26 April Friday
സിനിമയുടെ 100 വർഷം മുമ്പുള്ള പരസ്യം

മലബാർ കലാപം: വർഗീയ പ്രചാരണത്തിന്‌ തുടക്കമിട്ടത്‌ ബ്രിട്ടീഷ്‌ സിനിമ

എം എസ്‌ അശോകൻUpdated: Wednesday Nov 17, 2021


കൊച്ചി
മലബാർ കലാപത്തിനെതിരെ രാജ്യത്ത്‌ ഹിന്ദുത്വശക്തികൾ തുടരുന്ന പ്രചാരവേല ബ്രിട്ടീഷ്‌ സർക്കാർ അന്നേ ആരംഭിച്ചതിന്‌ തെളിവായി 100 വർഷംമുമ്പ്‌ നിർമിച്ച സിനിമ. 1921ൽ മലബാറിലുണ്ടായത്‌ ഹിന്ദുവിരുദ്ധ കലാപമെന്ന തീർപ്പോടെ ബ്രിട്ടീഷ്‌ സർക്കാരിനുകീഴിലെ വാർ പബ്ലിസിറ്റി ബ്യൂറോയാണ്‌ 30 മിനിറ്റ്‌ ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്‌. ദി മലബാർ മാപ്പിള റിബല്യൻ എന്ന പേരിൽ നിർമിച്ച സിനിമയുടെ തിരക്കഥയും പ്രചാരണ പരസ്യവുമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. സിനിമയുടെ പകർപ്പ്‌ ഇനിയും ലഭിച്ചിട്ടില്ല.

മലബാർ കലാപനായകൻ ആലി മുസ്ലിയാരുടെ പേരിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ 1922ൽ ബ്രിട്ടീഷ്‌ വാരികയിൽ വന്ന സിനിമയുടെ പരസ്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്‌. ബ്രിട്ടീഷ്‌ സിനിമാ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്ന കിനിമോട്ടോഗ്രാഫ്‌ എന്ന വാരികയിലാണ്‌ പരസ്യം. 1889 മുതൽ 1971 വരെ പ്രസിദ്ധീകരിച്ച  വാരിക ബ്രിട്ടീഷ്‌ സിനിമാ ചരിത്രത്തിന്റെ ആധികാരിക രേഖയായാണ്‌ കണക്കാക്കുന്നത്‌.

‘‘ഓരോ ബ്രിട്ടീഷുകാരനും കാണാൻ ആഗ്രഹിക്കുന്ന ചിത്രം’’ എന്നാണ്‌ വാരികയിലെ പരസ്യവാചകം. മലബാർ പ്രദേശത്ത്‌ ചിത്രീകരിച്ച സിനിമയിലെ മൂന്നു ഭാഗങ്ങളുടെ ഹ്രസ്വവിവരണവുമുണ്ട്‌. ലേഡി വില്ലിങ്ടൺ മദ്രാസ്‌ ഗവ. ഹൗസിലെത്തി സിനിമ കണ്ട കാര്യവും പരസ്യത്തിലുണ്ട്‌.

മുസ്ലിങ്ങളെയാകെ അതിക്രൂരന്മാരും ഹിന്ദുക്കളുടെ ശത്രുക്കളുമായി വിശേഷിപ്പിക്കുന്ന സിനിമയുടെ തിരക്കഥാരൂപം നേരത്തേ കലിക്കറ്റ്‌ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷകർ കണ്ടെത്തിയിരുന്നു. സിനിമയുടെ പകർപ്പിനുവേണ്ടിയുള്ള അന്വേഷണത്തിനിടെയാണ്‌ ഇപ്പോഴത്തെ കണ്ടെത്തൽ. മലബാർ കലാപചരിത്രത്തെ വളച്ചൊടിക്കുന്നതിൽ ഈ സിനിമയ്‌ക്ക്‌ വലിയ പങ്കുള്ളതായി ഡോ. ശിവദാസൻ പറഞ്ഞു. കിനിമോട്ടോഗ്രാഫ്‌ വാരികയിൽ വന്ന പരസ്യത്തിലെ വാചകങ്ങളും അതിന്‌ തെളിവാണ്‌. സമുദായവൈരം വളർത്തുന്ന രംഗങ്ങളും വിവരണങ്ങളും തിരക്കഥയിൽ കാണാം. കലാപം അടിച്ചമർത്താൻകൂടി ലക്ഷ്യമിട്ടായിരുന്നു സിനിമ. കലാപം തുടങ്ങി മൂന്നുമാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കി. കലാപം തമിഴ്‌ മേഖലയിലേക്ക്‌ പടരുന്നത്‌ തടയാൻകൂടിയാകണം നിശബ്‌ദ സിനിമയ്‌ക്ക്‌ ഇംഗ്ലീഷിനുപുറമെ തമിഴ്‌ സബ്‌ടൈറ്റിലുമുണ്ടായിരുന്നുവെന്നും ഡോ. ശിവദാസൻ പറഞ്ഞു. 

കൊൽക്കത്തയിൽ ചിത്രത്തിന്റെ വിതരണാവകാശം വിറ്റതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. 3000 രൂപയായിരുന്നു നിർമാണച്ചെലവ്‌. 4500 രൂപയ്‌ക്കാണ്‌ ലോകത്താകെ പ്രദർശിപ്പിക്കാനുള്ള വിതരണാവകാശം വിറ്റത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top