10 May Friday
വിഷപ്രചാരണത്തെ നിർവീര്യമാക്കി സർക്കാർ

ആർഎസ്‌എസിന്റെ 
കോളാമ്പി

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


തിരുവനന്തപുരം
മതവിദ്വേഷത്തിന്റെ ഉത്തരേന്ത്യൻ മോഡൽ വിഷപ്രചാരണത്തെ നിർവീര്യമാക്കി സംസ്ഥാന സർക്കാർ. ഒരു മതത്തെ ആക്ഷേപിച്ചും അടക്കിഭരിച്ചും ആർക്കും ഇവിടെ വിളവിറക്കാനാകില്ലെന്നതിന്റെ അവസാന ഉദാഹരണമാണ്‌ പി സി ജോർജിന്റെ അറസ്‌റ്റ്‌. തീവ്രവർഗീയത പ്രചരിപ്പിക്കുന്ന എസ്‌ഡിപിഐയോടും ആർഎസ്‌എസിനോടും ആലപ്പുഴ, പാലക്കാട്‌ കൊലപാതകങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടും ഇതുതന്നെ.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മുസ്ലിങ്ങളെ ആക്ഷേപിച്ചും വെല്ലുവിളിച്ചും നടത്തിയ പ്രസംഗങ്ങളാണ്‌ പി സി ജോർജിനെ സംഘപരിവാറിന്റെ  കോളാമ്പിയാക്കിയത്‌. ഹിന്ദുമഹാസഭ തിരുവനന്തപുരം സമ്മേളനത്തിൽ ജോർജ്‌ നടത്തിയ പ്രസംഗം ആർഎസ്‌എസ്‌ എഴുതിക്കൊടുത്തത്‌ തന്നെയാകും. ജോർജിന്റെ അറസ്‌റ്റിനെ തുടർന്ന്‌ രംഗത്ത്‌ വന്ന കെ സുരേന്ദ്രൻ, ശശികല, കുമ്മനം, വത്സൻ തില്ലങ്കേരി എന്നിവരുടെ പ്രതികരണം ഇത്‌ സംബന്ധിച്ച ആസൂത്രണം വ്യക്തമാക്കുന്നുണ്ട്‌. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രകടനവും പ്രകോപനമുണ്ടാക്കാനുള്ള ശ്രമവും കാണിക്കുന്നത്‌ ആർഎസ്‌എസ്‌ ഗൂഢപദ്ധതികളുടെ പിന്നാമ്പുറമാണ്‌.

വിഷം തുപ്പുന്ന നാവ്‌
വാ തുറന്നാൽ വിഷംവമിക്കുന്ന വർഗീയതയും സ്‌ത്രീവിരുദ്ധതയും പറയുന്നയാളാണ്‌ മുൻ യുഡിഎഫ്‌ ചീഫ്‌ വിപ്പ്‌ പി സി ജോർജ്‌. അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ ചില വിദ്വേഷ പരാമർശങ്ങൾ.

● ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്‍ക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ (2018 സെപ്‌തംബർ 9)
പന്ത്രണ്ട് തവണ ലൈംഗികമായി ബന്ധപ്പെട്ടശേഷമാണ് കന്യാസ്ത്രീ പരാതി നൽകിയത്‌. അതിനാൽ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ല. സമരത്തിനിറങ്ങിയ കന്യാസ്ത്രീകൾ സഭയിൽനിന്നും വേറിട്ടു നിൽക്കുന്നുവരാണ്‌. അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നു. 

●കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ (2017 ആഗസ്‌ത്‌ 2)
നിർഭയയേക്കാൾ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ എങ്ങനെയാണ് രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടിങ്ങിന് വരുന്നേ? ബലാത്സംഗം കഴിഞ്ഞുവെങ്കിൽ പെണ്ണുങ്ങൾക്ക് ശരിക്കൊന്ന്‌ നടക്കാനൊക്കുമോ? 2017 ജൂലൈ 14ന് സ്വ​കാ​ര്യ​ ചാ​നലിൽ നടിയുടെ പേര് വെളിപ്പെടുത്തിയതിനും നിയമനടപടി നേരിട്ടു.

സ്‌ത്രീകൾക്കെതിരെ മോശം പരാമർശം (2017 ആഗസ്‌ത്‌ 21)
കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയില്ല. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയിൽ അല്ല. മാന്യതയുള്ള പെൺകുട്ടികൾ രാത്രി പുറത്തിറങ്ങില്ല.

● ഗൗരിയമ്മയ്‌ക്കെതിരെ (2013 മാർച്ച് 14)
തൊണ്ണൂറ് വയസ്സായ കിഴവിയാണ്... വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലൻസുമായി വോട്ടുപിടിക്കാൻ ഇറങ്ങുകയാണ്‌. ഗൗരിയമ്മയ്ക്ക് ബോധവും പൊക്കണവുമില്ല.

●ഹലാൽ ഭക്ഷണം (2021 നവംബർ 1)
ശബരിമലയിൽ ഹലാൽ ശർക്കരകൊണ്ടാണ് അരവണയുണ്ടാക്കുന്നത്. ഇതിൽ തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കയുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ. ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാലും തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും.

●കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾക്കെതിരെ (2021 സെപ്‌തംബർ 23)
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലേ, കന്യാസ്ത്രീകൾ, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതിൽ കൂടുതൽ ഞാനൊന്നും പറയുന്നില്ല.

● ഈശോ സിനിമയ്‌ക്കെതിരെ
ഈശോയെന്ന പേരിൽ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. പ്രത്യാഘാതം നേരിടേണ്ടി വരും. ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും. 

● ലവ്‌ ജിഹാദ്‌ ആരോപണം (2021 ഏപ്രിൽ 16)
ഈരാറ്റുപേട്ടയിൽ പോലും എത്രയോ മാന്യമായ മുസ്ലിം സഹോദരങ്ങളുണ്ട്. പക്ഷേ, ഇവിടെ ഒരു 15–-20 ശതമാനം പേർ എന്ത് വൃത്തികേടിനും കൂട്ടുനിക്കും. ഈരാറ്റുപേട്ടയിൽനിന്നുമാത്രം നാൽപ്പത്തിയേഴോളം പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.

●ഹിന്ദുരാഷ്‌ട്രമാക്കണം (2021 ഏപ്രിൽ 16)
എൽഡിഎഫും യുഡിഎഫും ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നത്‌. ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം.

● തെണ്ടികളാണ് മുസ്ലിങ്ങൾ (2019 മെയ്‌ 22)
തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങൾ. പാവപ്പെട്ട ക്രിസ്ത്യാനികളെ കൊല്ലുകയാണ്‌, ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ എന്താണ് സംഭവിച്ചത്‌.

പറഞ്ഞത് പിൻവലിക്കില്ലെന്ന്‌ പി സി ജോർജ്‌
പറഞ്ഞത്‌ പിൻവലിക്കില്ലെന്ന്‌ പി സി ജോർജ്‌.  ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. മുസ്ലിം തീവ്രവാദികളുടെ വോട്ട്‌ വേണ്ട എന്നാണ്‌ പറഞ്ഞത്‌. തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റംസാൻ സമ്മാനമാണ്‌ തന്റെ അറസ്റ്റ്‌. ഇതിനുപിന്നിൽ വലിയ രാഷ്‌ട്രീയമുണ്ട്‌. മുസ്ലിം തീവ്രവാദികളുടെ വോട്ട്‌ ലക്ഷ്യമിട്ട്‌ കോൺഗ്രസ്‌ മുന്നണിയും എൽഡിഎഫും ഒരേപോലെ നീങ്ങുകയാണ്‌. എം എ യൂസഫ്‌ അലി മാന്യനാണ്‌. അദ്ദേഹത്തെപ്പറ്റി പറഞ്ഞത്‌ പിൻവലിക്കുന്നു. അദ്ദേഹത്തിന്റെ  മാളിൽ  കയറേണ്ട എന്നു പറഞ്ഞത്‌ ചെറുകിട കച്ചവടക്കാർ പട്ടിണിയായിപ്പോകും എന്നതിനാലാണെന്നും  ജോർജ്‌ പറഞ്ഞു.

തൊഗാഡിയയെ 
തുറന്നുവിട്ടത്‌ ആരാ?
മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ കേസെടുക്കാൻ വൈകിയെന്ന കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ആരോപണം സ്വന്തം ഭരണകാലത്തെ വീഴ്‌ച മറയ്‌ക്കാൻ. മാറാട് കൂട്ടക്കൊലയ്‌ക്കുശേഷം കോഴിക്കോട്ട് വിഷംചീറ്റുന്ന പ്രസംഗം നടത്തിയ വിഎച്ച്‌പി നേതാക്കളായിരുന്ന പ്രവീൺ തൊഗാഡിയക്കും കുമ്മനം രാജശേഖരനുമെതിരെ എടുത്തകേസ് പിൻവലിച്ചവരാണ്‌ യുഡിഎഫ്‌. അന്ന്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയുമായിരുന്നു. മുസ്ലിംലീഗ്‌ കൂടി പങ്കാളിയായ സർക്കാരാണ്‌ ഈ കടുംകൈ ചെയ്‌തത്‌. 2003 ജൂലൈ എട്ടിനാണ്‌ വിദ്വേഷ പ്രസംഗം അരങ്ങേറിയത്‌. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. തൊഗാഡിയയെ തടയണമെന്ന് ആവശ്യമുയർന്നിട്ടും സർക്കാർ അനങ്ങിയില്ല.

തലസ്ഥാനത്തെ എംജി കോളേജിലെ ആർഎസ്എസ് അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോഴാണ്‌. പേരൂർക്കട സിഐയായിരുന്ന മോഹനൻ നായരെ ബോംബെറിഞ്ഞ കേസിൽ പ്രതിയായ എബിവിപി നേതാവ്‌ ആദർശിനാണ്‌ പൊലീസിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ കേസ്‌ പിൻവലിച്ചത്‌. 28 പ്രതികളുണ്ടായിരുന്ന കേസിലെ പതിനേഴാം പ്രതിയായിരുന്നു ആദർശ്. കുറ്റപത്രം സമർപ്പിച്ചതിനാൽ ആദർശിന്‌ വിടുതൽ നൽകാൻ കേസ് തന്നെ പിൻവലിച്ചു. ഇപ്പോൾ ബിജെപി പാളയത്തിലുള്ള സെൻകുമാറായിരുന്നു അന്ന് പൊലീസ് മേധാവി.

കുറ്റം തെളിഞ്ഞാൽ 
3 വർഷം അകത്താകും
പി സി ജോർജിന്റെ വർഗീയപ്രസംഗം മൂന്ന്‌ വർഷം തടവുശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റം.  മതസ്പർധ പടർത്തുന്ന വിധത്തിൽ പ്രസംഗിച്ചതിന്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പനുസരിച്ചും ഒരു മതവിഭാഗത്തെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിന്‌ 295 എ വകുപ്പനുസരിച്ചുമാണ്‌ കുറ്റം ചാർത്തിയിരിക്കുന്നത്‌. 153 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കണം. 295 എ വകുപ്പനുസരിച്ചുള്ള കുറ്റത്തിന്‌ രണ്ട്‌ വർഷംവരെ തടവാണ്‌ ശിക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top