27 April Saturday

മതരാഷ്ട്രീയക്കാരുയര്‍ത്തുന്ന വെല്ലുവിളി... കെ ജെ ജേക്കബ് എഴുതുന്നു

കെ ജെ ജേക്കബ്Updated: Saturday Jun 11, 2022


ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള നവോത്ഥാനപോരാട്ടങ്ങളും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും അതതു മതങ്ങളിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ ജാഗ്രതയും കാരണം കേരളത്തില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം ഇതുവരെ കാര്യമായി വിജയിച്ചിരുന്നില്ല. നൂറ്റാണ്ടുകളായി ഒന്നിച്ചിടപഴകി ജീവിക്കുന്ന അന്യമതസ്ഥനോട് വൈരം കൊണ്ടുനടക്കേണ്ട ആവശ്യകത മലയാളിക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മതവാദികള്‍ക്കു കഴിഞ്ഞില്ല എന്നതും ഒരു കാരണമാണ്.

സമൂഹ മനസ്സിന്റെ മുഖ്യധാരയില്‍ ഇടംകിട്ടില്ലെന്നു മനസിലാക്കിയ ഛിദ്രശക്തികള്‍ അതിന്റെ അരികുകളിലൂടെ കടന്നുകയറാനുള്ള ശ്രമം ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചുനാളായി കണ്ടുതുടങ്ങിയിട്ടുണ്ട്. ഏതു ബഹുസ്വര സമൂഹത്തിലും ഉണ്ടാകാവുന്ന ഭ്രംശരേഖകള്‍ നോക്കി ആഞ്ഞുവെട്ടി സമൂഹത്തെ വിഭജിച്ചെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുക.

സമൂഹ മനസിന്റെ മുഖ്യധാരയില്‍ ഇടംകിട്ടില്ലെന്നു മനസിലാക്കിയ ഛിദ്രശക്തികള്‍ അതിന്റെ അരികുകളിലൂടെ കടന്നുകയറാനുള്ള ശ്രമം ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചുനാളായി കണ്ടുതുടങ്ങിയിട്ടുണ്ട്. ഏതു ബഹുസ്വര സമൂഹത്തിലും ഉണ്ടാകാവുന്ന ഭ്രംശരേഖകള്‍ നോക്കി ആഞ്ഞുവെട്ടി സമൂഹത്തെ വിഭജിച്ചെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുക. ഈ ഭ്രംശരേഖകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതുകൊണ്ടുതന്നെ അവയെ മുറികൂട്ടാനുള്ള വിദ്യയും സജീവമായ ഏതു സമൂഹവും സ്വാഭാവികമായി ആര്‍ജിച്ചിട്ടുണ്ടാകും.

അതിനിടം കൊടുക്കാതെ അവയെ വലുതാക്കുക, അല്ലെങ്കില്‍ ആ ഭ്രംശരേഖകളെ തങ്ങളായി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇപ്പോള്‍ മതവാദ സംഘടനകള്‍ ചെയ്യുന്നത്.

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ 'സേവ് ദി റിപ്പബ്ലിക്' മാര്‍ച്ചും തിരുവനന്തപുരത്തു 'ദുര്‍ഗാവാഹിനി' എന്ന പരിവാര പോഷക സംഘടനയുടെ അംഗങ്ങള്‍ വടിവാളുമായി നടത്തിയ മാര്‍ച്ചും.
ആലപ്പുഴയിലെ മാര്‍ച്ചില്‍ മുതിര്‍ന്ന ഒരാളുടെ തോളത്തിരുന്നു ഏഴോ എട്ടോ വയ ുള്ള ഒരു ബാലന്‍ നടത്തിയ കൊലവിളികള്‍ ഏതു സാധാരണ മലയാളിയെയും ഞെട്ടിക്കും.

അവര്‍ എതിരാളികളായി കാണുന്ന മനുഷ്യരോട് 'മര്യാദയ്ക്ക് ജീവിക്കണം, അല്ലെങ്കില്‍ നിങ്ങളുടെ കാലന്‍ വീട്ടില്‍ വരും, അരിയും മലരും കുന്തിരിക്കവുമായി ഒരുങ്ങിയിരുന്നോ' എന്നായിരുന്നു ആ കുട്ടി വിളിച്ചു പറഞ്ഞത്, അതായിരുന്നു കൂടെപ്പോയ സംഘം ഏറ്റുവിളിച്ചത്. 'കൊല്ലും' എന്ന ഭീഷണിയില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല അത്.

പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ രാഷ്ട്രീയ രൂപമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്കും നിയമം കൈയിലെടുത്തും നിയമത്തിനപ്പുറം ചെന്ന് പാതകങ്ങള്‍ നടത്തിയും ചരിത്രമുണ്ട്. പ്രൊഫ ടി ജെ ജോസഫിന്റെമേല്‍ അവര്‍ നടത്തിയ ക്രൂരമായ ആക്രമണം അവരുടെ കണക്കില്‍ 'മര്യാദ'യ്ക്ക് ജീവിക്കാതിരുന്ന ഒരാളോട് അവരുടെ നിയമസംഹിത വച്ച് നടത്തിയ നീതിനിര്‍വ്വഹണമായിരുന്നു. നമ്മുടെ നീതിന്യായവ്യവസ്ഥ യഥാവിധി വിചാരണ നടത്തി കുറ്റക്കാരനല്ലെന്നു വിധിയെഴുതിയ ഒരാളിന്റെമേലാണ് അതിനു കാത്തുനില്‍ക്കാതെ ഈ അക്രമിക്കൂട്ടം തങ്ങളുടെ നിയമം  നടപ്പാക്കിയത്. അതിന്റെ ഓര്‍മകളാണ് ആ ഭീഷണി വീണ്ടും ഉയര്‍ത്താന്‍ അവര്‍ക്കു ധൈര്യം നല്‍കിയത്.

ആ ബാലന്റെ പ്രകടനം സംഘപരിവാര്‍ ഏറ്റെടുത്ത് ഇന്ത്യ മുഴുവനുമെത്തിച്ചു. കേരളം ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ പിടിയിലാണെന്നും, അവിടെ നടപ്പാക്കുന്നത് ഇസ്ലാമിക നിയമങ്ങളാണെന്നും കാലങ്ങളായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവര്‍ക്കു കൊള്ളാവുന്ന ഒരായുധം അങ്ങനെ കിട്ടി; പോപ്പുലര്‍ ഫ്രണ്ടുകാര്‍ എത്തിച്ചുകൊടുത്തു.

അതിനു പിറകെയാണ് തിരുവനന്തപുരത്ത് ദുര്‍ഗാവാഹിനി എന്ന സംഘടനയുടെ അംഗങ്ങള്‍,  മിക്കവാറും ബാലികമാര്‍, അവരുടെ ഒരു ക്യാമ്പിനുശേഷം കൈയില്‍ വാളുമേന്തി നെയ്യാറ്റിന്‍കരയില്‍ പ്രകടനം നടത്തിയത്.

നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു അത്. പൊതുസ്ഥലത്ത് ആയുധപ്രദര്‍ശനത്തിന്കൃത്യമായ നിയമങ്ങളും ചട്ടങ്ങളുമുള്ള രാജ്യത്താണ് അവയെല്ലാം തൃണവല്‍ഗണിച്ച് ചെറിയ കുട്ടികളുടെ കൈയില്‍ ആയുധവും കൊടുത്ത് പറഞ്ഞുവിടുന്നത്. ഒരു തരം മതവാദത്തിനു മറ്റൊരു തരം മതവാദം എന്ന മറുപടി!

ഈ രണ്ടു സംഭവത്തിലും കേരളസമൂഹം ജാഗ്രതയോടെ കാണേണ്ട ഒരു ഘടകമുണ്ട്. മതവാദികള്‍ ചെറിയ കുട്ടികളെ തങ്ങളുടെ രാഷ്ട്രീയ, വര്‍ഗീയവാദ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് അത്. അങ്ങേയറ്റം ഗുരുതരമായ ഒരു അവസ്ഥാ വിശേഷമാണ് ഇത്. ലോകത്തിന്റെ പല ഭാഗങ്ങളിലും തീവ്രവാദി സംഘങ്ങള്‍ ഇത്തരം രീതി അവലംബിക്കാറുണ്ട്. ചെറിയ കുട്ടികളെ മുന്‍നിര്‍ത്തി വലിയ ഭീകരപ്രവര്‍ത്തനങ്ങള്‍ അവര്‍ സംഘടിപ്പിക്കാറുമുണ്ട്. ആ രീതിയിലേക്ക് കേരളത്തെ മാറ്റാനുള്ള ശ്രമം ഇക്കൂട്ടര്‍ തുടങ്ങിവച്ചിരിക്കുന്നു എന്നത് നമ്മള്‍ ജാഗ്രതയോടെ കാണണം.

ഇതോടൊപ്പം  കാണേണ്ട കാര്യമാണ് ഒരു പറ്റം ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നേരിട്ടും അല്ലാതെയുമുള്ള ആക്രമണങ്ങള്‍. സംഘപരിവാര പ്രോപഗണ്ടകളുടെ സര്‍വ ലക്ഷണങ്ങളും തികഞ്ഞ ഈ പരിപാടി സാമൂഹ്യമാധ്യമങ്ങളില്‍കൂടി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ക്രിസ്ത്യന്‍ സമുദായത്തിന്റെ മനസ്സില്‍ ഭീതി വിതയ്ക്കാന്‍ പാകത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഡേറ്റകള്‍ കൃത്യമായ ആസൂത്രണത്തോടെ പറത്തിവിടുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 'ലവ് ജിഹാദെ'ന്ന സംഘ പരിവാര്‍ ഉത്പന്നത്തെ  കൊണ്ടുനടന്നതും അതും കഴിഞ്ഞു 'നാര്‍ക്കോട്ടിക് ജിഹാദി'ലേക്കു മാറിയതും ഒക്കെ ഈ ആസൂത്രണത്തിന്റെ ഭാഗമാണ്.

അടുത്തകാലത്ത് അവര്‍ക്കു കിട്ടിയ നല്ലൊരു പ്രചാരകനാണ് മുന്‍ നിയമസഭാംഗമായ പി സി ജോര്‍ജ്. ഹിന്ദുത്വ വാദികള്‍ ഒരുക്കിക്കൊടുക്കുന്ന വേദികളില്‍ മുസ്ളീങ്ങള്‍ക്കെതിരെ ഹീനമായ ആരോപണങ്ങള്‍ വിളമ്പിക്കൊടുക്കുന്ന ആളായി ജോര്‍ജ് മാറിയിരിക്കുകയാണ്; ഒരു തരം ക്വട്ടേഷന്‍ ഗുണ്ടയെപ്പോലെ. സര്‍ക്കാര്‍ അതിനെതിരെ നടപടി തുടങ്ങിയപ്പോള്‍ കോടതി വച്ച ജാമ്യ നിബന്ധനകള്‍ പോലും ലംഘിച്ചു വിദ്വേഷ പ്രചാരണം നടത്താന്‍ അദ്ദേഹം തയാറായി എന്നത് അതിന്റെ പിറകിലെ ആസൂത്രണത്തിന്റെ ലക്ഷണമാണ്.

വിദ്വേഷ പ്രാസംഗികരുടെമേല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു തുടങ്ങി എന്നത് നല്ല കാര്യമാണ്. ആലപ്പുഴ þ നെയ്യാറ്റിന്‍കര സംഭവങ്ങളില്‍  പൊലീസ് കേസെടുത്ത്, ആളുകളെ അറസ്റ്റ് ചെയ്തു. ജാമ്യനിബന്ധനകള്‍ ലംഘിച്ചു വിദ്വേഷപ്രചാരണം തുടര്‍ന്ന ജോര്‍ജിനെതിരെ വീണ്ടും കോടതിയില്‍പ്പോയി ജാമ്യം റദ്ദാക്കാന്‍ നടപടിയെടുത്തു എന്നതും ആശ്വാസകരമായ കാര്യമാണ്.

പക്ഷേ അപ്പോഴും നമ്മുടെ മുന്‍പില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യം ഇത്തരം വിദ്വേഷ പ്രചാരകര്‍ക്ക് കേരളത്തില്‍ കേള്‍വിക്കാരുണ്ടാകുന്നു എന്നതാണ്. പൊലീസ് നിയമ നടപടികള്‍ കര്‍ശനമാക്കണം എന്നത് പ്രശ്ന പരിഹാരത്തിന്റെ ഒരുവശം മാത്രമാണ്. മതനിരപേക്ഷത എന്നത് പലതരം വിശാസങ്ങള്‍ കൊണ്ടുനടക്കുകയോ ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുമ്പോഴും, മനുഷ്യര്‍ എന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പും പുരോഗതിയും നമ്മള്‍ തന്നെ തീരുമാനിക്കണം എന്ന കേവലമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഒരു പൊതു മിനിമം പരിപാടിയാണ്.

മതബോധം ഭരണം നടത്തിയതിന്റെ തിക്താനുഭവങ്ങള്‍ അനുഭവിച്ചറിഞ്ഞ സമൂഹങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനമാണ് അത്; അവര്‍ തന്നെയാണ് പലപ്പോഴും തെറ്റുകള്‍ തിരുത്തി മെച്ചപ്പെട്ട മാതൃകകള്‍ മുന്നോട്ടുവയ്ക്കുന്നത് അത്തരം മാതൃകകള്‍ പിന്‍പറ്റാന്‍ ഉത്തരവാദിത്വമുള്ള സമൂഹമാണ് കേരളം.

വര്‍ഗീയ വര്‍ത്തമാനത്തിനു ചെവി കൊടുക്കാതിരിക്കുക മാത്രമല്ല, മെച്ചപ്പെട്ട മതനിരപേക്ഷ പെരുമാറ്റ രൂപങ്ങള്‍ നിര്‍മിച്ചെടുക്കാനും ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കാനുമുള്ള ബാധ്യത ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ട്. പല മതവിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന നാട്ടില്‍ പരസ്പരം ഭയപ്പെടുത്തിയും പരസ്പരം പോഷിപ്പിച്ചും മാത്രമേ വര്‍ഗീയവാദികള്‍ക്കു മുതലെടുക്കാനാവൂ. വര്‍ഗീയവാദികള്‍ക്ക്  ചേക്കയിടം കൊടുക്കാതെ സൂക്ഷിച്ചാല്‍മാത്രമേ അവരുയര്‍ത്തുന്ന ഭീഷണി  ഇല്ലാതാകൂ.

മതനിരപേക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇവരുയര്‍ത്തുന്ന വെല്ലുവിളി മനസ്സിലാക്കുകയും മുന്‍കൂറായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. അതില്‍ വീഴ്ചവന്നാല്‍ ലോകത്തിലെ പല ബഹുസ്വര സമൂഹങ്ങള്‍ക്കും പില്‍ക്കാലത്തു വന്നുചേര്‍ന്ന ദുര്‍ഗതി നവോത്ഥാനസമരങ്ങളുടെ വലിയ പാരമ്പര്യമുള്ള നമ്മുടെ നാടിനും വന്നുചേരും. അതൊഴിവാക്കുക എന്നത് ചെറിയ വെല്ലുവിളിയല്ല.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top