27 April Saturday

ഓർമക്കനലായ്‌ ധീരജ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


കണ്ണൂർ
കണ്ണീരൊടുങ്ങാത്ത പകൽ പിന്നിട്ട് രാത്രിയിലേക്കും പുലർച്ചെയിലേക്കും നീണ്ട കാത്തിരിപ്പിൽ കനലുകളെരിഞ്ഞുനിന്നു. മൂടിനിന്ന മഞ്ഞിനെയും ഉരുക്കിയ സങ്കടക്കനൽ. നീയോർമയായുണ്ടാകും എക്കാലത്തുമെന്ന് വാക്കുനൽകാൻ ഉരുക്കുമുഷ്ടികളും പൂക്കളുമായി ജനസഞ്ചയം ഒഴുകി. കത്തിമുനയിൽ അമരത്വത്തിലേക്ക് നടന്നുകയറിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് വിടനൽകാൻ കണ്ണുചിമ്മാതെ കാത്തിരിക്കുകയായിരുന്നു കണ്ണൂർ.

മൃതദേഹവുമായി ഇടുക്കിയിൽനിന്ന് പുറപ്പട്ട വിലാപയാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചത് ചൊവ്വ രാത്രി പത്തരയോടെ മാഹിയിൽ. പൊതുദർശനത്തിന് നിശ്ചയിച്ച കേന്ദ്രങ്ങൾക്കുപുറമെ സ്ഥാപനങ്ങൾക്കുമുന്നിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും അന്ത്യോപചാരമർപ്പിക്കാൻ ജനം കാത്തുനിന്നു. പുലർച്ചെ ഒരു മണിയോടെ വിലാപയാത്ര തളിപ്പറമ്പിൽ. മൃതദേഹം വീട്ടിലെത്തിച്ചതോടെ, അടക്കിപ്പിടിച്ച നിലവിളികൾ അലമുറകളായി. നെഞ്ചകം തകർന്ന് വിലപിച്ച മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാനാകാതെ നേതാക്കളും പ്രവർത്തകരും ബന്ധുക്കളും വിങ്ങിപ്പൊട്ടി. വീട്ടിൽ അച്ഛനമ്മാർക്കും ഉറ്റവർക്കും മാത്രമാണ് അന്ത്യോപചാരത്തിന് അവസരമൊരുക്കിയത്.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രി എം വി ഗോവിന്ദൻ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയിംസ് മാത്യു, ടി വി രാജേഷ്, വി ശിവദാസൻ എംപി, കെ കെ ജയചന്ദ്രൻ, കെ പി മേരി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം, സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സെക്രട്ടറി വി കെ സനോജ്, എംഎൽഎമാരായ എ രാജ, കെ വി സുമേഷ്, എം വിജിൻ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top