26 April Friday

തുടർച്ചയായി ജോലിചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

ഡോ. ആനന്ദ്‌ രാജUpdated: Sunday May 29, 2022


തുടർച്ചയായി ജോലി ചെയ്യുമ്പോഴോ അതിനുശേഷമോ നിങ്ങളുടെ കൈകളിലോ, കൈത്തണ്ടയിലോ, തോളിലോ, കഴുത്തിലോ  അസ്വസ്ഥതയോ, വേദനയോ, തുടർച്ചയായി അനുഭവപ്പെട്ടിട്ടുണ്ടോ? ആവർത്തിച്ചുള്ള ജോലിചെയ്യുന്നതിനിടയിലോ  അത് നിർത്തിയതിനുശേഷമോ ആണ് ഈ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടുന്നതെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത് റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇൻജുറി ( Repetitive Strain Injury RSI) എന്ന വിഭാഗത്തിൽപ്പെട്ട രോഗാവസ്ഥയുടെ ആരംഭമാകാം.

പലപ്പോഴും പ്രതികൂല സാഹചര്യങ്ങളിൽ തുടർച്ചയായ  ജോലിയുടെ ഫലമായി വേദന, മരവിപ്പ്, സന്ധികളിലെ കാഠിന്യം, ബലഹീനത മുതലായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ആർഎസ്‌ഐ. പ്രതികൂല സാഹചര്യമെന്നത് സാധാരണ ദൈനംദിന സമ്മർദംമുതൽ മോശം ജോലിസജ്ജീകരണങ്ങളും തൊഴിൽ സാഹചര്യങ്ങളും വരെയാകാം.ദൃശ്യമായ മാറ്റങ്ങളൊന്നും ഇല്ലാത്തതിനാൽ പലപ്പോഴും ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഹൈപോക്കോൻട്രിയാസിസ്  എന്ന മാനസിക രോഗാവസ്ഥയുള്ളവരായും രോഗം അഭിനയിക്കുന്നവരായും മുദ്രകുത്താറുണ്ട്‌.

കാരണങ്ങൾ
ശരീരത്തിലെ മൃദുകോശങ്ങളായ ഞരമ്പുകൾ, പേശികൾ, ടെൻഡണുകൾ, ലിഗമെന്റുകൾ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കുന്ന രോഗമാണ്‌ ഇത്‌.  ഇത്തരം മൃദുകോശങ്ങളിൽ സമ്മർദം, അമിതമായ ഭാരമേൽപ്പിക്കൽ, അമിത ഉപയോഗം എന്നിവയുടെ ഫലമായി ഒരു പേശിവിഭാഗം മറ്റൊന്നിനെതിരെ പ്രവർത്തിക്കാനിടയാകുന്നു.

ഇനങ്ങൾ
കാർപൽ ടണൽ സിൻഡ്രോം (Carpal Tunnel Syndrome)
മയോഫേഷ്യൽ പെയിൻ സിൻ ഡ്രോം (Myofacial Pain Syndrome)
സർവിക്കൽ സ്‌പോണ്ടിലോസിസ് (Cervical Spondylosis)
ടെന്നിസ് എൽബോ (Tennis Elbow)
ഡി ക്യുർവൈൻസ് ടീനോസിനോവൈറ്റിസ് (De Quervain's tenosynovitis)
ഗാംഗ്ലിയോൺ സിസ്റ്റ് (Ganglion Cyst)
അപകടസാധ്യതാ ഘടകങ്ങൾ
പരിക്കുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്ന ജോലിസാഹചര്യങ്ങൾ
ആവർത്തന സ്വഭാവമുള്ള ജോലി
അപക്വമായ ഇരിപ്പ് (Improper sitting)
ജോലിയുടെ ദൈർഘ്യം / വീണ്ടെടുക്കൽ സമയത്തിന്റെ അഭാവം.
അസുഖകരമായ അന്തരീക്ഷം

രോഗാവസ്ഥകൾ
ഒരേ പ്രവൃത്തികളിൽ മണിക്കൂറുകളോളം ഏർപ്പെടുന്നവർക്കാണ് ഇത്തരം രോഗസാധ്യത കൂടുതൽ.  ആദ്യഘട്ടത്തിൽ ജോലി ചെയ്യുന്ന സമയത്തുമാത്രം ലക്ഷണങ്ങൾ കാണുന്നു. തുടർന്ന്‌  ലക്ഷണങ്ങൾ രാത്രിയിലും തുടരുകയും ജോലിയിലുള്ള ശേഷി കുറയുകയും ചെയ്യുന്നു. അവസാനഘട്ടമാകുമ്പോൾ വിശ്രമിക്കുന്ന അവസരങ്ങളിലും ലക്ഷണങ്ങൾ തുടരുകയും ഉറക്കത്തെ ബാധിക്കുകയും ചെറിയ ജോലിപോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.

നേരത്തെ  രോഗനിർണയം നടത്തിയാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ  ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ആന്ത്രപോമെട്രി (Anthropometry), ജോലിസ്ഥലത്തെ അപകടസാധ്യത അളക്കൽ കൂടാതെ ശാരീരിക പരിശോധന, രക്തപരിശോധന, ഇമേജിങ്‌ എന്നിവ രോഗനിർണയത്തിന് ആവശ്യമായിവരും.

ഒരേസമയം വ്യത്യസ്ത സമീപനംകൊണ്ട് ചികിത്സിക്കേണ്ടതുണ്ട്.  ഫിസിയോതെറാപ്പി വിദഗ്ധന്റെ മേൽനോട്ടത്തിൽ പേശികളുടെ വലിച്ചുനീട്ടലും (Stretching) ശക്തിപ്പെടുത്തലും (Strengthening) വ്യായാമങ്ങളും ഉപയോഗപ്രദമാണ്. എർഗോണോമിക് (Ergonomic) പഠനത്തിലൂടെ വ്യക്തികളുടെയും പ്രവർത്തന പരിതഃസ്ഥിതികളുടെയും സ്വഭാവവും ജോലി നിർവഹിക്കുന്നതിൽ ജീവനക്കാരനുള്ള പരിമിതികളും മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്.

ജോലികൾ സുഖകരമായും സുരക്ഷിതമായും വേദനയില്ലാതെയും നിർവഹിക്കുന്നതിനുള്ള ബയോമെക്കാനിക്‌സ് പരിശീലനം ഫലപ്രദമാണ്. വേദന കുറയ്ക്കാനും ടിഷ്യു സുഖപ്പെടുത്തുന്നതിനുമുള്ള മരുന്നുകളും മനഃശാസ്ത്രപരമായ കൗൺസലിങ്ങും ചികിത്സാരീതിയിൽ ഉൾപ്പെടുന്നു.  അവസാനഘട്ടംമാത്രം ചില അവസരത്തിൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

(തിരുവനന്തപുരം എസ്‌യുടി റിഹാബിലിറ്റേഷൻ സെന്ററിൽ  കൺസൾട്ടന്റ്‌ ഫിസിയാട്രിസ്റ്റാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top