27 April Saturday

മനോജ്‌ പറയുന്നു ; വീട്‌ ഉണ്ടാക്കിയ കഥ

സയൻസൺUpdated: Thursday Dec 3, 2020


കോഴിക്കോട്‌
‘‘കരകാണാക്കടലല മേലേ മോഹപ്പൂം കുരുവി പറന്നേ... എന്നെപ്പോലെ പാവങ്ങൾക്ക്‌ ഇതൊരുപാട്ടുമാത്രമായിരുന്നു. ഞങ്ങളുടെ മോഹങ്ങളെന്നും കടലിരമ്പത്തിൽ  ഒടുങ്ങാറായിരുന്നു പതിവ്‌.  എന്നാൽ അതല്ല, ആരുമില്ലാത്തവർക്ക്‌ സർക്കാറുണ്ടാവും എന്ന്‌ തിരിച്ചറിഞ്ഞത്‌ ഇപ്പോഴാണ്‌, ഇവിടെ ഈ വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങുമ്പോഴാണ്‌. ഇതിലും വലിയ സന്തോഷം വേറെന്താ...’’-പുതിയാപ്പ ഹാർബറിലെ മീൻ പാക്കിങ് വിഭാഗത്തിലെ ചെറിയകത്ത്‌ താഴത്ത്‌ മനോജ്‌  ഉമ്മറത്തിരുന്ന്‌ സ്വന്തം വീടുണ്ടായ കഥയുടെ കെട്ടഴിച്ചു.‌

‘‘ജോലിക്കിറങ്ങുംമുമ്പ്‌ പ്രാർഥിക്കാൻ കൂപ്പുകൈകളോടെ നിൽക്കുമ്പോഴാണ്‌ കുടിലിന്റെ  മേൽക്കൂര തകർത്ത്‌ തൊട്ടു തൊട്ടില്ലെന്നമട്ടിൽ വലിയ തേങ്ങവീണത്‌. പാതി ഓടും ടാർപോളിൻ ഷീറ്റും നിരത്തിയുണ്ടാക്കിയ  കുടിലിൽ അന്ന്‌ തീർന്നേനെ’’– ആ നിമിഷത്തെ വിറയൽ ഇപ്പോഴും മനോജിന്റെ ഉള്ളിലുണ്ട്‌. കടലിന്റെ നൂറുമീറ്റർ അടുത്തായിരുന്നു‌ കുടിൽ.
അടച്ചുറപ്പുള്ള വീട്‌ നടക്കാത്ത സ്വപ്‌നമെന്നായിരുന്നു ഈ മത്സ്യത്തൊഴിലാളി കരുതിയത്‌. എന്നാൽ ഇന്ന്‌ അതേ തീരത്ത്‌ അടച്ചുറപ്പുള്ള വീട്ടിലുണ്ട്‌ മനോജ്‌. കടലിൽനിന്ന്‌ 500 മീറ്റർ അകലെ മാത്രമേ നിർമാണം പാടുള്ളൂ എന്ന കേന്ദ്രസർക്കാരിന്റെ തീരദേശ പരിപാലന നിയമത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഇളവാണ്‌ മനോജിന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയത്‌.

30 വർഷംമുമ്പ്‌ അച്ഛന്റെ കാലത്ത്‌ സ്ഥലത്തിന്‌ പട്ടയം കിട്ടിയെങ്കിലും നികുതി സ്വീകരിക്കാത്തതിനാൽ  വീട്‌ നിർമാണത്തിന്‌ അപേക്ഷ നൽകാൻപോലുമായില്ല.  തുടർന്ന്‌ കൗൺസിലർ കെ നിഷയിലൂടെയാണ്‌ തീരദേശ നിയമത്തിലുണ്ടാക്കിയ ഭേദഗതി അറിഞ്ഞത്‌.  ഇരട്ടിമധുരമായി ലൈഫ്‌ പദ്ധതിയിൽ വീടിന്‌ സാമ്പത്തിക സഹായം നൽകാമെന്ന കോർപറേഷൻ അധികൃതരുടെ  വാക്കും ലഭിച്ചു. 2019 ഡിസംബറിൽ നിർമാണംതുടങ്ങി.  ആറു‌ മാസംകൊണ്ട്‌ 600 ചതുരശ്രയടിയുള്ള വീട്‌പൂർത്തിയായി. നാലുലക്ഷം രൂപ ലൈഫ്‌ പദ്ധതിയിലൂടെയും 25,000 രൂപ അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്നും കിട്ടി.   നാലുലക്ഷം കൈയിൽനിന്നും  ചെലവഴിച്ചു. 

‘‘ഞാനൊരു ഉറച്ച ഇടതുപക്ഷക്കാരനൊന്നുമല്ല, എന്നാലും  നന്മചെയ്യുന്നവരെക്കുറിച്ച്‌ നല്ലതു‌ പറയാതിരിക്കാനാവില്ല’’–- ശാന്തമായ കടൽപോലെ  തെളിഞ്ഞ്‌ ചിരിച്ച്‌ മനോജ്‌ പറഞ്ഞു. രണ്ടു‌ മുറിയേയുള്ളൂവെങ്കിലും കാറ്റിനേയും മഴയേയും കൂസാതെ ഇവിടെയുറങ്ങാം. മനോജും ഭാര്യ രസിതയും മക്കളായ ജിംഷയും ധനുഷയും അമ്മ ദാക്ഷായണിയുമായി ഈ കടലോരത്തെ വീട്ടിലിപ്പോൾ ശാന്തസുന്ദരമാണ്‌ ജീവിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top