26 April Friday

മായില്ല, 
ഏതൻസിന്റെ മധുരം

ആർ ഹേമലതUpdated: Friday Jul 30, 2021


കൊച്ചി
ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റിക്‌സിന്റെ ആരവം വെള്ളിയാഴ്‌ചമുതൽ ഉയരുമ്പോൾ, ഇങ്ങ്‌ ഇടപ്പള്ളിയിൽ മധുരമുള്ള ഓർമകളിലാണ്‌ കേരളത്തിന്റെ ഒളിമ്പ്യൻ കെ എം ബിനു. ഇന്ത്യൻ അത്‌ലറ്റിക്‌ ഇതിഹാസം മിൽഖ സിങ്‌ ഒളിമ്പിക്സിൽ കുറിച്ച സമയമാണ്‌ 17 വർഷംമുമ്പ്‌ ബിനു പഴങ്കഥയാക്കിയത്‌. ചേച്ചി കെ എം ബീനാമോൾക്കൊപ്പമാണ് ‌2004ലെ ഏതൻസ്‌ ഒളിമ്പിക്‌സിൽ ബിനു പങ്കെടുത്തത്‌. പുരുഷന്മാരുടെ 400 മീറ്ററിന്‌ ട്രാക്കുണരുമ്പോൾ രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും ബിനുവിലായിരുന്നു. ഡൽഹിയിൽ നടന്ന നാഷണൽ സർക്യൂട്ട്‌ മീറ്റിലെ റെക്കോഡ്‌ പ്രകടനം ഏറെ പ്രതീക്ഷ നൽകിയിരുന്നു. അതിന്റെ അലകൾ ഒടുങ്ങുംമുമ്പായിരുന്നു ഒളിമ്പിക്‌സ്‌.

സെമിയിൽ പരാജയപ്പെട്ടെങ്കിലും ആ ഓട്ടം ചരിത്രമായി. 1960ലെ റോം ഒളിമ്പിക്‌സിൽ മിൽഖ സിങ്‌ ഓടിയെത്തിയ 45.73 സെക്കൻഡ്‌ എന്ന സമയം മറികടന്നു.  ബിനു കുറിച്ച സമയം–- 45.48. ‌കായികമാമാങ്കം ഉത്ഭവിച്ച ഏതൻസിൽ വീണ്ടും അരങ്ങേറിയപ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതും കായികജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന്‌ ബിനു പറയുന്നു. ഒളിമ്പിക്‌സ്‌ ഗ്രാമത്തിലെ അനുഭവങ്ങൾ എന്നും മധുരമുള്ള ഓർമയാണ്‌ മനസ്സിൽ. ആ രാജ്യത്ത്‌ ലഭിച്ച വരവേൽപ്പ്‌ മറക്കാനാകുന്നില്ല. നാടുമുഴുവൻ ചുറ്റിനടന്ന്‌ കാണാൻ അവസരം ലഭിച്ചു.

ഇത്തവണത്തെ ഒളിമ്പിക്‌സിനെക്കുറിച്ച്‌ നല്ല പ്രതീക്ഷകളാണ്‌ ബിനുവിന്‌. ‘കോവിഡ്‌ വല്ലാതെ ബുദ്ധിമുട്ടിച്ചെങ്കിലും രണ്ടുവർഷമായി വീട്ടിൽപ്പോലും പോകാതെ നല്ല രീതിയിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയിട്ടുണ്ട്‌. അവരുടെ കഠിനയത്‌നത്തിന്‌ തീർച്ചയായും ഫലമുണ്ടാകും’–- ബിനു പറയുന്നു.

പതിനൊന്നുവർഷം നീണ്ട രാജ്യാന്തര കായികജീവിതത്തിനുള്ള ആദരമായി 2007ൽ ബിനുവിന്‌ അർജുന അവാർഡ്‌ നൽകിയിരുന്നു.  ഇടുക്കി കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി മാത്യുവിന്റെയും മറിയക്കുട്ടിയുടെയും മകനാണ്‌. ‌ കസ്‌റ്റംസ്‌ ആൻഡ്‌ സെൻട്രൽ എക്‌സൈസിൽ സൂപ്രണ്ടായ ബിനു, ഇടപ്പള്ളിയിലാണ്‌ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top