26 April Friday

നെറ്റിൽ തിരയുമ്പോൾ സംഭവിക്കുന്നത്

ജയാ ജി നായർUpdated: Thursday Sep 10, 2020


ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി അറിയണം എന്നു തോന്നിയാൽ എന്തു  ചെയ്യും? കുറച്ചു കാലം മുമ്പുവരെ, അതേപ്പറ്റി അറിവുള്ള  ആരോടെങ്കിലും ചോദിക്കുകയോ, ആ വിഷയത്തിലുള്ള  പുസ്തകം വായിക്കാൻ ശ്രമിക്കുകയോ ചെയ്യുമായിരുന്നു.  പക്ഷെ ഇന്ന്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന  ‘ഇന്റർനെറ്റ്' എന്ന കംപ്യൂട്ടർ ശൃംഖലയിൽ അഥവാ ‘നെറ്റിൽ’ തെരയുക എന്നതാണ് ഇപ്പോൾ ഏറ്റവും എളുപ്പമുള്ള രീതി. ഒരു കംപ്യൂട്ടറിലോ  മൊബൈൽഫോണിലോ ‘ഗൂഗിൾ’ പോലെയുള്ള ‘സെർച്ച് സോഫ്റ്റ്‌വെയർ’ പ്രവർത്തിപ്പിച്ചാണ് ഈ അന്വേഷണം നടത്തുന്നത്‌. സെർച്ച് അഥവാ അന്വേഷണം നടത്താൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതുണ്ട്.

ആവശ്യമുള്ള വിവരത്തെക്കുറിച്ച് ചോദ്യമായോ, വാക്കുകളായോ നിങ്ങൾ  ടൈപ്പ് ചെയ്തു കഴിഞ്ഞാൽ, നിമിഷങ്ങൾക്കകം അതേക്കുറിച്ചുള്ള അറിവ് തരാവുന്ന കുറെയധികം വിവരസൂചികകൾ, - വെബ് പേജുകളിലേക്കുള്ള ‘ലിങ്കുകൾ’ - നിങ്ങൾക്കു മുന്നിൽ ഇവനിരത്തിവയ്‌ക്കുന്നു. അവ ഓരോന്നായി നോക്കുക.  എത്രയെളുപ്പം.  എന്നാൽ ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തേണ്ടതുണ്ട്‌.


 

എങ്ങനെയാണ് ഈ ‘മാജിക്' പ്രവർത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ‘നെറ്റിൽ' ഒരു വിവരം അന്വേഷിക്കുമ്പോൾ, വാസ്തവത്തിൽ ഇന്റർനെറ്റിൽ ഘടിപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് കംപ്യൂട്ടറുകളിലുള്ള ഫയലുകളാണ് നിങ്ങൾ തപ്പുന്നത്. ‘വേൾഡ് വൈഡ് വെബ്' അഥവാ ‘വെബ്' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഡിജിറ്റൽ ശേഖരം  വിവരങ്ങളുടെ ഒരു ഖനിയാണ്. തമ്മിൽ ‘ലിങ്കു’കൾ വഴി ബന്ധിപ്പിച്ചിട്ടുള്ള ഫയലുകൾ അഥവാ ഡോക്യുമെന്റുകൾ ആണ് വെബ്ബിന്റെ  അടിസ്ഥാനം. ‘ലിങ്ക്’ എന്നാൽ ഒരു വിവരം എവിടെയാണ് ഉള്ളത് എന്നതിന്റെ ഡിജിറ്റൽ മേൽവിലാസം തന്നെയാണ്. ‘നെറ്റി'ലെ ‘സെർവർ കംപ്യൂട്ടറു’കളിലെ ‘വെബ്സൈറ്റു’കളിൽ ഈ വിവരങ്ങൾ ആർക്കു വേണമെങ്കിലും കാണാവുന്ന രീതിയിൽ ഉണ്ടാക്കി വച്ചിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള സർവകലാശാലകൾ, ലൈബ്രറികൾ, ഓഫീസുകൾ, വിവിധതരം സ്ഥാപനങ്ങൾ, വ്യക്തികൾ - ഇവരൊക്കെയാണ് തങ്ങളുടെ വെബ്സൈറ്റുകളിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ശേഖരത്തിലാണ് നാം നമുക്ക് അറിയേണ്ട കാര്യം തപ്പി കണ്ടുപിടിക്കുന്നത് എന്നർഥം. നിങ്ങൾ സ്വയം കഥകളിയെപ്പറ്റി ഒരു വെബ്സൈറ്റ് ഉണ്ടാക്കി അത് ഇന്റർനെറ്റിൽ ഘടിപ്പിച്ചാൽ, ആ വിവരങ്ങളും ഈ ശേഖരത്തിന്റെ ഭാഗമായിത്തീരും.

ഒരു കാര്യം അറിയാൻ വാക്കുകൾ ടൈപ്പ് ചെയ്ത്, അന്വേഷണം ആരംഭിക്കുവാനുള്ള ബട്ടൺ അമർത്തുമ്പോൾ, ഈ വെബ്സൈറ്റുകളിൽ  നേരിട്ടല്ല ഗൂഗിൾ സോഫ്റ്റ്‌വെയർ പരതുന്നത്. മറിച്ച്, നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഒരു ‘സെർച്ച് ഇൻഡക്സ്’ അഥവാ സൂചികയിലാണ് നോക്കുക. ലോകത്തെ വെബ്സൈറ്റുകളിലെ വിവരങ്ങളുടെ ഒരു സൂചികയാണിത്. പുസ്തകങ്ങളിൽ ഉൾപ്പെടുത്താറുള്ള പദസൂചിക പോലെയുള്ള ഒരു ഇൻഡക്സ്.  ഓരോ കാര്യത്തെപ്പറ്റിയും ഏതൊക്കെ വെബ്സൈറ്റുകളിൽ വിവരം ഉണ്ട് എന്നുള്ള ഒരു പട്ടിക. ഗൂഗിൾ ഈ സൂചിക  നിർമിക്കുന്നത് നിങ്ങൾ സെർച്ച് ആരംഭിക്കുന്നതിനും എത്രയോ മുമ്പാണ്. ‘വെബ്’ എന്ന വാക്കിന്റെ അർഥം ചിലന്തിവല എന്നാണല്ലോ.  ഇന്റർനെറ്റ് എന്ന ‘വലിയ ചിലന്തിവല’യിൽ പരതി ഈ സൂചിക നിർമിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളെ ‘ചിലന്തികൾ’ അഥവാ ‘ഇഴയുന്നവർ’ (‌ക്രോളേഴ്‌സ്) എന്നു തന്നെയാണ് വിളിക്കുന്നത്‌. ഒരു പുതിയ ഫയൽ കിട്ടിയാൽ, അതിലുള്ള പ്രത്യേക വാക്കുകളുടെ നേരെ ആ ഫയലിന്റെ ‘ലിങ്ക്’ കൂടി ഉൾപ്പെടുത്തുന്നു. ഒരു ഫയലിൽ മറ്റു ഫയലുകളിലേക്കുള്ള ലിങ്ക് കാണും. അതോടെ ‘ചിലന്തി' പ്രോഗ്രാമുകൾ ആ സൈറ്റുകളും സന്ദർശിച്ച് അവിടുത്തെ വിവരങ്ങളും ശേഖരിക്കും. ദശലക്ഷക്കണക്കിന്‌ വെബ്പേജുകളെക്കുറിച്ചുള്ള വിവരം ഗൂഗിൾ പോലെയുള്ള സെർച്ച്‌ എൻജിനുകളുടെ  സൂചികയിൽ ഉൾപ്പെട്ടിരിക്കുന്നുണ്ട്.

അറിയേണ്ട കാര്യത്തെക്കുറിച്ച്‌ നിങ്ങൾ ടൈപ്പു ചെയ്ത വാക്കുകൾ ഗൂഗിൾ ഈ സൂചികയിൽ പരതി,  ചേർച്ചയുള്ള വെബ്‌പേജുകളുടെ ലിങ്കുകൾ   കാട്ടിത്തരുന്നു - ഇതാണ് നിങ്ങൾക്കുള്ള ഉത്തരം. നിങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായ മറുപടി തരണം എന്നതാണ് ലക്ഷ്യം. അതുകൊണ്ട്, ലഭിച്ച സൂചനകളെ അവയുടെ ‘പ്രസക്തി' അനുസരിച്ച്‌ റാങ്കു ചെയ്യുന്നു. ഏറ്റവും ഉചിതം എന്നു കണക്കാക്കി ഒന്നാം റാങ്കു കിട്ടിയതാണ് നിങ്ങൾക്കുള്ള ഉത്തരങ്ങളിൽ ആദ്യത്തേതായി  ഉൾപ്പെടുത്തുക ! താഴെത്താഴെയായി തുടർന്നുള്ളവയും. പലപ്പോഴും ആദ്യത്തെ ഉത്തരം തന്നെ നിങ്ങൾക്കു തൃപ്തി തരുന്നത് ‘പ്രസക്തി’യെ പറ്റിയുള്ള  കണക്കുകൂട്ടൽ ശരിയാകുന്നതു  കൊണ്ടാണ്.   


 

സൂചനകളുടെ യോഗ്യത അഥവാ പ്രസക്തി  കണക്കാക്കുന്ന രീതി  സെർച്ച്‌ എൻജിനുകളുടെ ഗുണമേന്മയും കാര്യക്ഷമതയും നിർണയിക്കുന്നതിൽ വളരെ പ്രധാനമാണ്. തുടർച്ചയായി ഗവേഷണം നടക്കുന്ന ഒരു മേഖലയാണിത്‌. നിങ്ങൾ ടൈപ്പ് ചെയ്ത വാക്കുകൾ വെബ്‌പേജിൽ ഉണ്ടാവുക എന്നതു മാത്രം പോരാ. പേജിലെ വിവരങ്ങളുടെ വിശ്വാസ്യത, പേജിനെപ്പറ്റിയുള്ള വിവരണം ലഭ്യമെങ്കിൽ അത്, ആ പേജിനെ റെഫർ ചെയ്യുന്ന അഥവാ അവലംബിക്കുന്ന മറ്റു വെബ്പേജുകൾ - ഇതൊക്കെ കണക്കിലെടുക്കുന്നു. ഭാഷയുടെ ഉപയോഗത്തെപ്പറ്റിയുള്ള അറിവ് നിങ്ങൾ വരുത്തിയ അക്ഷരത്തെറ്റുകൾ തിരുത്തുവാനും, ടൈപ്പു ചെയ്ത വാക്കുകളുടെ പര്യായങ്ങളേയും തെരച്ചിലിൽ  ഉൾപ്പെടുത്തുവാനും  സെർച്ച്‌ എൻജിനെ സഹായിക്കും.  നിങ്ങൾ  ഇപ്പോൾ നടത്തുന്ന ഈ അന്വേഷണം എന്തിനു വേണ്ടിയായിരിക്കാം, ഇത്തരം ചോദ്യം മുമ്പ്‌ ചോദിച്ചവർ തുടർന്ന്  വേറെ എന്തൊക്കെ അന്വേഷിച്ചു - ഇങ്ങനെ പലതും കണ്ടെത്താൻ ശ്രമിക്കുന്നു.

കാര്യങ്ങൾ വിശദീകരിക്കുന്ന ഫയലുകൾ മാത്രമല്ല ഗൂഗിൾ ഉപയോഗിച്ച് കണ്ടെത്താവുന്നത്. മാപ്പുകൾ, ഒരു സ്ഥലത്തേക്ക് പോകാനുള്ള വഴി, ചിത്രങ്ങൾ, വീഡിയോകൾ, കേൾക്കുവാനുള്ള ഓഡിയോ ഫയലുകൾ - ഇതൊക്കെ പല വിഭാഗങ്ങളായി ലഭിക്കുന്നു.

നേരത്തെ പറഞ്ഞ ‘ചിലന്തി പ്രോഗ്രാമുകൾ’ വെബ്ബിൽ തുടർച്ചയായി പരതി സൂചിക നവീകരിക്കേണ്ടത് വളരെ ആവശ്യമാണ്. കോടിക്കണക്കിന്‌  അന്വേഷണങ്ങൾ ആണ് ഓരോ വർഷവും ഗൂഗിൾ പോലെയുള്ള സെർച്ച്‌ എൻജിനുകൾക്ക്‌ കൈകാര്യം ചെയ്യേണ്ടി വരുന്നത്.


 

ഗുണമേന്മ വർധിപ്പിക്കുവാൻ ഗൂഗിൾ  2019 -ൽ മാത്രം മൂവായിരത്തിലധികം മാറ്റങ്ങൾ അഥവാ നവീകരണങ്ങളാണ് നടത്തി എന്നാണ് പറയപ്പെടുന്നത്. ഇന്ന് മലയാളമുൾപ്പെടെ പല ഭാഷകളിലും ഗൂഗിൾ ഉപയോഗിക്കാം. ചോദ്യങ്ങൾ ടൈപ്പ്‌ ചെയ്യണമെന്നില്ല – ഉറക്കെ ചോദിച്ചാലും മതി.  ചിത്രങ്ങളും ആകാം.

ഒരു കാര്യം ശ്രദ്ധിക്കണം. ലോകത്തെമ്പാടുമുള്ള വെബ്സൈറ്റുകളിലുള്ള വിവരങ്ങളാണ് നിങ്ങൾക്ക് ഉത്തരമായി കിട്ടുന്നത് എന്ന്‌ പറഞ്ഞുവല്ലോ. കിട്ടിയ ഉത്തരങ്ങൾ ‘ശരി’യാണ് എന്നുറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. ഏത്‌ വെബ്സൈറ്റിലെ ഫയലിലാണ് നിങ്ങൾക്ക് കിട്ടിയ വിവരമുള്ളത്, - എത്രമാത്രം വിശ്വാസ്യത അതിനുണ്ട് – ഇതൊക്കെ നാം ശ്രദ്ധിക്കണം. വളരെ കൃത്യമായ വിവരങ്ങൾ മാത്രം  ഉൾപ്പെടുത്തുന്ന എത്രയോ വെബ്സൈറ്റുകൾ ഉണ്ട്. പക്ഷെ, അതുപോലെ തന്നെ അങ്ങനെയല്ലാത്തവയും ധാരാളമുണ്ട് എന്നത് ഓർമ വേണം. 

(വിഎസ്‌എസ്‌സിയിൽ സയന്റിസ്‌റ്റ്‌/എൻജിനിയർ ആയിരുന്നു ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top