27 April Saturday
സർക്കാർ സേവനങ്ങളെല്ലാം ഓൺലൈനിൽ

വാട്ട്‌ ആൻ ‘ഐഡിയ’ ‘ജിയോ’...? കെ ഫോണിനെ ഭയക്കുന്നതാര്‌

മിൽജിത്‌ രവീന്ദ്രൻUpdated: Tuesday Nov 3, 2020


തിരുവനന്തപുരം  
സംസ്ഥാനത്ത്‌ കെ ഫോൺ പദ്ധതി നടപ്പായാൽ റിലയൻസ്‌ അടക്കമുള്ള കുത്തകകളുടെ വരുമാനം വർഷം 3000 കോടിയിലേറെ  ഇടിയുമെന്ന്‌ പഠനങ്ങൾ പറയുന്നു‌. ലാഭം കുട്ടാനായി ബിജെപി കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിഎസ്‌എൻഎല്ലിനെ ‌  തകർത്ത കുത്തകകൾക്കുണ്ടോ പിറക്കാനിരിക്കുന്ന കെ ഫോണിനെ കൊല്ലാൻ മടി. സ്വർണകടത്തിന്റെ മറവിൽ അതുതന്നെയാണ്‌ ഇഡിയുടെ ലക്ഷ്യമെന്ന്‌  തുടക്കം മുതലേ സംശയമുയർന്നിരുന്നു. അതുതന്നെയാണ്‌‌ ഇപ്പോൾ വ്യക്തമാകുന്നത്‌.

അതോടൊപ്പം  കെ ഫോൺ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും സമാനപദ്ധതികളിലേക്ക്‌ കടന്നാലുണ്ടാകുന്ന ഭവിഷ്യത്തും കോർപറേറ്റുകളെ ആശങ്കയിലാഴ്‌ത്തുന്നു.  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിയമസഭയിലടക്കം കുത്തകകൾക്കുവേണ്ടി ശബ്ദമുയർത്തിയതും കൂട്ടിവായിക്കണ്ടതുണ്ട്‌.


 

കെ ഫോൺ
ഇന്റർനെറ്റ്‌ പൗരാവകാശമാക്കി ചരിത്രം കുറിച്ച നാട്ടിൽ സമഗ്രവും സമ്പൂർണവുമായ ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റി ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ്‌  കെ ഫോൺ.  കേരളമാകെ 52,000കിലോമീറ്റർ നീളത്തിൽ ഒപ്‌ടിക്കൽ ഫൈബർ കേബിൾ ശൃംഖല, മുഴുവൻ വീടുകൾക്കും പുറമെ 30,000ൽ അധികം സർക്കാർ ഓഫീസിലും സ്‌കൂളുകളിലും കെ ഫോണിലൂടെ ഇന്റർനെറ്റ്‌ എത്തും. നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ കമ്പനികളേക്കാളും ബൃഹത്തായ ശൃംഖലയാണിത്‌.

പാവപ്പെട്ടവർക്ക്‌ ഏറെ ഗുണം
സെക്കൻഡിൽ 10 എംബിമുതൽ ഒരു ജിബിവരെ വേഗത്തിൽ ഇന്റർനെറ്റ്‌ ലഭ്യമാകും.20 ലക്ഷത്തിലേറെ പാവപ്പെട്ട കുടുംബത്തിന്‌ വീടുകളിൽ ഇന്റർനെറ്റ്‌ സൗജന്യമായെത്തും. അവശേഷിക്കുന്ന 90 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക്‌ സൗജന്യ നിരക്കും.  സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും. വീട്ടിലിരുന്ന്‌ അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും കഴിയും. ഉൾഗ്രാമങ്ങളിൽവരെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുങ്ങും. ആരോഗ്യ രംഗത്ത്‌ ഇ കൺസൾട്ടിങ്ങിന്‌ അവസരം ലഭിക്കും. ചെറുകിട സംരംഭങ്ങൾക്ക്‌ ഇ കൊമേഴ്‌സ്‌ വഴി വിൽപ്പനയ്‌ക്ക്‌ അവസരമൊരുങ്ങും.

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലുമടക്കം നിലവിൽ ഇന്റർനെറ്റ്‌ നൽകുന്നത്‌ കുത്തകകമ്പനികളും ബിഎസ്‌എൽഎല്ലുമാണ്‌. വർഷം കെഎസ്‌ഇബി 15 കോടിയും പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകൾ 40 കോടിയും സിവിൽ സ്‌റ്റേഷനുകൾ 20 കോടിയും മറ്റ്‌ ഓഫീസുകൾ 75 കോടിയുമാണ്‌ മുടക്കുന്നത്‌. കേരളത്തിലെ വീടുകളിൽ കുറഞ്ഞത്‌ 1600 കോടി രൂപ ചെലവിടുന്നു. വർഷം റിലയൻസ്‌ അടക്കമുള്ള കുത്തകകളിലേക്ക്‌ നീങ്ങുന്ന 3000 കോടിയിലേറെ രൂപയുടെ വരുമാനമാവും നിലയ്‌ക്കുന്നത്‌. 

മൊബൈൽ വരുമാനവും ഇടിയും
സംസ്ഥാനത്ത്‌ ഇന്റർനെറ്റിനായി മൊബൈൽ ഫോണുകളെ ആശ്രയിക്കുന്നതിനും  കെ ഫോൺ യാഥാർഥ്യമാവുന്നതോടെ ഇടിവുണ്ടാകും. വോ‍ഡഫോൺ–- ഐഡിയക്ക്‌ സംസ്ഥാനത്ത്‌ 1.8 കോടി വരിക്കാരാണുള്ളത്. റിലയൻസ് ജിയോക്ക് ഒരു കോടിക്കടുത്തും. എയർടെല്ലിന്‌ 60 ലക്ഷവും. കെ ഫോൺ വന്നാൽ ഇവരെല്ലാം പിടിച്ചുനിൽക്കാൻ നിരക്ക്‌ കുറക്കേണ്ടിവരും.

പൊള്ളുന്നത് പുതു‌ ‘മോഡി’ക്കാർക്ക്‌
ട്രായ്‌യുടെ കണക്കുപ്രകാരം രാജ്യത്തെ ബ്രോഡ്ബാൻഡ് വിപണിയുടെ പകുതിയിലധികവും (57.68 ശതമാനം) റിലയൻസ് ജിയോയുടെ കൈയിലാണ്‌. എയർടെൽ (21.41 ശതമാനം) രണ്ടാം സ്ഥാനത്തും വോഡഫോൺ ഐഡിയ (16.47 ശതമാനം) മൂന്നാം സ്ഥാനത്തും നിൽക്കുമ്പോൾ ബിഎസ്എൻഎല്ലിന്റേത്‌ 3.19 ശതമാനംമാത്രം. സംസ്ഥാനത്തെ ഡാറ്റാ വിപണിയിൽ 90 ശതമാനവും റിലയൻസ്‌, വോഡഫോൺ, എയർടെൽ കമ്പനികൾക്കാണ്‌. കേബിൾവഴി ഏഷ്യാനെറ്റും റെയിൽവയറും രംഗത്തുണ്ട്‌. കെ ഫോൺ വരുന്നതോടെ ഇവരെല്ലാം ‘പരിധിക്ക്‌ പുറത്താവും’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top