27 April Saturday

മാരാമണിന്‌ ആധുനിക മുഖം നൽകിയ വൈദികൻ

ഷിനു കുര്യൻUpdated: Monday Oct 19, 2020


മല്ലപ്പള്ളി
മാരാമൺ കൺവെൻഷന്‌ ആധുനികതയുടെ മുഖം നൽകിയ ആത്മീയ വ്യക്തിത്വമായിരുന്നു ഞായറാഴ്‌ച അന്തരിച്ച ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ. പഴമയുടെ പക്ഷം നിൽക്കുമ്പോഴും നവീന ആശയങ്ങളുടെയും വേദിയായി മാരാമൺ കൺവൻഷനെ അദ്ദേഹം മാറ്റി. മരാമൺ കൺവൻഷനിൽ ട്രാൻസ്ജെൻഡേഴ്സിന്‌ ഇടം നൽകിയും സ്‌ത്രീ–- പുരുഷ സമത്വം ഉറപ്പാക്കിക്കൊണ്ട്‌ രാത്രി യോഗങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയതും അദ്ദേഹത്തിന്റെ പുരോഗമന മുഖം വെളിപ്പെടുത്തി. മുംബൈയിലെ ചുവന്നതെരുവിലെ പെൺകുട്ടികൾക്കായി പുനരധിവാസകേന്ദ്രം തുറന്നും പ്രളയം, സുനാമി ദുരിതബാധിതർക്കായി പദ്ധതി നടപ്പിലാക്കിയും അദ്ദേഹം സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിച്ചു. 2018ൽ 123–-ാമത് മാരാമൺ കൺവൻഷൻ വേദിയിലാണ്‌ അദ്ദേഹം ട്രാൻസ്‌ജെൻഡേഴ്‌സിനും ഇടംനൽകിയത്‌. അവർക്ക് പൊതുസമൂഹത്തിൽ സ്വീകാര്യതയും സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാൻ ശ്രദ്ധിക്കുമെന്നും മെത്രാപോലീത്താ അന്ന്‌  ഉറപ്പുനൽകി.

പ്രളയാനന്തരം 2019ൽ നടന്ന കൺവൻഷനിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചായിരുന്നു സംസാരിച്ചതേറെയും. അന്ന് പ്രകൃതിദുരന്തങ്ങളിൽ മനുഷ്യരുടെ പങ്കിനെ പറ്റി പറഞ്ഞത് സർക്കാരിന്‌ എതിരാണെന്ന്‌ വാർത്ത മെനഞ്ഞ മാധ്യമങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വസ്‌തുത എന്തെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ എഴുതിയിട്ടുണ്ടെന്നും സത്യം പറയാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നുമുള്ള മെത്രാപോലീത്തായുടെ വാക്കുകൾ സദസ്‌ ഹർഷാരവത്തോടെയാണ്‌ വരവേറ്റത്‌. മാരാമൺ കൺവൻഷനിൽ ദീർഘകാലമായി പന്തലിന്റെ കാൽനാട്ടു കർമം നിർവഹിച്ചിരുന്നത് ജോസഫ് മാർത്തോമ്മ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും കൺവൻഷൻ പന്തലിന്റെ ഓലകെട്ടിന് അദ്ദേഹം നേരിട്ടെത്തി നിർദേശങ്ങൾ നൽകി. മാരാമണ്ണിൽ മാത്രമല്ല, നാടിന്റെ പൈതൃകമായ ആറന്മുള ജലോത്സവത്തിലും ആവേശ സാന്നിധ്യമായിരുന്നു ജോസഫ് മാർത്തോമ്മ മെത്രാപോലീത്താ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top