27 April Saturday

പുറപ്പെട്ടു പോകാത്ത വാക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


കോഴിക്കോട്‌
ജനിച്ചുവളർന്ന നാടും മനുഷ്യരുമായിരുന്നു ടി പി രാജീവന്റെ കഥയും കഥാപാത്രങ്ങളും. അച്ഛന്റെ നാടായ പാലേരിയും അമ്മയുടെ നാടായ കോട്ടൂരും രാജീവനിലെ എഴുത്തുകാരനെ പാകപ്പെടുത്തി. ‘പാലേരി മാണിക്യം –- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ എന്നീ നോവലുകൾ അതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തോട്‌ നീതി പുലർത്തിയില്ലെന്ന ആരോപണവും അദ്ദേഹം നേരിട്ടു. ശങ്കരാചാര്യരെക്കുറിച്ചും കസ്‌തൂർബ ഗാന്ധിയെക്കുറിച്ചുമുള്ള രണ്ട്‌ നോവലുകൾ പൂർത്തിയാകും മുമ്പാണ്‌ മരണം.

മലയാളം അധ്യാപകനായിരുന്ന അച്ഛനാണ്‌ രാജീവനെ കവിതയിലേക്ക്‌ വഴി നടത്തിയത്‌. നാട്ടിലെ വായനശാലകൾ എഴുത്തുകാരനെ പരിപോഷിപ്പിച്ചു. വടക്കുമ്പാട്‌ ഹൈസ്‌കൂളിൽ  എട്ടാംക്ലാസിൽ പഠനം ഉപേക്ഷിച്ചു. പിന്നീട്‌ പ്രൈവറ്റായി പഠിച്ച്‌ എസ്‌എസ്‌എൽസി എഴുതി. ഒറ്റപ്പാലം എൻഎസ്‌എസ്‌ കോളേജിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പേരാമ്പ്രയിലും വടകരയിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസെടുത്തു. കുറച്ചുകാലം ഡൽഹിയിൽ ‘ദ പാട്രിയറ്റ്‌’ പത്രത്തിൽ പത്രപ്രവർത്തകനായി. ‘വാതിൽ’ ആണ്‌ ആദ്യ കാവ്യസമാഹാരം. കലിക്കറ്റ്‌ സർവകലാശാലയിൽ പബ്ലിക്ക്‌ റിലേഷൻ ഓഫീസറായിരിക്കെ സ്വയം വിരമിച്ച്‌ സാഹിത്യജീവിതത്തിൽ സജീവമായി. പാലേരി മാണിക്യം നോവൽ നിരവധി വിമർശനങ്ങൾക്ക്‌ വിധേയമായി. 

ശങ്കരാചാര്യരെക്കുറിച്ചുള്ള നോവലിന്റെ പണിപ്പുരയിലായിരുന്നു രാജീവനെന്ന്‌ സുഹൃത്തും നാടകകൃത്തുമായ രാജൻ തിരുവോത്ത്‌ പറഞ്ഞു. ‘‘ശങ്കരാചാര്യർ തിരിച്ചുനടക്കുന്ന കാലത്തെ സങ്കൽപ്പിച്ചുള്ള രചനയായിരുന്നു മനസ്സിൽ. ആദ്യത്തെ രണ്ട്‌ അധ്യായം എഴുതിക്കഴിഞ്ഞു. കസ്‌തൂർബയെക്കുറിച്ച്‌ നോവൽ എഴുതണമെന്നും ആഗ്രഹിച്ചിരുന്നു. അവസാന കൂടിക്കാഴ്‌ചയിലും ആഗ്രഹം പങ്കുവച്ചിരുന്നു’’–- രാജൻ തിരുവോത്ത്‌ പറഞ്ഞു.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജമചെയ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തും എഴുത്തുകാരുമായി സജീവ സൗഹൃദം നിലനിർത്തി. നിരവധി ലോകരാഷ്‌ട്രങ്ങൾ സന്ദർശിച്ചു. ‘പുറപ്പെട്ടു പോകുന്ന വാക്ക്’ യാത്രാവിവരണമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top