26 April Friday

നവംബറിലെ പക്ഷികൾ : ഗുരു- ടാഗോർ ; രേഖപ്പെടുത്താതെ പോയ സംഭാഷണങ്ങളെക്കുറിച്ച് ...

ഡോ. എം എ സിദ്ദീഖ്Updated: Thursday May 4, 2023

രബീന്ദ്രനാഥ് ടാഗോർ

ചക്രവാളസീമയെ അതിലംഘിച്ച് മുന്നേറുന്ന യോഗനയനങ്ങളുടെ ദീപ്തി ഇപ്പോഴും ശിവഗിരിയിലെവിടെയും അനുഭവവേദ്യമാണ്. ഗുരുവിനെ കാണാനെത്തിയ മഹാമനുഷ്യർ വിരിച്ചിട്ട മണലുകൾ, അവയിൽ ചവിട്ടിനിന്ന മനുഷ്യരുടെ മൗനങ്ങൾ ഒക്കെ ഇപ്പോഴും അവിടെയുണ്ട്.

രമണമഹർഷിയെ സന്ദർശിക്കുന്നതിന് ശ്രീനാരായണഗുരു തിരുവണ്ണാമലയിലെത്തിയ സന്ദർഭം ഒരു കവിതയുടെ പിറപ്പിനു കാരണമായിട്ടുണ്ട്. നിർവൃതിപഞ്ചകം എന്ന സംസ്കൃത കവിതയാണത്. നിർവൃതിയുടെ സാമൂഹികാംശങ്ങളാണ് ആ കവിതയുടെ പ്രമേയം. ഭേദചിന്തകളെയും വലിപ്പച്ചെറുപ്പങ്ങളെയും ദാർശനികാർഥത്തിൽ നിരാകരിക്കുന്നതിനുള്ള സാമൂഹികത ആ കവിതയിലുണ്ട്.

രബീന്ദ്രനാഥ് ടാഗോർ

രബീന്ദ്രനാഥ് ടാഗോർ

ആ സന്ദർശനത്തിനിടയിൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. ആ ദിവസങ്ങളിൽ രമണമഹർഷി മൗനവ്രതത്തിലായിരുന്നതാണ് കാരണം. ഇത്, ആ കവിതയെ മൗനംകൊണ്ട് ആവരണം ചെയ്യപ്പെട്ട ഒരു കലാവസ്തുവാക്കിത്തീർക്കുകയും ചെയ്തു. ജ്ഞാതാജ്ഞാതസമഃ സ്വാന്യ / ഭേദശൂന്യഃ കുതോഭിദാ? എന്ന വരിയിലൊക്കെയുണ്ട് കട്ടപിടിച്ച ആ മൗനത്തിന്റെ ആവരണം. അറിഞ്ഞതും അറിയാത്തതും സമമായിക്കഴിഞ്ഞാൽ, സ്വന്തം അന്യം എന്ന ഭേദമൊക്കെ ഇല്ലാതായിത്തീർന്നാൽ പിന്നെങ്ങനെയാണ് വ്യത്യാസം തോന്നുക എന്നാണ് ആ വരിയുടെ അർഥം. ഇത്തരം സന്ധിക്കലുകളുടെ സൗന്ദര്യശാസ്ത്രത്തെയൊക്കെ ഈ അടുത്തകാലത്താണ് നാം ശ്രദ്ധിച്ചുതുടങ്ങിയത്.

രണ്ടുവ്യക്തികൾ, അവരുടെ വൈയക്തികവും ദാർശനികവുമായ മഹത്വത്തെ പരസ്പരം അറിഞ്ഞുകൊണ്ടും ആദരിച്ചുകൊണ്ടും കുറച്ചുനേരം അടുത്തിരുന്നു എന്നതിനപ്പുറം അതുനൽകുന്ന സാമൂഹികവും സൗന്ദര്യശാസ്ത്രപരവുമായ ആഴങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രസക്തിയുണ്ടാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.

സന്ന്യാസവും കലയും

വിപുലമായ സാഹിത്യവ്യക്തിത്വത്തിനുടമയായ ടാഗോറിന്റെ പ്രതിഭയുടെ പ്രധാനപ്പെട്ട ഒരു വശമാണ് അദ്ദേഹം ഒരു സന്ന്യാസിയായിരുന്നുവെന്നത്.സന്ന്യാസമെന്നത് ടാഗോറിന് തന്റെ സാർവദേശീയ വ്യക്തിത്വത്തിന്റെ ഭാഗവുമായിരുന്നു. ഭൗതികമായ അസ്വാതന്ത്ര്യം നാം അനുഭവിച്ചിരുന്ന ആ കൊളോണിയൽ ഘട്ടത്തിലും, ആത്മീയമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന വലിയൊരു ജനതയുടെ നേതാവായിരുന്നു ടാഗോർ.

മതപരമായ പരിമിത മൂല്യങ്ങളുടെ അടിസ്ഥാനത്തിൽമാത്രം സ്വാതന്ത്ര്യവും ദേശീയതയും നിർവചിക്കപ്പെടുന്ന ഇക്കാലത്ത് ഈ ആശയത്തിന് വലിയ പ്രസക്തിയുണ്ട്. ടാഗോർ മുന്നോട്ടുവച്ച സാർവദേശീയതയുടെ മതമെന്ന ആശയം കലാപരവും യോഗാത്മകവുമായ ഒരു വിപ്ലവാശയമാണ്. തന്നിലേക്കുമാത്രം ഒതുങ്ങിക്കൂടിയ ഒരു സന്ന്യാസിയിൽനിന്ന് ഒരിക്കലും പുറത്തുവരുന്നതല്ല ഇത്തരം ആശയങ്ങൾ. ടാഗോർ പക്ഷേ തന്നിലേക്കുമാത്രം ചുരുണ്ടുകൂടിയ ഒരു സന്ന്യാസിയായിരുന്നില്ല.

ടാഗോർ ഗുരുവിനെ സന്ദർശിക്കാനിടയായത് ശാന്തിനികേതന്റെ വികസനവുമായി ബന്ധപ്പെട്ട പണപ്പിരിവിന് അദ്ദേഹം തിരുവിതാംകൂറിൽ എത്തിയപ്പോഴാണ്. തിരുവിതാംകൂർ രാജകുടുംബം ഉൾപ്പെടെ ധാരാളം പൗരപ്രമാണിമാർ അന്ന് ടാഗോറിനെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഇത്, അതിനോടകം ടാഗോർ നേടിയെടുത്ത ആഗോളപ്രശസ്തിയുടെ ഒരു സ്വാഭാവികഫലം കൂടിയായിരുന്നു.

ടാഗോർ ഗുരുവിനെ സന്ദർശിക്കാനിടയായത് ശാന്തിനികേതന്റെ വികസനവുമായി ബന്ധപ്പെട്ട പണപ്പിരിവിന് അദ്ദേഹം തിരുവിതാംകൂറിൽ എത്തിയപ്പോഴാണ്. തിരുവിതാംകൂർ രാജകുടുംബം ഉൾപ്പെടെ ധാരാളം പൗരപ്രമാണിമാർ അന്ന് ടാഗോറിനെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഇത്, അതിനോടകം ടാഗോർ നേടിയെടുത്ത ആഗോളപ്രശസ്തിയുടെ ഒരു സ്വാഭാവികഫലം കൂടിയായിരുന്നു. ജനങ്ങൾ പലേടത്തും തിങ്ങിക്കൂടിയത് നേരത്തെ പറഞ്ഞ ആത്മീയവ്യക്തിത്വത്തിന്റെ  ഫലംകൊണ്ടും. ഇത്‌ രണ്ടും മറ്റൊരുവിധത്തിൽ ഏറ്റുവാങ്ങിയ വ്യക്തിയാണ് വിവേകാനന്ദൻ.

ചിക്കാഗോ പ്രഭാഷണത്തോടെ സ്വാമി നേടിയെടുത്ത വമ്പിച്ച ബഹുജനപ്രശസ്തി കാരണമായി ഇന്ത്യയിൽ അദ്ദേഹത്തിന്‌ ധാരാളം ആരാധകരുണ്ടായി. ചിക്കാഗോവിൽ സ്വാമി സംസാരിച്ചത് മതനിരപേക്ഷതയെക്കുറിച്ചാണ്. ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് ധാരാളം ശ്രോതാക്കളെ നേടിക്കൊടുത്തത്. സ്വാമികളുടെ കർമസിദ്ധാന്തം രാഷ്ട്രത്തെയായാലും മതത്തെയായാലും അടഞ്ഞ കൂടായിട്ടല്ല കണ്ടത്; എപ്പൊഴും ലോകത്തോടു സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയായിട്ടാണ്. ഈ സംവാദങ്ങളിൽ മതം ഒരു പ്രധാനഘടകമായിരുന്നതുകൊണ്ട് പിൽക്കാലത്തെ വ്യാഖ്യാതാക്കൾ വിവേകാനന്ദനെ ഒരു മതപ്രചാരകൻ മാത്രമാക്കാൻ ശ്രമിച്ചു.

എന്നാൽ ടാഗോറിന്റെ പ്രശസ്തിക്കു നിദാനം അദ്ദേഹത്തിന്റെ കവിതയായിരുന്നു. പിന്നെ, പല സാഹിത്യരൂപങ്ങളിലൂടെ അദ്ദേഹം നടത്തിയ വിജയകരമായ യാത്രകളും. അവയിലും മതത്തിന്റെ  അംശങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് പരമ്പരാഗത മതവിശ്വാസത്തിന്റെ  ചട്ടക്കൂടിലേക്ക്‌ ചുരുങ്ങുന്നതായിരുന്നില്ല. ഇതെപ്പറ്റി ടാഗോർ ‘കലാകാരന്റെ മതം’ എന്ന ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ടാഗോറിലെ കവിയും സന്ന്യാസിയും തമ്മിൽ പൊരുത്തപ്പെടുന്നതെങ്ങനെയെന്ന് അതിലദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഒരു മിസ്റ്റിക് കാവ്യപ്രപഞ്ചമായ ഗീതാഞ്ജലിയിൽ ദൈവവും ലോകവും തമ്മിലുള്ള ഇഴുകിച്ചേരലിനെപ്പറ്റി പറയാനൊക്കെ ടാഗോർ ഉപയോഗിച്ചത് ഗ്രാമീണമായ അധ്വാനചിഹ്നങ്ങളായിരുന്നല്ലോ! യേറ്റ്സിന്റെ ആമുഖത്തിൽ ഇതെടുത്തുപറഞ്ഞിട്ടുണ്ട്

ഒരു മിസ്റ്റിക് കാവ്യപ്രപഞ്ചമായ ഗീതാഞ്ജലിയിൽ ദൈവവും ലോകവും തമ്മിലുള്ള ഇഴുകിച്ചേരലിനെപ്പറ്റി പറയാനൊക്കെ ടാഗോർ ഉപയോഗിച്ചത് ഗ്രാമീണമായ അധ്വാനചിഹ്നങ്ങളായിരുന്നല്ലോ! യേറ്റ്സിന്റെ ആമുഖത്തിൽ ഇതെടുത്തുപറഞ്ഞിട്ടുണ്ട്; ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്ന പരമോന്നതമായ സംസ്കാരം ലോകത്തിന്റെ ഉടലിൽനിന്നാണ് വരുന്നതെന്നൊക്കെ!

ഈ പരമോന്നതസംസ്കാരം സ്വാതന്ത്ര്യത്തിന്റെ  വിശാലമായ മറ്റൊരു വീക്ഷണമായിരുന്നു. കലാകാരന്റെ മതം എന്ന് ടാഗോർ വിശേഷിപ്പിച്ചത് ഈ വിശാലതയെയാണ്. അതദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:

“നാം നിലനിൽക്കുന്നു എന്ന വസ്തുതയിൽ മറ്റെല്ലാ വസ്തുക്കളും നിലനിൽക്കുന്നു എന്ന യാഥാർഥ്യത്തിന്റെ സത്യമുണ്ട്. എന്നിലെ ‘ഞാനാകുന്നു’  എന്ന ഭാവം ‘നീയാകുന്നു’ എന്നതിന്റെ ഗാഢമായ പ്രത്യക്ഷവൽക്കരണത്തിലെത്തുമ്പോൾ അതിന്റെ എല്ലാ പരിമിതികളെയും ഉല്ലംഘിക്കുന്നു. പരിമിതികളുടെ ലംഘനം ആനന്ദമുണ്ടാക്കുന്നു. സൗന്ദര്യത്തിൽ, സ്നേഹത്തിൽ, മഹത്വത്തിൽ നമുക്കുള്ള ആനന്ദം തന്നെയാണിത്”.

ആനന്ദം എന്ന ഈ ലക്ഷ്യമാണ് ഇന്ത്യൻ നവോത്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നത്. അവരവരുടെ സുഖമെന്നത് അപരന്റെയും സുഖമാണെന്ന നാരായണഗുരുവിന്റെ ദർശനവും ടാഗോറിന്റെ മതവും തമ്മിൽ പൊരുത്തമുണ്ട്.

ആനന്ദം എന്ന ഈ ലക്ഷ്യമാണ് ഇന്ത്യൻ നവോത്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നത്. അവരവരുടെ സുഖമെന്നത് അപരന്റെയും സുഖമാണെന്ന നാരായണഗുരുവിന്റെ ദർശനവും ടാഗോറിന്റെ മതവും തമ്മിൽ പൊരുത്തമുണ്ട്. ഈ പൊരുത്തം അവരുടെ കൂടിക്കാഴ്ചയെ കൂടുതൽ ഗഹനമായ ഒരു പ്രതീകമാക്കിത്തീർക്കുകയുണ്ടായി. അതിനു സാക്ഷിയായിരുന്നവരിൽ കവികളും സന്ന്യാസികളും പ്രബന്ധകർത്താക്കളും ഒക്കെയുണ്ട്. ഈ സന്ദർശനത്തിന്‌ പ്രാഥമികകാരണക്കാരനെന്നു പറയാവുന്ന ഡോക്ടർ പൽപ്പുവുമുണ്ടായിരുന്നു.

ഈ കൂടിക്കാഴ്ച വലിയൊരു ദാർശനിക സംഭവമായിരുന്നു. ഗുരു ബാപ്പുജിയോട്‌ നടത്തിയ സംഭാഷണം ഒരു മഹത്തായ സാമൂഹിക പരിവർത്തനത്തിന്റെ മാധ്യമമായി എങ്ങനെ നിൽക്കുന്നുവോ അതുപോലെയോ അതിൽക്കൂടുതലോ പ്രാധാന്യം ഈ കൂടിക്കാഴ്ചയ്ക്കുണ്ട്. പക്ഷേ, ആ സംഭാഷണം ആരും പൂർണമായി രേഖപ്പെടുത്തിവയ്ക്കാത്തത് ഒരു പിൽക്കാലനഷ്ടമായി അവശേഷിക്കുന്നു.

ലോകം എന്ന ചരിത്രമണ്ഡലം

“ഞാൻ ലോകത്തിന്റെ  വ്യത്യസ്ത ഭാഗങ്ങളിൽ പര്യടനം നടത്തിവരികയാണ്. ഇതിനിടയിൽ നിരവധി സന്ന്യാസിമാരുമായും മഹർഷിമാരുമായും ഇടപഴകാനുള്ള അപൂർവമായ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കാര്യം ഞാൻ തുറന്നുപറയട്ടെ; മലയാളത്തിലെ സ്വാമി നാരായണഗുരുവിനെക്കാൾ ആത്മീയതയിൽ മഹത്തായ ഒരാളെ അതല്ലെങ്കിൽ അദ്ദേഹത്തോട് തുല്യനായ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദൈവിക തേജസ്സിന്റെ ആത്മശോഭയാൽ പ്രകാശപൂരിതമായ ആ വദനവും വിദൂര ചക്രവാളത്തിനും അപ്പുറത്തുള്ള ബിന്ദുവിലേക്ക്‌ നട്ടിരിക്കുന്ന ഗാംഭീര്യമുള്ള ആ കണ്ണുകളും ഞാൻ ഒരിക്കലും മറക്കുകയില്ല”.

ശിവഗിരി സന്ദർശനത്തിന്റെ സ്മരണയായി ടാഗോർ എഴുതിയ വരികളാണിത്. ഇതായിരിക്കണം ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും സംക്ഷിപ്തമായ ജീവചരിത്രം. ലോകം എന്ന വർത്തമാന സാഹചര്യത്തിൽ ശ്രീനാരായണഗുരുവിന്റെ ഇടം എന്താണ് എന്ന നിർവചനമാണ് ഇതിലെ ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ഗുരുവിന്റെ വീക്ഷണകേന്ദ്രത്തെക്കുറിച്ചുള്ളതാണ്. പ്രകാശിക്കുന്ന നയനങ്ങൾകൊണ്ട് വിദൂരചക്രവാളത്തിനും അപ്പുറത്തേയ്ക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു എന്നൊക്കെ എഴുതുന്നത് യോഗാത്മകമായ ഒരു വിലയിരുത്തലാണ്. ടാഗോർ മറ്റൊരാളെയും ഇങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളതായി നമുക്ക് അറിവില്ല.

അന്ന് ഗുരുവിനും ടാഗോറിനുമിടയിൽ സംഭാഷണത്തിന് നിയോഗിക്കപ്പെട്ടത് കുമാരനാശാനും എൻ കുമാരൻ ജഡ്ജിയുമായിരുന്നു. ഗുരുവിന്റെ  ഭാഷണത്തെ ടാഗോറിന്‌ പരിചയപ്പെടുത്തിയത് ആശാനും ടാഗോറിനെ ഗുരുവിനു പരിഭാഷപ്പെടുത്തിയത് കുമാരൻ ജഡ്ജിയും. ഇതൊക്കെ കണ്ടുകൊണ്ട് സി എഫ് ആൻഡ്രൂസ് അവിടെയുണ്ടായിരുന്നു.ഗുരുദർശനം ആൻഡ്രൂസിലുണ്ടാക്കിയത് ദൈവികമായ ഒരു സ്വപ്നദർശനമാണെന്ന് അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട്.

ടാഗോറിന്റെ ചൈതാലിയും ചിരകുമാരസഭയും വായിച്ചിട്ട് ചിലർ ചോദിച്ചതായി ചരിത്രത്തിൽ ഇങ്ങനെ കാണാം. ‘ഇതിൽ വിവേകാനന്ദന്റെ  ഒരു പരോക്ഷഛായ ഉണ്ടോ’എന്ന്. “ഏയ്, ഞാൻ ഒരിക്കലും ഒരു സന്ന്യാസി ആകില്ല, അവർ

സിസ്റ്റർ നിവേദിത

സിസ്റ്റർ നിവേദിത

പറയട്ടെ അവർ പറയട്ടെ” എന്നാണ് ടാഗോർ അതിനു പറഞ്ഞ മറുപടി. ആനന്ദബസാർ പത്രികയിൽ ബിപ്ലവ്കുമാർ ഘോഷ് എഴുതിയ (2013 ജനുവരി 5 ശനിയാഴ്ച) ഒരു ആർട്ടിക്കിളിൽ മറ്റൊരു സന്ദർഭം എഴുതിയിട്ടുണ്ട്.

ഒരു ചായസൽക്കാരമാണ് വേദി.വിവേകാനന്ദനോടുള്ള ആദരസൂചകമായി സിസ്റ്റർ നിവേദിത സംഘടിപ്പിച്ച ചായസൽക്കാരമായിരുന്നു അത്.”രബീന്ദ്രനാഥ് (ടാഗോർ), ജഗദീഷ് ചന്ദ്രബോസ്, വിവേകാനന്ദൻ എന്നിവരെ ബാഗ്ബസാറിലെ വീട്ടിലേക്ക് ചായ കുടിക്കാനായി സിസ്റ്റർ നിവേദിത ക്ഷണിച്ചു.

ടാഗോർ മുമ്പ് പലതവണ നരേന്ദ്രനാഥിനെ കണ്ടിട്ടുണ്ട്. രവീന്ദ്രനാഥിൽനിന്ന് സംഗീതവും പഠിച്ചു. ആ ചായ കുടിക്കുന്ന സെഷനിൽ രണ്ടുപേരും തമ്മിൽ  ഒരു സംസാരവും നടന്നില്ല. പരസ്പരം അറിയാമെന്ന് ഇരുവരും വെളിപ്പെടുത്തിയുമില്ല. ചായ കുടിക്കുന്ന സെഷനിൽ നിവേദിതയുടെ അഭ്യർഥനപ്രകാരം രവീന്ദ്രനാഥ് ഈഗാനം കേട്ടു  . 'നിങ്ങൾ നിങ്ങളുടെ പാത കണ്ടെത്താൻ താമസിച്ചു; ശൂന്യമായ കടൽത്തീരത്ത്  ഞാൻ തനിച്ചാണ്, അതിലൂടെ കടക്കുക’. എന്തുകൊണ്ടാണ് അന്ന് ഇരുവരും പരസ്പരം അവഗണിച്ചത്?

ടാഗോറിന് സന്ന്യാസത്തോട് താല്പര്യമുണ്ടായിരുന്നില്ല എന്ന് ഇതുകൊണ്ട് അർഥമാകുന്നില്ല.സ്വയം സന്ന്യാസിയായിരുന്ന ഒരാളുടെ തികച്ചും വ്യക്തിപരമായ ഒരനുഭവമായി മാത്രമേ ഈ പ്രതികരണങ്ങളെ കാണാൻ കഴിയൂ.നിവേദിതയോടുള്ള ഒരു സംഭാഷണത്തിൽ ടാഗോറിന്റെ  സാഹിത്യത്തിന് ജീവിതത്തോടുള്ള അമിതമായ വിധേയത്വത്തെ പരാമർശിച്ചുകൊണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞ ഒരഭിപ്രായവും ബിപ്ലവ്കുമാർ സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ ടാഗോറിന്റെ  ജീവിതം സന്ന്യാസത്തോടും അദ്ദേഹത്തിന്റെ സന്ന്യാസം ജീവിതത്തോടും നിഷേധം പ്രകടിപ്പിച്ച ഒന്നായിരുന്നില്ല. ജീവിതത്തെ നിഷേധിക്കാത്ത സന്ന്യാസിയായിരുന്നു ടാഗോർ എന്ന് രബീന്ദ്രനാഥബോസ് എഴുതുന്നു.     ‘അദ്ദേഹത്തിന്റെ  ജീവിതസങ്കൽപ്പം ഒരു നിഷേധാത്മക ജീവിതമായിരുന്നില്ല, മറിച്ച് പൂർണമായ തിരിച്ചറിവിനുള്ള അഭിലാഷമായിരുന്നു’ എന്ന്  Rabindranath Tagore -A Guru with a Difference എന്ന പുസ്തകത്തിൽ ബോസ് എഴുതുന്നു.

ഷിനി ലാലിന്റെ ‘ഗുരുദേവ്‌ എക്‌സ്‌പ്രസ്‌’ എന്ന കഥ ഈയൊരു ഘടകത്തിലാണ് ഊന്നുന്നത്.

ഷിനിലാൽ

ഷിനിലാൽ

സച്ചിദാനന്ദസ്വാമി തന്റെ സംഭാഷണത്തിലും വിശദീകരിക്കുന്നത് ഈയൊരു കാര്യത്തെയാണ്. സന്ന്യാസം എങ്ങനെയാണ് സാമൂഹികപരിവർത്തനത്തിന്റെ ചാലകശക്തിയാകുന്നതെന്നാണത്. ഈയൊരു വൈരുദ്ധ്യത്തെ ഷിനിലാൽ ആവിഷ്കരിച്ചിരിക്കുന്നത് ഒരു ഭജൻ കൊണ്ടും ഒരു കവിത കൊണ്ടുമാണ്.ആകാരത്തോട് പൊരുത്തപ്പെടാത്ത സ്വരത്തിലാണ് അവ ആലപിക്കപ്പെടുന്നത്.

“ഗംഭീരാകാരനായ ടാഗോർ ദശാബ്ദങ്ങളുടെ നിശ്ശബ്ദതകൊണ്ട് അടഞ്ഞുപോയ തൊണ്ട ശരിയാക്കി. ആകാരത്തിനോട് ചേർത്തു വയ്‌ക്കാനാവാത്ത നനുത്ത ശബ്ദം കൊണ്ട് ഒരു ഭജൻ പാടി. സമുദ്രത്തിന്റെ ശാന്തസഞ്ചാരം പോലെ താഴ്ന്ന ശബ്ദം. തീവണ്ടിയുടെ ശബ്ദത്തിന് താഴെ ഒരന്തർധാരയായി ആ ശബ്ദം സഞ്ചരിച്ചു”. ഇങ്ങനെയാണ് ടാഗോറിന്റെ സംഗീതാലാപനത്തെക്കുറിച്ച് പറയുന്നതെങ്കിൽ ഇതേ വൈരുധ്യം ഗുരുവിന്റെ കാവ്യാലാപനത്തിലുമുണ്ട്.

പിന്നീട് ഞാൻ നാരായണ ഗുരുവിന്റെ മുഖത്തേക്കും നോക്കി. ദുർബലമായ ആകാരത്തിന് വിരുദ്ധമായ ഘരശബ്ദത്തിൽ, കഠിനപദങ്ങൾ കൊണ്ട് നിബിഢമായ ഒരു സ്തോത്രമാണ് അദ്ദേഹം ഉരുവിട്ടത്.

ഗുരു ഉരുവിട്ടത് സത്യത്തെക്കുറിച്ചുള്ള തോന്നലുകളെക്കുറിച്ചാണ്. മണ്ണിന്റെ രൂപപരിണാമങ്ങളൊക്കെയും അസത്യമാണെന്നും  (മൃത്തിൻ വികാരമിതസത്യ)  മണ്ണാണ് സത്യമെന്നും (മൃത്തിതു സത്യം ) ആ കവിത പറയുന്നു. മനുഷ്യാ നീ മണ്ണാകുന്നു എന്നു പറയുകയും ആ മണ്ണിൽനിന്ന് രൂപപ്പെട്ട ശരീരങ്ങൾ ജാതി ശരീരങ്ങളാണെന്ന് വിശ്വസിച്ച് ജീവിക്കുകയും ചെയ്തിരുന്ന ഒരു ലോകത്തോടാണ് ഗുരു ‘മണ്ണാണ് സത്യം’ എന്നു പറയുന്നത്. ജാതിയാണ് മണ്ണിന്റെ രൂപമെങ്കിൽ അത് അസത്യമാണ് എന്ന അദ്വൈതമാണ് ഗുരു പറയുന്നത്.

ഇത്ര കാലമായിട്ടും ഇതൊന്നും മനസ്സിലാകാത്ത യാത്രികരുടെ ഒരു വാഹനത്തിലാണ് നൂറ്റി അറുപതിനുമേൽ പ്രായമുള്ള ആ ജ്ഞാനികൾ കയറുന്നത്. കാലം എന്നിട്ടും മുന്നോട്ടുപോയിട്ടില്ല എന്നതാണ് അതിലെ കഥ. ഉറച്ച പശ്ചിമഘട്ടം പോലും ചലിക്കുന്നുണ്ട്. ചലിക്കാത്തത് മനുഷ്യരുടെ മനസ്സാണ്. ആ മനസ്സുകളിലേക്ക്  കയറാൻ വീണ്ടും ഈ ഗുരുക്കന്മാർ (കഥയിൽ )ശ്രമിക്കാത്തത് ഇത് മനസ്സിലാക്കിയിട്ടാവണം. അവർ വിരിപ്പുവലിച്ചിട്ട് അവരുടെ കാബിനിലേയ്ക്ക് കയറി അവിടെയിരുന്നു. അവർ ഒന്നിലും ഇടപെട്ടില്ല. അത്ര നിർമമമായിക്കഴിഞ്ഞിരിക്കുന്നു ആ കാലം എന്നാകുമോ ഇതിന്റെ അർഥം?

ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തെ മുഴുവനായി  ആരും രേഖപ്പെടുത്താതെ പോയത് ചരിത്രപരമായ ഒരു വലിയ നഷ്ടം തന്നെ.ആശാനായിരുന്നു അത് എഴുതേണ്ടിയിരുന്നത്. പക്ഷേ അതുണ്ടായില്ല. ഈ കൂടിക്കാഴ്ചയുടെ ഏറ്റവും ആധികാരികമായ വിവരണം എന്നു പറയുന്ന സ്വാമി ധർമാനന്ദയുടെ വിവരണത്തിൽപ്പോലും സംഭാഷണം രേഖപ്പെടുത്തിയിട്ടില്ല. ഈ സംഭാഷണത്തെ പുനഃസൃഷ്ടിക്കുന്നതിനുള്ള ഭാവനാപരമായ പരിശ്രമം ഷിനിലാലിന്റെ ചെറുകഥയിൽ ഉണ്ടാവുന്നത് ഈ അഭാവത്തിനുനേരെയുള്ള ഒരു ആക്രമണം എന്ന നിലയിലാണ്.

ഞാൻ ചെല്ലുമ്പോൾ നൂറ്റാണ്ട് പഴക്കമുള്ള സംഭാഷണം പുനരാരംഭിക്കുകയായിരുന്നു ഗുരുദേവനും ഗുരുദേവും. കംപാർട്മെന്റിന്റെ ആ ഭാഗം ശിവഗിരി കുന്നായി മാറിയിരിക്കുന്നു. മുസാവരി ബംഗ്ലാവിൽനിന്ന്‌ ആനയമ്പാരി മേളങ്ങളുടെ അകമ്പടിയിൽ മഠത്തിൽ എത്തിച്ചേർന്ന ടാഗോർ ഇപ്പോൾ ശ്രീനാരായണ ഗുരുവിന്റെ മുറിയിൽ ഇരിക്കുന്നു. മുറിക്ക് പുറത്ത് ആയിരക്കണക്കിന് ആളുകൾ ടാഗോറിനെ കാണാൻ കാത്തുനിൽക്കുന്നു. ടാഗോർ പറയുന്നു:
അങ്ങയെ കണ്ടത്, ഇതാ ഈ കഴിഞ്ഞ നിമിഷത്തിൽ എന്നപോലെ ഞാൻ ഓർക്കുന്നു.'

ശിവഗിരി മഠം

ശിവഗിരി മഠം

ഇത്തരം സംഭാഷണങ്ങൾക്ക് കാല്പനികമായ അർഥങ്ങൾ മാത്രമാണ് ഒരുകാലത്ത്‌ കൽപ്പിച്ചിരുന്നതെങ്കിൽ ഇന്നവ നിർവഹിക്കുന്ന ചരിത്രപരമായ അർഥങ്ങൾ മറ്റുചിലതാണ്.
ഒരു വിഷ്വൽ മെറ്റഫറിൽ നിന്നാണ് കഥയിലെ ഈ സംഭാഷണങ്ങൾ രൂപപ്പെടുന്നത്. ഗുരുവിനൊപ്പം ടാഗോർ സംഭാഷണം നടത്തുന്നതായി ആരോ ഒട്ടിച്ചുചേർത്ത ഒരു ചിത്രത്തിൽ നിന്നാണ് ആ വിഷ്വൽ മെറ്റഫറിൽ നിന്നാണ് ഈ സംഭാഷണങ്ങളെയും കഥാകാരൻ രൂപപ്പെടുത്തുന്നത്. ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഗുരു‐ടാഗോർ സംഭാഷണ ചിത്രം ഒറിജിനലാവാൻ വഴിയില്ല. പക്ഷേ കഥയിലെ ഗുരുദേബ് എക്സ്പ്രസ്സ് ഒറിജിനലാണ്.

ശിവഗിരിക്കുന്നിനെയൊക്കെ കഥ അതിന്റെ ഉള്ളിലേയ്ക്ക് പുനഃസൃഷ്ടിക്കുകയാണ്. ഈ പ്രക്രിയ പുതിയ കാലത്തിന്റെ വിഷ്വൽ മെറ്റഫറാണ്. പുതിയ കാലത്തെ തന്നെ വിപണിവൽക്കരിക്കുന്ന ആത്മീയവ്യവസായികൾക്ക് മനസ്സിലാവാത്ത ഒരു ആത്മീയ സംഭാഷണമാണ് പിന്നെ കഥയിൽ സംഭവിക്കുന്നത്. അതിന് രാഷ്ട്രത്തിന്റെ ഛായയല്ല മനുഷ്യചരിത്രത്തിന്റെയും സംസ്കാരങ്ങളുടെയും ഛായയാണുള്ളത്.

ഇവിടെ മെറ്റഫർ എന്ന വാക്കുപയോഗിച്ചതിന്റെ ലക്ഷ്യം നാം പിന്നിട്ടുകഴിഞ്ഞ ഭാഷയുടേതുമാത്രമായ ഒരു ലോകമല്ല ഇപ്പോഴുള്ളത്‌ എന്നുകൂടി സൂചിപ്പിക്കാനാണ്. ഭാഷയുടേതുമാത്രമായ തത്വചിന്ത കൊണ്ടല്ല ടാഗോറും ഗുരുവും തമ്മിൽ സംവദിച്ചിരിക്കാൻ ഇടയുള്ളത്. ചക്രവാളത്തിനപ്പുറത്തേയ്ക്ക് പോകുന്ന ഗുരുവിന്റെ കണ്ണുകളെ ടാഗോർ പിടിച്ചെടുത്തിരിക്കുക, അല്ലെങ്കിൽ ടാഗോർ മനസ്സിലാക്കിയിട്ടുണ്ടാവുക ഈയൊരു ദൃശ്യശക്തിയുടെ പിൻബലത്തോടെയാവണം. അതിനെയാണ് ഷിനിലാൽ വായിച്ചെടുക്കുന്നത്.

റുഡോൾഫ് ആരൺഹെയിം പറയുന്നതുപോലെ, മനുഷ്യർ ഒരു കാഴ്ചജീവിയാണെന്ന പരിസരസത്യത്തെയാണ് ഈ അനുഭവം വിശദീകരിക്കുന്നത്. സുനിൽ ഗംഗോപാദ്ധ്യായയുടെ ഏകാന്തചക്രവർത്തി (The Lonely Monarch) എന്ന നോവലിൽ മറ്റൊരു ടാഗോറിനെ നമുക്ക്‌ കാണാം.ഇത്ര ലളിതമോ ഇത്ര ചരിത്രപരമോ  അല്ല അതിലെ ടാഗോർ. ആ നോവൽ അഭിനയചക്രവർത്തിയായ ശിശിർകുമാറിനെക്കുറിച്ചാണ്. അതിലെ ഒരധ്യായത്തിൽ ടാഗോറിനെ മറ്റൊരു രൂപത്തിൽ കാണാം.

ഗൊറോയ് ഗോദോൾ നാടകത്തിന്റെ രചനാരാത്രിയാണ് സുനിൽ ഗംഗോപാദ്ധ്യായ

സുനിൽ ഗംഗോപാദ്ധ്യായ

സുനിൽ ഗംഗോപാദ്ധ്യായ

പുനഃസൃഷ്ടിക്കുന്നത്. ശിശിർ കൂടിയുള്ള ഒരു വിശിഷ്ടസദസ്സിൽ ടാഗോർ നാടകവായന നടത്തുന്ന രംഗമാണ്. വായന കഴിയുമ്പോൾ ടാഗോറിന്‌ കൊതി ശിശിറിന്റെ അഭിപ്രായം കേൾക്കാനാണ്. ശിശിറിനോട് ടാഗോർ ചോദിച്ചു:

“ശിശിർ, നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ! നിങ്ങൾ ഒരു സംവിധായകനായിരിക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായത്തേക്കാൾ നിങ്ങളുടെ വാക്കുകൾക്കാണ്  കൂടുതൽ കനമുള്ളത്?”
“ഒരു കേൾവിക്കാരനെന്ന നിലയിൽ അങ്ങയുടെ നാടകം ആകർഷകമാണ്. പക്ഷേ, എന്നിലെ സംവിധായകന്  വിഭിന്നാഭിപ്രായമാണുള്ളത്.അങ്ങ് അനുവദിക്കുകയാണെങ്കിൽ, ഞാനത് അങ്ങയോടു മറയില്ലാതെ തുറന്നു പറഞ്ഞുകൊള്ളട്ടെ.”
തീർച്ചയായും. കവി മൊഴിഞ്ഞു: ‘’സത്യം അങ്ങനെതന്നെ പറഞ്ഞുകൊള്ളൂ’’
“ശരി. എങ്കിൽ, ഞാൻ ഈ നാടകം നിർമിക്കുകയാണെന്നിരിക്കട്ടെ. അങ്ങ് ഏത്‌ വേഷമാവും എനിക്ക് നിർദേശിക്കുക?”
“തീർച്ചയായും അത്... ചന്ദ്രന്റെ വേഷം. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ?”
“തീർച്ചയായും ഇഷ്ടപ്പെട്ടു… പക്ഷേ താങ്കൾ ആ കഥാപാത്രത്തെ നാടകം പകുതിയാകുന്നതിനുമുന്പ് അപ്രത്യക്ഷമാക്കിക്കളഞ്ഞു. ഇത് വച്ച് എങ്ങനെയാണ് ഞാൻ നാടകത്തിന്റെ ടെമ്പോ നിലനിർത്തുക?”

ഈ സംഭാഷണം തീരുന്നത് ആ സ്ക്രിപ്റ്റ്, ടാഗോർ കീറിക്കളയുന്നതോടെയാണ്. അന്ന്‌ രാത്രി കവി ഉറങ്ങുന്നില്ല. തന്റെ എഴുത്തുമുറിയിലെ വിളക്കെരിയുവോളം കവിയുടെ മനസ്സ് എരിയുകയും പുലർച്ചെ പുതിയൊരു സ്ക്രിപ്റ്റുമായി കവി പ്രഭാതഭക്ഷണ മേശയിൽ വരികയും ചെയ്തു. ഇങ്ങനെയും ഒരു ടാഗോർ ഉണ്ട് എന്ന് സൂചിപ്പിക്കാനാണ് ആ ബംഗാളി നോവൽ ഇവിടെ ഉദ്ധരിച്ചത്.എഴുത്തുകാരന്റെ ഈഗോ എന്ന ഏറ്റവും ക്രിയാത്മകമായ പരിസരം ആണ് ഈ സന്ദർഭത്തിലുള്ളത്. ഇത് ടാഗോർ തനിക്കുമാത്രമായി ഒരുക്കിയ ഒരു മാനസികാവസ്ഥയല്ല;അതുകൊണ്ടാവണം ഇത്രയും വൈവിധ്യപൂർണമായി അദ്ദേഹത്തിന് തന്റെ രചനാസപര്യയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത്.

എൽ കെ ഏംഹേഴ്സ്റ്റിന്റെ The Robbery of the Soil ടാഗോർ എഴുതിയ മുഖവുര അവസാനിക്കുന്നത് ഇങ്ങനെയാണ് (എ പി കുഞ്ഞാമുവിന്റെ വിവർത്തനം): ‘‘ജീവിതത്തിന്റെ പൂർണതയാണ് നമ്മെ സന്തുഷ്ടരാക്കുന്നത്. പണസഞ്ചിയുടെ വലിപ്പമല്ല. ഭൗതികവസ്തുക്കൾ പെരുപ്പിക്കുന്നതുമൂലം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വം തീവ്രമാവുക മാത്രമേയുള്ളൂ. സമൂഹഗാത്രത്തിനേൽക്കാവുന്ന ഏറ്റവും വലിയ മുറിവായിരിക്കും അത്. ഈ മുറിവിൽനിന്ന്‌ ചോര വാർന്നുവരുന്ന ശരീരം ചത്തുപോകും”

ടാഗോർ ഇതെഴുതിയ വർഷം 1922 ആണ്. ഗുരുവുമായി കൂടിക്കാഴ്ച നടത്തിയ അതേവർഷം.സഹോദരനോട് ഒരിക്കൽ ഗുരു പറഞ്ഞ പാരിസ്ഥിതികാഭിപ്രായം വളരെ പ്രസിദ്ധമാണ്. അതിൽ മനുഷ്യന്റെ യന്ത്രമുതലാളിത്തത്തോടുള്ള ആർത്തിയെക്കുറിച്ചും പ്രകൃതി ഇല്ലായ്മചെയ്യുന്നതിൽ മനുഷ്യന്റെ ചെയ്തികൾ വഹിക്കുന്ന കഠിനമായ ബോധത്തെക്കുറിച്ചുമൊക്കെ ഗുരു വിമർശനം ഉന്നയിക്കുന്നുണ്ട്. ഇത് ആ കാലത്തിന്റെ പൊതുബോധമായിരുന്നില്ല.

പ്രവചനം പ്രതിസംസ്കൃതി എന്ന് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ പറയുന്ന ഒരു രാഷ്ട്രീയം കടന്ന്‌ കാണലിന്റെ ഒരു രാഷ്ട്രീയം ആയിരുന്നു… ഇത് സുഗതകുമാരി തന്റെ ജീവിതത്തിൽ നന്നായി നിരീക്ഷിച്ചിട്ടുണ്ട് എന്ന് എനിക്ക്‌ ബോധ്യമായത് ടീച്ചർ തന്റെ ചിതാഭസ്മം അരുവിപ്പുറത്ത് ഒഴുക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസമാണ്.അത് ടീച്ചർ ഒരു കലശത്തിലെ പ്രപഞ്ചധൂളികളായി ശങ്കരൻകുഴിയുടെ ചാരെയുള്ള മരത്തണലിലൂടെ നദിയിലേക്ക് സഞ്ചരിക്കുന്ന വേളയിലായിരുന്നു.

സുഗതകുമാരി

സുഗതകുമാരി

ടീച്ചറെപ്പറ്റി മാർക്ക് ഡ്യുബോയ്‌സ് എഴുതിയ വാചകം ഇങ്ങനെയാണ്  Sugatha Kumari’s deep soul and Poetic heart touched everyone. ആത്മാവിന്റെ അഗാധആത്മാവിന്റെ അഗാധതകൊണ്ട് അനുഭവങ്ങളെ സ്പർശിക്കുന്ന യോഗാത്മക  കവനകല സുഗതകുമാരിയിലുണ്ടായിരുന്നു. ടീച്ചർ ഗുരുവിനെ നന്നായി മനസ്സിലാക്കിയിരുന്നു. ടാഗോറിനെ നന്നായി മനസ്സിലാക്കിയിരുന്നു.

ചക്രവാളസീമയെ അതിലംഘിച്ച് മുന്നേറുന്ന യോഗനയനങ്ങളുടെ ദീപ്തി ഇപ്പോഴും ശിവഗിരിയിലെവിടെയും അനുഭവവേദ്യമാണ്. ഗുരുവിനെ കാണാനെത്തിയ മഹാമനുഷ്യർ വിരിച്ചിട്ട മണലുകൾ, അവയിൽ ചവുട്ടിനിന്ന മനുഷ്യരുടെ മൗനങ്ങൾ ഒക്കെ ഇപ്പോഴും അവിടെയുണ്ട്.സച്ചിദാനന്ദ സ്വാമിയോട്‌ വർത്തമാനം പറഞ്ഞുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അദ്ദേഹം ഭക്ഷണത്തിന്‌ ക്ഷണിച്ചു. അതൊരു വെള്ളിയാഴ്ചയാണെന്ന കാര്യം ഞാൻ സ്വാമിയോടു സൂചിപ്പിച്ചു. അതൊരു ദുഃഖവെള്ളിയുമാണ്. യേശുദേവന്റെ ദിനം. എനിക്ക് നിസ്കരിക്കണമെന്നുണ്ട്. അടുത്തുള്ള പള്ളിയിലെ ജുമുഅയ്ക്ക് പോകണം. പക്ഷേ, സ്വാമി എന്നോട് പർണശാലയിൽ നിസ്കരിക്കാമല്ലോ എന്നു പറഞ്ഞു. ജുമുഅ പള്ളിയിലാണ്‌ നിസ്കരിക്കുക, ഖുതുബയുള്ളതുകൊണ്ട് രണ്ടു റകഅതാണ് നിസ്കാരം.

എം എ സിദ്ദീഖ്‌ ശിവഗിരി മഠത്തിലെ പർണ്ണശാലയിൽ നിസ്‌ക്കരിക്കുന്നു

എം എ സിദ്ദീഖ്‌ ശിവഗിരി മഠത്തിലെ പർണ്ണശാലയിൽ നിസ്‌ക്കരിക്കുന്നു

അതെങ്ങനെ പർണശാലയിൽ എന്ന്‌ ഞാൻ അന്തിച്ചു. പക്ഷേ സ്വാമി എന്നെ കൂട്ടി പർണശാലയുടെ അകത്തുകയറി നിസ്കരിക്കാൻ പായ വിരിച്ചു. പിന്നെ എനിക്കത് സ്വീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഗുരുവാണ് എന്നോട്‌ പറയുന്നതെന്ന് എനിക്ക്‌ തോന്നി.വുളുഅ് എടുക്കാൻ പുറത്ത് ജലം കാട്ടിത്തന്നതും സ്വമി തന്നെ.

ഗുരുവിന്റെ പർണശാലയിൽനിന്ന്ഗുരുവിന്റെ  ധ്യാനത്തിന്റെ സമീപം നിന്ന് നാലു റകഅത്ത് നിസ്കരിച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ നാലഞ്ച്‌ ചിത്രങ്ങളെങ്കിലും ലൽസലാമേട്ടൻ എടുത്തുകഴിഞ്ഞിരുന്നു…അതൊരു അവിചാരിത സന്ദർഭമായിരുന്നു. അവിടെ ഞാൻ ടാഗോറിന്റെ ഒരു മിസ്റ്റിക് കവിത ചൊല്ലുമായിരിക്കണം.ഇതാണതിലെ വരികൾ.

ആലസ്യത്തിന്റെ ആഴങ്ങളിൽ ഞാൻ
മുങ്ങിമറയാതിരിക്കട്ടെ
ധാരാളിത്തത്തിന്റെ ഇല്ലായ്മയിൽ
ജീവിതം പിഞ്ഞിപ്പോകാതിരിക്കട്ടെ.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top