27 April Saturday

ലോകകപ്പിൽ ഇന്ത്യ; അതാണ്‌ എന്റെ സ്വപ്‌നം-ഇന്ത്യൻ ടീമിന്റെ ഗോൾവല കാത്ത കെ പി സേതുമാധവൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022

കെ പി സേതുമാധവൻ-ഫോട്ടോ: ജഗത്‌ലാൽ

ഫുട്‌ബോളിൽ കേരളത്തിന്റെയും  ഇന്ത്യൻ ടീമിന്റെയും ഗോൾവലയം പേടിക്കാതിരുന്നൊരു കാലമുണ്ടായിരുന്നു.  കാരണം അന്ന്‌ ഗോൾപോസ്‌റ്റിന്‌ മുന്നിൽ വിശാലമായ കൈകളുയർത്തി കെ പി സേതുമാധവൻ നിലയുറപ്പിച്ചിരുന്നു.  1960ൽ കോഴിക്കോട്‌ സന്തോഷ്‌ ട്രോഫി നടക്കുമ്പോൾ കളിക്കാർക്ക്‌ ബോൾ എടുത്തുകൊടുത്തായിരുന്നു അയാൾ കളിയിലേക്ക്‌ കാലെടുത്തുവെച്ചത്‌.  പിന്നീട്‌ ലോകം കണ്ടത്‌   മികച്ചൊരു ഗോൾകീപ്പറെയാണ്‌. പ്രീമിയർ ടയേഴ്‌സിൽ കളി തുടങ്ങി സന്തോഷ്‌  ട്രോഫിയിലൂടെ വളർന്ന്‌ ഇന്ത്യൻ ടീമിനുവരെ ജഴ്‌സിയണിഞ്ഞ ഫുട്‌ബോളർ. ഖത്തറിൽലോകകപ്പ് സമാപിക്കുമ്പോൾ  കാൽപ്പന്തിനെക്കുറിച്ചും അതിൽ ഇന്ത്യയുടെ ഭാവിയെയും കുറിച്ച്‌ സംസാരിക്കുകയാണ്‌ സേതുമാധവൻ

1972 ഗോവ സന്തോഷ് ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും ഏറ്റുമുട്ടുന്നു. മണിയായിരുന്നു കേരളത്തിന്റെ ക്യാപ്‌റ്റൻ. ചെറുപ്പക്കാരുടെ നിരയായിരുന്നു കേരളത്തിന്റേത്. മഹാരാഷ്ട്ര അന്നത്തെ വൻ താരനിരയുമായാണ് കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ മണി നേടിയ ഒരു ഗോളിൽ കേരളം ലീഡ് പിടിച്ചു. മറുപടി ഗോളിനായി മഹാരാഷ്ട്ര കേരള ബോക്സിലേക്ക് ഇരച്ചുകയറി. പക്ഷേ കേരള വല കാത്ത സേതുമാധവൻ എന്ന ചെറുപ്പക്കാരന് മുന്നിൽ അവരുടെ കാലുകൾ നിശ്ചലമായി.

1972 ൽ കൊല്ലത്ത്‌ നടന്ന പെന്റാങ്കുലർ ടൂർണമെന്റിൽ  ജഴ്‌സി നമ്പർ 11ന്‌ സമീപം കെ പി സേതുമാധവൻ

1972 ൽ കൊല്ലത്ത്‌ നടന്ന പെന്റാങ്കുലർ ടൂർണമെന്റിൽ ജഴ്‌സി നമ്പർ 11ന്‌ സമീപം കെ പി സേതുമാധവൻ

രണ്ടാം പകുതിയിൽ രാജ്യാന്തര താരവും അക്കാലത്തെ സൂപ്പർ സ്ട്രൈക്കറുമായ ശ്യം ഥാപ്പ പന്തുമായി കേരള ബോക്സിലേക്ക്. കേരള പ്രതിരോധം കാഴ്ചക്കാരായി. ഗ്യാലറി ഗോളുറപ്പിച്ചു. ഒരു നിമിഷം,  സേതുമാധവൻ നാല് ചുവട് മുന്നോട്ടുകയറി.

ശ്യാം ഥാപ്പയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത്‌ കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു.  മഹാരാഷ്‌ട്ര താരങ്ങൾ അമ്പരന്ന് നിൽക്കെ ഗ്യാലറി എണീറ്റ് നിന്ന് സേതുവിന് കൈയടിച്ചു. പക്ഷേ മുറിവേറ്റ മഹാരാഷ്ട്ര അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല.

തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ടു. ശ്യാം ഥാപ്പയുടെ മറ്റൊരു കിടിലൻ ഷോട്ട് സേതുമാധവൻ കുത്തി കയറ്റി, പന്ത് തെറിച്ചുവീണത് രഞ്ജിത് ഥാപ്പയുടെ കാലിൽ. രഞ്ജിതിന്റെ തകർപ്പൻ ഷൂട്ട്. വീണ്ടും ചാടി തടുത്തു.

പക്ഷേ പന്ത് വീണ്ടും രഞ്ജിതിന്റെ കാലിലേക്ക്. ഇത്തവണ പോസ്റ്റ് കേരളത്തിന്റെ രക്ഷകനായി. അതായിരുന്നു ഒരു കാലത്ത് കേരള ടീമിന് സേതു. 1970 ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

ശ്യാം ഥാപ്പ

ശ്യാം ഥാപ്പ

ശ്യാം ഥാപ്പ അടക്കമുള്ള സീനിയർ താരങ്ങളുടെ അഭിനന്ദനവും സേതുവിനെ തേടിയെത്തി. കെ പി  സേതുമാധവനെന്ന ഫുട്‌ബോളറുടെ ഉദയമായിരുന്നു ഇവിടെ കണ്ടത്‌.

ഗോവ സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം സേതുവിനെ ജൂനിയർ ഇന്ത്യൻ ടീമിലേക്കും തുടർന്ന് സീനിയർ ഇന്ത്യൻ ടീമിലും എത്തിച്ചു. കുമ്മായ വരയിട്ട മൈതാനം. അതിന്‌ ചുറ്റും മുളയും കമുങ്ങും കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ഗ്യാലറി.

എങ്ങും കാണികളുടെ ആവേശത്തിമിർപ്പ്‌. പന്തുകളി കാണാൻ ജനം മൈതാനത്തേക്ക്‌ ഒഴുകിയെത്തിയിരുന്ന കാലം. കാൽപ്പന്തിനെ ജീവനുതുല്യം സ്‌നേഹിച്ച ഒരുപാട്‌ മനുഷ്യർ. ആ ആവേശം ഉൾക്കൊണ്ടുവന്ന്‌ പന്തുതട്ടാൻ ഇറങ്ങിയ തലമുറയുടെ പ്രതിനിധിയാണ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ഗോൾകീപ്പർ കെ പി സേതുമാധവൻ. 

ഇന്ത്യ കണ്ട  മഹാപ്രതിഭകളിലൊരാളായ ജർണയിൽ സിങിന്റെ പരിശീലനത്തിൽ ജൂനിയർ ഇന്ത്യക്കായി കളിക്കാൻ ഇറാനിലേക്കുള്ള യാത്രയിൽ വിമാനം കയറിയ  സംഘത്തിൽ ഇന്ത്യയുടെ ഗോൾ വലയം കാക്കാൻ നിയോഗിക്കപ്പെട്ടത്‌ അന്ന്‌  20 വയസ്സുണ്ടായിരുന്ന സേതുമാധവനായിരുന്നു. ശക്തരായ ലബനനും കൊറിയയും ഉൾപ്പെടുന്നതായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പ്‌. 

ഇതിൽ ലബനനെ സമനിലയിൽ തളക്കുന്നതിൽ ഇന്ത്യ സേതുമാധവന്റെ കൈകളോട്‌ കടപ്പെട്ടിരിക്കുന്നു.  മലേഷ്യൻ ഫുട്‌ബോൾ അസോസിയേഷനും  സർക്കാരും ചേർന്ന്‌  നടത്താറുള്ള മെർദെക്ക കപ്പിലും  സേതുമാധവനെന്ന ഫുട്‌ബോളറുടെ കയ്യൊപ്പ്‌ പതിഞ്ഞിരുന്നു.

 മെർദെക്ക കപ്പിൽ പങ്കെടുത്ത  ഇന്ത്യൻ ടീം അംഗങ്ങൾ. ഇരിക്കുന്നവരിൽ വലത്‌ നിന്ന്‌ ഒന്നാമത്തേത്്‌  കെ പി സേതുമാധവൻ

മെർദെക്ക കപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീം അംഗങ്ങൾ. ഇരിക്കുന്നവരിൽ വലത്‌ നിന്ന്‌ ഒന്നാമത്തേത്്‌ കെ പി സേതുമാധവൻ

73ൽ സീനിയർ ഇന്ത്യൻ ടീമിനുവേണ്ടി  ജഴ്‌സിയണിഞ്ഞായിരുന്നു  ഗോൾകീപ്പറായി മെർദെക്ക കപ്പിൽ മലേഷ്യയിൽ എത്തിയത്‌.

എന്നാൽ അന്ന്‌ സേതുവിനെ കോച്ച്‌ കളിപ്പിച്ചില്ല. എന്നാൽ അടുത്ത വർഷം ഇതേ ടീമിൽ ഉൾപ്പെട്ട സേതു ഇന്ത്യയുെട ഗോൾ വലയം കാത്തു. മലേഷ്യ, തായ്‌ലാൻഡ്‌, ഹോങ്കോങ്‌ തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു ഇന്ത്യയുെട കളി.

1960ൽ കോഴിക്കോട്‌ നടന്ന സന്തോഷ്‌ട്രോഫിയിൽ രാജ്യത്തെ മികച്ച ടീമുകൾ പന്തുതട്ടുമ്പോൾ ബോൾപിക്കറായാണ്‌ സേതുമാധവൻ കളി ജീവിതം തുടങ്ങിയത്‌. കളി കണ്ടുനിന്ന സേതു പിന്നീട്‌ കളിക്കാരനായി. വലക്ക്‌ മുന്നിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും കാവൽക്കാരനായി.

ജൂനിയർ ഇന്ത്യൻ ടീമിന്റെയും 1973–74 കാലത്ത്‌ മെർദെക്ക കപ്പിൽ സീനിയർ ഇന്ത്യൻ ടീമിന്റെയും ഗോൾവല കാത്തു. 1972 മുതൽ 75 വരെയും 78ലും സീനിയർ കേരള ടീമിലും അംഗമായിരുന്നു.

പ്രീമിയർ ടയേഴ്‌സിന്റെ പ്രതാപകാലത്ത്‌ അതിന്റെ വല കാക്കാനുള്ള ഭാഗ്യവുമുണ്ടായി. 1980ൽ എൻഐഎസ്‌ പരിശീലകനായി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പരിശീലകന്റെ റോളിലും തിളങ്ങി. 1984, 85 സന്തോഷ്‌ട്രോഫികളിൽ ഒളിമ്പ്യൻ റഹ്മാന്റെ  സഹപരിശീലകനായി കേരള ടീമിനൊപ്പമുണ്ടായിരുന്നു.

ജി വി രാജ ടൂർണമെന്റിൽ കിരീടം നേടിയ  പ്രീമിയർ ടയേഴ്‌സ്‌ ടീം . പന്തുമായി   നിൽക്കുന്നത്‌ സേതുമാധവൻ

ജി വി രാജ ടൂർണമെന്റിൽ കിരീടം നേടിയ പ്രീമിയർ ടയേഴ്‌സ്‌ ടീം . പന്തുമായി നിൽക്കുന്നത്‌ സേതുമാധവൻ

പിന്നീട്‌ തമിഴ്‌നാട്‌ നെയ്‌ വേലി ലിഗ്‌നൈറ്റ്‌സ്‌ ടീമിന്റെ ചുമതലയേറ്റെടുത്തു. നെയ്‌വേലി ലിഗ്‌നൈറ്റ്‌സ്‌ രാജ്യമറിയുന്ന ടീമായി മാറുന്നതിൽ നിർണായക പങ്കുവഹിച്ചു. ഈ കാലഘട്ടത്തിൽ പല തവണ സന്തോഷ്‌ ട്രോഫിയിലടക്കം തമിഴ്‌നാട്‌ ടീമിന്റെ പരിശീലക റോളും നിർവഹിച്ചു. പരിശീലക കുപ്പായം അഴിച്ചുവെച്ച്‌ വിശ്രമജീവിതം നയിക്കുമ്പോഴും ആ മനസ്സ്‌ നിറയെ ഫുട്‌ബോളാണ്‌.

ഖത്തറിൽ ലോകകപ്പിന്റെ ആരവം മുഴങ്ങുമ്പോൾ അടങ്ങിയിരിക്കാൻ കഴിയുന്നില്ല. ഒരോ കളിയും കണ്ട്‌ അതിനെ കൃത്യമായി അവലോകനം ചെയ്യുന്നു. 2010 ലോകകപ്പ്‌ മുതൽ ഒരോ കളിയിലും എങ്ങനെ ഗോളുകൾ പിറന്നുവെന്നും ഗോൾ വന്ന വഴിയുമെല്ലാം ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തി വെയ്‌ക്കുന്നു. ഈ ലോകകപ്പിലും ആ ശീലത്തിന്‌ മാറ്റമില്ല.

ഒളിമ്പ്യൻ റഹ്മാൻ

ഒളിമ്പ്യൻ റഹ്മാൻ

പക്ഷേ നിലവിലെ ഇന്ത്യൻ ഫുട്‌ബോളിന്റെ അവസ്ഥയിൽ അദ്ദേഹം നിരാശനാണ്‌. പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഏറെ കൊട്ടിഘോഷിച്ചാണ്‌ വരാറുള്ളത്‌. പദ്ധതികൾ പാതിവഴിയിൽ പൊലിഞ്ഞുപോകുന്നത്‌ കാണുമ്പോൾ സങ്കടം തോന്നും. പല പദ്ധതികളും നിലച്ചുപോകുന്നതിന്‌ നേരിട്ട്‌ സാക്ഷിയായി.

കൂട്ടായ പരിശ്രമമുണ്ടെങ്കിൽ, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും കായിക സംഘടനകളും സർക്കാരും യോജിച്ചുനിന്ന്‌ ഒരേ മനസ്സോടെ ശ്രമിച്ചാൽ ഇന്ത്യൻ ഫുട്‌ബോളിന്‌ നല്ലകാലം തിരിച്ചുവരുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഇന്ത്യൻ ഫുട്‌ബോളിന്‌ നല്ലകാലം വരുമെന്ന തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ്‌ സേതുമാധവൻ. ഖത്തർ ലോകകപ്പിന്റെ സാഹചര്യത്തിൽ ലോക ഫുട്‌ബോളിനെക്കുറിച്ചും ഇന്ത്യൻ ഫുട്‌ബോളിലെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

കെ പി സേതുമാധവൻ

കെ പി സേതുമാധവൻ

ഖത്തർ ലോകകപ്പ്‌ രണ്ടാം റൗണ്ടിലേക്ക്‌ കടന്നിരിക്കുന്നു.   ഇതുവരെയുള്ള മത്സരം എങ്ങിനെ വിലയിരുത്തുന്നു?

ലോക ഫുട്‌ബോളിൽ വലിയ മാറ്റമാണ്‌ വന്നിരിക്കുന്നത്‌. നേരത്തെ  ലോകകപ്പ്‌ എന്നുപറഞ്ഞാൽ അർജന്റീനയും ബ്രസീലും ഫ്രാൻസും ജർമനിയുമൊക്കെയാണ്‌ നമ്മുടെയെല്ലാം മനസ്സിലേക്ക്‌ ആദ്യം വരിക. ഈ ലോകകപ്പിൽ വമ്പൻ ടീമുകളും ചെറിയ ടീമുകളും എന്ന പഴയ സങ്കൽപ്പം മാറി. എത്ര പേരുകേട്ട ടീമുകൾക്കും കാലിടറുന്നു. പുതിയ ടീമുകൾ കയറി വരുന്നു.

നേരത്തെ ഫുട്‌ബോളിന്റെ സൗന്ദര്യമെന്ന്‌ പറഞ്ഞാൽ ബ്രസീലും അർജന്റീനയും ഉറുഗ്വേയും മറ്റുമായിരുന്നു. ഇപ്പോൾ ലാറ്റിനമേരിക്കൻ ശൈലി, യൂറോപ്യൻ ശൈലി എന്നൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ്‌ കളിക്കുന്നത്‌.

മധ്യനിരയിലേക്ക്‌ ഇറങ്ങി പന്തെടുത്ത്‌ നാലും അഞ്ചും കളിക്കാരെ വെട്ടിച്ചുകയറി ഗോൾ അടിക്കുന്ന മറഡോണയെപ്പോലുള്ള താരങ്ങൾ ഇന്നില്ല. ഇന്ന്‌ ടീം ഗെയിമിനാണ്‌ പ്രധാനം. പുതിയ തലമുറയിൽ ബ്രസീലിന്റെ വിനീഷ്യസ്‌ ജൂനിയർ നല്ല പ്രതിഭയുള്ള താരമാണ്‌.

വ്യക്തി കേന്ദ്രീകൃത ഫുട്‌ബോളിന്റെ കാലം കഴിഞ്ഞു. കളിയുടെ രൂപവും വേഗവും മാറി. താരപ്രഭയിൽ കളി ജയിക്കുക പ്രയാസമാണ്‌. അർജന്റീന അടക്കമുള്ള പല ടീമുകളും ഈ ലോകകപ്പിൽ ആ പ്രതിസന്ധി നേരിടുന്നുണ്ട്‌. മെസി ലോകത്തെ എറ്റവും മികച്ച താരമാണ്‌. പക്ഷേ ടീമിനെ ഒറ്റയ്‌ക്ക്‌ നയിക്കേണ്ടി വരുമ്പോൾ സമ്മർദമുണ്ടാകുന്നു. അത്‌ മനുഷ്യസഹജമാണ്‌. എല്ലാ മനുഷ്യർക്കും ആ സമ്മർദമുണ്ടാകും.

ആര്‌ കപ്പ്‌ നേടുമെന്ന പ്രവചനം  സാധിക്കുമോ  ?

ഈ ലോകകപ്പിൽ പ്രവചനം അസാധ്യമാണ്‌. ഒന്നും പറയാൻ കഴിയില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടീം സ്‌പെയിനാണ്‌. കൂടുതൽ സമയം പന്ത്‌ കൈവശം വെച്ച്‌, എല്ലാ താരങ്ങളും പരസ്‌പരം പന്ത്‌ കൈമാറി കളിച്ച ടീം അവരാണ്‌.

കരീം ബെൻസിമ

കരീം ബെൻസിമ

ബ്രസീൽ, ഫ്രാൻസ്‌, ഇംഗ്ലണ്ട്‌ അടക്കമുള്ള ടീമുകളും മികച്ച കളിയാണ്‌ നടത്തിയത്‌. ഫ്രാൻസിന്‌ ബെൻസിമ അടക്കമുള്ള നാല്‌ പ്രധാന താരങ്ങളില്ലാത്തത്‌ ബാധിക്കും. ബെൻസിമ നല്ല ഫോമിൽ കളിച്ചിരുന്ന താരമായിരുന്നു. സിദാന്‌ ശേഷം ഫ്രാൻസ്‌ കണ്ട പ്രതിഭാശാലിയായ താരമാണ്‌ ബെൻസിമ. മെസി കടുത്ത സമ്മർദം അനുഭവിക്കുന്നത്‌ അർജന്റീനയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാകും.

മെസി മനുഷ്യനല്ലേ മിഷ്യനൊന്നുമല്ലല്ലോ. ക്രിസ്‌റ്റ്യാനോയും  നെയ്‌മറുമെല്ലാം ഈ സമ്മർദം അനുഭവിക്കുന്നുണ്ട്‌. യൂറോപ്പിൽ ഫുട്‌ബോൾ ലീഗ്‌ നടക്കുന്നത്‌ നിർത്തിവെച്ചിട്ടാണ്‌ താരങ്ങൾ ലോകകപ്പിലേക്ക്‌ വരുന്നത്‌.

സാധാരണ മെയ്‌, ജൂൺ മാസങ്ങളിലാണ്‌ ലോകകപ്പ്‌ മത്സരങ്ങളുണ്ടാകാറുള്ളത്‌. ഇങ്ങനെ പല ഘടകങ്ങൾ ടീമുകളുടെയും താരങ്ങളുടെയും പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

‘വാർ’ പോലുള്ള പുതിയ ടെക്‌നോളജി  കളിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നുണ്ടോ?

തീരുമാനങ്ങളിൽ പരിപൂർണത വരുത്താനാണ്‌ വാർ പോലുള്ള ആധുനിക സംവിധാനങ്ങൾ വരുന്നത്‌. അതുകൊണ്ടുതന്നെ ‘വാർ’ കളിയുടെ സൗന്ദര്യം നശിപ്പിക്കുന്നുവെന്ന്‌ പറയാൻ കഴിയില്ല.

പലപ്പോഴും റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ പരാതികൾ ഉണ്ടാകാറുണ്ട്‌. ഇവിടെ ആ പ്രശ്‌നമില്ല. കംപ്യൂട്ടറാണ്‌ തീരുമാനം എടുക്കുന്നത്‌. ബോളിൽ പോലും സെൻസറുണ്ട്‌. പന്ത്‌ ഗോൾവര കടന്നാൽ റഫറിയുടെ കൈയിലേക്ക്‌ മെസേജ്‌ വരും.

സാങ്കേതിക വിദ്യയുടെ വളർച്ച കളി നിയമങ്ങളിൽ മാത്രമല്ല, കളിയുടെ രീതി തന്നെ  മാറ്റം വരുത്തിയിട്ടുണ്ട്‌.

മറഡോണ

മറഡോണ

കളിയുടെ തന്ത്രങ്ങളിൽ തന്നെ മാറ്റം വന്നു. യുദ്ധ സന്നാഹം പോലെയാണ്‌ ടീമുകൾ വരുന്നത്‌. ഒരോ താരങ്ങളെയും എങ്ങനെ ഉപയോഗിക്കണമെന്ന്‌ പരിശീലകർക്കറിയാം. താരങ്ങളുടെ പ്രകടനത്തെ യന്ത്രങ്ങളുടെ സഹായത്തോടെ അനലൈസ്‌ ചെയ്യുന്നു.

അവർ നടത്തിയ നീക്കങ്ങൾ പോലും ഗ്രാഫുകളായി സ്‌ക്രീനിൽ കാണിക്കും. പണ്ട്‌ കളി കാണുന്ന പരിശീലകൻ പറയുന്നത്‌ അനുസരിച്ചാണ്‌ താരങ്ങളുടെ പിഴവുകൾ പരിഹരിച്ചിരുന്നത്‌. ഇന്ന്‌ ആ റോളുകളെല്ലാം യന്ത്രങ്ങളാണ്‌ വഹിക്കുന്നത്‌.

ലോകകപ്പിൽ ഏഷ്യൻ രാജ്യങ്ങൾ വൻ അട്ടിമറികളാണ്‌ നടത്തുന്നത്, ഇതിനെ എങ്ങനെ കാണുന്നു ?

സൗദി അറേബ്യ ആദ്യ മത്സരത്തിൽ മികച്ച കളിയാണ്‌ നടത്തിയത്‌. ജപ്പാൻ ജർമനിയെ തകർത്തു. അർജന്റീന, ജർമനി പോലുള്ള വമ്പൻ ടീമുകൾ പോലും ചില വ്യക്തികളെ ആശ്രയിക്കുമ്പോൾ ഏഷ്യൻ ടീമുകൾ ഒരു സംഘമായാണ്‌ പോരാടുന്നത്‌. ഏഷ്യൻ ടീമുകളെല്ലാം നല്ല കഠിനാധ്വാനം ചെയ്യുന്നുണ്ട്‌. അതിന്റെ ഫലം അവർക്ക്‌ കിട്ടുന്നു. കാലവസ്ഥയും ഏഷ്യൻ രാജ്യങ്ങൾക്ക്‌ അനുകൂലമായിട്ടുണ്ടാകാം.

എന്നാൽ ഫുട്‌ബോളിൽ ഇന്ത്യ പിന്നോട്ടു പോവുകയാണ്‌. എന്താണ്‌ ഇതിനുകാരണം?

പലരും ചോദിക്കാറുണ്ട്‌ ഇന്ത്യ എന്നാണ്‌ ലോകകപ്പ്‌ കളിക്കുക എന്ന്‌. തിരിച്ച്‌ പറയാറുള്ളത്‌ ആദ്യം ഇന്ത്യ സാഫ്‌ ഗെയിംസ്‌ ജയിക്കട്ടെയെന്നാണ്‌. വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ളവർ കളിച്ചിരുന്ന സമയം വരെ ഇന്ത്യ അനായാസം സാഫ്‌ ഗെയിംസിൽ വിജയിച്ചിരുന്നു.

ഐ എം വിജയൻ

ഐ എം വിജയൻ

ഇപ്പോൾ അതല്ല അവസ്ഥ. അഫ്‌ഗാനിസ്ഥാനോട്‌ പോലും നമ്മൾ തോൽക്കുകയാണ്‌. എത്ര കാലമായി ഒരു സുനിൽ ഛേത്രിയെ വെച്ച്‌ കളിക്കുന്നു. ഛേത്രിക്ക്‌ പകരക്കാരനെ കണ്ടെത്താൻ നമുക്ക്‌ കഴിയുന്നില്ല. വിരമിക്കാൻ പോയ ഛേത്രിയെ തിരിച്ചുവിളിച്ചുകൊണ്ടുവന്ന്‌ കളിപ്പിക്കേണ്ട അവസ്ഥയിലേക്ക്‌ നമ്മൾ മാറി. നേരത്തെ ബൂട്ടിയയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു.

ഗവൺമെന്റിന്റെ പിൻബലമില്ലാതെ ഇന്ത്യയിൽ ഫുട്‌ബോൾ രക്ഷപ്പെടില്ല. വിദേശത്ത്‌ പരിശീലന മത്സരം കളിക്കാൻ പോകാൻപോലും നമ്മുടെ ടീമിന്‌ പണമുണ്ടാകാറില്ല. ഇവിടെ ഉള്ള പണം എല്ലാ ഗെയിമുകൾക്കുംകൂടി വീതം വെച്ചുകൊടുക്കുന്നതാണ്‌ രീതി. സാമ്പത്തിക പിൻബലം ഫുട്‌ബോളിന്റെ വളർച്ചയ്‌ക്ക്‌ പ്രധാനഘടകമാണ്‌.

കേരള ജനതയുടെ ഫുട്‌ബോൾ ആവേശത്തെ എങ്ങിനെ കാണുന്നു ?

നമ്മുടെ നാട്ടിൽ എല്ലാ കാ ലത്തും അംഗീകാരമുള്ള കളിയായിരുന്നു ഫുട്‌ബോൾ. പണ്ട്‌ കോഴിക്കോട്ട്‌ മുള ഗ്യാലറിയിരുന്ന്‌ കളി കാണുബോൾ മുട്ടിയിരുമ്മി തിക്കിതിരക്കിയാണ്‌ ഇരുന്നിരുന്നത്‌. അടുത്തിരിക്കുന്നവന്റെ പേരോ, ജാതിയോ, രാഷ്‌ട്രീയമോ പണക്കാരനാണോ, പാവപ്പെട്ടവനാണോ എന്നൊന്നും ആരും അന്വേഷിച്ചിരുന്നില്ല.

സുനിൽ ഛേത്രി

സുനിൽ ഛേത്രി

നല്ല കളിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അന്നത്തെ രീതി. ഗ്യാലറിയുടെ മുകളിൽ സീറ്റുണ്ടെങ്കിൽ താഴെ ഇരിക്കുന്നവൻ എണീറ്റ്‌ കൊടുക്കും. അവന്റെ സീറ്റിൽ ചവിട്ടിയാണ്‌ മുകളിലേക്ക്‌ കയറി പോകുക. ഇന്ന്‌ നമ്മുടെ സീറ്റിൽ ഒരുത്തൻ ചവിട്ടി മുകളിലേക്ക്‌ കയറി പോയാൽ എന്താകും അവസ്ഥ. അന്ന്‌ എല്ലാവരുടെയും മനസ്സിൽ ഫുട്‌ബോൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

ഒരിക്കൽ കോഴിക്കോട് സ്‌റ്റേഡിയത്തിൽ ഫാക്ടും വാസ്‌കോ ഗോവയും തമ്മിലുള്ള മത്സരം നടക്കുന്നു. ഹോം ടീമായ ഫാക്ടിനെയാണ്‌ എല്ലാവരും പിന്തുണച്ചത്‌. കളിക്കിടെ ഫാക്ടിന്റെ ബാലകൃഷ്‌ണൻ, വാസ്‌കോയുടെ ഡൊമിനികിനെ ഫൗൾ ചെയ്‌തു.

ഇതോടെ കാണികൾ ഫാക്ടിനെതിരെ തിരിഞ്ഞു. കാരണം നല്ല ഫുട്‌ബോളിനെയാണ്‌ മലയാളി സ്‌നേഹിച്ചിരുന്നത്‌. തെറ്റായ മാർഗങ്ങളിലൂടെ കളി ജയിച്ചിരുന്നവരെ കാണികൾ അംഗീകരിച്ചിരുന്നില്ല. ഫുട്‌ബോളിനോടുള്ള ആ ഇഷ്ടം ജനങ്ങൾക്ക്‌ നഷ്ടമായി.

ബൈച്ചുങ് ബൂട്ടിയ

ബൈച്ചുങ് ബൂട്ടിയ

നാട്ടിൽ നടക്കുന്ന കളികൾ കാണാൻ ജനങ്ങളെ കിട്ടാതായി. പക്ഷേ മലയാളികൾ ഇന്നും രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന്‌ കളി കാണുന്നുണ്ട്‌. അത്‌ യൂറോപ്യൻ ലീഗുകളാണെന്ന്‌ മാത്രം. സ്‌പാനിഷ്‌ ലീഗിലെയും ഇംഗ്ലീഷ്‌ ലീഗിലെയും ഇറ്റാലിയൻ ലീഗിലെയും ജർമൻ ലീഗിലെയും താരങ്ങളെ മലയാളി ഫുട്‌ബോൾ ആരാധകർക്ക്‌ സുപരിചിതമാണ്‌.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇപ്പോൾ ഫുട്‌ബോൾ കൂടുതൽ ജനകീയമായിട്ടുണ്ട്‌. ലോകകപ്പും മറ്റും വന്നാൽ മലപ്പുറത്തും കോഴിക്കോട്ടും മാത്രം കണ്ടിരുന്ന കളി ആവേശം ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും കാണാൻ പറ്റും.

കൊല്ലത്തും കണ്ണൂരുമെല്ലാം വലിയ ആവേശം കാണാനിടയായി. ഫുട്‌ബോൾ കൂറേക്കൂടി ജനങ്ങളിലേക്ക്‌ ഇറങ്ങി വന്നിട്ടുണ്ട്‌. പക്ഷേ ആ ആവേശത്തെ ഇവിടുത്തെ ഫുട്‌ബോളിന്റെ വളർച്ചക്കായി ഉപയോഗിക്കാൻ കഴിയുന്നില്ല. അവിടെയാണ്‌ പ്രശ്‌നം. അതിന്‌ സർക്കാരും അസോസിയേഷനുകളും കായിക സംഘാടകരും യോജിച്ച്‌ നിൽക്കണം.

ഇപ്പോൾ കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ കളി നടന്നാൽ അങ്ങോട്ട്‌ പൈസ കൊടുത്ത്‌ കാണികളെ കൊണ്ടുവരേണ്ട അവസ്ഥയാണ്‌. 21  വർഷങ്ങൾക്ക്‌ ശേഷം കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നാഗ്‌ജി ഫുട്‌ബോൾ ടൂർണമെന്റ്‌ നടത്തിയെങ്കിലും കളി കാണാൻ ആളുകൾ ഉണ്ടായിരുന്നില്ല. ടൂർണമെന്റ്‌ സാമ്പത്തികമായി പരാജയപ്പെട്ടു.

നല്ല കളി നടന്നാൽ അന്ന്‌ വലിയങ്ങാടിയിൽ കട അടച്ച്‌ ആളുകൾ കളികാണാൻ പോയിരുന്ന കാലം കോഴിക്കോടിനുണ്ടായിരുന്നു. ഹോട്ടലുകാർ മൂന്നും നാലും സീസൺ ടിക്കറ്റ്‌ എടുത്ത്‌ ടേൺ അനുസരിച്ച്‌ ജോലിക്കാരെ കളി കാണാൻ വിട്ടിരുന്നു.

അത്തരമൊരു ഫുട്‌ബോൾ കാലം ഇല്ലാതായി. പണ്ട്‌ ലോകകപ്പ്‌ കാണാൻ പോകുക എന്ന്‌ പറഞ്ഞാൽ തന്നെ വലിയ സംഭവമായിരുന്നു.

രഞ്ജിത്‌ ഥാപ്പ

രഞ്ജിത്‌ ഥാപ്പ

പക്ഷേ ഇപ്പോൾ അതെല്ലാം മാറി. ഒരുപാട്‌ മലയാളികൾ ലോകകപ്പ്‌ കാണാൻ ഖത്തറിൽ എത്തിയിട്ടുണ്ട്‌. എറ്റവും അധികം മലയാളി കണ്ട ലോകകപ്പാവും ഖത്തറിലേത്‌. ഞാൻ പ്രീമിയർ ടയേഴ്‌സിൽ കളിക്കുന്ന കാലത്ത്‌ പെരിന്തൽമണ്ണ വെച്ച്‌ ഒരാളെ പരിചയപ്പെട്ടു. സംസാരത്തിനിടയിൽ അയാൾ ലോകകപ്പ്‌ കാണാൻ പോയ കാര്യം പറഞ്ഞു. ഒരു താരമായിരുന്ന എനിക്ക്‌ അന്ന്‌ അത്‌ അത്‌ഭുതമായിരുന്നു.

ഞാൻ ആവേശത്തോടെ അയാളുടെ കൈയിലൊക്കെ കയറി പിടിച്ചത്‌ ഓർക്കുന്നു. ആ കാലമൊക്കെ പോയി. ഇന്ന്‌ ഓൺലൈനിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ ആർക്കും കളി കാണാൻ പോകാം.

കേരളത്തിൽ ധാരാളം ഫുട്‌ബോൾ അക്കാദമികളുണ്ട്‌, അതിനനുസരിച്ച്‌ താരങ്ങൾ ഉയർന്നു വരുന്നുണ്ടോ?

എന്റെ അറിവ്‌ അനുസരിച്ച്‌ കോഴിക്കോട്‌ ജില്ലയിൽ മാത്രം 40 ൽ അധികം ഫുട്‌ബോൾ അക്കാദമികളുണ്ട്‌. പക്ഷേ  ഒട്ടുമിക്ക അക്കാദമികളുടെയും പ്രവർത്തന രീതികൾ തെറ്റാണ്‌.

കുട്ടികളെ ആർക്കും പരിശീലിപ്പിക്കാം. പക്ഷേ കളി പഠിക്കണമെങ്കിൽ കളി അറിയാവുന്ന, കളിക്കുന്നവർ തന്നെ പഠിപ്പിക്കണം. കളിക്കാർ കളി പഠിപ്പിക്കുമ്പോൾ കളി മാത്രമല്ല, അവന്റെ അനുഭവ സമ്പത്തും പുതുതലമുറയ്‌ക്ക്‌ പകർന്ന്‌ കിട്ടും. ഒരോ പൊസിഷനിലും ആ പൊസിഷനിൽ കളിച്ചിട്ടുള്ള താരങ്ങൾ പരിശീലനം നൽകിയാൽ അത്രയും നല്ലതാണ്‌.

പഴയകാല താരങ്ങളുടെ അനുഭവസമ്പത്തിനെ കളിയുടെ വളർച്ചയ്‌ക്ക്‌ ഉപയോഗപ്പെടുത്തണം. നമ്മുടെ നാട്ടിലെ പല അക്കാദമികൾക്കും എതെങ്കിലും ഒന്നോ രണ്ടോ ജില്ലാ ടൂർണമെന്റുകളിൽ ജയിച്ചാൽ മതി. അത്‌ മാത്രമാണ്‌ അവരുടെ ലക്ഷ്യം.

എതെങ്കിലും ഒരു അക്കാദമിയിൽ കഴിവുള്ള താരമുണ്ടെന്ന്‌ മനസ്സിലായാൽ അവനെ കൂടുതൽ സൗകര്യമുള്ള ഇടങ്ങളിലേക്ക്‌ പറഞ്ഞയക്കണം. പല അക്കാദമികളിലും നല്ല താരങ്ങളുണ്ടാകും. അവരെ കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതല ഫുട്‌ബോൾ അസോസിയേഷനാണ്‌. ആ കടമ നിർവഹിക്കാൻ അവർക്ക്‌ കഴിയുന്നില്ല.

നാലുവർഷം മുമ്പ്‌ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ്‌ കളിച്ച പല താരങ്ങളും ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനും ബ്രസീലിനുമെല്ലാം കളിക്കുന്നുണ്ട്‌. എത്രയോ താരങ്ങൾ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നു. പക്ഷേ ഇന്ത്യയുടെ അവസ്ഥയോ, ഒരടിപോലും മുന്നോട്ടുപോകാൻ നമുക്ക്‌ കഴിഞ്ഞിട്ടില്ല. 

ഐഎസ്‌എൽ, ഐ ലീഗ്‌ പോലുള്ള ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന താരങ്ങൾക്ക്‌ കളിക്കാൻ കഴിയാതെ വന്നതോടെ സന്തോഷ്‌ട്രോഫിയുടെ നിലവാരം താഴേക്ക്‌ പോയി.

ചെറുപ്പത്തിലെ കുട്ടികളെ കണ്ടുപിടിച്ച്‌, അവർക്ക്‌ വിദേശ പരിശീലനം അടക്കമുള്ളവ നൽകി വേണ്ട പ്രോത്സാഹനവും സഹായവും ചെയ്‌തുനൽകിയാൽ നമ്മുടെ നാട്ടിലും മെസിമാരും നെയ്‌മർമാരും റൊണാൾഡോമാരുമെല്ലാം പിറക്കും.

അതിന്‌ എല്ലാവരും ഒരേ മനസ്സോടെ ഫുട്‌ബോളിന്റെ വളർച്ചക്കായി പ്രവർത്തിക്കണം.

ഫുട്‌ബോൾ ആരാധന മതവിരുദ്ധമെന്ന ചില സമുദായിക സംഘടന നേതാക്കളുടെ വിമർശനമുണ്ടല്ലോ?

വെറുതെ വിവാദമുണ്ടാകുകയാണ്‌. ലോകത്തെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒന്നാണ്‌ ഫുട്‌ബോൾ. ഖത്തറിൽ പോലും ഇത്തരം വിവാദങ്ങളില്ല.

ഖത്തറിൽ എല്ലാവരും ആഘോഷപൂർവമാണ്‌ ലോകകപ്പിനെ വരവേറ്റിരിക്കുന്നത്‌. അവിടെ നിന്നുള്ള വാർത്തകളും ചിത്രങ്ങളുമെല്ലാം കാണുമ്പോൾ അത്‌ മനസ്സിലാക്കും. ഇവിടുത്തെ വിവാദങ്ങൾ അനാവശ്യമാണ്‌  .

ദേശാഭിമാനി വാരികയിൽ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top