26 April Friday

ഇനി എന്തൊക്കെ കാണണം
 തൃക്കാക്കര

എം എസ് അശോകൻUpdated: Thursday May 26, 2022


കുരുക്കളിൽ അമ്പുകൊള്ളാത്തവരില്ല. എന്നാലും അതിജീവിതയ്‌ക്കൊപ്പമെന്നാണ്‌ സംഘടിപ്പിക്കുന്ന പരിപാടികളുടെയെല്ലാം പേര്‌. വികസനപദ്ധതികളുടെയെല്ലാം കല്ലുപറിക്കലാണ്‌ പ്രധാന പണി. എന്നിട്ടും മമ്മൂഞ്ഞുമാർ കൊണ്ടുവരാത്ത വികസനമൊന്നും കൊച്ചിയിലില്ല എന്നാണ്‌ വീരവാദം. വർഗീയതയെന്ന്‌ കേട്ടാലേ അറപ്പാണെങ്കിലും ബിജെപി എന്നെഴുതിവച്ചിട്ടുള്ള എവിടേക്കും ഓടിക്കയറും.

എസ്‌ഡിപിഐയുടെ കൂടാരത്തിലേക്ക്‌ നുഴഞ്ഞുകയറാൻ തക്കംപാർക്കും. ഉപതെരഞ്ഞെടുപ്പുകാലത്ത്‌ ഇനിയും എന്തൊക്കെ കാണേണ്ടിവരുമെന്നാണ്‌ തൃക്കാക്കരയിലെ വോട്ടർമാരുടെ ആത്മഗതം. സോളാർ ഉദിച്ചുനിന്ന കാലം. കോൺഗ്രസിന്റെ ഭാരവാഹിപ്പട്ടിക പകർത്തിയെഴുതിയതുപോലെയായിരുന്നു പ്രതിപ്പട്ടിക. കമ്മിറ്റി പുനഃസംഘടനയിൽ പ്രകടമാകുന്ന ഗ്രൂപ്പുപോരില്ല. ഒരാളുടെ പട്ടിക മറ്റേ ഗ്രൂപ്പ്‌ വെട്ടിയെന്ന പരാതിയില്ല. സീനിയർ, ജൂനിയർ വ്യത്യാസമില്ല. എഐസിസി, രാഷ്‌ട്രീയകാര്യസമിതി ഭേദമില്ല. എല്ലാ ഗ്രൂപ്പുകൾക്കും തുല്യപ്രാധാന്യം. കിട്ടിയ പ്രാതിനിധ്യത്തിൽ എല്ലാവർക്കും പൂർണതൃപ്‌തി. നാട്ടുകാർ എല്ലാം മറന്നെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ നെടുനീളൻ പ്രതിപ്പട്ടികയുമായി എംഎൽഎ ഓഫീസുമുതൽ മണ്ഡലം കമ്മിറ്റി ഓഫീസുവരെ സിബിഐ പര്യടനത്തിന്‌ ഇറങ്ങിയത്‌. അതും ഈ ഉപതെരഞ്ഞെടുപ്പുകാലത്ത്‌.

സോളാർ കഥകൾ ജനം മറന്നുവരുന്നതിൽ ആശ്വാസംപൂണ്ടതാണ്‌ നേതാക്കൾ. പട്ടികയിലുള്ള എംപിയെത്തന്നെ തൃക്കാക്കരയിൽ യുഡിഎഫ്‌ സ്ഥാനാർഥിയുടെ പ്രചാരണവിഭാഗം തലവനാക്കിതോടെ സംഭവം വീണ്ടും കളർഫുൾ. മറ്റൊരാൾ ദേശീയതലത്തിൽ പാർടിയെ ഇല്ലാതാക്കുന്ന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്‌. സോളാറിലെ പ്രകടനത്തിന്‌ ബഹുമതിയായി കിട്ടിയതാണ്‌ പദവി. ആദ്യത്തെയാൾ അതിജീവിതയ്‌ക്കൊപ്പം ഓടിത്തളർന്ന്‌ ദേ പുട്ടിൽനിന്ന്‌ രണ്ടുകുറ്റി സേമിയ പുട്ടടിച്ച്‌ തീർത്തില്ല. വഞ്ചി സ്‌ക്വയറിൽ മറ്റൊരു അതിജീവിതയ്‌ക്കൊപ്പമിരുന്ന്‌ ഒരു വഞ്ചിപ്പാട്ട്‌ മൂളി പൂർത്തിയാക്കിയില്ല. അപ്പോഴേക്കും എത്തി സിബിഐ. പാർടിയെ ഇല്ലാതാക്കുന്ന ജനറൽ സെക്രട്ടറി കൊച്ചിയിൽ വന്ന ദിവസംതന്നെയാണ്‌ കപിൽ സിബൽ രാജിവച്ചുപോയത്‌. ഇദ്ദേഹം ഡൽഹിയിൽനിന്ന്‌ മാറിയാൽ ഇതാണവസ്ഥ. പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകൾക്കുവേണ്ടി പോരാടുന്ന അഡ്വ. ദീപിക രജാവത്തിനെയും കൂട്ടിയാണ്‌ അദ്ദേഹം കൊച്ചിയിലെത്തിയത്‌. ചിരിച്ച്‌ വയറുളുക്കി തൃക്കാക്കരക്കാർക്ക്‌.

നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി എന്നാണ്‌ ഇവരിപ്പോൾ പരസ്‌പരം ചോദിക്കുന്നത്‌. കൊച്ചിയിൽ വികസനം കൊണ്ടുവന്നത്‌ ഞമ്മളാണെന്ന്‌ ഒരുവിധം പറഞ്ഞൊപ്പിച്ചുവന്നതാണ്‌. അപ്പോഴേക്കും ജനം പാലാരിവട്ടം പാലത്തിലേക്ക്‌ നോക്കി ചിരി തുടങ്ങി. അതുണ്ടാക്കിയ വിശ്വകർമാവ്‌ വി കെ ഇബ്രാഹിംകുഞ്ഞിനെ ഇവിടെങ്ങും കാണുന്നില്ലല്ലോ, മുന്നണിനേതാവല്ലേ എന്നൊക്കെയായി ചോദ്യങ്ങൾ. എന്നാൽപ്പിന്നെ വർഗീയതയ്‌ക്കെതിരെ പറയാമെന്ന്‌ വിചാരിച്ചപ്പോൾ ദേ... നമ്മുടെ സ്ഥാനാർഥി ബിജെപി ഓഫീസിൽ. എല്ലാറ്റിനും ഒരു മറയൊക്കെ വേണ്ടേ നേതാവേ. തെരഞ്ഞെടുപ്പുകാലമല്ലേ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top