26 April Friday

ഞാറനീലിക്കാർ ‘കിക്ക്‌’ എടുത്തു ; ജീവിതലഹരിയിലേക്ക്‌

സുജിത്‌ ബേബിUpdated: Thursday Oct 13, 2022


തിരുവനന്തപുരം  
വർഷങ്ങൾ അധികമായിട്ടില്ല. പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയിൽനിന്ന്‌ ആത്മഹത്യാ വാർത്തകൾ വന്നുകൊണ്ടേയിരുന്നു. ലഹരിക്കടിപ്പെട്ട യുവാക്കൾ ജീവിതം പാതിയിൽ അവസാനിപ്പിക്കുന്നത്‌ മാധ്യമങ്ങളിൽ നിറഞ്ഞു. 2016നും 17നുമിടയിൽ മുപ്പതിലധികം ചെറുപ്പക്കാർ ലഹരിക്ക്‌ പിന്നാലെയോടി ജീവിതത്തിൽനിന്ന്‌ മാഞ്ഞുപോയി. ആത്മഹത്യയുടെ കേന്ദ്രമായി മാറുന്നുവെന്ന്‌ നിയമസഭയിലടക്കം ആക്ഷേപമുയർന്ന ഗ്രാമത്തിലിന്ന്‌ അറിവിന്റെയും ഉത്സാഹത്തിന്റെയും ലഹരിയാണ്‌.

ഞാറനീലിയിലെ പുതുതലമുറയെ തൊഴിൽ ലഹരിയിലേക്ക്‌ നയിക്കുകയെന്ന ലക്ഷ്യത്തോടെ എക്‌സൈസ്‌ വകുപ്പ്‌ ഗ്രാമത്തെ ദത്തെടുത്തു. ആരോഗ്യവകുപ്പും പൊലീസും പട്ടികജാതി, വർഗ ക്ഷേമവകുപ്പും തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലാം ഒപ്പംചേർന്നു. വിദ്യാസമ്പന്നരുണ്ടായിട്ടും ഞാറനീലിയിൽ പലരും സർക്കാരുദ്യോഗത്തിന്‌ ശ്രമിച്ചിരുന്നില്ല. പിഎസ്‌സിയുടെ വൺ ടൈം രജിസ്ട്രേഷൻ പോലും നടത്താത്തവരായിരുന്നു കൂടുതൽ. ഇവർക്കായി  ‘തൊഴിലാണെന്റെ ലഹരി’ എന്നപേരിൽ പ്രത്യേക പരിശീലനപദ്ധതി തുടങ്ങി. റാങ്ക്‌ ഫയലുകൾ വിതരണംചെയ്‌തു. ക്ലാസുകൾ ഒരുക്കി. പരിശീലനത്തിന്‌ എത്തിയവരിൽ പലരുമിന്ന്‌ എക്‌സൈസ്‌, ജയിൽ തുടങ്ങി വിവിധ വകുപ്പുകളിൽ ജീവനക്കാരാണ്‌.

‘ലഹരിക്കെതിരെ വിജ്ഞാന ലഹരി’ എന്ന  മുദ്രാവാക്യവുമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളും തുടങ്ങി. ഊരുകളിലേക്ക്‌ ആയിരക്കണക്കിന്‌ പുസ്തകങ്ങളാണ്‌ എസ്‌ടി പ്രൊമോട്ടർമാർ വഴി എത്തിച്ചത്‌. മയക്കുമരുന്നിന്റെ പിടിയിൽനിന്ന്‌ മുക്തമാക്കി കായികമേഖലയിലേക്ക്‌ ചെറുപ്പക്കാരെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. പെരിങ്ങമ്മല, ആര്യനാട്‌, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലായി ഞാറനീലി എഫ്‌സി, നാരകത്തിൻകാല എഫ്‌സി, വിക്കിങ്‌സ്‌ എഫ്‌സി, അഗസ്ത്യ എഫ്‌സി തുടങ്ങിയ ക്ലബ്ബുകൾ സജീവമാണ്‌.  ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിൽ പട്ടികജാതി, വർഗ വിഭാഗത്തിലെ കുട്ടികൾക്കായും ഫുട്‌ബോൾ ടീമുണ്ട്‌. ഗോകുലം എഫ്‌സിയാണ്‌ പരിശീലിപ്പിക്കുന്നത്‌.

പദ്ധതി നടപ്പാക്കിയതിന്റെ ഗുണഫലവുമുണ്ടായി. പാട്ടുംവരയും കാൽപ്പന്തുമായി ഉത്സവലഹരിയിലാണ്‌ ഞാറനീലി ഇന്ന്‌. കഴിഞ്ഞ വർഷങ്ങളിൽ ലഹരിക്കടിപ്പെട്ട്‌ മരണമില്ലെന്ന്‌ കണക്കുകൾ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top