26 April Friday

ഇവരുടെ മിടിപ്പിലുണ്ട്‌; 
ഹൃദയങ്ങളെ തൊട്ട ഡോ. ജോ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


തൃപ്പൂണിത്തുറ
ആ ചിത്രം ഇപ്പോൾ വൈറലാണ്‌, എയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലെത്തിച്ച ഹൃദയമടങ്ങിയ പെട്ടി തൂക്കി ആശുപത്രിയിലേക്ക്‌ ഓടുന്ന ഡോ. ജോ ജോസഫിന്റെ ചിത്രം. മസ്‌തിഷ്‌കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയമാണ്‌ പെട്ടിയിൽ. ദേശദൂരത്തെ സമയംകൊണ്ടു തോൽപ്പിച്ച കരുതലും തൃപ്‌തിയും ജോയുടെ മുഖത്ത്‌ വായിക്കാം. മൂന്നുമണിക്കൂർ പതിനൊന്ന്‌ മിനിറ്റ്‌ കൊണ്ട്‌ ആ ഹൃദയം ലിസി ആശുപത്രിയിൽ സണ്ണി എം തോമസിന്റെ ശരീരത്തിൽ ജീവന്റെ ആദ്യ തുടിപ്പറിയിച്ചു. സ്‌നേഹവും ചികിത്സയും തന്ന്‌ രണ്ടാംജന്മത്തിലേക്ക്‌ കൈപിടിച്ചുകയറ്റിയ ഡോ. ജോ ജോസഫിനെ സണ്ണി മറക്കുന്നതെങ്ങനെ. ‘അദ്ദേഹം ഞങ്ങൾക്ക്‌ ഡോക്‌ടർ അല്ല,  ദൈവതുല്യനാണ്‌’–- ഡോ. ജോയുടെ സ്ഥാനാർഥിത്വമറിഞ്ഞ സണ്ണി തോമസിന്റെ പ്രതികരണം.

ഹൃദയബന്ധമാണ് ഡോ. ജോ ജോസഫുമായുള്ളതെന്ന്‌ പുതിയകാവ് സാംകോ ആയുർവേദ മെഡിക്കൽസ് ഉടമകൂടിയായ സണ്ണി തോമസ് പറഞ്ഞു. ‘തൃക്കാക്കരയിൽ അദ്ദേഹം വിജയിക്കണം. ഇങ്ങനെ മനുഷ്യരെ ചേർത്തുപിടിക്കുന്നവരാണ്‌ ജയിക്കേണ്ടത്. ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയരായ 14 പേരുണ്ട്‌. എല്ലാവരും ഡോക്‌ടറുടെ വിജയത്തിനായി ആവുന്നതെല്ലാം ചെയ്യും. ബന്ധുക്കളോടും സുഹൃത്തുക്കളോടും വോട്ട്‌ ചോദിക്കും. ഞങ്ങൾക്കു ലഭിച്ച സ്നേഹത്തിനും ശുശ്രൂഷയ്‌ക്കും അത്രയെങ്കിലും പകരമാകട്ടെ’–- സണ്ണി തോമസ്‌ പറഞ്ഞു. 

സംസ്ഥാന സർക്കാർ സൗജന്യമായാണ്‌ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചത്. കഴിഞ്ഞ ജൂലൈ ഇരുപത്തൊന്നിനായിരുന്നു ശസ്‌ത്രക്രിയ. ഹൃദയം കൊണ്ടുവരുന്നതുമുതൽ കൊച്ചിയിലെ ശസ്‌ത്രക്രിയ പൂർത്തിയാകുന്നതുവരെ മുന്നണിയിൽ ജോ ഉണ്ടായിരുന്നു. ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2013ലാണ്‌ ലിസി ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടന്നത്‌. അതേവർഷമാണ്‌ ജോ ഇവിടെ ചേർന്നതും. അന്നുമുതൽ ഹൃദയമാറ്റ ശസ്‌ത്രക്രിയയിൽ ജോയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top