26 April Friday

യേശുദാസിന്റെ ക്ലാസ്‌മേറ്റ്‌

ടി ആർ അനിൽകുമാർUpdated: Tuesday Aug 3, 2021

എറണാകുളം ടിഡിഎം ഹാളിലെ ശിവരാമൻനായരുടെ സംഗീതക്ലാസിന്റെ ഗ്രൂപ്പ്‌ ഫോട്ടോ. കല്യാണിമേനോൻ മൂന്നാംനിരയിൽ വലത്തേയറ്റം


കൊച്ചി
എറണാകുളത്ത്‌ ടിഡിഎം ഹാളിൽ ശിവരാമൻനായരുടെ സംഗീതക്ലാസിൽ റിക്ഷാവണ്ടിയിൽ ഗമയോടെ വന്നുപോയിരുന്ന പാവാടക്കാരിയെ യേശുദാസ്‌ കളിയാക്കാറുണ്ടായിരുന്നെന്ന്‌ കല്യാണി മേനോൻ  പറയുമായിരുന്നു. അന്ന്‌ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ക്ലാസായിരുന്നു. അതുകൊണ്ട്‌ ആൺകുട്ടികളോട്‌ ആരും സംസാരിക്കാറില്ല. തന്റെ ക്ലാസ്‌ തുടങ്ങുംമുമ്പേ പുറത്തിരുന്ന്‌ പെൺകുട്ടികളുടെ ക്ലാസിലെ പാട്ടുകേട്ട്‌ യേശുദാസ്‌ പഠിച്ചുകഴിഞ്ഞിട്ടുണ്ടാകും. പിന്നീട്‌ ചെന്നൈയിൽ പാട്ടുകാരായി ഒരുമിച്ചുകണ്ട നാളുകളിൽ ഇരുവരും എറണാകുളത്തെ പാട്ടുകാലം ഓർത്തെടുത്തിരുന്നു. മുംബൈ ഷൺമുഖാനന്ദ ഹാളിൽ  യേശുദാസിനൊപ്പം കച്ചേരി അവതരിപ്പിച്ചതും കല്യാണി മേനോന്റെ പ്രിയപാട്ടോർമയായിരുന്നു.

എറണാകുളം കാരയ്‌ക്കാട്ട്‌ റോഡിൽ കാരയ്‌ക്കാട്ട്‌ വീട്ടിലാണ്‌ കല്യാണി മേനോന്റെ ബാല്യം. നൃത്തത്തിലായിരുന്നു കുട്ടിക്കാലത്ത്‌ താൽപ്പര്യം. എറണാകുളം ഗവ. ഗേൾസ്‌ ഹൈസ്‌കൂളിൽ അധ്യാപികയായിരുന്ന അമ്മ രാജമ്മയാണ്‌ ഏകമകളായ തങ്കമണി എന്ന കല്യാണിയെ ടിഡിഎം ഹാളിൽ സംഗീതഭൂഷണം എം ആർ ശിവരാമൻനായരുടെ ക്ലാസിൽ ചേർത്തത്‌. അച്ഛൻ മാറായിൽ ബാലകൃഷ്‌ണമേനോനും പ്രോത്സാഹിപ്പിച്ചു. ടിഡിഎം ഹാളിലെ നവരാത്രി സംഗീതോത്സവമത്സരങ്ങളിൽ പതിവായി സമ്മാനങ്ങൾ നേടി. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിൽത്തന്നെയായിരുന്നു പഠനം. പിന്നീട്‌ മഹാരാജാസ്‌ കോളേജിൽ ബിഎസ്‌സിക്ക്‌ ചേർന്നതോടെ കോളേജിലെ വാനമ്പാടിയായി. കോളേജിലെ മത്സരത്തിൽ വിജയിച്ചതോടെ ഡൽഹിയിൽ മത്സരത്തിന്‌ തെരഞ്ഞെടുത്തു. അന്ന്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പ്രതിരോധമന്ത്രി വി കെ കൃഷ്‌ണമേനോനുമുള്ള വേദിയിൽ പാടി പ്രശംസ ഏറ്റുവാങ്ങി. ടിഡിഎം ഹാളിൽ നവരാത്രി സംഗീതോത്സവ വേദിയിൽവച്ചാണ്‌ ഭാവിവരനെയും ആദ്യമായി കണ്ടത്‌. കല്യാണിയുടെ കച്ചേരികേട്ട മുംബൈയിൽനിന്നുള്ള നാവിക ഓഫീസർ കെ കെ മേനോൻ അഭിനന്ദിക്കുകമാത്രമല്ല. പിന്നീട്‌ വിവാഹാലോചനയുമായി വരികയുമായിരുന്നു. വിവാഹശേഷം ദക്ഷിണാമൂർത്തിയുടെയും  സാവിത്രിയുടെയും കീഴിൽ സംഗീതം അഭ്യസിക്കാൻ ചെന്നൈയിൽ സ്ഥിരതാമസമാക്കിയതും ഭർത്താവിന്റെ നിർബന്ധംമൂലമായിരുന്നു. 

ഹൃദയാഘാതത്തെ തുടർന്ന്‌ 1978ൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം വിടവാങ്ങി.  ‘മടിച്ചിരിക്കരുത്‌; പാടാൻ പോകണം’ എന്നായിരുന്നു  ആശുപത്രിയിൽവച്ചും അദ്ദേഹം പറഞ്ഞത്‌. 76–-ാംവയസ്സിൽ ‘96’ എന്ന തമിഴ്‌ചിത്രത്തിൽ പാടാൻ അവസരം വന്നപ്പോഴും മറ്റൊന്നും ആലോചിക്കാനുണ്ടായില്ല. മകൻ രാജീവ്‌മേനോൻ സിനിമാസംവിധായകനും ഛായാഗ്രാഹകനുമാണ്‌. മകന്റെ സിനിമയിൽ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചു. അന്ന്‌ പരിചയപ്പെട്ട ഐശ്വര്യറായി, വിവാഹവേദിയിൽ പാടാനും കല്യാണിമേനോനെ ക്ഷണിച്ചു. രണ്ടാമത്തെ മകൻ കരുൺ മേനോൻ റെയിൽവേയിൽ ഓഫീസറാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top