26 April Friday

ജാഗ്രതയുടെ കണ്ണികൾ

എ സുൽഫിക്കർUpdated: Tuesday Mar 31, 2020


തിരുവനന്തപുരം
തിങ്കളാഴ്‌ച സമയം വൈകിട്ട്‌ അഞ്ച്‌. വലിയതുറയിലെ വൃക്ക രോഗിക്കുള്ള മരുന്ന്‌ ഏൽപ്പിച്ച്‌ ആശാവർക്കറായ സാജിറത്ത്‌ പുറത്തേക്കിറങ്ങി. ദുബായിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നയാളെ ഫോണിൽ വിളിച്ചു. ആവശ്യം വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചു. രാവിലെ എട്ടരയ്‌ക്ക്‌ പിഎച്ച്‌സിയിൽ റിപ്പോർട്ട്‌ ചെയ്യുന്നതുമുതലുള്ള ഓട്ടത്തിലാണ്‌ സാജിറ.

തന്റെ വാർഡിൽ നിരീക്ഷണത്തിലുള്ള 24 പേർ പുറത്തേക്കിറങ്ങുന്നുണ്ടോയെന്ന്‌ ആദ്യം വിളിച്ചന്വേഷിക്കും. അവർ ഇല്ലെന്ന്‌ പറഞ്ഞാലും അവിടെ പോയിനോക്കും. തൊട്ടെടുത്ത വീട്ടിലുള്ളവരോട്‌ ഇവർ പുറത്തിറങ്ങുന്നുണ്ടോയെന്ന്‌ നോക്കാൻ ഏൽപ്പിച്ചിട്ടുണ്ട്‌. അത്‌ കഴിഞ്ഞാലുടൻ കിടപ്പുരോഗികൾക്കുള്ള മരുന്നുമായി ഇറങ്ങും. ഒരു ദിവസം 1-2 വീട്ടിലെങ്കിലും മരുന്നെത്തിക്കും. വൈകിട്ട്‌ വീണ്ടും നിരീക്ഷണത്തിലുള്ളവരുടെ വീട്ടിനടുത്തെല്ലാം പോയി ആരും പുറത്തിറങ്ങിയിട്ടില്ലെന്ന്‌ ഉറപ്പാക്കും. പിഎച്ച്‌സിയിൽ പോയി റിപ്പോർട്ട്‌ കൊടുത്ത്‌ വീട്ടിലെത്തുമ്പോൾ സമയം എട്ടാകും. "എല്ലാവരും വീട്ടിലിരിക്കുമ്പോ ഉമ്മായ്‌ക്ക്‌ ഇത്രേ ജോലിയെന്താ എന്നാണ്‌ മോൾ ചോദിക്കുന്നത്‌. അവളെ തൊട്ടെടുത്ത വീട്ടിലാക്കി പോണതല്ലേ. നമ്മൾ ഇങ്ങനെയൊക്കെ നോക്കിയാലും നിരീക്ഷണത്തിലുള്ളവർ ഏങ്ങനേലും പുറത്തിറങ്ങും.

നിരീക്ഷണത്തിലുള്ള ഒരാൾ വീട്ടിലിരിക്കാതെ നേരെ വന്നത്‌ സ്വന്തം റേഷൻ കടയിലേക്കാണ്‌. നേരിട്ട്‌ പോയി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞു. കേട്ടില്ല. പിറ്റേദിവസവും കടയിലെത്തി. ഒടുവിൽ പൊലീസിൽ വിവരമറിയച്ചതോടെയാണ്‌ ആൾ വീട്ടിലിരുന്നത്‌. ചിലർ ചോദിക്കുന്നത്‌ ഞങ്ങളോട്‌ ഇത്‌ പറയാൻ നിങ്ങളാരാണെന്നാണ്‌. നല്ല വിവരമുള്ളവർ  ഇത്‌ ചോദിക്കുമ്പോ ഒരു വിഷമം. രാവിലെ മുതൽ ചോറ്‌ പോലുമില്ലാതെ ഈ ഓടുന്നത്‌ എന്തിനാണെന്നൊക്കെ തോന്നും. പക്ഷേ, ഞങ്ങൾ സേവകരാണ്‌. ആരും അറിയുന്നില്ലെന്നേയുള്ളൂ' –-  സാജിറത്ത്‌ പറഞ്ഞു.

27,000 ആശാവർക്കർമാരാണ്‌ കോവിഡിന്റെ ഇടയിലും  ഉണ്ണാതെ ഓടിയും തളർന്നും പ്രവർത്തിക്കുന്നത്‌. കോവിഡിനെതിരെയുള്ള നമ്മുടെ നാടിന്റെ പ്രതിരോധത്തിന്റെയും ജാഗ്രതയുടെയും കണ്ണികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top