26 April Friday
ആശ്വാസമേകാൻ ടെലി മെഡിസിൻ സംവിധാനം

ആശ്വാസമേകാൻ ടെലി മെഡിസിൻ സംവിധാനംx

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

തിരുവനന്തപുരം
ആശുപത്രികൾ ഏതാണ്ട്‌ പൂർണമായും കോവിഡ്‌ ചികിത്സയിലേക്ക്‌ ഒതുങ്ങുന്നത്‌ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക്‌ ബുദ്ധിമുട്ടാകില്ല. സംസ്ഥാന ഐടി മിഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി വിദഗ്‌ധ ഡോക്ടർമാരെ രോഗികളുടെ സ്വീകരണമുറിയിൽ എത്തിക്കുന്നു. സർക്കാരിന്റെ ‘ടെലി മെഡിസിൻ’ സംവിധാനത്തിലൂടെ രോഗികൾക്ക്‌ വീട്ടിലിരുന്ന്‌ ഡോക്ടർമാരെ കാണാം. മരുന്നിന്റെ കുറിപ്പടി മൊബൈൽ ഫോണിലെത്തും. സംവിധാനം
പ്രവർത്തനമാരംഭിച്ചു.

സംസ്ഥാന സർക്കാരിന്റെ www.keralagov.in വെബ്‌സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യുന്നവർക്കാണ്‌ സൗകര്യം പ്രയോജനപ്പെടുക. പ്രായാധിക്യമുള്ളവർ, രോഗബാധിത പ്രദേശത്തുനിന്ന്‌ എത്തിയവരും അവരുമായി ഇടപഴകിയതിനാൽ നിരീക്ഷണത്തിലുള്ളവരുമായവർ, കീമോ തെറാപ്പിക്ക്‌ വിധേയരാകുന്നവർ, രോഗം പിടിപെടാൻ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ്‌ ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക.

രജിസ്‌റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്‌വേഡും മൊബൈൽ നമ്പറും ഉപയോഗിച്ച്‌ ക്വിക്ക്‌ ഡോക്ടർ ആപ്പിൽ ലോഗ്‌ ഇൻ ചെയ്യാം. പ്ലേ സ്‌റ്റോറിൽനിന്നാണ്‌ ആപ് ഡൗൺലോഡ്‌ ചെയ്യേണ്ടത്‌. ആപ്പിൽ പ്രവേശിച്ചാൽ ലഭ്യമായ ഡോക്ടർമാരെ തെരഞ്ഞെടുക്കാനും കാണേണ്ട സമയം തീരുമാനിക്കാനുമാകും. കൃത്യസമയത്ത്‌ ഡോക്ടർ വീഡിയോ കോൾ വഴി രോഗികളുടെ പ്രശ്‌നങ്ങൾ കേൾക്കും. ആവശ്യമായ മരുന്നിന്റെ കുറിപ്പടി ഡോക്ടറുടെ രജിസ്‌റ്റർ നമ്പർ സഹിതം ഉപയോക്താവിന്റെ  ഇൻ ബോക്സിൽ ലഭ്യമാകും. ഇത്‌ ഉപയോഗിച്ച്‌ മെഡിക്കൽ സ്‌റ്റോറുകളിൽനിന്ന്‌ മരുന്ന്‌ വാങ്ങാം.

ടെലി മെഡിസിൻ സേവനത്തിന്‌ ആവശ്യമായ ഓൺലൈൻ പോർട്ടൽ ഐടി മിഷൻ തയ്യാറാക്കി. ആദ്യഘട്ടം 100 ഡോക്ടർമാരെ ഐഎംഎ എംപാനൽ ചെയ്തു. വിവിധ മേഖലയിൽനിന്നായി 500 ഡോക്ടർമാരെ ലഭ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌. അടുത്തഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും സേവനം ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top