26 April Friday

കണ്ണടച്ച്‌ കോടതി, കുടുംബശ്രീയെ ‘ചതിച്ച്‌’ മൃഗസ്‌നേഹികളും

റഷീദ് ആനപ്പുറംUpdated: Sunday Sep 11, 2022

‘എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മാമരങ്ങൾ’ മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇന്നാകട്ടെ തെരുവിലെവിടെയും വലിച്ചെറിയുന്ന മാലിന്യങ്ങളാണ്‌. ഇറച്ചിക്കച്ചവടക്കാർമുതൽ ഹോട്ടലുകാരും വീട്ടുകാരും നാട്ടുകാരും മാലിന്യം വലിച്ചെറിയുന്നതിൽ മത്സരിക്കുന്നു. റോഡരികുകളിലെ മാലിന്യങ്ങളാകട്ടെ കേരളത്തിലെ എണ്ണിയാലൊടുങ്ങാത്ത തെരുവുനായകളെ പോറ്റിവളർത്തുന്നു. അവ കേരളത്തിന്‌ സമ്മാനിക്കുന്നത്‌, തീർത്താൽ തീരാത്ത തലവേദനയും.

നാട്ടിൻപുറത്തെ  ഒരു തെരുവുനായയും അവയുടെ തലമുറയുംകൂടി മൂന്നുവർഷംകൊണ്ട്‌ 300വരെയായി പെറ്റുപെരുകിയേക്കുമെന്നാണ്‌ മൃഗസംരക്ഷണവകുപ്പിന്റെ അനുമാനം. നിലവിൽ കേരളത്തിൽ 2,89,985 നായകളിൽ ഒരു ലക്ഷം പെണ്ണാണെന്ന്‌ കണക്കാക്കിയാൽപ്പോലും രണ്ടുവർഷംകൊണ്ട്‌ അവയിലൂടെയുണ്ടാകുന്ന വംശവർധന എത്രയാകുമെന്ന്‌ ഊഹിക്കാം. ഇത്‌ മറികടക്കാനുള്ള  ഏകമാർഗം നായകളുടെ വന്ധ്യംകരണമാണ്‌.

ഗ്രാമങ്ങളിൽ കറങ്ങിനടന്ന്‌ തെരുവുനായകളെ കൊല്ലുന്ന നായപിടിത്തക്കാർ മുൻകാലങ്ങളിൽ പതിവ്‌ കാഴ്‌ചയായിരുന്നു. ഒരു നായക്ക്‌ ഇത്ര രൂപയെന്ന കണക്കിൽ ഇവർക്ക്‌ പ്രതിഫലവും നൽകിയിരുന്നു. അത്‌ ക്രൂരതയാണെന്ന്‌  ഒരു വിഭാഗം അവകാശവാദമുയർത്തിയതോടെ തെരുവുനായകളെ കൊല്ലുന്നതിനെതിരെ സുപ്രീംകോടതി വിധിയുണ്ടായി. വന്ധ്യംകരണം മാത്രമേ നടപ്പാക്കാവൂ എന്ന നിയമവും വന്നു. അതിന്റെ ഭാഗമായി അനിമൽ ബെർത്ത്‌ കൺട്രോൾ (എബിസി) നടപ്പാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ  മൃഗസംരക്ഷണ വകുപ്പാണ്‌ എബിസി നടപ്പാക്കിയത്‌. എന്നാൽ 2017 ൽ കുടുംബശ്രീ എട്ട്‌ ജില്ലകളിൽ  എബിസി പദ്ധതി ആരംഭിച്ചു. ഈ ജില്ലകളിലെ 79,426 തെരുവ്‌ നായ്‌ക്കളെയാണ്‌  വന്ധ്യംകരിച്ചത്‌.  ബാക്കി ജില്ലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മൃഗസംരക്ഷണ വകുപ്പാണ്‌ എബിസി നടപ്പാക്കി വന്നത്‌. നിലവിൽ കൊല്ലം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ ജില്ലകളിൽ ഈ പദ്ധതിയുണ്ട്‌. 2021ൽ മാത്രം ഈ അഞ്ച്‌ ജില്ലകളിൽ 18,550 തെരുവ്‌ നായ്‌ക്കളെ വന്ധീകരിച്ചിട്ടുണ്ട്‌.

എന്നാൽ കുടുംബശ്രീ മുഖേന കേരളത്തിൽ ഭംഗിയായി നടപ്പാക്കിയ എബിസിയും നിയമക്കുരുക്കിൽപ്പെട്ടു. കുടുംബശ്രീക്ക്‌ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതിയില്ല. തിരുവനന്തപുരത്തെ ‘സ്‌ട്രീറ്റ്‌ ഡോഗ്‌ വാച്ച്‌’ സംഘടനയ്‌ക്ക്‌ മാത്രമാണ്‌ അംഗീകാരം. മൃഗസ്‌നേഹികൾ ഹൈക്കോടതിയെ സമീപിച്ചതോടെ  2021 ജൂലൈ 19ന്‌ പദ്ധതി തടഞ്ഞ്‌ ഇടക്കാല വിധിയായി. ഡിസംബർ 27ന്‌ സർക്കാറും ഉത്തരവിറക്കി. പിന്നീട്‌ കുടുംബശ്രീ അനിമൽ വെൽഫെയർ ബോർഡിന്‌ അപേക്ഷ നൽകിയെങ്കിലും അനുമതി നിഷേധിച്ചു.

തെരുവുനായകളിൽ മാത്രമല്ല, വീടുകളിലെ ഓമന മൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ അനിവാര്യമാണ്‌. കോവിഡ്‌ കാലത്ത്‌ വളർത്തുമൃഗങ്ങളുടെ എണ്ണം കൂടി. അതേസമയം, വാക്‌സിനേഷനിൽ പിറകിലേക്ക്‌ പോയി.

(അതേക്കുറിച്ച്‌ നാളെ)

എന്താണ്‌ എബിസി
തെരുവുനായകളുടെ വംശവർധന തടയാനുള്ള ശാസ്‌ത്രീയ മാർഗമാണിത്‌. നായകളെ ഡോഗ്‌ കാച്ചർ പിടികൂടി വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തും. തിയറ്റർ സൗകര്യമുള്ള മൃഗാശുപത്രിയിലാകും ശസ്‌ത്രക്രിയ. മുറിവ്‌ ഉണങ്ങാൻ അഞ്ച്‌ ദിവസം താമസിപ്പിക്കും. മുറിവ്‌ ഉണങ്ങിയാൽ നായയെ പിടിച്ച അതേസ്ഥലത്ത്‌ കൊണ്ടുവിടും. ഇതോടൊപ്പം റാബീസ്‌ വാക്‌സിനുമെടുക്കും. തിരിച്ചറിയാൻ ചെവിയിൽ ‘v’ ആകൃതിയിൽ അടയാളമിടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top