകാൽ മണിക്കൂർ മണ്ണിനടിയിൽ ഒടുവിൽ ആ‘ശ്വാസം’

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

പ്രാണൻ മുറുക്കിപ്പിടിച്ച് ... ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

 

കോട്ടയം
രണ്ടേകാൽ മണിക്കൂർ ജീവൻ കെെയിലെടുത്ത് മണ്ണിനടിയിൽ. നാടൊന്നാകെ ശ്വാസമടക്കിപ്പിടിച്ചു നിന്ന നിമിഷങ്ങൾ. ഒടുവിലാ മരണക്കയംതാണ്ടി അയാളുടെ ആ‘ശ്വാസച്ചിരി’. കയ്യാല നിർമാണത്തിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട അതിഥിത്തൊഴിലാളിയെ രക്ഷിക്കാൻ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയത്  കൈമെയ് മറന്ന രക്ഷാപ്രവർത്തനം. ട്യൂബ്‌വഴി ഓക്‌സിജനും വെള്ളവും നൽകിയാണ്‌ ജീവൻ പിടിച്ചുനിർത്തിയത്‌.

നാട്ടകം മറിയപ്പള്ളിക്കു സമീപം മഠത്തിൽകാവിൽ വ്യാഴം രാവിലെ 9.15നായിരുന്നു അപകടം. സ്വകാര്യവ്യക്തിയുടെ വീട്ടിലെ മൺതിട്ടയ്ക്ക്  കയ്യാല കെട്ടാൻ കുഴിക്കുന്നതിനിടെയാണ്‌ ബംഗാൾ സ്വദേശി സുശാന്ത്‌ മിദ്യ (24) മണ്ണിനടിയിലാകുന്നത്. മണ്ണിടിയുന്നതുകണ്ട്‌ ഒപ്പമുള്ള രണ്ടുപേർ ഓടിമാറി.

സുശാന്തിന്റെ അരയ്‌ക്കുതാഴെ മണ്ണിനടിയിലായി. കോട്ടയത്തുനിന്ന്‌ ഫയർഫോഴ്‌സ്‌ എത്തി മണ്ണ്‌ മാറ്റുന്നതിനിടെ വീണ്ടുമിടിഞ്ഞ്‌ ആളൊന്നാകെ മണ്ണിനടിയിലായി. അതിവേഗം തലയ്‌ക്കു മുകളിലെ മണ്ണ്‌ മാറ്റി ശ്വാസംകിട്ടുന്ന നിലയിലാക്കി. ഉടൻ ചങ്ങനാശേരിയിൽനിന്നുള്ള ഫയർഫോഴ്‌സും എത്തി. പത്തടി താഴ്ചയുള്ള കുഴിയിൽ ഒരുകാൽ മടങ്ങിയനിലയിലാണ് സുശാന്ത്‌ കിടന്നത്. ജെസിബി ഉപയോഗിച്ച്‌ സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കിയാണ് 11.30ഓടെ ഇയാളെ പുറത്തെടുത്തത്‌. കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള സുശാന്തിന്‌ കാര്യമായ പരിക്കില്ല. സുശാന്തിനെ രക്ഷപ്പെടുത്തിയ പൊലീസ്‌, അഗ്നിരക്ഷാ സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top