27 April Saturday

ബെനുവിൽ തൊട്ടു തൊട്ടില്ല

സാബുജോസ്‌Updated: Thursday Oct 22, 2020

മുപ്പത്തിമൂന്ന്‌ കോടി കിലോമീറ്റർ അപ്പുറത്ത്‌ സൗരയൂഥത്തിൽ ബുധനാഴ്‌ച പുലർച്ചെ നടന്ന ‘റാഞ്ചൽ’ മാനവരാശിയുടെ ശാസ്‌ത്രമുന്നേറ്റങ്ങളിൽ നാഴികക്കല്ലാവുകയാണ്‌. സൗരയൂഥത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ കഴിയുന്ന ഗവേഷണങ്ങൾക്ക്‌ ഇത്‌ വഴിത്തിരിവാകുമെന്നാണ്‌ വിലയിരുത്തൽ. ഒരു ഛിന്നഗ്രഹത്തിൽനിന്ന്‌ ധൂളികളും പാറകളും അടങ്ങുന്ന സാമ്പിളുകൾ ശേഖരിച്ച്‌ ഭൂമിയിലെത്തിക്കുകയെന്ന ദൗത്യത്തിന്റെ ആദ്യഘട്ടമായിരുന്നു ഇത്‌. ബെനു എന്ന ഛിന്നഗ്രഹത്തിൽനിന്ന്‌ സാമ്പിൾ ശേഖരിക്കാൻ 2016 സെപ്‌തംബർ 8 നാണ്‌ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ‌ നാസ പേടകമയച്ചത്‌. ഇത്തരമൊരു ശ്രമം നാസ നടത്തുന്നത്‌ ആദ്യം. നാല്‌ മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ബുധനാഴ്‌ച പുലർച്ചെ 2.30 ഓടെ  ഒസിറിസ് റെക്‌സ് (The Origins, Spectral Interpretation,Resource, Identification Security, Regolith Explorer (OSIRIS – REx)  പേടകം ബെനുവിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം  പേടകം ഛിന്നഗ്രഹത്തിൽ ഇറങ്ങാതെയാണ്‌ ഇത്‌ സാധ്യമാക്കിയത്‌ എന്നതാണ്‌. പരുന്ത്‌ ഇരയെ റാഞ്ചും പോലെ...! ‘ടച്ച്‌ ആൻഡ്‌‌ ഗോ’ എന്നായിരുന്നു ഈ പ്രവർത്തനത്തിന്‌ നാസ പേരിട്ടിരുന്നത്‌.

പേടകത്തിലെ ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ച്‌ വേഗത കുറച്ച്‌ ഛിന്നഗ്രഹത്തിന്‌ തൊട്ടടുത്തെത്തി യന്ത്രക്കൈ ഉപയോഗിച്ചായിരുന്നു സാമ്പിൾ ശേഖരണം. ധൂളികളും മറ്റും ശേഖരിക്കുന്നതിന്‌ യന്ത്രക്കൈക്ക്‌ ഏതാനും സെക്കന്റുകൾ  മാത്രമേ വേണ്ടി വന്നുള്ളു. എന്നിരുന്നാലും എത്ര സാമ്പിൾ ശേഖരിച്ചുവെന്ന് സ്ഥിരീകരിക്കാൻ സമയം വേണ്ടി വരും. ഇതു കൂടി കണക്കിലെടുത്തു മാത്രമേ ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്‌ചയിക്കുകയുള്ളു. രണ്ട്‌ കിലോഗ്രാം വരെ ധൂളി ശേഖരിക്കാനുളള സാങ്കതിക മികവ്‌ പേടകത്തിനുണ്ട്‌.


 

സൗരയൂഥത്തിന്റെ ഉൽപ്പത്തിയും പരിണാമവും പഠിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരമൊരു പര്യവേക്ഷണത്തിന്‌ തുടക്കമിട്ടത്‌. 2016ൽ വിക്ഷേപിച്ച ഒസിറിസ്‌ റെക്‌സ്‌ 2019 സെപ്തംബറിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. തുടർന്ന്‌ അവിടെ ഭ്രമണം ചെയ്യുകയായിരുന്നു. ഇതിനോടകം  ബെനു (1015955 Bennu) വിനെ പറ്റിയുള്ള നിരവധി വിവരങ്ങളും ചിത്രങ്ങളും പേടകം ഭൂമിയിലേക്ക്‌ അയച്ചു കഴിഞ്ഞു. ധൂളി ശേഖരിച്ച ശേഷം അടുത്ത വർഷം മാർച്ചിൽ  ഭൂമിയിലേക്ക്‌ മടക്കയാത്ര തുടങ്ങും. ഇതിനുമുമ്പ്‌ ഒരു തവണ കൂടി സാമ്പിൾ ശേഖരണം നടത്താനും സാധ്യതയുണ്ട്‌.  നീണ്ടയാത്രയ്‌ക്കൊടുവിൽ   2023 സെപ്തംബർ 24 നാകും ഒസിറിസ്‌ റെക്‌സ്‌ ഭൂമിയിലെത്തുക.

ലക്ഷ്യങ്ങളേറെ
സൗരയൂഥത്തിന്റെ ഉൽപ്പത്തിയും പരിണാമവും, അതിനുമുമ്പുള്ള അവസ്ഥ, ഗ്രഹരൂപീകരണത്തിന്റെ ആദ്യനിമിഷങ്ങൾ, ഓർഗാനിക് സംയുക്തങ്ങളുടെ ഉത്ഭവം, ജീവന്റെ ഉൽപ്പത്തി എന്നീ മേഖലകളിലുള്ള പഠനമാണ് ഒസിറിസ് റെക്‌സ് നടത്തുന്നത്. പേടകത്തിന്റെ മാത്രം നിർമാണച്ചെലവ് 800 മില്യൺ യു എസ് ഡോളറാണ്. വിക്ഷേപണവാഹനമായ അറ്റ്‌ലസ് -5 റോക്കറ്റിന്റെ ചെലവായ 183.5 മില്യൺ ഡോളർ ഇതിനു പുറമെയാണ്. 3 മീറ്റർ വശങ്ങളുള്ള ക്യൂബിന്റെ ആകൃതിയിലുള്ള പേടകത്തിന്റെ ഭാരം 1529 കിലോഗ്രാമാണ്. ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് പേടകം നിർമിച്ചിരിക്കുന്നത്. സോളാർ പാനലുകളാണ് പേടകത്തിന് ഊർജം പകരുന്നത്. ഊർജം ശേഖരിച്ചുവയ്ക്കാൻ ലിഥിയം അയോൺ ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. പേടകത്തിന്റെ തിരിച്ചുള്ള യാത്രയിൽ ഇന്ധനമായി   1100 കിലോഗ്രാം ഹൈഡ്രാസിൻ ഉപയോഗിക്കും.

അരിസോണ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ലൂണാർ ആൻഡ്‌ പ്ലാനറ്ററി ലബോറട്ടറി, നാസയ്ക്കു കീഴിലുള്ള ഗോദാർദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ലോക്ഹീഡ് മാർട്ടിൻ സ്‌പേസ് സിസ്റ്റംസ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഒസിറിസ് റെക്‌സ് പദ്ധതി വികസിപ്പിച്ചത്‌. ഛിന്നഗ്രഹത്തിൽനിന്നും 5 കിലോമീറ്റർ മാത്രം ഉയരത്തിൽനിന്ന് ചിത്രങ്ങളെടുക്കുകയും വിവിധ തരത്തിലുള്ള പഠനങ്ങൾ നടത്തുകയും ചെയ്തു. അതിനൊടുവിലാണ് യന്ത്രക്കൈകൾ ഉപയോഗിച്ചുള്ള ധൂളി ശേഖരണം നടത്തിയത്‌.




ബെനു രഹസ്യങ്ങളുടെ കലവറ
പരീക്ഷണത്തിനായി  ബെനു എന്ന ഛിന്നഗ്രഹത്തെ തെരഞ്ഞെടുത്തതിനും കാരണമുണ്ട്. പൊതുവെ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ ഉൽപ്പത്തി രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പര്യാപ്തമാണ്. കാരണം ഛിന്നഗ്രഹങ്ങൾക്ക് അവയുടെ രൂപീകരണത്തിനു ശേഷം അധികം പരിണാമമൊന്നും സംഭവിച്ചിട്ടില്ല.

അതുമാത്രമല്ല, ബെനുവിന്റെ പ്രത്യേകത. സൗരയൂഥത്തിന്റെ ഉൽപ്പത്തിയോളം പ്രായമുള്ളതും ഏറെയൊന്നും മാറ്റം സംഭവിച്ചിട്ടില്ലാത്തതുമായ കാർബണിക സംയുക്തങ്ങൾ ഇവിടെയുണ്ടെന്ന്‌  തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവന്റെ ഉൽപ്പത്തിക്കു കാരണമായ ഓർഗാനിക് തന്മാത്രകൾ രൂപം കൊള്ളുന്നത് ഇത്തരം കാർബണിക സംയുക്തങ്ങളിൽ നിന്നാണ്. ഭൗമജീവന്റെ ഉൽപ്പത്തി ഇത്തരം ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും നിന്നാണെന്ന പ്രബലമായ സിദ്ധാന്തം പരീക്ഷിച്ചറിയുന്നതിന് ഒസിറിസ് ദൗത്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പും അമിനോ അമ്ലങ്ങളുടെയും, ഓർഗാനിക് സംയുക്തങ്ങളുടെയും സാന്നിധ്യം ധൂമകേതുക്കളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

ശരാശരി 480 മുതൽ 511 മീറ്റർ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം 436.6 ഭൗമദിനങ്ങൾ കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കും. കൂടാതെ ഓരോ ആറുവർഷം കൂടുമ്പോഴും  ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം അപഗ്രഥിച്ചപ്പോൾ ശാസ്ത്രജ്ഞർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്‌  2169 നും 2199 നും ഇടയിൽ ഭൂമിയുമായി കൂട്ടിമുട്ടാൻ സാധ്യതയുണ്ട്. 0.071 ശതമാനമാണ് കൂട്ടിമുട്ടലിനുള്ള സാധ്യത. ഇതുപോലെ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താനും ഭൂമിക്ക് അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന അത്തരം ദ്രവ്യപിണ്ഡങ്ങളുടെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടാക്കി അപകടം ഒഴിവാക്കുന്നതിനും ഒസിറിസ് റെക്‌സ് ദൗത്യം സഹായിക്കുമെന്നാണ് കരുതുന്നത്.




‘പാതാള രാജാവ്’

ജീവന്റെ ഉൽപ്പത്തി തെരയുന്ന ഈ പേടകത്തിന്റെ പേരിലും ഒരു കൗതുകമുണ്ട്. ഈജിപ്ഷ്യൻ മിത്തോളജിയിലെ പാതാള ദേവനാണ് ഒസിറിസ്. റെക്‌സ് എന്ന ലാറ്റിൻ വാക്കിന് രാജാവ് എന്നാണർഥം. ‘പാതാള രാജാവ് എന്നു വേണമെങ്കിൽ ഈ പേടകത്തെ വിളിക്കാം. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്ന് വിവിധ പരീക്ഷണങ്ങൾക്ക് ആവശ്യമുള്ളത്രയും ധൂളി ശേഖരിക്കുക, ഛിന്നഗ്രഹത്തിന്റെ രാസഘടന പരിശോധിക്കുക, ഭ്രമണപഥത്തിന്റെ സവിശേഷതകൾ നിരീക്ഷിക്കുക, കാർബൺ സമ്പുഷ്ടമായ ദ്രവ്യസവിശേഷതകൾ നിരീക്ഷിക്കുക, കാർബൺ സമ്പുഷ്ടമായ ദ്രവ്യപിണ്ഡത്തിന്റെ പ്രത്യേകതകൾ കണ്ടുപിടിക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ്  ദൗത്യത്തിനുള്ളത്. ഒസിറിസ് റെക്‌സിന്റെ വിക്ഷേപണത്തിനു ശേഷം ഒസിറിസ് റെക്‌സ് - 2 ദൗത്യത്തിനും നാസ ലക്ഷ്യമിടുന്നുണ്ട്. ഈ ദൗത്യത്തിൽ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
 

ശാസ്ത്രീയ ഉപകരണങ്ങള്‍

ഒകാംസ്- ഒസിറിസ് റെക്‌സ് ക്യാമറ സ്യൂട്ട്
മൂന്ന് ക്യാമറകളുടെ സ്യൂട്ടാണിത്‌. പോളിക്യാം എന്ന 8 ഇഞ്ച് ടെലസ്‌ക്കോപ്, മാപ്ക്യാം, സാംക്യാം എന്നീ ക്യാമറകളാണ് . ഛിന്നഗ്രഹത്തിന്റെ ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുകയാണ്  ലക്ഷ്യം.
ഒല- ഒസിറിസ് റെക്‌സ് അൾട്ടിമീറ്റർ : ഛിന്നഗ്രഹത്തിന്റെ സമ്പൂർണ മാപ്പിങ്‌ ആണ് ഇത്‌ നടത്തുന്നത്.

ഓവിർസ് - ഒസിറിസ് റെക്‌സ് വിസിബിൾ ആൻഡ്‌ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോമീറ്റർ
ഛിന്നഗ്രഹത്തിന്റെ ധാതുഘടന അപഗ്രഥിക്കും. ഉപരിതലത്തിൽനിന്ന് വിവിധ തരം ധൂളി ശേഖരിക്കേണ്ടത് നിർണയിക്കുന്നതും ഈ ഉപകരണമാണ്.

ഓട്ടിസ് - ഒസിറിസ് റെക്‌സ് തെർമൽ എമിഷൻ സ്‌പെക്‌ട്രോ മീറ്റർ 
ഛിന്നഗ്രഹത്തിന്റെ ധാതുഘടന പരിശോധിക്കും. സിലിക്കേറ്റ്, കാർബണേറ്റ്, സൾഫേറ്റ്, ഓക്‌സൈഡ്, ഹൈഡ്രോക്‌സൈഡ് സാന്നിധ്യവും പരിശോധിക്കും.

റെക്‌സിസ് - റിഗോലിത്ത് എക്‌സ്- റേ ഇമേജിങ്‌ സ്‌പെക്‌ട്രോമീറ്റർ  
ഛിന്നഗ്രഹത്തിന്റെ എക്‌സ്-റേ സ്‌പെക്‌ട്രോ സ്‌കോപി മാപ്പിങ്ങിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഉപകരണമാണ്.  സൗരവാതങ്ങളുടെ തീവ്രത അളക്കുന്നതിന് ഈ ഉപകരണത്തിന് കഴിയും.

ടാഗ്‌സം - ടച്ച് ആൻഡ്‌ ഗോ സാംപിൾ അക്വിസിഷൻ മെക്കാനിസം
ഒരു യന്ത്രക്കൈ യും ഒരു സംഭരണിയും ഉണ്ടാകും. ഈ യന്ത്രക്കൈ ഉപയോഗിച്ചാണ് പേടകം ഛിന്നഗ്രഹത്തിൽനിന്ന് ധൂളി ശേഖരിക്കുന്നത്. ശേഖരിച്ച ധൂളി സംഭരണിയിൽ സൂക്ഷിക്കുകയും ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top