27 April Saturday

പിഎസ്‌എസി നിയമനങ്ങൾ ; പ്രചാരണമെന്ത്‌? സത്യമെന്ത്‌?

വെബ് ഡെസ്‌ക്‌Updated: Wednesday Aug 26, 2020

പിഎസ്‌സിക്കെതിരെ അസത്യപ്രചാരണങ്ങൾ അരങ്ങുതകർക്കുകയാണ്‌. നട്ടാൽക്കുരുക്കാത്ത നുണകളുടെ
വേലിയേറ്റം സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങൾ തുറന്നുകാട്ടുകയാണ്‌ പിഎസ്‌സി നിയമ ഉപദേഷ്‌ടാവ്‌ (ലീഗൽ റീടെയ്‌നർ) പി സി ശശിധരൻ

ഒന്നാം റാങ്കിലുള്ളവർക്ക്‌ ജോലി ലഭിച്ചില്ലെന്ന്‌  ആരോപണമുണ്ട്‌. എന്താണ് വസ്‌തുത ?
ഒഴിവ്‌ പ്രതീക്ഷിക്കുന്ന തസ്തികകളിലേക്ക്‌ അപേക്ഷിച്ച്‌ പരീക്ഷ എഴുതി റാങ്ക്‌ ലിസ്റ്റിൽ വന്നവരാണ്‌ ഇത്തരം പരാതിക്കാർ. ഒഴിവ്‌ വന്നില്ലെങ്കിൽ ഇവരുടെ കാലാവധി മൂന്നുമുതൽ നാലരവർഷംവരെ നീട്ടാനാകും. ഇത്തരം ഉദ്യോഗാർഥികൾക്ക്‌ മാത്രമാണ്‌ ഒന്നാം റാങ്കിലുണ്ടായിട്ടും ജോലി ലഭിക്കാത്തത്‌. ഇത്തരം തസ്തികകളും ചുരുക്കമാണ്‌.

റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടുന്നതിന്‌ നിയമ തടസ്സമെന്ത്‌?
അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ്‌ കാലാവധി നീട്ടാൻ അനുമതിയുള്ളത്‌. എന്നാൽ ഒരു പ്രത്യേക ലിസ്റ്റ്‌ മാത്രമായി കാലാവധി നിട്ടാൻ നിയമമില്ല. നിലവിലുള്ള എല്ലാ ലിസ്റ്റുകളും ഒരുമിച്ചുമാത്രമേ പരിഗണിക്കാനാകൂ. പ്രളയം, കോവിഡ്‌ പോലുള്ള സമയങ്ങളിൽ ഇതേപോലെ നീട്ടിയിരുന്നു. റാങ്ക്‌ ലിസ്‌റ്റുകൾ അനിശ്‌ചിതമായി നീട്ടാനും നിയമം അനുവദിക്കുന്നില്ല. 

റിപ്പോർട്ട്‌ ചെയ്യുന്ന എല്ലാ തസ്തികയിലും ഉദ്യോഗാർഥികളെ നിയമിക്കാത്തതെന്ത്‌ ?
റാങ്ക്‌ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്യുന്ന എല്ലാ തസ്തികയിലും ഉദ്യോഗാർഥികളെ നിയമിക്കാറുണ്ട്‌. അല്ലാതെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്‌. ലിസ്‌റ്റിന്റെ കാലാവധി പൂർത്തിയായാൽ പുതിയ ലിസ്റ്റിലുള്ളവർക്കാകും അവസരം. എന്നാൽ, കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പഴയ ലിസ്റ്റിലുള്ളവർ കോടതിയെ സമീപിക്കാറുണ്ട്‌. ഈ കേസുകൾക്ക്‌ നിയമസാധുതയില്ല. അവ പിഎസ്‌സിക്ക്‌ അനുകൂലമായാണ്‌ കോടതി വിധിക്കുന്നത്‌.

റാങ്ക്‌ ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി കിട്ടാത്തതെന്തുകൊണ്ട്‌?
പരീക്ഷ നടത്തി ഒഴിവ്‌ വരുന്ന തസ്തികയുടെ മൂന്നിരട്ടി ഉദ്യോഗാർഥികളെ പ്രാഥമിക റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി നിർദേശമുണ്ട്‌.  സംവരണത്തിന്റെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തണമെന്ന്‌ നരേന്ദ്രൻ കമീഷൻ റിപ്പോർട്ട്‌ ശുപാർശയുമുണ്ട്‌. ഇതുപ്രകാരം 100 ഒഴിവുവരുന്ന തസ്തികയിൽ ആയിരത്തിലധികം ഉദ്യോഗാർഥികൾ റാങ്ക്‌ ലിസ്റ്റിൽ വരും. 100 ഒഴിവിൽ ഇവരെയെല്ലാം ഉൾപ്പെടുത്തുക  അസാധ്യമാണ്‌. ഇത്‌ ഉദ്യോഗാർഥികൾക്കും അറിയാം.

പിഎസ്‌സിക്ക്‌ താൽക്കാലിക നിയമനങ്ങൾ ഏറ്റെടുത്തുകൂടെ ?
പബ്ലിക്‌ സർവീസ്‌ ഒരു കമീഷൻ തൊഴിൽ ദാതാവല്ല . സർക്കാരിനാവശ്യമായ ഉദ്യോഗാർഥികളെ പരീക്ഷയിലൂടെ കണ്ടെത്തുക മാത്രമാണ്‌  ചുമതല. അത്‌ കൃത്യമായി നിർവഹിക്കാറുണ്ട്‌. താൽക്കാലിക നിയമനങ്ങൾ പിഎസ്‌എസി നടത്താറില്ല. എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌ ഉൾപ്പെടെയുള്ളവ അതിനായുണ്ട്‌. സർക്കാർ അറിയിക്കുന്ന സ്ഥിരം തസ്തികകളിലെ ഒഴിവുകളിലാണ്‌ പിഎസ്‌സി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. താൽക്കാലിക നിയമനങ്ങൾകൂടി ഏറ്റെടുത്താൽ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചും അതിൽ രജിസ്റ്റർ ചെയ്തവരും നോക്കുകുത്തികളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top