26 April Friday

എന്താ, ഇവിടെ വീണത്‌ ചുടുകണ്ണീരല്ലേ ?, ഇവിടെ കൊല്ലപ്പെട്ടവർക്ക്‌ ഭാര്യയും കുഞ്ഞുങ്ങളുമില്ലേ?

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020

തിരുവനന്തപുരം > ക്രൂരമായി കൊലചെയ്യപ്പെടുന്നവരുടെ കുടുംബത്തിന്റെ കണ്ണീരിൽപ്പോലും സിപിഐ എം വിരോധം കലർത്തുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്‌ ചില്ലിട്ട്‌ വക്കേണ്ട ഉദാഹരണമാണ്‌ ബുധനാഴ്‌ചത്തെ മനോരമയും മാതൃഭൂമിയും. നാടിനെ നടുക്കിയ അരുംകൊല നടത്തിയവർ കോൺഗ്രസുകാരാണെന്ന്‌ വ്യക്തമായതോടെ മനുഷ്യത്വരഹിതമായ ഒളിച്ചുകളിയാണ്‌ ഈ മാധ്യമങ്ങൾ കാഴ്‌ചവച്ചത്‌.

‘പ്രതികൾ കോൺഗ്രസുകാരാണെന്ന്‌ പൊലീസിന്റെ റിമാൻഡ്‌ റിപ്പോർട്ട്‌’ എന്നാണ്‌‌ വാർത്തയുടെ കണ്ടെത്തൽ. ട്രഷറി തട്ടിപ്പ്‌ നടത്തിയയാൾ എൻജിഒ യൂണിയൻകാരനാണെന്ന്‌ പച്ച നുണ കണ്ടെത്തിയ പത്രമാണ്‌ പൊലീസിന്റെ തലയിൽ ചാരിയത്‌.
ഇരട്ടക്കൊലയുടെ വാർത്തയും ചിത്രങ്ങളും നൽകിയതിൽ കാണിച്ച വിവേചനം കൊല്ലപ്പെട്ടവരുടെ അനാഥമായ കുടുംബങ്ങേളാടും മറച്ചുവച്ചില്ല. ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീരും ദുഃഖവും മാതൃഭൂമിയും മനോരമയും കണ്ടില്ല. ഒരു നാട്‌ ഒന്നാകെ വേദന കടിച്ചമർത്തി കണ്ണീർവാർത്തതിന്റെ ഒരു ചിത്രമെങ്കിലും നൽകാൻ ഈ മാധ്യമങ്ങൾക്ക്‌ തോന്നിയില്ല. കാസർകോട്‌ പെരിയയിലെ ഇരട്ടക്കൊലയുടെ വാർത്തയും മുല്ലപ്പള്ളിയുടെ കരച്ചിൽ അടക്കമുള്ള ചിത്രങ്ങളും ഓർത്താൽ മാധ്യമ അനീതി തെളിഞ്ഞുകാണാം.  സഹാനുഭൂതി സൃഷ്ടിച്ച്‌ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ കണ്ണീർവാർക്കുന്ന ഇതേ പത്രങ്ങളാണ്‌ വെഞ്ഞാറമൂട്ടിൽ ഹഖ്‌ മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ടപ്പോൾ പ്രതികൾക്ക്‌ കവചം തീർക്കാനിറങ്ങുന്നത്‌.

ഇവിടെ കൊല്ലപ്പെട്ടവർക്ക്‌ ഭാര്യയും കുഞ്ഞുങ്ങളുമില്ലേ? അവർ വിലപിക്കുകയും അന്ത്യചുംബനം നൽകുകയും ചെയ്‌തില്ലേ?  മനോരമയുടെയും മാതൃഭൂമിയുടെയും ക്യാമറയിൽ പതിയത്തക്കവിധം അതൊന്നും വികാരനിർഭരമല്ലേ? ഇതൊന്നും ഇവിടെ കണ്ടില്ല.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വിവരണങ്ങൾപോലും ഇങ്ങനെയൊതുക്കി. നസീഹയാണ്‌ മിഥിലാജിന്റെ ഭാര്യ. മക്കൾ മുഹമ്മദ്‌ ഇഹ്‌സാൻ, മുഹമ്മദ്‌ ഇർഫാൻ. ഹഖ് മുഹമ്മദിന്റെ ഭാര്യ നജില. മകൾ ഐറ ദനീന. ഈ കുഞ്ഞുങ്ങളുടെ പ്രായംപോലും കൊടുക്കാനുള്ള മനസ്സുണ്ടായില്ല. ഹഖിന്റെ ഒരു വയസ്സുകാരി മകൾ ഐറയുടെ അനാഥത്വവും നജിലയുടെ ഉദരത്തിൽ വളരുന്ന ജീവനും മനോരമയുടെ മാധ്യമമൂല്യത്തിന്റെ അളവുകോലിൽ പരാമർശം അർഹിക്കുന്നില്ല.
കൊല്ലപ്പെട്ടവർ സിപിഐ എം പ്രവർത്തകരല്ലായിരുന്നെങ്കിൽ മനോരമയിലും മാതൃഭൂമിയിലും എത്ര സ്‌റ്റോറികളും ചിത്രങ്ങളും  പ്രത്യേക പേജുകളിൽ നിറഞ്ഞേനെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top