26 April Friday

മികച്ച വാഗ്‌മി, വനിതകളുടെ പ്രിയ പോരാളി

വെബ് ഡെസ്‌ക്‌Updated: Monday Apr 11, 2022


കൊച്ചി
വിദ്യാഭ്യാസകാലത്തുതന്നെ സോഷ്യലിസ്‌റ്റ്‌ ചിന്താധാരയിൽ സജീവം. പരിവർത്തനവാദിയായി തുടക്കം. കോൺഗ്രസ്‌ കോട്ടയായിരുന്ന അങ്കമാലിയുടെ മരുമകളായി എത്തിയ ജോസഫൈൻ അവിടെവച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകയായി.

വിദ്യാർഥിയായിരിക്കെ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ജോസഫൈൻ പരിവർത്തനവാദി കോൺഗ്രസ്‌ പ്രവർത്തകയായാണ്‌ രാഷ്‌ട്രീയത്തിലെത്തുന്നത്‌. മഹാരാജാസ്‌ കോളേജിൽ എംഎ വിദ്യാർഥിയായിരിക്കെ പരിചയപ്പെട്ട പരിവർത്തനവാദികളുടെ നേതാവായിരുന്ന പി എ മത്തായി പിന്നീട്‌ ജീവിതസഖാവായി. 1976ലായിരുന്നു വിവാഹം. മതചട്ടക്കൂടിനെ വെല്ലുവിളിച്ചാണ്‌ ഇരുവരും ഒരുമിച്ചത്‌. വിവാഹശേഷം ജോസഫൈൻ അങ്കമാലിയിൽ കുറച്ചുകാലം പാരലൽ കോളേജ് അധ്യാപികയായി. അടിയന്തരാവസ്ഥയ്‌ക്കുശേഷമുള്ള രാഷ്‌ട്രീയ സാഹചര്യത്തിലാണ്‌ ജോസഫൈനും മത്തായിയും കമ്യൂണിസ്റ്റ്‌ പാർടിയുമായി അടുക്കുന്നത്‌. ഇരുവരെയും സിപിഐ എം പ്രവർത്തകരാക്കുന്നതിൽ മുൻ സ്പീക്കറും പാർടി നേതാവുമായ എ പി കുര്യൻ മുൻകൈയെടുത്തു. 1978ൽ ജോസഫൈൻ സിപിഐ എം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമായി.  1984ൽ എറണാകുളം ജില്ലാ കമ്മിറ്റിയിലും 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർ ഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി(2006), കൊച്ചി(2011) നിയമസഭാ മണ്ഡലങ്ങളിലും ഇടുക്കി(1986) ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭ കൗൺസിലറായിരുന്നു.


 

ബ്രാഞ്ചിൽ പ്രവർത്തിക്കുമ്പോൾ തന്നെ ജില്ലയിലാകെ പാർടി യോഗങ്ങളിൽ ജോസഫൈൻ പ്രാസംഗികയായി. കത്തോലിക്കാ സമുദായത്തിൽ നിന്നുള്ളവർക്ക്‌ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തനത്തിന്‌ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നകാലത്ത്‌ ജോസഫൈന്റെ പ്രസംഗം കേൾക്കാൾ ദൂരെനിന്നുപോലും ആളുകളെത്തി. ജില്ലയിലെ കിഴക്കൻ കാർഷിക മേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യ വൈസ് പ്രസിഡന്റുവരെയായി. പൊതുപ്രവർത്തനാനുഭവവും പ്രതിബദ്ധതയും ഏറ്റെടുത്ത ചുമതലകളിലെല്ലാം മാതൃകാ പ്രവർത്തനം കാഴ്ചവയ്ക്കാൻ അവരെ സഹായിച്ചു.

1948 ആഗസ്‌ത്‌ മൂന്നിന്‌ വൈപ്പിൻ മുരിക്കുംപാടം മാപ്പിളശേരി ചവര–-മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. അൽപ്പകാലം കോളേജ്‌ ലക്‌ചററായും പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top