27 April Saturday

സ്വാതന്ത്ര്യത്തിലേക്ക്‌ വഴിതെളിച്ച്‌ ഗാന്ധിജി

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2022

ബ്രിട്ടീഷ്‌ കോളനിവാഴ്‌ച അവസാനിപ്പിച്ച്‌ രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ പ്രധാന  ചാലകശക്തിയായത്‌ മഹാത്മാ ഗാന്ധിയുടെ നേതൃത്വപരമായ പങ്കാണ്‌. ദേശീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പക്ഷേ, ഈ ഘട്ടത്തിലും പല കൈവഴികളിലായി സ്വാതന്ത്ര്യത്തിനായി രക്തരൂഷിത സമരങ്ങള്‍ അരങ്ങേറി. 

1915 ജനുവരി ഒമ്പതിനാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്‌. ഗോപാലകൃഷ്ണ ഗോഖലെയുടെ നിർദേശപ്രകാരം ഗാന്ധിജി ഭാരതപര്യടനം നടത്തി. ഇതാണ്‌ പുതിയ ദിശാബോധത്തോടെയുള്ള സ്വാതന്ത്ര്യസമര കർമപദ്ധതികൾക്ക് വഴിയൊരുക്കിയത്‌. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മെയ് 25ന് അദ്ദേഹം സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു. 1917 ജൂൺ 17ന്‌ ഇത്‌ സബർമതി തീരത്തേക്ക്‌ മാറ്റി. സത്യഗ്രഹം, നിരാഹാരം, നിസ്സഹകരണം, ബഹിഷ്‌കരണം, നിയമലംഘനം എന്നിവയിലൂന്നിയ ഗാന്ധിയൻ സമരമുറകളിലൂടെ സ്വാതന്ത്ര്യ സമരം കരുത്താർജിച്ചു.

1917 ഏപ്രിൽ 16-ന് ബിഹാറിലെ ചമ്പാരൻ ജില്ലയിൽ തോട്ടംതൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ നടത്തിയ സമരത്തിൽ ഗാന്ധിജി ഇന്ത്യയിൽവച്ച് ആദ്യമായി അറസ്റ്റിലായി.  റൗലക്ട്‌ ആക്ടിനെതിരെ 1919 മാർച്ച് 30-ന് ഹർത്താൽ നടത്താനുള്ള ഗാന്ധിജിയുടെ ആഹ്വാനമാണ്‌ നിസ്സഹകരണ സമരത്തിന്റെ തുടക്കം. ഡൽഹിയിലേക്ക് പോയ ഗാന്ധിജിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ നടന്നു. 1919 ഏപ്രിൽ 13-ന്‌ ജാലിയൻ വാലാബാഗിൽ സമരക്കാ‍രെ ജനറൽ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌  സൈന്യം  കൂട്ടക്കൊല ചെയ്‌തു. ഏപ്രിൽ 18-ന് നിയമ ലംഘന സമരം താൽക്കാലികമായി നിർത്തിവച്ചു.

1922 ഫെബ്രുവരി നാലിന്‌ ഉത്തർപ്രദേശിലെ ചൗരിചൗരയിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‌ തീയിട്ടു. നിരവധി പൊലീസുകാർ കൊല്ലപ്പെട്ടു.   ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. പല തലങ്ങളിൽ ബ്രിട്ടീഷുകാരുമായി ചർച്ച തുടർന്നു. 1930ലെ ഉപ്പ് സത്യഗ്രഹം വൻ വിജയമായി. തുടർന്നു നടന്ന വട്ടമേശ സമ്മേളനം  പരാജയപ്പെട്ടു. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗത്തും സമരത്തിന്റെ രൂപം മാറിക്കൊണ്ടിരുന്നു.

ബ്രിട്ടീഷുകാരുടെ കടുത്ത മർദനങ്ങളെ സമാധാനപരമായി നേരിടാനാകില്ലെന്ന കോൺഗ്രസിൽ ഉയർന്ന അഭിപ്രായത്തോട്‌ ഗാന്ധിജി യോജിച്ചില്ല. അക്രമസമരങ്ങളെ അനകൂലിക്കുന്ന രീതിയിൽ പ്രവർത്തക സമിതി യോഗം 1934 സെപ്‌തംബർ ഒന്നിന് പ്രമേയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച്‌ ഒക്ടോബർ 29ന് കോൺഗ്രസ് പാർടി വിട്ടതായി ഗാന്ധിജി പ്രഖ്യാപിച്ചു. 1942ലെ ക്വിറ്റിന്ത്യാ സമരം ഗാന്ധിജിയുടെ ജീവിതത്തിലെ വഴിത്തിരിവായി.  സമരം ആക്രമണങ്ങളിലേക്ക്‌ നീങ്ങി. അപ്പോഴേക്കും കോൺഗ്രസിൽ ഗാന്ധിജിയുടെ സ്വാധീനം കുറഞ്ഞുവന്നു. അവിഭക്ത ഇന്ത്യക്കുവേണ്ടി ശക്തമായി നിലകൊണ്ട ഗാന്ധിജി 1947 ആഗസ്‌തിൽ സ്വാതന്ത്ര്യനേട്ടത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പകരം വർഗീയ കലാപം പടർന്ന മേഖലയിൽ സമാധാന സന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു.
 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top