26 April Friday

ദൈനംദിന ആരോഗ്യ പരിപാലന സംരക്ഷണ കേന്ദ്രങ്ങളാവുന്ന പകലിടങ്ങൾ

ഡോ. ജോയ് ഇളമൺ, ഡോ. രേണു വി പിUpdated: Thursday Apr 20, 2023

കേരളത്തിന്റെ ആരോഗ്യരംഗം മികച്ച നേട്ടങ്ങൾ കൈവരിച്ചതുമൂലം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കേരളത്തിലെ വയോജനങ്ങളുടെ എണ്ണം പരിശോധിക്കുകയാണെങ്കിൽ, 2011ൽ ജനസംഖ്യയുടെ 13 ശതമാനത്തോളം 60 വയസ്സിന് മുകളിലുള്ളവരായിരുന്നു. അതിൽ 44.2 % പുരുഷന്മാരും 55.8 % സ്ത്രീകളുമാണ്. 80 വയസ്സിന് മുകളിലുള്ളവരുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ, പുരുഷന്മാരുടെ അനുപാതം 37.71% ആകുകയും സ്ത്രീകളുടേത് 62.29 % ആവുകയും ചെയ്യുന്നുണ്ട്.

സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ 2013 “എ സർവേ ഓൺ ഏജിംഗ് സിനാറിയോ ഇൻ കേരള’ പഠനമനുസരിച്ച് സംസ്ഥാനത്തെ വയോജന ജനസംഖ്യ 2.3 ശതമാനം എന്ന സ്ഥിരമായ നിരക്കിൽ വളരുകയാണ്. വയോജനങ്ങളുടെ എണ്ണം ഈ നിരക്കിൽ വളരുകയാണെങ്കിൽ 2021ൽ കേരളത്തിലുള്ള 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഏകദേശം 53 ലക്ഷം ആയിരിക്കും. 2051 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം ഒരു കോടിക്കു മുകളിൽ ആകുമെന്ന് കണക്കാക്കിയിരിക്കുന്നു. മാത്രമല്ല കേരളത്തിൽ, 2011ലെ കണക്കുപ്രകാരം മൊത്തം വയോജനങ്ങളിൽ 40 ശതമാനത്തോളം പേർ ജീവിതപങ്കാളിയുടെ അഭാവത്തിൽ ജീവിക്കുന്നവരാണ്.



വയോജനങ്ങളുടെ ആരോഗ്യത്തിൽ മനുഷ്യബന്ധങ്ങൾക്കുള്ള പങ്കിനെപ്പറ്റി ശാസ്ത്രജ്ഞർ പ്രതിപാദിക്കുന്നുണ്ട്. പെപ്പർഡൈൻ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ലൂയിസ് കൊസോലിനോ “ടൈംലെസ്: ആരോഗ്യത്തിനും ദീർഘായുസ്സിനുമുള്ള പ്രകൃതിയുടെ ഫോർമുല” എന്ന പുസ്തകത്തിൽ വയോജനങ്ങളുടെ ആരോഗ്യത്തിൽ മനുഷ്യബന്ധങ്ങളുടെ നല്ല സ്വാധീനത്തെപ്പറ്റി ഊന്നിപ്പറയുന്നു. മനുഷ്യർ തമ്മിലുള്ള സമ്പർക്കം പരമാവധി വർധിപ്പിക്കുന്നത് ജീവിതത്തിലെ എല്ലാ ഘട്ടത്തിലും പ്രത്യേകിച്ച്, പ്രായമായ തലച്ചോറിന് വളരെ നല്ലതാണ്.

9 വർഷത്തിനിടെ ഏകദേശം 7000 പേരെ ഉൾപ്പെടുത്തി നടത്തിയ മറ്റൊരു പഠനമനുസരിച്ച് കൂടുതൽ സാമൂഹിക ബന്ധമുള്ളവർ അവരുടെ സാമൂഹിക സാമ്പത്തിക നില, പുകവലി, മദ്യപാനം, വ്യായാമം, അമിതവണ്ണം എന്നിവ കണക്കിലെടുക്കാതെ, കൂടുതൽ കാലം ജീവിക്കുന്ന പ്രവണത കാണിക്കുന്നതായി കണ്ടെത്തി. ഏറ്റവും കുറച്ച് സാമൂഹിക ബന്ധങ്ങളുള്ള പുരുഷന്മാരുടെ മരണനിരക്ക് ഏറ്റവും കൂടുതൽ ബന്ധമുള്ള പുരുഷന്മാരേക്കാൾ 2.3 മടങ്ങ് ആണെന്ന് ഗവേഷകർ കണ്ടെത്തി.

അതേസമയം ഏറ്റവും കുറഞ്ഞ ബന്ധമുള്ള സ്ത്രീകളുടെ മരണനിരക്ക് ഏറ്റവും കൂടുതൽ ബന്ധമുള്ള സ്ത്രീകളുടെ മരണനിരക്കിനേക്കാൾ 2.8 മടങ്ങ് കൂടുതലാണ്. നമ്മുടെ സമ്മർദ്ദ പ്രതികരണ സംവിധാനത്തെ ശാന്തമാക്കാൻ സാമൂഹിക ബന്ധങ്ങൾ സഹായിക്കുന്നു എന്നതാണ് ഇതിന് ഒരു വിശദീകരണം. പ്രായമായ ഹോങ്കോംഗ് നിവാസികളിൽ നടത്തിയ ഒരു പഠനത്തിൽ, സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് പകൽ സമയത്ത് കോർട്ടിസോളിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി.

നല്ല ബന്ധങ്ങൾ നമ്മെ ആരോഗ്യത്തോടെ തുടരാനും കൂടുതൽ കാലം ജീവിക്കാനും സഹായിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. ഡേവിഡ് സനൗഡൻ നോട്രെഡാമിലെ കത്തോലിക്ക സിസ്റ്റേഴ്സിൽ കണ്ടുവരുന്ന അസാധാരണ ആയുർദൈർഘ്യത്തെപ്പറ്റിയും കുറഞ്ഞ മറവി രോഗങ്ങളെപ്പറ്റിയും നടത്തിയ പഠനത്തിൽ അവരുടെ ആരോഗ്യകരമായ വാർദ്ധക്യത്തിൽ ഊഷ്മളവും സ്നേഹമുള്ളതുമായ സാമൂഹിക ബന്ധങ്ങളുടെ പങ്ക് കണ്ടെത്തി.

കേരളത്തിൽ വയോജനങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ, സാമൂഹികവത്കരണത്തിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സംവിധാനം ഒരു പരിഷ്‌കൃത സമൂഹം എന്ന നിലയിൽ നാം ഒരുക്കണം. ഇത്തരം ഒരു സംവിധാനത്തിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, വയോജനങ്ങൾക്ക് അവരുടെ അഭിനിവേശം പിന്തുടരുവാനുള്ള അവസരങ്ങൾ ഒരുക്കുകയും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് സമൂഹത്തിനും കുടുംബത്തിനും പലവിധത്തിലുള്ള സംഭാവനകൾ നൽകുന്ന തരത്തിൽ വയോജന മാനവ വിഭവശേഷിയെ പ്രയോജനപ്പെടുത്താവുന്നതുമാണ്.

നിലവിലെ സാഹചര്യത്തിൽ ചില ഇടങ്ങളിലെങ്കിലും ഡെകെയർ പോലെയുള്ള സൗകര്യങ്ങൾ സ്വകാര്യസ്ഥാപനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ തുകയും സമൂഹത്തിൽനിന്ന് പാർശ്വവത്കരിക്കപ്പെടുന്നുവെന്ന ചിന്ത വയോജനങ്ങളിൽ രൂപപ്പെടാനുള്ള സാധ്യതയും ഈ സ്ഥാപനങ്ങളുടെ അസ്ഥിരതയും അസന്തുലിതാവസ്ഥയും വ്യക്തമാക്കുന്നു. ആയതിനാൽ എല്ലാ സാമൂഹിക–സാമ്പത്തിക നിലകളിലുമുള്ള വയോജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന സമൂഹത്തിന്റെയും വയോജനങ്ങളുടെയും കൂട്ടായ്മയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ഒരു ജനകീയ സംവിധാനം അനിവാര്യമാണ്.

സാമൂഹികാധിഷ്ഠിതമായ ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ വയോജനങ്ങളുടെ ശാരീരികവും ഭൗതികവും വൈകാരികവും മാനസികവുമായ ശാക്തീകരണം സാധ്യമാകും. മാത്രമല്ല, ഇത്തരം സൗകര്യങ്ങളിലെ പ്രവർത്തനങ്ങൾ വയോജനങ്ങളുടെ ക്രിയാത്മകതയെ സുസ്ഥിരപ്പെടുത്താൻ സഹായിക്കുന്നതും അവരുടെ ഓർമ്മശക്തി മെച്ചപ്പെടുത്താൻ ഉതകുന്നതുമാണ്.

ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുവേണ്ടി മൂന്ന് തലങ്ങളിലായുള്ള സ്ഥാപന സംവിധാനമാണ് മുന്നോട്ടു വയ്ക്കുന്നത്.. ഈ പ്രവർത്തന പരിപാടി ഇതിനകം കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിത്തുടങ്ങി.

ഒന്നാം തലം: ഏറ്റവും താഴെ തട്ടിൽ  , അയൽക്കൂട്ടങ്ങളുടെ തലത്തിലോ അവയുടെ ക്ലസ്റ്റർ അടിസ്ഥാനത്തിലോ ഒരുമിച്ചുകൂടാനും ഇരുന്ന് സംസാരിക്കാനും സഹായകമായ സാമൂഹ്യയിടങ്ങളാണ് തണലിടങ്ങൾ.

രണ്ടാം തലം: മാനസിക ഉല്ലാസത്തിനും നേരമ്പോക്കുകൾക്കുമായി വാർഡു തലത്തിലോ തണലിടങ്ങൾക്ക് തൊട്ടു മുകളിലുള്ള, ഒത്തുചേരാനും മാനസികോല്ലാസത്തിനുമുള്ള അല്പം കൂടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പൊതുയിടമാണ് വയോ ക്ലബ്ബുകൾ.

മൂന്നാം തലം: പകൽ സമയങ്ങളിലെ ഒറ്റപ്പെടലും അനാഥത്വവും വിരസതയും ഇല്ലാതാക്കുന്നതിനൊപ്പം കൃത്യമായ ദൈനംദിന ആരോഗ്യ പരിപാലനം ലഭ്യമാക്കാനും കഴിയുന്ന പകൽ സംരക്ഷണ കേന്ദ്രങ്ങളാണ് പകൽ വീടുകൾ.

ഓരോ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വയോജന ക്ഷേമത്തിനായി രൂപീകരിച്ചിരിക്കുന്ന സാമൂഹ്യ സംഘടനാ സംവിധാനവുമായി സമന്വയിപ്പിച്ച് ഇവ രൂപീകരിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ തട്ടിലെ സാമൂഹ്യസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽവരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്  .

തണലിടങ്ങൾ

കേരളത്തിൽ നഗരവൽക്കരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ പൊതു ഇടങ്ങൾ കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. ടൗണുകളും കവലകളും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങൾക്ക് വഴിമാറുമ്പോൾ വയോജനങ്ങൾക്ക് സ്വസ്ഥമായി

ഇരിക്കാനും ആശയവിനിമയം നടത്താനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള ഇടങ്ങൾ പൂർണ്ണമായും ചുരുങ്ങിപ്പോകുന്നു. പ്രായംചെന്നവർ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടാൻ ഇതും ഒരു കാരണമാണ്. അത്തരത്തിലുള്ള സൗകര്യങ്ങളുടെ അഭാവം ഇവരെ ശാരീരികമായും വൈകാരികമായും സ്വാധീനിക്കുന്നു. കൂടാതെ ഇവരുടെ സംവേദന ക്ഷമതയും, ഓർമ്മയും കുറയുന്നതിനും ഇത് കാരണമാകുന്നു.

പ്രായമായവർക്ക് പരസ്പരം സംസാരിക്കാനും വിശ്രമിക്കാനുമുള്ള സമയം ക്രിയാത്മകമായി ഉപയോഗിക്കാവുന്ന ഒരു പൊതുസ്ഥലമാണ് തണലിടങ്ങൾ. തിരക്കുകളിൽ നിന്ന് മാറി ശാന്തമായതും നിശബ്ദമായതും സുരക്ഷിതമായതും സന്തോഷം നൽകുന്നതുമായ രീതിയിലാണ് തണലിടങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. വ്യക്തിത്വബോധം നിലനിർത്താനും ഏകാന്തത, വിഷാദം എന്നിവ മാറ്റിനിർത്താനും ഇത്തരത്തിലുള്ള ആശയവിനിമയ വേദികൾ നിർണായകമായ പങ്കുവഹിക്കും.

ഇതിന് ഒരു പരിഹാരമായി പൊതുസ്ഥലങ്ങൾ വയോജന സൗഹൃദപരമായ രീതിയിൽ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ഓരോ വാർഡിലും എല്ലാ വയോജനത്തിനും വീട്ടിൽ നിന്ന് നടന്നുവരാവുന്ന ദൂരത്ത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതും സുരക്ഷിതവുമായ മൂന്നോ നാലോ തുറന്ന പൊതുസ്ഥലങ്ങളിൽ തണലിടങ്ങൾ രൂപീകരിക്കാം. സൗകര്യാർത്ഥം അനുവാദത്തോടെ സ്വകാര്യ സ്ഥലങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം.തുടക്കത്തിൽ, ഇവിടെ ഇരിക്കാൻ പാകത്തിൽ കുറച്ച് ഇരിപ്പിടങ്ങളോ ബെഞ്ചുകളോ മാത്രം മതിയാകും.

ലക്ഷ്യം

കിടപ്പുരോഗികളല്ലാത്ത എല്ലാ വയോജനങ്ങൾക്കും ദിവസവും വ്യായാമം കഴിഞ്ഞോ, വീട്ടിൽ ഏകാന്തത അനുഭവപ്പെടുന്ന വേളയിലോ അവരുടെ ഇഷ്ടപ്രകാരം ഏത് സമയത്തും വന്നിരിക്കാൻ സാധിക്കുന്ന സ്ഥലമാണ് തണലിടങ്ങൾ. മാത്രമല്ല ഇങ്ങനെയുള്ള സ്ഥലങ്ങൾ വയോജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇടങ്ങളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. ഒറ്റപ്പെട്ട വയോജനങ്ങളെ സമൂഹത്തിലേക്ക് കൊണ്ടുവരാനും പരസ്പരസമ്പർക്കത്തിലൂടെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ഇത്തരം ഇടങ്ങൾകൊണ്ട് സാധിക്കും.

ആവശ്യമായ സൗകര്യങ്ങൾ

എല്ലാ തണലിടങ്ങളിലും പത്തുപേർക്കെങ്കിലും ഒന്നിച്ചു കൂടിയിരിക്കാനുള്ള ഇരിപ്പിടങ്ങളും അവയുടെ ശുചിത്വവും കൃത്യമായ പരിപാലനവും ഉറപ്പുവരുത്തുകയും ചെയ്യണം. ആവശ്യമെങ്കിൽ തണലിടങ്ങളിൽ പത്രങ്ങളും മറ്റു മാസികകളും എത്തിക്കുകയും അവ മഴ നനയാതെ കൃത്യമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യാം. അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ/ആശാവർക്കർമാർ/സാന്ത്വനം പ്രവർത്തകർ എന്നിവരിൽ ഒരാൾ രണ്ട് ആഴ്ചയിൽ ഒരിക്കൽ ഇവിടെ വന്ന് വയോജനങ്ങളുടെ രക്തസമ്മർദ്ദം മുതലായവ പരിശോധിക്കണം.

വയോ ക്ലബ്‌

തണലിടങ്ങളുടെ അടുത്ത ഘട്ടമാണ് വയോ ക്ലബ്ബുകൾ. തണലിടങ്ങളെ അപേക്ഷിച്ച് കൂടുതൽ സമ്പർക്കം സൃഷ്ടിക്കാനും സേവനങ്ങൾ നൽകാനും ഇത്തരം കേന്ദ്രങ്ങൾകൊണ്ട് സാധിക്കും. തണലിടങ്ങളിൽനിന്ന് വ്യത്യസ്തമായി പകൽസമയത്ത് വയോജനങ്ങൾക്ക് സംഘടിതമായി ഒത്തുകൂടാവുന്ന ഇടങ്ങളാണ് ഇവ. പഞ്ചായത്ത് കണ്ടെത്തുന്ന ലൈബ്രറി പോലെയുള്ള പൊതു സ്ഥാപനങ്ങളുമായി ചേർന്നോ അല്ലെങ്കിൽ തല്പരരായിട്ടുള്ള സ്വകാര്യ വ്യക്തികൾ നൽകുന്ന സൗകര്യങ്ങളിലോ വയോ ക്ലബ്ബുകൾ രൂപീകരിക്കാം.

ലക്ഷ്യം

പകൽ സമയങ്ങളിൽ വീടുകളിൽ ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങൾക്കും വയോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വയോജനങ്ങൾക്കും ദിവസേന വന്നിരിക്കാനും സംസാരിക്കാനും വ്യത്യസ്തങ്ങളായ വിനോദങ്ങളിൽ ഏർപ്പെടുവാനുമുള്ള ഒരു സംവിധാനമാണ് വയോജന ക്ലബ്ബുകൾ. ഇതിനോടൊപ്പം ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ച് വേതനത്തോടെയോ വേതനമില്ലാതെയോ സേവനങ്ങൾ പ്രദാനം ചെയ്യാം (ഉദാ: വിരമിച്ച അധ്യാപകർ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുക). പലതരത്തിലുള്ള വിനോദങ്ങളിലും സമ്പർക്കത്തിലും ഏർപ്പെടുന്നത് മാനസികോല്ലാസത്തിനും ആരോഗ്യത്തിനും സഹായിക്കും.വിനോദങ്ങൾ മാത്രമല്ല ആവശ്യാനുസരണം ലഘുവ്യായാമ ക്ലാസുകൾ പോലെയുള്ളവയും ഇത്തരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാവുന്നതാണ്.

തണലിടങ്ങളുടെ നടത്തിപ്പിന് ഒരു കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.ഇതിൽ റെസിഡൻസ് അസോസിയേഷൻ,അയൽക്കൂട്ടം, വായനശാല  , കുടുംബശ്രീ, തുടങ്ങിയ പൊതുസംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന വയോക്ലബ്ബുകളുടെ നടത്തിപ്പുചുമതല ഈ പൊതുസംവിധാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് നൽകാവുന്നതാണ്.

വയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

വയോ ക്ലബ്ബിന്റെ നടത്തിപ്പുകാരൻ, ക്ലബ് എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ആറുമണിവരെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പംതന്നെ ക്ലബ്ബിന്റെ സൗകര്യങ്ങൾ കേടുപാട് വരുത്താതെ അവർ സംരക്ഷിക്കണം.

വയോജനങ്ങളുടെ ഉല്ലാസത്തിനും സമൂഹവുമായി ഇടപഴകുവാനുള്ള പ്രവർത്തനങ്ങളും ഓരോ വയോ ക്ലബ്ബുകളും നടത്തണം. ഇങ്ങനെ നടത്തേണ്ട പ്രവർത്തനങ്ങൾ ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഒന്നിൽ രേഖപ്പെടുത്തിയിരിക്കുന്നു.

വയോജനങ്ങളുടെ വിനോദത്തിന് ആവശ്യമായ സാമഗ്രികൾ (ഉദാഹരണത്തിന്: ചെസ്സ് ബോർഡ്, ചീട്ട്, പത്ര മാസികകൾ, ടിവി) ഓരോ വയോ ക്ലബ്ബിലും ലഭ്യമാക്കണം.

വയോജനങ്ങൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ (ഉദാഹരണത്തിന്: വിരമിച്ച അധ്യാപകരുടെ ട്യൂഷൻ, കരകൗശല വസ്തുക്കളുടെ നിർമ്മാണം) അവയ്ക്കു വേണ്ട സൗകര്യങ്ങൾ വയോ ക്ലബ്ബുകളിൽ ഏർപ്പെടുത്താൻ ശ്രമിക്കണം. അതുപോലെ അങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം വയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടിയോ അല്ലെങ്കിൽ വ്യക്തിക്ക് സ്വന്തമായി വേണമെങ്കിൽ അവർക്ക് നൽകുകയോ ചെയ്യണം.

വയോജന ക്ലബ്ബിന്റെ പ്രവർത്തനം വയോജനങ്ങളുടെ ഒറ്റപ്പെടൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് പരിഹാരമാകുന്ന തരത്തിലായിരിക്കണം.

പകൽ വീടുകൾ

പകൽ സമയങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും വീടുകളിൽ ഒറ്റയ്ക്കായവർക്കും വിനോദവും അവശ്യ സൗകര്യങ്ങളും നൽകാൻ കഴിയുന്ന ഇടങ്ങളാണ് പകൽ വീടുകൾ.പകൽ സമയങ്ങളിൽ വിരസതയും ഏകാന്തതയും അനുഭവിക്കുന്ന എല്ലാ വയോജനങ്ങൾക്കും പകൽ നേരങ്ങൾ ചെലവഴിക്കാനുള്ള ഇടമാണ് ഇവ.  നിലവിലുള്ള പകൽവീടുകൾക്കൊപ്പം ആവശ്യമെങ്കിൽ പഞ്ചായത്ത് ഏർപ്പാടാക്കുന്ന സ്ഥലങ്ങളിൽ പുതിയ പകൽ വീടുകളും ആരംഭിക്കാവുന്നതാണ്.

ലക്ഷ്യം

പകൽ നേരങ്ങളിൽ വയോ ക്ലബ്ബിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുകയും അതിനോടൊപ്പം തന്നെ വയോജനങ്ങളുടെ ദൈനംദിന ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന സ്ഥലമാണ് പകൽവീട്. പകൽവീടുകളുടെ പ്രധാന ലക്ഷ്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു;

• വീട്ടിൽ തനിച്ചാവുന്നവരെ പകൽവീടുകളിൽ എത്തിച്ച് കൃത്യസമയത്ത് ഭക്ഷണവും മരുന്നുകളും മറ്റ് സേവനങ്ങളും നൽകുക.
• വായന എഴുത്ത് സംഗീതം,അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രായമായവരുടെ മാനസിക പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സഹായിക്കുക.
• പരസ്പരം ആശയവിനിമയം നടത്തുകയും അവരുടെ വ്യക്തിഗതമായ കഴിവുകൾ മെച്ചപ്പെടുത്താനും പ്രദർശിപ്പിക്കാനും കഴിയുന്ന ഒരിടം സൃഷ്ടിച്ചെടുക്കുക.

പകൽ വീടിന്റെ പ്രവർത്തനങ്ങൾ

കെയർടേക്കർ/ ഹെൽപ്പർ എന്നിവരുടെ, എല്ലാ ദിവസവും രാവിലെ 8 മണി മുതൽ ആറുമണിവരെ ആയി നിജപ്പെടുത്താവുന്നതാണ്.
പകൽവീടുകളിൽ വയോജനങ്ങൾക്ക് നിർബന്ധമായും ദൈന്യദിന ആരോഗ്യപരിപാലനം നൽകണം. നിർബന്ധമായും നൽകേണ്ട ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു. പട്ടികയിൽ ഇല്ലാത്ത പ്രവർത്തനങ്ങളും മാനേജ്മെന്റ് കമ്മിറ്റികളുടെ തീരുമാനപ്രകാരം നടത്താവുന്നതാണ്.
വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളും പകൽവീടുകളിൽ സംഘടിപ്പിക്കേണ്ടതാണ്.
വയോജനങ്ങളുടെ ഉല്ലാസത്തിനും സമൂഹവുമായി ഇടപഴകുവാനുമുള്ള പ്രവർത്തനങ്ങളും ഓരോ പകൽവീടും നടത്തണം.

പട്ടികയിൽ ചേർത്തിട്ടില്ലാത്ത പ്രവർത്തനങ്ങളും മാനേജ്മെന്റ് കമ്മിറ്റികൾക്ക് ചർച്ച ചെയ്തു നടപ്പിലാക്കാവുന്നതാണ്.
പകൽ വീട് ജീവനക്കാർക്ക് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകണം.

പകൽവീട്ടിലെ പ്രവർത്തനങ്ങൾ പരിപൂർണമായി നടക്കുന്നതിന് പകൽവീട് ജീവനക്കാരുടെ സേവനം അനിവാര്യമാണ്.താഴെ പറഞ്ഞിരിക്കുന്നവയാണ് പകൽ വീട് ജീവനക്കാരിൽ പ്രതീക്ഷിക്കുന്ന കഴിവും മൂല്യങ്ങളും:

• പകൽവീട്ടിലെ ജീവനക്കാരിൽ സൗകര്യാർത്ഥം നിർബന്ധമായും സ്ത്രീയും പുരുഷനും ഉണ്ടായിരിക്കണം.
• വയോജന സൗഹൃദ ഗ്രാമ പദ്ധതിയെപറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം.
• വയോജനങ്ങളോട് അനുകമ്പയോടെയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും പ്രവർത്തിക്കാനും അവരോട് സൗഹൃദപരമായ രീതിയിൽ പെരുമാറാനും കഴിയുന്നവരായിരിക്കണം.
• വയോജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്നവർ ആയിരിക്കണം.
• പ്രാഥമികമായി നൽകേണ്ട അടിയന്തര ആരോഗ്യസേവനങ്ങൾ നൽകാനുള്ള ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം,

സാമ്പത്തിക സ്രോതസ്സുകൾ

പകൽ വീടിന്റെ നടത്തിപ്പിനാവശ്യമായ ധന സമാഹരണം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായും സ്പോൺസർഷിപ്പിലൂടെയും, സ്വന്തം വരുമാനത്തിലൂടെയോ,അല്ലെങ്കിൽ സി എസ് ആർ ഫണ്ടിലൂടെയോ കണ്ടെത്താവുന്നതാണ്. ഇന്ന് ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്തൽ ഒരു പ്രധാന പ്രശ്നമായി കാണുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വപരമായ ചുമതല ഏറ്റെടുത്താൽ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തൽ ഒരു പ്രശ്നമല്ല.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top