26 April Friday

തൃക്കാക്കരയുടെ കറുപ്പും വെളുപ്പും

എഴുത്ത്: എം എസ് അശോകന്‍ കാര്‍ട്ടൂണ്‍: ഏലിയാസ് ജോണ്‍Updated: Monday May 30, 2022

തൃക്കാക്കരയിൽ പൊടിപാറിയ പ്രചാരണത്തിന്‌ ഫോട്ടോഫിനിഷ്‌. ഒരുമാസത്തോളം നീണ്ട വാശിയേറിയ രാഷ്‌ട്രീയപോരാട്ടത്തിനിടയിൽ തൃക്കാക്കര കണ്ടതും കേട്ടതും എന്തൊക്കെ. അതുതന്നെയാകും പുതിയ കൊച്ചിയായി വളരുന്ന തൃക്കാക്കരയുടെ വിധിയെഴുതുക. മൂന്നു മുന്നണിസ്ഥാനാർഥികളും തുറന്നത്‌ വ്യത്യസ്‌ത പോരാട്ടമുഖങ്ങൾ. രാഷ്‌ട്രീയവും വികസനവും ഇതുപോലെ ചർച്ചയായ മറ്റൊരവസരം ഉണ്ടാകില്ല. അതോടൊപ്പം തെരഞ്ഞെടുപ്പുരംഗം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത അനാശാസ്യരീതികളും തൃക്കാക്കരയിൽ തിരനോക്കി. കഴിഞ്ഞ ആറുവർഷം സംസ്ഥാനത്ത്‌ നടപ്പാക്കിയതും നടപ്പാക്കാനിരിക്കുന്നതുമായ വികസനപദ്ധതികളായിരുന്നു എൽഡിഎഫ്‌ മുന്നോട്ടുവച്ചത്‌. അടുത്ത നാലുവർഷത്തെ വികസനപടയോട്ടത്തിൽ തൃക്കാക്കരയുടെ പ്രതിനിധി എൽഡിഎഫിനൊപ്പമുണ്ടാകണമെന്നും അഭ്യർഥന. എൽഡിഎഫ്‌ ഭരിക്കുമ്പോൾ പ്രതിപക്ഷത്ത്‌ അംഗസംഖ്യ കൂടിയതുകൊണ്ട്‌ എന്തുകാര്യം എന്ന ചോദ്യത്തിനുമുന്നിൽ യുഡിഎഫ്‌ പ്രതിരോധത്തിലായി. എൽഡിഎഫ്‌ സ്ഥാനാർഥിയെ ഉന്നമിട്ട്‌ പ്രചരിപ്പിച്ച വ്യാജ അശ്ലീലവീഡിയോയ്‌ക്കെതിരെ പാലിച്ച മൗനം യുഡിഎഫിനെ വിഴുങ്ങി. പിന്നീട്‌ സമ്മർദത്തിന്‌ വഴങ്ങി നടത്തിയ പ്രതികരണമാകട്ടെ, കൂട്ടക്കുഴപ്പത്തിലും എത്തിച്ചു. ബിജെപിയുടെ സ്ഥാനാർഥിപ്രഖ്യാപനം വൈകി. രംഗം പിടിക്കാൻ ഉത്തരേന്ത്യൻ മാതൃകയിൽ വിദ്വേഷപ്രചാരണത്തിനിറങ്ങിയത്‌ വോട്ടാകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടൽ.
വളർച്ചയുടെ ആകാശം സ്വപ്‌നം കാണുന്ന തൃക്കാക്കരയുടെ വിധിയെന്താകുമെന്നാണ്‌ കേരളം ഉറ്റുനോക്കുന്നത്‌. നാളത്തെ കുതിപ്പിന്‌ ഊർജസ്വലമായ നേതൃത്വമുണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്നു.

സർവസമ്മതനായി ഡോ. ജോ ജോസഫ്‌
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്‌രോഗചികിത്സകൻ ജോ ജോസഫിന്റെ സ്ഥാനാർഥിത്വം പുതിയ കൊച്ചിയായി വളരുന്ന തൃക്കാക്കരയിൽ ഉണ്ടാക്കിയത്‌ പുത്തനുണർവ്. യുവത്വത്തിന്റെ ചുറുചുറുക്കും കർമശേഷിയും തൃക്കാക്കരയ്‌ക്ക്‌ മുതൽക്കൂട്ടാകുമെന്ന്‌ പരക്കെ പ്രതീക്ഷ. മണ്ഡലത്തിൽ തരംഗമായി പടർന്ന സാന്നിധ്യത്തിലൂടെ എല്ലാ വിഭാഗം വോട്ടർമാർക്കിടയിലും അംഗീകാരം. രാഷ്‌ട്രീയവും വികസനവും വോട്ടർമാരുമായി പങ്കിട്ട പ്രചാരണപരിപാടികൾ.

ഒരുപക്ഷത്തിന്റെ സ്ഥാനാർഥി
യുഡിഎഫിലെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ ഉയർന്നത്‌ സമ്മിശ്രപ്രതികരണം. ഗ്രൂപ്പുകളുടെ അവകാശവാദങ്ങൾ മറികടക്കാൻ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും നടത്തിയ ഏകപക്ഷീയ തീരുമാനമെന്ന്‌ മുന്നണിനേതാക്കളിൽ നിന്നുതന്നെ ആരോപണം. പ്രധാന നേതാക്കൾ പലരും പ്രചാരണപരിപാടികളിൽനിന്നുപോലും വിട്ടുനിന്നു.

സഭയെയും വലിച്ചിഴച്ചു
എൽഡിഎഫ്‌ സ്ഥാനാർഥിപ്രഖ്യാപനത്തിനുപിന്നാലെ സഭയെയും വൈദികരെയും വലിച്ചിഴച്ച്‌ വിവാദമുണ്ടാക്കാൻ യുഡിഎഫ്‌ ശ്രമം. സഭയുടെ സ്ഥാനാർഥി എന്ന ആരോപണമുന്നയിച്ച്‌ നേതാക്കളുടെ രംഗപ്രവേശം. ലിസി ആശുപത്രിയിൽ സ്ഥാനാർഥിപ്രഖ്യാപനം നടത്തിയെന്നും മതചിഹ്നങ്ങൾ ദുരുപയോഗിച്ചുവെന്നും ആക്ഷേപം. ഒടുവിൽ വിവാദമായപ്പോൾ പറഞ്ഞത്‌ വിഴുങ്ങി യുഡിഎഫ്‌ നേതാക്കളുടെ തലയൂരൽ. ലിസി ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റ്‌ എന്നനിലയിൽ ഡോ. ജോ ജോസഫ്‌ വൻ തുക ഫീസ്‌ വാങ്ങുന്നുവെന്ന നുണപ്രചാരണവും നിമിഷങ്ങൾക്കകം പൊളിഞ്ഞു. ഡോക്‌ടറെ വ്യക്തിപരമായി അധിക്ഷേപിക്കാനും ശ്രമം. അദ്ദേഹത്തെയും കുടുംബത്തെയും തകർക്കുംവിധം അപകീർത്തിപ്പെടുത്തി ഒടുവിൽ വ്യാജ അശ്ലീലവീഡിയോയും.

മാതൃകയായി പ്രചാരണം
എതിർസ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതൊന്നും എൽഡിഎഫിൽനിന്ന്‌ ഉണ്ടായില്ല. അതിൽ നിരാശരായതുപോലുള്ള പ്രതികരണങ്ങൾ പലപ്പോഴും യുഡിഎഫ്‌ നേതൃത്വത്തിൽനിന്ന്‌ ഉയരുകയും ചെയ്‌തു. അതിന്റെ ഭാഗമായി ചിലത്‌ നിർമിച്ചെടുക്കാൻ ശ്രമിച്ചതും പരിഹാസ്യമായി.


 

നയിക്കാൻ നേതാക്കൾ
മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ നേതാക്കളും സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്‌ തൃക്കാക്കരയിൽ വോട്ടർമാരെ സമീപിച്ചു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്ത ആറ് പൊതുയോഗങ്ങൾ ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. യുഡിഎഫും ബിജെപിയും പ്രതിനിധാനംചെയ്യുന്ന രാഷ്‌ട്രീയത്തെ തുറന്നുകാട്ടിയുള്ള തെരഞ്ഞെടുപ്പുയോഗങ്ങൾ പ്രചാരണരംഗത്ത്‌ എൽഡിഎഫിനെ ബഹുദൂരം മുന്നിലെത്തിച്ചു.

എവിടെ പോയി നേതാക്കൾ
തെരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിച്ചപ്പോൾ യുഡിഎഫിന്റെ സമുന്നതനേതാക്കൾ പലരും രംഗംവിട്ടത്‌ ശ്രദ്ധേയമായി. മുഖ്യമന്ത്രിയെ തുടലുപൊട്ടിച്ച നായ എന്നാക്ഷേപിച്ച കെപിസിസി പ്രസിഡന്റിനെ പിന്നീട്‌ തൃക്കാക്കരയിൽ കാണാതായത്‌ വാർത്തയായി. മുൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും രംഗംവിട്ടു. മുന്നണിനേതാക്കളിൽ പലരും തലകാണിച്ച്‌ പോയതല്ലാതെ സജീവമായില്ല. സോളാർ പീഡനക്കേസിൽ സിബിഐ ചോദ്യം ചെയ്‌തതിനുപിന്നാലെ ഹൈബി ഈഡൻ എംപിയും രംഗമൊഴിഞ്ഞു. മുസ്ലിംലീഗിന്റെ സമുന്നതനേതാവ്‌ വി കെ ഇബ്രാഹിംകുഞ്ഞ്‌ കളമശേരിയിൽ ഉണ്ടായിട്ടും തൃക്കാക്കരയിലേക്ക്‌ വന്നില്ല.

വികസനത്തിന്‌ വോട്ട്‌
തൃക്കാക്കരയുടെ വികസനത്തിന്‌ വോട്ട്‌ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ എണ്ണിപ്പറഞ്ഞാണ്‌ വോട്ട് തേടിയത്‌. തൃക്കാക്കരയുടെ ഇതുവരെയുണ്ടായ വികസനവും ഭാവി വികസനപദ്ധതികളും അക്കമിട്ടുനിരത്തി. സംസ്ഥാനത്തുണ്ടാകുന്ന വികസനമുന്നേറ്റത്തിനൊപ്പം തൃക്കാക്കരയും ഉണ്ടാകണമെന്നാണ്‌ അഭ്യർഥന.

വിവാദം മതി, വികസനം വേണ്ട
വികസനം ചർച്ചയാക്കാനുള്ള എൽഡിഎഫ്‌ വെല്ലുവിളി ഒരുഘട്ടത്തിലും ഏറ്റെടുക്കാതെ യുഡിഎഫ്‌. വികസനവിരോധികളും വികസന അനുകൂലികളും തമ്മിലുള്ള മത്സരമെന്ന്‌ എൽഡിഎഫ്‌ ആവർത്തിച്ചിട്ടും മൗനം. കൊച്ചിയിൽ നടപ്പായ വികസനങ്ങളുടെയെല്ലാം പിതൃത്വം അവകാശപ്പെട്ട്‌ പ്രചാരണം. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‌ അനുമതി ലഭിക്കാൻ കേരളത്തിൽനിന്നുള്ള 19 യുഡിഎഫ്‌ എംപിമാർ കേന്ദ്രത്തിൽ എന്ത്‌ ഇടപെടൽ നടത്തി എന്ന ചോദ്യത്തിലും ഉത്തരംമുട്ടി.


 

തൃക്കാക്കരയ്‌ക്ക്‌ വികസനപത്രിക
മണ്ഡലത്തെ ആധുനിക യാത്രാസൗകര്യങ്ങളുള്ള ഹബ്ബാക്കിമാറ്റുമെന്ന പ്രഖ്യാപനവുമായി എൽഡിഎഫ്‌ പ്രകടനപത്രിക. അർധ അതിവേഗ യാത്രാസംവിധാനമായ സിൽവർലൈന്‌ കാക്കനാട്ട്‌ സ്‌റ്റോപ്പ്‌. സിൽവർലൈനും മെട്രോയും ജല മെട്രോയും സംഗമിക്കുന്ന മണ്ഡലം.  എരൂർ–-തുതിയൂർ പാലംമുതൽ അത്യാധുനിക ആശുപത്രിയും കളിക്കളങ്ങളുംവരെ യാഥാർഥ്യമാക്കുമെന്ന്‌ പ്രഖ്യാപനം. കുടിവെള്ളപ്രശ്‌നംമുതൽ പാർപ്പിടപ്രശ്‌നംവരെ പരിഹരിക്കാൻ നിർദേശം.

പ്രകടനം മാത്രം, പത്രിക ഇല്ല
തദ്ദേശ വാർഡ്‌ തെരഞ്ഞെടുപ്പിൽപ്പോലും പ്രകടനപത്രിക ഇറക്കുന്ന യുഡിഎഫിന്‌, വികസനം മുഖ്യപ്രചാരണവിഷയമായ തൃക്കാക്കരയിൽ പ്രകടനപത്രിക ഇല്ല. വികസനപദ്ധതികളുടെയാകെ പിതൃത്വം അവകാശപ്പെടുമ്പോഴും തൃക്കാക്കരപോലൊരു മണ്ഡലത്തിൽ വികസനകാഴ്‌ചപ്പാട്‌ അവതരിപ്പിക്കാനാകാത്തതിൽ മുന്നണിയിലും മുറുമുറുപ്പ്‌.

വോട്ടിനുപകരം പണം
യുഡിഎഫിന്‌ കൂടുതൽ വോട്ട്‌ പിടിക്കുന്ന ബൂത്തുകൾക്ക്‌ കാൽലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കോൺഗ്രസ്‌ അനുകൂല പ്രവാസിസംഘടനയുടെ നടപടി പൊലീസ്‌ കേസായി. പണമിറക്കി വോട്ട്‌ വാങ്ങാനുള്ള നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷനും പരാതി. കേസും കൂട്ടവുമായിട്ടും പ്രഖ്യാപനത്തിൽനിന്നു പിൻവാങ്ങിയതായി കോൺഗ്രസോ പ്രവാസിസംഘടനയോ പറഞ്ഞിട്ടില്ല.  കോവിഡ്‌ വ്യാപനകാലത്ത്‌ രമേശ്‌ ചെന്നിത്തലയുടെ ഫോൺവിളിയിലൂടെ വാർത്തകളിൽ നിറഞ്ഞത്‌ ഇതേ പ്രവാസിസംഘടനയാണെന്നതും ചർച്ചയായി.

അതിജീവിതയുടെ പേരിലും മുതലെടുപ്പുശ്രമം
നടിയെ ആക്രമിച്ച കേസിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള യുഡിഎഫ്‌ നീക്കം മുഖ്യമന്ത്രിയുമായുള്ള അതിജീവിതയുടെ കൂടിക്കാഴ്‌ചയോടെ പൊളിഞ്ഞു. അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ മറവിലാണ്‌ മുതലെടുപ്പിന്‌ ശ്രമിച്ചത്‌. എന്നാൽ, തനിക്ക്‌ മുഖ്യമന്ത്രിയിലും സർക്കാരിലും പൂർണവിശ്വാസമാണെന്ന്‌ മാധ്യമങ്ങൾ മുമ്പാകെ നടി പറഞ്ഞതോടെ എല്ലാം ചീറ്റി. ഹർജിയുടെ മറവിൽ നടന്ന ചർച്ചകളെല്ലാം വ്യാഖ്യാനങ്ങൾമാത്രമാണ്‌. അതിന്‌ ഇടയാക്കിയതിൽ ക്ഷമ ചോദിക്കുമെന്നും അതിജീവിത പറഞ്ഞു. മുഖ്യമന്ത്രി തനിക്കൊപ്പമാണ്‌. അദ്ദേഹത്തിന്റെ ഉറപ്പുള്ള വാക്കുകൾ സന്തോഷം പകരുന്നു. ആ ഉറപ്പിൽ പൂർണവിശ്വാസമാണെന്നും അതിജീവിത അർഥശങ്കയ്‌ക്കിടയില്ലാതെ പറഞ്ഞത്‌ എതിർപ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയായി.

ഒടുവിൽ വ്യാജ അശ്ലീലവീഡിയോയും
കോൺഗ്രസ്‌ സൈബർ ഹാൻഡിലുകളിലൂടെ പ്രചരിപ്പിച്ച വ്യാജ അശ്ലീലവീഡിയോ യുഡിഎഫിനെ കടുത്ത പ്രതിരോധത്തിലാക്കി. എൽഡിഎഫ്‌ സ്ഥാനാർഥിയുടേതെന്ന പേരിലായിരുന്നു പ്രചാരണം. വീഡിയോയ്‌ക്കെതിരെ എൽഡിഎഫ്‌ നേതൃത്വം രംഗത്തുവന്നതോടെ പ്രതിഷേധം വ്യാപകമായി. അപ്പോഴും വീഡിയോപ്രചാരണം തുടർന്നിട്ടും യുഡിഎഫ്‌ പ്രതികരിച്ചില്ല. ഇത്തരം വീഡിയോ കിട്ടിയാൽ ആരും പ്രചരിപ്പിക്കുമെന്ന വി ഡി സതീശന്റെ മറുപടി പ്രതിഷേധം ശക്തമാക്കി. എഐസിസി അംഗം സിമ്മി റോസ്‌ബെൽ ജോണും പത്മജ വേണുഗോപാലും ഉൾപ്പെടെ പ്രതിഷേധിച്ചു.  എൽഡിഎഫ്‌ നൽകിയ പരാതിയിൽ വ്യാജ വീഡിയോയ്‌ക്കുപിന്നിൽ പ്രവർത്തിച്ച കോൺഗ്രസ്‌ നേതാക്കളും ലീഗ്‌ പ്രവർത്തകരും അറസ്‌റ്റിലായി.

നാടിനെ പൊള്ളിച്ച 
ചോദ്യം
വ്യാജ അശ്ലീലവീഡിയോ പ്രചാരണത്തിലൂടെ അപമാനിക്കപ്പെട്ട ഡോ. ജോ ജോസഫിന്റെ കുടുംബത്തിന്റെ വേദന കേരളത്തിന്റെയാകെ വേദനയായി. ‘ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങൾക്ക്‌ ഇവിടെ ജീവിക്കണ്ടേ’ എന്ന ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കലിന്റെ ചോദ്യം കേരളമനസ്സാക്ഷിയെ പൊള്ളിച്ചു. ‘തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും എനിക്ക്‌ ജോലിക്ക്‌ പോകണ്ടേ. മക്കൾക്ക്‌ സ്‌കൂളിൽ പോയി അധ്യാപകരെയും കൂട്ടുകാരെയും അഭിമുഖീകരിക്കണ്ടേ’–- തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ദയ പാസ്‌കലിന്റെ ചോദ്യങ്ങൾ കേരളമനസ്സാക്ഷിയെ നോവിക്കും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top