27 April Saturday

നല്ല കവിതയിൽ ചരിത്രത്തിന്റെ മണ്ണ് രുചിക്കും...പി എൻ ഗോപീകൃഷ്ണനുമായി അഭിമുഖം

പി എൻ ഗോപീകൃഷ്ണൻ / ശ്രീജിത്ത്‌ ദിവാകരൻUpdated: Thursday Dec 23, 2021

പി എൻ ഗോപീകൃഷ്‌ണൻ : ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

ഒരു കവിത പ്രസിദ്ധീകരിച്ച ശേഷം അതിനെ ഭാഷയ്ക്കും സംസ്കാരത്തിനും കൊടുത്ത് അടുത്ത കവിതയിലേക്കു പോകുകയാണ് എന്റെ ഒരു രീതി. അതിനാൽ ഓരോ കവിതയുടെയും ആത്മകഥ ഓർമിച്ചെടുക്കുക അസാധ്യമാണ്. എങ്കിലും ഓർമയുടെ ചില തോണ്ടലുകൾ മനസ്സിലുണ്ട്. ഇടിക്കാലൂരി പനമ്പട്ടടി എന്ന തലക്കെട്ട് കിട്ടാൻ ആറുമാസമെങ്കിലും ഇരുന്നിട്ടുണ്ട്.

പി എൻ ഗോപീകൃഷ്‌ണൻ :      ഫോട്ടോ: കെ  എസ്‌ പ്രവീൺകുമാർ

പി എൻ ഗോപീകൃഷ്‌ണൻ : ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

'അയ്യോ എന്ന വാക്കുകൊണ്ട് അപ്പം ചുടാനാവില്ല, പക്ഷേ, അപ്പം കരിയുന്നുവെന്ന് ലോകത്തെ അറിയിക്കാനാകും' എന്ന് പി എൻ ഗോപീകൃഷ്ണൻ പണ്ടേ എഴുതിയിട്ടുണ്ട്. ഭാവനയെ ചരിത്രവൽക്കരിക്കുന്നതിൽ കവികൾക്ക് വലിയ പങ്കുണ്ട് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരന്റെ ഈ വരികൾ എഴുതപ്പെട്ടത്‌ ബാബറി പള്ളി പൊളിച്ചതിനും ഗുജറാത്തിൽ വംശഹത്യ അരങ്ങേറിയതിനും ശേഷമാണ് എന്നുള്ളത് പ്രധാനമാണ്. ജനാധിപത്യം കരിയുന്നുവെന്ന മുന്നറിയിപ്പ് ഇന്ന് മലയാള ഭാഷയിൽ ഏറ്റവും ഉയർന്ന ശബ്ദത്തിൽ കേൾക്കുന്നത് ഗോപീകൃഷ്ണന്റെ രചനകളിലാണ്.

തൊണ്ണൂറുകൾ മുതൽ മലയാളത്തിന് സുപരിചിതനായ കവികളിലൊരാളാണ് പി എൻ ഗോപീകൃഷ്ണൻ. ലിറ്റിൽ മാഗസിനുകളും സമാന്തര പ്രസിദ്ധീകരണങ്ങളും പുതിയൊരു സാംസ്കാരിക രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ച എൺപതുകളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മലയാള കവിതയ്ക്ക് നവീന മുഖം നൽകിയവരിൽ പ്രമുഖൻ. ദേശവും രാഷ്ട്രീയവും മനുഷ്യരും ജീവിതവും ശാസ്ത്രവും കളികളും ഗോപീകൃഷ്ണന്റെ കവിതകളിൽ പരസ്പരബന്ധിതമായി കാണാം. മാറുന്ന ലോകവും ഭാഷയും സംസ്കാരവും ഈ കവിതകൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇക്കാലത്ത് മുഴുവൻ ഇന്ത്യൻ ഭാഷകളിലുള്ള കവികളുമായും ലോകത്തെവിടെയുമുള്ള കവിതകളുമായും നിരന്തരം സമ്പർക്കവും വിനിമയവും ഗോപീകൃഷ്ണൻ നടത്തുന്നുണ്ട്.

ഇൗ കവിതകൾ പലതും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അതുവഴി അതിർത്തികളുടെ ബാധ്യതകളില്ലാത്ത കാവ്യലോകമെന്ന സുന്ദരദേശത്തെ കണ്ടെത്തി. അതോടൊപ്പം ചരിത്രവും അക്കാദമിക് പഠനങ്ങളും സവിശേഷ ശ്രദ്ധയോടെ മലയാളത്തിലേക്ക് കൊണ്ടുവന്നു.

രാഷ്ട്രീയ ജാഗ്രതയുടെ ഭൂകമ്പമാപിനിയുടെ സാന്നിധ്യം ഗോപീകൃഷ്ണന്റെ മുഴുവൻ രചനകളിലും നമുക്ക് കാണാം. ജമ്മുവിലെ കത്‌വയിൽ മുസ്ലിം നാടോടി ബാലികയെ ഹൈന്ദവബ്രാഹ്മണ്യം ക്ഷേത്രത്തിൽ അടച്ചിട്ട് ബലാത്സംഗം ചെയ്ത് കൊന്ന കാലത്ത്, പ്രാദേശിക പൊലീസ് ആ കുഞ്ഞുമൃതദേഹം പരിശോധിച്ച് നൽകിയ പ്രഥവ വിവര റിപ്പോർട്ട് മലയാളത്തിലേക്ക് ഗോപീകൃഷ്ണൻ വിവർത്തനം ചെയ്തിരുന്നു. അതിലും ശക്തമായ മറ്റൊരു രാഷ്ട്രീയ പ്രവർത്തനത്തെ അക്കാലത്ത് കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. ഒരു പൊലീസ് രേഖയ്‌ക്ക് അനീതിയുടെ അവിരാമമായ ആഘോഷത്തിന്റെ ഒരു ചരിത്ര മുഹൂർത്തത്തെ എങ്ങനെ അടയാളപ്പെടുത്താനാകുമെന്നും ജനാധിപത്യം, മനുഷ്യത്വം, നീതി, കരുണ എന്നിങ്ങനെയുള്ള വൈകാരികതകൾ പരിചിതമായ മനുഷ്യർക്ക് ആ രേഖ എത്രമാത്രം ഉറക്കം കെടുത്തുന്നതാകുമെന്നും ഗോപീകൃഷ്ണൻ അതിലൂടെ പറഞ്ഞുതന്നു.

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധം ഇന്ത്യയുടെ ഓർമകളിൽ നിന്ന് മായരുത് എന്ന്‌ ഗോപീകൃഷ്ണൻ ശഠിച്ചു. വിനായക് സവർക്കർ എന്ന ഹൈന്ദവ തീവ്രവാദിയെ നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളും നാഥുറാം ഗോഡ്െസ എന്ന ടെററിസ്റ്റിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമങ്ങളും ഈ കവി എതിർത്തുകൊണ്ടേയിരുന്നു. ഗോഡ്സെ മതഭ്രാന്തനല്ല, ഫിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമാണെന്ന് ആവർത്തിച്ചു പറഞ്ഞു. ഒരു സമൂഹം എന്ന നിലയിൽ നാം പുലർത്തിയ ഉദാസീനതയാണ് ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ തഴച്ചുവളരാൻ അവസരം നൽകിയതെന്ന് പറഞ്ഞു. ചരിത്രം വായനക്കാരെ ഓർമിപ്പിച്ചു. ചരിത്രത്തിന്റെ മൺരുചി കവിതകൾക്കുണ്ടാകണമെന്ന് പറഞ്ഞു. ആ മൺ രുചിയെ പാൽപ്പായസത്തിന്റെ രുചിയെന്ന് ഒറ്റു കൊടുക്കരുത് എന്ന് കൂട്ടിച്ചേർത്തു.

ഫോട്ടോ: അമൻ സജി ഡൊമിനിക്‌

ഫോട്ടോ: അമൻ സജി ഡൊമിനിക്‌

നാട്ടിക മണപ്പുറത്തുനിന്ന് ചിലിയിലെ മാച്ചുപിച്ചുവിന്റെ മടക്കുകളിലേക്ക് നീണ്ടുകിടക്കുന്ന കാവ്യലോകത്തിന്റെ തെളിച്ചത്തിൽ ലോകത്തെ നോക്കിക്കൊണ്ടാണ് ഗോപീകൃഷ്ണൻ ഇത് പറയുന്നത്. പുല്ലിനും പുഴുവിനും സർവചരാചരങ്ങൾക്കും ഇടമുള്ള ആ കാവ്യലോകത്തിൽ ഇല്ലാത്തതൊന്നുമില്ല. 'സ്ഥാവരമായത് നശിക്കും; ചലിക്കുന്നത് നിലനിൽക്കു'മെന്ന ബസവണ്ണയുടെ വരികളുടെ ബോധ്യത്തിൽ നിരന്തരം ചലിക്കുന്ന കവിതയേയും ലോകത്തേയും വിശ്വാസങ്ങളേയും രാഷ്ട്രീയത്തേയും ഈ കവി കാണുന്നു. തന്റെ തെളിച്ചങ്ങൾ കവിതയായും ലേഖനങ്ങളായും വിവർത്തനങ്ങളായും പ്രഭാഷണങ്ങളായും മലയാളത്തോട് പറയുന്നു.

കവിതയേയും ചരിത്രത്തേയും രാഷ്ട്രീയബോധ്യങ്ങളെയും കുറിച്ച് പി എൻ ഗോപീകൃഷ്ണൻ സംസാരിക്കുന്നു:

?  കവിത ഗോപീകൃഷ്ണന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണോ. ഭക്ഷണവും വായുവും വെള്ളവുമൊക്കെ പോലെ. അങ്ങനെയാണെങ്കിൽ അത് ബോധ്യപ്പെട്ട കാലമേതാണ്. അതിനുവേണ്ടി ജീവിതത്തിൽ മറ്റെന്തെങ്കിലും വേണ്ടെന്നുവച്ചിട്ടുണ്ടോ.

=  ഒരാളെ അയാൾ/അവൾ ആക്കി നിർത്തുന്ന ഒരു  ഘടകം ഏതു ജീവിതത്തിലും ഉണ്ടാകും. അത് വെള്ളവും വായുവും പോലെ എന്നതിനേക്കാൾ ഡിഎൻഎ ലിഖിതം പോലെയാണ്. അതുപോയാൽ ജീവൻ പോയി എന്ന മട്ട്. നമ്മൾ തൊണ്ടായിപ്പോകും. എന്റെ കാര്യത്തിൽ അത് കവിതയാണ് എന്ന് ബോധ്യപ്പെടുന്ന  നിരവധി ഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എനിക്കിഷ്ടമുള്ള ഇന്ത്യൻ കവി ദിലീപ് ചിത്രേ, ഇ വി രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞപോലെ ‘അനുഭവങ്ങളെ പിന്തുടരുന്ന ഭാഷയാണ് കവിത'. എന്റെ കാര്യത്തിൽ അനുഭവങ്ങൾ എന്തായിരുന്നു എന്ന് വിശദീകരിച്ചുതരുന്നതുപോലും കവിതയായിരുന്നു എന്നു പറയാം. അതിനാൽ കവിതയ്ക്കുവേണ്ടി എന്തെങ്കിലും ഉപേക്ഷ നടത്തി എന്നതിനേക്കാൾ അതിനാവശ്യമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പരിശ്രമിച്ചിരുന്നു എന്നു പറയാം.

അതിലൊന്ന് കേരളത്തിന്റേയും മലയാള ഭാഷയുടെയും പുറത്താകരുത് ജീവിതം എന്ന തീരുമാനമായിരുന്നു.1985‐86 കാലത്ത് ഞാൻ മെക്കാനിക്കൽ എൻജിനിയറിങ്‌ പഠിക്കാൻ തൃശൂർ എൻജിനിയറിങ്‌  കോളേജിൽ പോയ കാലമാണ് ഓർമ വരുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും പഠിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഓരോ ദിവസവും ഇനിയെന്ത് എന്ന ചോദ്യം സ്വത്വത്തെ പീഡിപ്പിക്കാൻ തുടങ്ങി. ഈ കോഴ്സ് കഴിഞ്ഞാൽ ഉപജീവനത്തിന് ഭാഷയും ദേശവും വിട്ട് പോകേണ്ടിവരും. സാമൂഹ്യമാധ്യമങ്ങളോ അവയുടേതായ വിനിമയവ്യവസ്ഥയോ ഇല്ലാത്ത കാലമാണ് അത് എന്നോർക്കണം. കവിതയ്ക്കുപറ്റിയ ഒരു ആവാസവ്യവസ്ഥ അത്തരം ഒരു ജീവിതം തരില്ല എന്ന ഒറ്റ തോന്നലിൽ ഞാൻ ആ കോഴ്സ് ഉപേക്ഷിച്ചു. അന്ന് അത്തരം കോഴ്സുകൾക്ക് തൊഴിൽ വിപണിയും സാമൂഹ്യവ്യവസ്ഥയും ആഭിജാത്യം കല്പിച്ചിരുന്നതുകൊണ്ട് ആ തീരുമാനം ചുറ്റിലുമുള്ള പ്രിയപ്പെട്ട മനുഷ്യർക്ക് വേദനയുണ്ടാക്കി.

ശ്രീജിത്ത്‌ ദിവാകരനും പി എൻ ഗോപീകൃഷ്‌ണനും : ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

ശ്രീജിത്ത്‌ ദിവാകരനും പി എൻ ഗോപീകൃഷ്‌ണനും : ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

 ഇതായിരിക്കും ശ്രീജിത്ത് പരാമർശിച്ച ബോധ്യം പുറത്തേക്ക് പ്രസരിച്ച ആദ്യ അനുഭവം. അതിനും വളരെ മുമ്പേ കവിതയിൽ ജീവിച്ചുതുടങ്ങിയിരുന്നു. ഇഷ്ടത്തിൽ നിന്നും ഒഴിയാബാധയായി കവിത കയറിക്കൂടിയത് എസ്എസ്എൽസി കഴിഞ്ഞുള്ള ഒഴിവുകാലത്താണ് എന്ന് ഓർമ പറയുന്നു. അത് അത്ഭുതകരമായ ഒരു അനുഭവമായിരുന്നു. ശരീരത്തിനുള്ളിൽ മറ്റൊരാൾ ഒളിച്ചു പാർക്കും പോലെ. അതിൽ അതിഭൗതികമായി ഒന്നുമില്ലെന്നും ലോകത്തിനെ നമ്മുടെ ഉള്ളിൽ ഒരു ജൈവ ആവാസവ്യവസ്ഥയായി ഏറ്റെടുക്കുന്നത് കവിതയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ആദ്യത്തെ കാര്യമാണ് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

?   കവിതയെഴുതുന്നതിന് തുടർന്നുവരുന്ന രീതിയുണ്ടോ. സിനിമയ്‌ക്ക് കഥയെഴുതുന്ന ഒരു സുഹൃത്തിന് ഒരു നല്ല ഉറക്കത്തിനു ശേഷമാണ് പലകാര്യങ്ങളിലും വ്യക്തത വരുന്നതെന്ന്, പുതിയ കഥാപാത്രങ്ങളും കഥയുടെ ഗതിയും ഉരുക്കൂടുന്നതെന്ന് പറയാറുണ്ട്. ചോദിക്കുന്നത് കവിതയെഴുത്ത് വളരെ സ്പൊണ്ടേന്യസ് ആയ ഒരു പ്രക്രിയയാണോ അതോ പല ഘട്ടങ്ങളിലും തിരുത്തലുകളിലും ഒക്കെക്കൂടെ രൂപപ്പെടുന്നതാണോ എന്നാണ്. അതോ പല പല കവിതകൾക്കും വ്യത്യസ്ത രീതികളാണോ.

=    ഒരു കവിത പ്രസിദ്ധീകരിച്ച ശേഷം അതിനെ ഭാഷയ്ക്കും സംസ്കാരത്തിനും കൊടുത്ത് അടുത്ത കവിതയിലേക്കു പോകുകയാണ് എന്റെ ഒരു രീതി. അതിനാൽഓരോ കവിതയുടെയും ആത്മകഥ ഓർമിച്ചെടുക്കുക അസാധ്യമാണ്. എങ്കിലും ഓർമയുടെ ചില തോണ്ടലുകൾ മനസ്സിലുണ്ട്. ഇടിക്കാലൂരി പനമ്പട്ടടി എന്ന തലക്കെട്ട് കിട്ടാൻ ആറുമാസമെങ്കിലും ഇരുന്നിട്ടുണ്ട്. പാതിമയക്കത്തിലാണ് അത് കിട്ടിയത്. സ്വപ്നത്തിൽ മാത്രം വന്നുപോയ കവിതകൾ ഉണ്ട്. ഒരു കവിതയും ഒറ്റ ഇരുപ്പിൽ പൂർത്തിയായിട്ടില്ല. ഇനി ആകാനും പോകുന്നില്ല. ലോകത്തൊരു കവിക്കും അത് സാധ്യമല്ലന്നൊരു വിചാരം രഹസ്യമായി സൂക്ഷിക്കുന്നുമുണ്ട്. അത്ര ആത്മവിശ്വാസം കവിതയ്‌ക്ക് ചേർന്നതല്ല എന്നും. മനുഷ്യർക്ക് താൽക്കാലികമായെങ്കിലും പാർക്കാനുള്ള എടുപ്പാണ് കവി നിർമിക്കുന്നത്. ഒരു കല്ല് പിഴച്ചാൽ എടുപ്പ് മൊത്തമാണ് വീഴുക; ആ കല്ല് മാത്രമല്ല.

?   ഇതിനൊരു ഉപചോദ്യമുണ്ട്, പ്രസിദ്ധീകരിച്ചതിനുശേഷം തിരുത്തിയെഴുതേണ്ടതായിരുന്നു എന്ന് തോന്നിയവ ഉണ്ടോ, അങ്ങനെ പുസ്തകങ്ങളിൽ തിരുത്തിയവയുണ്ടോ. ഏതെങ്കിലും കവിത പൂർണമായി മാറ്റേണ്ടതായിരുന്നു അഥവാ എഴുതേണ്ടിയിരുന്നില്ല എന്ന അലട്ടൽ തോന്നിയിട്ടുണ്ടോ.

=   അച്ചടിച്ചു വന്ന ശേഷം പുസ്തകത്തിലാക്കിയപ്പോൾ തിരുത്തിയ കവിതകളുണ്ട്. ദർശനതലത്തിൽ അല്ല. ചില ഊന്നലുകൾ അത്രയ്ക്കായില്ല എന്ന് ബോധ്യപ്പെടുമ്പോൾ. അതിനുള്ളിലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും വിന്യാസം ശരിയായില്ല എന്ന് തോന്നുമ്പോൾ. വർണസങ്കലനം വ്യതിരിക്തമാക്കാൻ. അങ്ങനെയങ്ങനെ... മണ്ടൻ എന്ന കവിതയുടെ അവസാന ഭാഗമൊക്കെ പുസ്തകത്തിലെത്തിയപ്പോൾ മാറിയത് അങ്ങനെയാണ്. എഴുതിയ കവിതകൾ പിൻവലിക്കണമെന്നോ മായ്ച്ചുകളയണമെന്നോ തോന്നിയിട്ടില്ല. പശ്ചാത്താപത്തിന്റെയും തെറ്റിദ്ധാരണയുടെയും ഘട്ടങ്ങൾ എഴുത്ത് എന്ന പ്രക്രിയക്കുള്ളിൽ വെച്ചാണ് കൈകാര്യം ചെയ്യേണ്ടിവരാറ്. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഉപേക്ഷിച്ച കവിതകൾ അതിനാൽ ധാരാളം; പ്രസിദ്ധീകരിച്ചതിന്റെ പത്തിരട്ടി.

?    ആദ്യത്തെ കവിതാസമാഹാരമായ 'മടിയരുടെ മാനിഫെസ്റ്റോ'യിലെ കവിതകളിലൊന്നും 1996 നും പഴയതായി കാണുന്നില്ല. തീർച്ചയായും അതിനും മുമ്പേ കവിതകളെഴുതിയിട്ടുണ്ടല്ലോ. അത് സമാഹാരങ്ങളിൽ വേണ്ടെന്നുവയ്ക്കുക എളുപ്പമായിരുന്നോ. 28 വയസ്സ്‌ എന്നത് ലോകത്തിലെ വലിയ പല കവികളുടെയും മുഴുവൻ കവിതാജീവിതത്തിന്റെയും കാലമാണ്. അക്കാലം വരെയുള്ള കവിതകൾക്ക് എന്ത് സംഭവിച്ചു. കൗമാരകാലത്തും യൗവനാരംഭകാലത്തും കവിത എങ്ങനെയായിരുന്നു...

=    ഉപേക്ഷിച്ചതാണ്. 15 വയസ്സു മുതൽ തുടർച്ചയായി എഴുതിപ്പോന്നിട്ടുണ്ട്. എനിക്കോർമയുള്ള ആദ്യ കവിത അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ എഴുതിയ ‘പ്രാവുകളേ, പ്രാവുകളേ / പ്രായം ചെന്നൊരു പ്രാവുകളേ ' എന്ന് തുടങ്ങുന്ന കവിതയാണ്. വീടിന്റെ മച്ചിൽ കൂട്ടമായി പാർത്തിരുന്ന പ്രാവുകളെപ്പറ്റിയായിരുന്നു ആ കവിത. പ്രീഡിഗ്രിക്കാലത്തെ കവിതയുടെ സ്വഭാവം, ‘അത്യുന്നതങ്ങളി, ലാകാശവീഥിയിൽ / മിന്നുന്ന താരകമൊന്നുദിക്കെ / ആറാം തിരുമുറിവെന്നുടെ ദേഹ ‐ / ത്തുദിച്ചത് കണ്ടു പകച്ചിരിക്കെ’ എന്ന മട്ടിലും ‘ഇനിയേത് വാക്കിന്റെ മുൾമുനയിലൂറുന്ന / ഏത് രക്തം ഞാൻ പകർത്തേണം / ഇനിയേത് വഴികളിൽ ചിതറുന്ന രക്തത്തി / നേതു ഗന്ധം ഞാൻ ശ്വസിക്കേണം’  എന്ന മട്ടിലും ഒക്കെ ആയിരുന്നു.  എന്റെ എഴുത്തിന്റെ സ്വകാര്യ ചരിത്രം എന്ന നിലയിലല്ലാതെ അവയ്ക്ക് മറ്റു സാംഗത്യം ഒന്നുമില്ല. അതേത്തുടർന്ന് ആദ്യം പ്രസിദ്ധീകരിച്ചു വരുന്നത് ‘ അടുക്കളയിൽ കവിതയെത്തുമ്പോൾ ' എന്ന കവിതയാണ്. കെ ജി എസിന്റെ സമകാലീന കവിതയിലും ഏതാനും കവിതകൾ വന്നു.

‘മടിയരുടെ മാനിഫെസ്റ്റോ’ പ്രസിദ്ധീകരിക്കുന്ന കാലത്ത് ഞാൻ കുറേക്കൂടി കർക്കശക്കാരനായ കവിതാവിചാരകനായിരുന്നു. പുറത്തേക്ക് എന്ത് കൊടുക്കണം എന്ന ചോദ്യത്തിനെ നേരിട്ടത് നിരവധി കവിതകളെ മറവിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ്. അത്രയും കാർക്കശ്യം വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. പക്ഷേ, മടിയരുടെ മാനിഫെസ്റ്റോയെ സംബന്ധിച്ചിടത്തോളം അതായിരുന്നു ശരി. അതുകൊണ്ടുതന്നെ അത്, അത്രതന്നെ വലിപ്പമുള്ള മറ്റൊരു ഇല്ലാത്ത പുസ്തകത്തെ കൂടി ഉൾക്കൊള്ളുന്നുണ്ട്; വലിച്ചെറിഞ്ഞ കവിതകളുടെ.

?   മടിയരുടെ മാനിഫെസ്റ്റോയുടെ ആമുഖ വാചകം/കവിത 'കടലിന്നടുത്താണ് താമസം, അതിനാൽ പരിചയമില്ല, സ്വരനിഷ്ഠയുള്ള സംഗീതം, മുള്ളുതട്ടാത്ത രുചികൾ' എന്നാണ്. ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് ഒരിക്കൽ കെ ജി എസ് പറഞ്ഞിട്ടുണ്ട്. 'മടിയരുടെ മാനിഫെസ്റ്റോ'യിലെ ഈ ആമുഖ കവിതയിലൂടെ സമാഹാരത്തിലെ ദേശത്തെ എഴുത്തിനെ വിശദീകരിക്കുന്നുമുണ്ട്. 'ഇടിക്കാലൂരി പനമ്പട്ടടി'യിലെ കുറേയധികം കവിതകളിലും അതേ തോതിൽ ദേശം എഴുത്തിന്റെ കേന്ദ്ര സ്ഥാനമായിട്ടുണ്ട്. തുടർന്ന് ദേശം കുറച്ചുകൂടി വിശാലമായ രാഷ്ട്രീയ‐ സാമൂഹിക മാനങ്ങൾ കൈവരിക്കുന്നുണ്ട്. സംഗീതത്തേയും രുചികളേയും കൂടുതൽ കടലിളക്കങ്ങൾ ബാധിക്കുന്ന കാലത്താണോ മാറ്റങ്ങൾ വരുന്നത്.

=    കെ ജി എസ് പറഞ്ഞത് ‘ആഴത്തിലെ ദേശത്തെ എഴുതുന്നതാണ് എഴുത്ത് ' എന്നാണ്. ദേശം എന്നത് ഭൂപടത്തിലെ ബിന്ദുവോ അക്ഷാംശ രേഖാംശങ്ങളുടെ സംഗ്രഹമോ അല്ല.

കെ ജി എസ്‌

കെ ജി എസ്‌

നാം ചേർന്നുനിൽക്കുന്ന ചരിത്രധാരയുടെ സംഗ്രഹം ആണത്. ഞങ്ങളുടെ നാട്ടിക മണപ്പുറത്തിന്  പലതരം അധിനിവേശങ്ങളുടെ ചരിത്രം പറയാനുണ്ട്. ടിപ്പു, പറങ്കികൾ, ഇംഗ്ലീഷുകാർ... അനേക വംശജർ വന്നു പോയ മുസിരിസ് എന്ന കൊടുങ്ങല്ലൂർ തൊട്ടടുത്തുണ്ടായിരുന്നു. ജൂതരും ഗൗഡസാരസ്വത ബ്രാഹ്മണരും ധീവരരും ദളിതരും ഈഴവരും സവർണരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ ചേർന്ന ഒരു കോക്ക്ടെയിൽ ജീവിതം കൊടുങ്ങല്ലൂരിനുണ്ട്. ചിലപ്പതികാരം രചിച്ച ഇളങ്കോ അടികളുടെ തൃക്കണാമതിലകം ഒരു വിളിപ്പാടകലെ. ഒപ്പം അറബിക്കടലും കനോലി കനാലും. നവോത്ഥാനത്തിനും ദേശീയ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് മൂവ്മെന്റുകൾക്കും അവിടെ പ്രധാനപ്പെട്ട ഒരു കഥയുണ്ട്. മണ്ണിൽ കൈക്കോട്ട് ഒന്നമർത്തിയാൽ കടലിന്റെ ഓർമയുണർത്തുന്ന ഇത്തിളുകളും കക്കകളും കിട്ടും. ലാറ്റിനമേരിക്കയിൽ നിന്ന് യൂറോപ്പ് വഴി വന്ന തക്കാളിയും ഉരുളക്കിഴങ്ങും അടുക്കളകളിൽ സ്വഭാവികമെന്നവണ്ണം പെരുമാറി, ഞങ്ങളുടെ മാത്രം കരിമീനുകൾക്കും കരിപ്പിടികൾക്കും ചാളകൾക്കുമൊപ്പം. ശ്രീലങ്കയിൽ നിന്നും വന്ന കൊളമ്പ് മാവ് മിക്കവാറും വളപ്പുകളിൽ ഉണ്ടായിരുന്നു. ഗൾഫിൽ നിന്നു വന്ന ടേപ്പ് റിക്കാർഡറുകൾ ഇഷ്ടപ്പെട്ട പാട്ടുകൾ പാടി.

ബസവണ്ണ പറഞ്ഞ പോലെ ‘സ്ഥാവരമായത് നശിക്കും, ചലിക്കുന്നത് നിലനിൽക്കും' എന്നത് ദേശത്തിനും ബാധകമാണ്. അവിടെ ഫ്ളോറയും ഫോണയും പോലും സ്ഥിരമല്ല. ഇങ്ങനെ ചിരസ്ഥായിലുള്ള ഒന്നിൽ നിന്നും ചിരമായ ഒന്നിനെ വരച്ചെടുക്കുക പ്രയാസമാണ്. എങ്കിലും അങ്ങനെയും ഒന്നുണ്ട്. ആളുകളുടെ ശരീരഭാഷയിൽ, മൊഴിയിൽ, ചില സ്ഥലരൂപകങ്ങളിൽ, സമീപന രീതിയിൽ ഒക്കെ വീണുകിടക്കുന്ന ഒന്ന്. എനിക്ക് കവിതകൊണ്ട് അത് പിടിച്ചെടുക്കുക സന്തോഷമായിരുന്നു. അങ്ങനെ പോളാ ടാക്കീസ്, എസ്എൻ പുരവും ഹൈസ്കൂൾ മൈതാനം പനങ്ങാടും, ജിഎൽപിഎസ് പാപ്പിനിവട്ടവുമൊക്കെ എഴുതാൻ പറ്റി. അവ ദേശബന്ധിതം എന്ന പോലെ കാലബന്ധിതവും ആയിരുന്നു. ദേശത്തിന്റെ തന്നെ നാലാമത്തെ മാനം ആണല്ലോ കാലം.

?    മടിയരുടെ മാനിഫെസ്റ്റോയെ കുറിച്ചുതന്നെ ഒന്നുകൂടി ചോദിച്ചോട്ടെ. ബാലമ്മാഷ്, വസന്തത്തിന്റെ ഇക്കിളി, വീട് തുടങ്ങിയ കവിതകളിൽ ഗദ്യരചനയുടെ രീതി കാണുന്നുണ്ട്. തുടർക്കാലങ്ങളിലെ ബാലമ്മാഷ് കവിതകളിൽ ഈ രീതിയില്ലതാനും. കവിതയുടെ രൂപം ഗോപിയെ അലട്ടാറുണ്ടോ. ഗദ്യപദ്യ സംശയങ്ങൾ ബാധിക്കാറുണ്ടോ.

=    രൂപം അല്ല എന്റെ പ്രശ്നം. ഉള്ളടക്കമാണ്. പഴയ മട്ടിലുള്ള ഉള്ളടക്കവാദികളുടെ സ്വരത്തിലല്ല ഇത് പറയുന്നത്. ഓരോ കാലത്തിനും ഉള്ളടക്കത്തിന്റെ നിരവധി അടരുകളുണ്ട്. അവയുടെ ഖനനം കവിതയിൽ പ്രധാനപ്പെട്ട ഒന്നാണ്. ഒരു പുതിയ ഉള്ളടക്കത്തിന് പഴയ രൂപത്തിൽ ഇരിക്കാൻ പറ്റില്ല. എന്നു പറഞ്ഞാൽ ഉള്ളടക്കത്തിന്റെ പ്രത്യക്ഷം തന്നെയാണ് രൂപം. തൊലി ശരീരത്തിൽ നിന്ന് വേർപെട്ടുനിൽക്കുന്ന ഒന്നല്ലല്ലോ. അതിനാൽ ഗദ്യ, പദ്യ പ്രശ്നമൊന്നും ബാധിക്കാറില്ല. പുതിയ കാലത്ത് സംഗീതവും കവിതയും രണ്ടായി നിൽക്കുന്നതാണ് ഉചിതം എന്ന് വിചാരിക്കാറുണ്ട്. അവ തമ്മിൽ കൂടിക്കുഴഞ്ഞു കിടന്നിരുന്ന വലിയ പാരമ്പര്യം കവിതയിൽ ഇനി ഭാരമേ ആകൂ. സ്വാതന്ത്ര്യമാണ് സർഗാത്മകതയുടെ പ്രധാനപ്പെട്ട ഇന്ധനം എന്നതുകൊണ്ട് സംഗീതത്തിന്റെ റിമോട്ട് കൺട്രോളിനനുസരിച്ച് കവിതയുടെ ചാനൽ മാറിക്കളിക്കാൻ പാടില്ല.

കവിതയിൽ കഥാപാത്രങ്ങളെ കൊണ്ടുവരിക എനിക്കിഷ്ടപ്പെട്ട കാര്യമാണ്. ജനരഹിതമായ പ്രദേശമല്ല കവിത. ബാലമ്മാഷ് ഒരു വ്യാഖ്യാതാവാണ്. വിദ്യാഭ്യാസത്തിന്റെ ഗുണമായി എടുത്തുകാണിക്കാവുന്ന വസ്തുത അത് ചുറ്റുപാടുകളെ വിശദീകരിക്കാനുള്ള പാടവം നമുക്ക് തരുന്നു എന്നതാണ്. എന്നാൽ ഒരു ഘട്ടത്തിൽ വച്ച് നേരനുഭവങ്ങളിൽ നിന്ന് നമ്മെ അകറ്റുന്ന ഒന്നായി ഈ വ്യാഖ്യാനം. വ്യാഖ്യാനവും വ്യാഖ്യാനത്തിന്റെ വ്യാഖ്യാനവുമായാണ് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസം;  അക്കാദമികം എന്ന അർഥത്തിൽ മാത്രമല്ല, മാധ്യമങ്ങളും നിയമങ്ങളും പരസ്യങ്ങളും ഒക്കെ ചേർന്ന വ്യാഖ്യാന പരിസരം എന്ന അർഥത്തിൽ മുന്നോട്ടുപോകുന്നത്. ഉറവിടങ്ങളെ അത് മറയ്ക്കുന്നുണ്ട്. അത് കാണിക്കാനാണ് ബാലമ്മാഷെ ഞാൻ അവതരിപ്പിച്ചത്. ദിവസവും കടലിൽ നിന്ന് മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് മീനിനെപ്പറ്റി ഒന്നും അറിയില്ല; സുവോളജി പഠിപ്പിക്കുന്ന ബാലമ്മാഷിനേ അറിയൂ എന്ന മട്ടിൽ അത് യാഥാർഥ്യത്തെ മറിച്ചിട്ടു. ബാലമ്മാഷ് ഹിറ്റ്ലർ അല്ല. മറിച്ച് ഹിറ്റ്ലറുടെ മുൻഗാമിയാണ്. ആ അർഥത്തിൽ അത് പല കവിതകളിൽ വളർന്നു. എന്നാൽ അങ്ങനെത്തന്നെയല്ല അത് പോയത്. അധ്യാപനം എന്നതിന്റെ പല മാനങ്ങളിലൂടെ ആ കഥാപാത്രം കടന്നുപോയിട്ടുണ്ട്. ഇനിയും ആ കഥാപാത്രം പ്രത്യക്ഷപ്പെട്ടേക്കാം.

പി എൻ ഗോപീകൃഷ്‌ണൻ : ഫോട്ടോ: ഇമ ബാബു

പി എൻ ഗോപീകൃഷ്‌ണൻ : ഫോട്ടോ: ഇമ ബാബു

   ഗോപിയുടെ വായനയുടെ രീതിയെങ്ങനെയാണ്. കാലാകാലങ്ങളിൽ അതിന്റെ താൽപ്പര്യങ്ങൾ മാറിവന്നിട്ടുണ്ടോ, അതോ കവിതകൾ തന്നെയാണോ നിരന്തരം വായിക്കുക. നോവലുകൾ, കഥകൾ, ചരിത്രം, നിയമം, ആത്മകഥ, ശാസ്ത്രം, സപോർട്‌സ് എന്നിങ്ങനെ താൽപ്പ ര്യ വിഷയങ്ങളിൽ സ്വയം പുതുക്കുന്ന വായനകൾ നടക്കുന്നുണ്ടോ..

=   കവിത തീർച്ചയായും തുടർച്ചയായി വായിച്ചിട്ടുണ്ട്, വായിക്കുന്നുണ്ട്. എന്നാൽ വായനയ്‌ക്ക് നിയത സ്വഭാവങ്ങളുണ്ട് എന്ന് പറയാൻ പറ്റില്ല. ഫിക്‌ഷനും നോൺ ഫിക്‌ഷനും മാത്രമല്ല കോടതിവിധികളും എഫ് ഐ ആറും പത്രവും സയൻസ് ഫിക്‌ഷനും കുറ്റാന്വേഷണകൃതികളും ഒക്കെപ്പെടും. കവി എന്ന സ്വത്വം പരിണമിക്കുന്നത് വ്യക്തിയും പൗരനും ചരിത്രപ്രക്രിയയിലെ ജീവബിന്ദുവും ഒക്കെയായിക്കൊണ്ടാണ്. അത് പ്രത്യേകം നടത്തുന്ന റോൾ പ്ലേ അല്ല. വായനയുടെ വ്യാഖ്യാനത്തിൽ കവിസ്വത്വത്തിന് ചിലപ്പോൾ മുൻഗണന ലഭിച്ചേക്കും എന്നു മാത്രം. അല്ലെങ്കിൽ കവിതയുടെ വാസ്തുവിദ്യ എല്ലാതരം എഴുത്തിലും മറഞ്ഞുകിടപ്പുണ്ടാകും. അത് കണ്ടെത്താനാകും എന്റെ വായന ശ്രമിക്കുന്നത്.

?   ക്രിക്കറ്റും ഫുട്ബോളും സിനിമയും കവിതയിൽ കടന്നുവരുന്നുണ്ടല്ലോ. സ്പോർട്‌സും സിനിമയും ഒക്കെ കൃത്യമായി പിന്തുടരുന്നുണ്ടോ. പ്രിയപ്പെട്ട കവിതകളെപ്പോലെ പ്രിയപ്പെട്ട സിനിമകളും പ്രിയപ്പെട്ട മാച്ചുകളും ഉണ്ടോ. പ്രിയപ്പെട്ട സ്പോർട്സ്‌/സിനിമാതാരങ്ങളുണ്ടോ...

=    കളികൾ ബാധിച്ച ഒരു ആൺതലമുറയായിരുന്നു ഞങ്ങളുടെ. ബാല്യത്തിന്റെ ആനന്ദം കളികളിലായിരുന്നു. കോട്ടകളി, ഒളിച്ചുകളി, കുട്ടിയും കോലും, തൊട്ടാപ്പൊട്ടൻ, അരീസുണ്ട (ഗോട്ടി)... നമുക്ക് നാടൻ കളികളുടെ ഒരു വലിയ ശേഖരം ഉണ്ടായിരുന്നു. തായം, പടവെട്ട് പോലുള്ള ഇരുന്നുകളികളും. പെൺകുട്ടികൾ ഞൊണ്ടിക്കളി (തൊങ്ങിക്കളി), കല്ലുകളി എന്നിവയിൽ മുഴുകിയിരുന്നു. ഈ കളികൾക്ക് പ്രത്യേകം മൈതാനങ്ങളൊന്നും വേണ്ടായിരുന്നു. എവിടെയാണോ ഒഴിവിടം അവിടമായിരുന്നു മൈതാനം. കളിയുടെ  പേരിലായിരുന്നു പ്രധാനമായും  മുതിർന്നവരുമായി സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നത്.

ഞങ്ങളുടെ അക്കാലത്തെ ജീവിതത്തിലെ ഏറ്റവും വലിയ സാംസ്കാരികവ്യതിയാനം എന്ന് പറയുന്നത്  കളികളുടെ സ്വഭാവത്തിൽ വന്ന വ്യത്യാസമാണ്. മൈതാനത്തെ കേന്ദ്രീകരിച്ചുള്ള, മുൻകൂട്ടി എഴുതപ്പെട്ട നിയമസംഹിതയുള്ള കളികൾ പതുക്കെ ഈ നാടൻകളികളുടെ ഇടം പിടിച്ചെടുത്തു. വോളിബോൾ നാട്ടിക മണപ്പുറത്ത് മുമ്പേ പ്രസിദ്ധമായിരുന്നു. കുഞ്ഞിക്കെളവൻ മാസ്റ്ററും ഒളിമ്പ്യൻ ചന്ദ്രശേഖരനുമൊക്കെ വോളിബോളിൽ രാജ്യാന്തര പ്രശസ്തി നേടിയ മണപ്പുറത്തിന്റെ ഇതിഹാസങ്ങൾ ആയിരുന്നു. കൊടുങ്ങല്ലൂരിൽ അക്കാലത്ത്  പ്രശസ്തിയാർജിച്ച അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് എല്ലാവർഷവും നടന്നിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ആൺ, പെൺ വോളിബോൾ താരങ്ങൾ അവിടെ എത്തുമായിരുന്നു. അവരായിരുന്നു ഞങ്ങളുടെ ആദ്യത്തെ കായിക താരങ്ങൾ. ബൽവന്ത് സിങ്, ഓംപ്രകാശ്, ശ്രീധർ, അബ്ദുൾ ബാസിത്  തുടങ്ങി പ്രസിദ്ധരുടെ കളികൾ ഞാൻ കണ്ട് കൈയടിച്ചിട്ടുണ്ട്.

ഉദയകുമാർ, സിറിൾ സി വെള്ളൂർ, അബ്ദുൾ റസാക്ക്, സാലിജോസഫ്, ബീനാമോൾ തുടങ്ങി ഇങ്ങേ അറ്റത്ത് ജ്യോതിഷ് വരെയുള്ള മലയാളി താരങ്ങളുടെ കളികൾ ഞാൻ കണ്ടിട്ടുണ്ട്. ജിമ്മി ജോർജിന്റെ കളി കാണാൻ കഴിയാഞ്ഞത് നഷ്ടമായി തോന്നുന്നു. സെബാസ്റ്റ്യൻ ജോർജിന്റെ കളി കണ്ടിട്ടുണ്ട്. അവരെകാണാൻ രാവിലെ അവർ താമസിക്കുന്ന ഇടത്തുപോയി നിന്ന് ഓട്ടോഗ്രാഫ് വാങ്ങുമായിരുന്നു. 1980‐ 83 കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കാലത്തായിരുന്നു അത്.

ക്രിക്കറ്റ് എന്റെ നാട്ടിലെത്തിയത് ഏതാണ്ട് ഇതേ കാലത്താണ്. ക്രിക്കറ്റിനുവേണ്ട വലിയ മൈതാന സൗകര്യങ്ങളും വേഷഭൂഷകൾക്കുള്ള സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് അതിന്റെ എഡിറ്റഡ് വേർഷനാണ് ഞങ്ങൾ കളിച്ചത്. ശരിക്കും പറഞ്ഞാൽ ക്രിക്കറ്റിന്റെ ദാരിദ്ര്യപ്പതിപ്പ്. ബൗളിങ് ആയിരുന്നു എന്റെ ഇഷ്ടമേഖല. പ്രത്യേകിച്ചും പേസ് ബൗളിങ്. അതുകൊണ്ടു തന്നെ അക്കാലത്തെ വെസ്റ്റ് ഇൻഡീസ് ആയിരുന്നു ഇഷ്ട ടീം. ഹോൾഡിങ്‌, മാർഷൽ, അംബ്രോസ്... കലക്കൻ പേസ് ത്രയം ആയിരുന്നു അത്. ഇമ്രാന്റെ ഇൻസ്വിങ്ങറും കപിലിന്റെ ഔട്ട്സ്വിങ്ങറും പറയുമ്പോഴും ഓർമയിൽ വരുന്നു. കവിതയെഴുതുമ്പോൾ വാക്കുകളെ ഭാഷയുടെ സമനിരപ്പിൽ നിന്നും ഉയർത്തേണ്ടിവരുമ്പോൾ ഇതുമായി ഒരു പ്രത്യേക സമാനത തോന്നും. കവിത അതിനാൽ ഒരുതരം ബൗളിങ്‌ ആണെന്നു പറയാം. ബാറ്റ്സ്മാൻ എന്ന നിലയിൽ അന്നും ഇന്നും മനസ്സിലുള്ളത് ഒരേ ഒരു വിവിയൻ റിച്ചാർഡ്സ്.

വിവിയൻ റിച്ചാർഡ്‌സ്‌

വിവിയൻ റിച്ചാർഡ്‌സ്‌

എന്റെ വെസ്റ്റ് ഇൻഡീസ് പ്രേമത്തിന് പിൽക്കാലത്ത് സി എൽ ആർ ജെയിംസിന്റെ ബിയോണ്ട് ദി ബൗണ്ടറി എന്ന പുസ്തകം വായിച്ചപ്പോൾ സാധുത കിട്ടിയപോലെ തോന്നി. അക്കാലത്ത് കളികൾ സംസ്്കാര പഠനത്തിന്റെ മേഖലയാണെന്ന് ആലോചിട്ടുപോലുമില്ലെങ്കിലും യശഃശരീരനായ മുരളീധരൻ, കപിൽദേവിനെയും രവിശാസ്ത്രിയേയും താരതമ്യപ്പെടുത്തി എഴുതിയ ലേഖനവും സാംസ്കാരിക പഠനം എന്ന നിലയിൽ ശ്രദ്ധേയമാണ്.

കളിയനുഭവം നേരിട്ടല്ല കവിതയിലേക്ക് വന്നത്. അന്തോണി ടെറിക്കൻ ഒക്കെ യഥാർഥത്തിൽ ഉള്ള ആളുകളാണെങ്കിലും കവിത അവന്റെ യഥാതഥ ചിത്രീകരണം ഒന്നുമല്ല. അതേസമയം കളിയനുഭവത്തിന്റെ പശ്ചാത്തലം ഉള്ളതു കൊണ്ടും ഞങ്ങളുടെ ദരിദ്ര ക്രിക്കറ്റ് വേദിയുടെ ചിത്രീകരണം ഉള്ളതുകൊണ്ടും അത് എനിക്ക് പ്രിയപ്പെട്ട കവിതയാണ്. ഒരു ഇന്നിങ്‌സ് ദുരന്തം എന്ന കവിതയിലെ ബൈജു ക്രിക്കറ്റ് കളിപ്രാന്തനും കളിമൈതാനത്തിൽ ജീവിക്കുന്ന വ്യക്തിയാണെങ്കിലും അയാൾ ഒരു പൗരൻ കൂടിയാണ്. അതിനാലാണ് കോഴ  ക്രിക്കറ്റിനെ വിഴുങ്ങുമ്പോൾ അയാൾ ആ കളിയെ വെറുക്കുന്നത്.

?   ഗോപിയുടെ സമകാലികരായ എഴുത്തുകാരുടെ കവിതകളെ നിശിതമായി വായിക്കാറുണ്ടോ, തുടർന്നുള്ള തലമുറക്കവികളേയും. സോഷ്യൽ മീഡിയയിലൊക്കെ മാത്രം കവിതയെഴുതുന്ന ധാരാളം പേരുണ്ടല്ലോ. പ്രത്യേക ശ്രദ്ധയും താൽപ്പര്യവും തോന്നിയ ആളുകളുണ്ടോ അക്കൂട്ടത്തിൽ.

=   ഉണ്ടെന്നാണ് എന്റെ വിചാരം. സോഷ്യൽ മീഡിയയ്ക്ക് അതിരുകൾ ഇല്ലാത്തതുകൊണ്ട് എല്ലാം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു എന്ന് കരുതുക വയ്യ. കവിതയുടെ ഗൗരവതരമായ പാരമ്പര്യവുമായി പ്രതിപ്രവർത്തിക്കുന്നവർ ധാരാളം. പ്രശ്നം, ഗുണപരതയെ വേർതിരിച്ചെടുക്കുന്ന ഉപകരണങ്ങൾ ദുർബലപ്പെട്ടതാണ്. കൈയടിയും കൂവലുമല്ല കവിതാനിരൂപണം. സാമൂഹ്യമാധ്യമങ്ങളുടെ ഉപകരണസംവിധാനം ആകട്ടെ ഭൂരിപക്ഷതയെ കൊണ്ടാടുന്ന ഒന്നാണ്. വൈറൽ ആവാൻ കവിത വൈറസല്ല. മനുഷ്യരെപ്പോലെ സഞ്ചരിക്കുന്ന ഒന്നാണ്.
ഓർക്കേണ്ട ഒന്ന് ഇന്നത്തെ ജീവിതത്തിനുള്ളിലെ അസംഖ്യമാനമായ സംഘർഷങ്ങളെ അടയാളപ്പെടുത്താൻ ഏകകവിക്ക് കഴിയില്ല. ബഹുകവികൾക്കേ കഴിയൂ. അതിനാൽ സമകാലികരെ കർക്കശമായി വായിക്കേണ്ടത് സ്വന്തം ചരിത്രമുഹൂർത്തത്തെ അറിയാൻ ശ്രമിക്കുന്ന ഓരോരുത്തരുടേയും കടമയാണ്; ഔദാര്യമല്ല.

?   കവികളിലാരെയെങ്കിലും ആവർത്തിച്ച് വായിക്കലുണ്ടോ; എഴുത്തച്ഛനെ, ആശാനെ, വൈലോപ്പിള്ളിയെ, ഇടശേരിയെ, ബാലാമണിയമ്മയെ, അക്കിത്തത്തെ, ആറ്റൂരിനെ...

=   ഇവരെ മാത്രമല്ല, കിഴക്കൻ യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും കവികളെയും ആവർത്തിച്ചു വായിക്കാറുണ്ട്; എലിയറ്റ് പോലുള്ള ഇംഗ്ലീഷ് കവികളേയും. ഓരോ വായനയിലും കവിത മാറും.

ടി എസ്‌ എലിയറ്റ്‌

ടി എസ്‌ എലിയറ്റ്‌

വ്യക്തിപരമായി എന്നെ സ്വാധീനിച്ച കവിതകൾ ധാരാളമുണ്ട്. ഉദാഹരണത്തിന് കുമാരനാശാൻ. പക്ഷേ, കുമാരനാശാൻ എഴുത്തിനെ പ്രത്യക്ഷമായി സ്വാധീനിക്കാറില്ല. അങ്ങനെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന കവിത, എൺപതുകളിലെ മലയാള കവിതയാണ്. അത് ഒരു മലയാള ആധുനികതയെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. നമ്മുടെ കാവ്യപഠിതാക്കൾ എഴുപതുകളിലേയും തൊണ്ണൂറുകളിലേയും കവിതകളെക്കുറിച്ച് പറയാറുണ്ടെങ്കിലും, എൺപതുകളിലെ മലയാള കവിതയാണ് ഭാവിയിൽ പഠിക്കപ്പെടുക എന്ന് ഞാൻ വിചാരിക്കുന്നു. അതിൽ മലയാളത്തിന്റേതായ ഒരു തലച്ചോറ്‌ പ്രവർത്തിച്ചിരുന്നു. അതോടൊപ്പം അത് ഫ്യൂഡൽ വിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ ഒരു അനുഭൂതിപാരമ്പര്യത്തെ അന്വേഷിക്കുകയും ആവിഷ്ക്കരിക്കുകയും ചെയ്തിരുന്നു. അതിനൊരു തുടർച്ച കാലം ആവശ്യപ്പെടുന്നുണ്ട്. അതേസമയം അത് അതേപടി ആവർത്തിക്കണം എന്നല്ല പറയേണ്ടത്. മറിച്ച് അത് ഉണ്ടാക്കിയ ഊർജത്തെ നാം ഏറ്റെടുക്കേണ്ടതുണ്ട്.

?   പ്രിയപ്പെട്ട എഴുത്തുകാർ എന്നൊന്നുണ്ടോ. പോളിഷ് കവിയായ വിസ്ലാവാ ഷിംബോർഷ്കയെ ധാരാളം വിവർത്തനം ചെയ്തിട്ടുണ്ടല്ലോ. നിക്കനാർ പാർറയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ബിരിയാണിയും മറ്റ് കവിതകളും സമർപ്പിച്ചിരിക്കുന്നതും പാർറയ്ക്കാണ്. ലോക കവിതയുമായുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ്...

=    പ്രിയപ്പെട്ട എഴുത്തുകാർ എന്നതിനേക്കാൾ പ്രിയപ്പെട്ട എഴുത്തുകൾ ധാരാളം. ഓട്ടോ റെനോ കാസ്റ്റിലോയുടെ ഒരു കവിത മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. മാർട്ടിൻ നീ മോയ്ളറുടേയും അങ്ങനെ തന്നെ (കവിതാതാൽപ്പര്യമുള്ള മലയാളികൾക്കെല്ലാം ആ കവിതകൾ സുപരിചിതം.

മാർട്ടിൻ  നിമോയ്‌ളർ

മാർട്ടിൻ നിമോയ്‌ളർ

ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ..., ആദ്യം അവർ ജൂതരെ തേടി വന്നു...എന്നിവ). എങ്കിലും അവരെ വലിയ കവികളായി കാണാനുള്ള കാരണം, ഒരു പ്രതിസംസ്കാരബോധത്തെ അവർ കവിതകളിൽ കൂടി ആവിഷ്ക്കരിക്കുന്നതിലാണ്. ഷിംബോർഷ്കയേയും പാർ റയേയുമൊക്കെ ഇഷ്ടപ്പെടാനുള്ള കാരണവും അതുതന്നെ. അവർ കവിത എന്ന വ്യവസ്ഥയുടെതന്നെ ആന്തരിക വിമർശകരാണ്. അതുവഴി ആഗോളവ്യവസ്ഥയുടെ വിമർശകരും ആയിത്തീരുന്നു അവർ. കവിത അതിൽ തന്നെ കെട്ടു ചീയാതിരിക്കുന്നത് ഇത്തരം കവികളുടെ പ്രവർത്തനം കൊണ്ടാണ്. അതിനാൽ നമ്മുടെ ഭാഷ, അവരുടെ ഭാഷ എന്നതിനേക്കാളും നാം മുൻഗണന കൊടുക്കേണ്ടത് സ്ഥാപിത താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന കവിത, അല്ലാത്ത കവിത എന്ന വിഭജനത്തിനാണ്. ഏതുനാട്ടിലെ കവിതയായാലും അവയ്ക്ക് മുന്നോട്ടുപോകാനുള്ള ഊർജം ലഭിക്കണമെങ്കിൽ ഇതരഭാഷകളിലെ കവിതകളുമായി മുഖാമുഖം നിന്നേ പറ്റൂ. ജിംഗോയിസവും ഭാഷാഹങ്കാരവും രൂപമൗലികവാദവും പറഞ്ഞിരുന്നാൽ കവിതാവണ്ടി ഓടില്ല. കവിതയുടെ ഭൂമിക ദേശരാഷ്ട്രസങ്കൽപ്പത്തിനനുസരിച്ച് മുറിക്കുന്നത് കവിതയുടെ വിജയമല്ല. മറിച്ച് ദേശരാഷ്ട്ര സങ്കൽപ്പത്തിന്റെ വിജയമാണ്. അതേസമയം ഓരോ ഭാഷയും അതിന്റെ ജീവനവ്യവസ്ഥയുടെ സ്വാധീനങ്ങൾ ആ ഭാഷയിലെ കവിതക്ക് നൽകുന്നുമുണ്ട്.

?  വായനയെ, ഒട്ടൊക്കെ ജീവിതത്തെ തന്നെയും, വഴിമാറ്റി വിട്ടെന്ന് തോന്നുന്ന വിധത്തിൽ സ്വാധീനിച്ച എഴുത്തുകൾ ഉണ്ടോ. അതുപോലെ ഒരു കാലത്ത് വലിയ ആവേശത്തോടെയും അനുഭൂതിയോടെയും വായിക്കുകയും പിന്നീടുള്ള കാലത്ത് അത്ര മതിപ്പ് തോന്നാതിരിന്നതുമായ കൃതികൾ...

=   ധാരാളം ഉണ്ട്. കവികളുടെ കാര്യം നേരത്തേ പറഞ്ഞല്ലോ. ഡൊസ്റ്റോയെവ്സ്കി, ഓക്റ്റേവിയോ പാസ്, ഫ്രാൻസ് ഫാനൺ...അങ്ങനെ പലരും... എത്ര പറഞ്ഞാലും തീരില്ല. എക്സ്യു പെറിയുടെ കുട്ടികൾക്കുവേണ്ടിയുള്ള കൃതി ലിറ്റിൽ പ്രിൻസ് പോലും എന്നെ മാറ്റിമറിച്ചിട്ടുണ്ട്. ആഴമുള്ള മലയാള കവിതകളുടെ വമ്പൻ ശ്രേണിയുണ്ട് ഇക്കൂട്ടത്തിൽ. പെഡ്രോ പരാമ ആഖ്യാനം കൊണ്ട് ഒരു വലിയ ഭൂഖണ്ഡം തന്നെ നിർമിച്ചിട്ടുണ്ട്. മാറാൻ ഇഷ്ടമില്ലാത്ത കരിങ്കൽ ജീവികൾ വായനക്കാരാവാതിരിക്കുന്നതാണ് നല്ലത്. ഏത് പുസ്തകത്തിന്റെയും മുൻകൂർ ഉപാധി മാറാൻ തയ്യാറായ മനുഷ്യരാണ്.

രണ്ടാമതു പറഞ്ഞ അനുഭവങ്ങളും ഉണ്ട്. ആ കൃതികളുടെ പേര് ഞാൻ പറയുന്നില്ല. രസം പിടിച്ച് അവ വായിക്കുന്നവർ ആരെങ്കിലും ഇതു വായിച്ച് സങ്കടപ്പെടാൻ പാടില്ലല്ലോ. അതിനേക്കാൾ പ്രധാനം ആദ്യവായനയിൽ ഒട്ടും പിടിക്കാത്തവ രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയിൽ നമ്മെ പൂർണമായും കീഴ്പ്പെടുത്തിക്കളയുന്നതാണ്. മധ്യകാലത്തെ ഭക്തകവികളുടെ വായന. തുക്കാറാമും കബീറും അക്കാ മഹാദേവിയുമൊക്കെ അല്പം വൈകിയാണ് എത്തുക. എ കെ രാമാനുജനെപ്പോലുള്ള ആളുകളെ വായിച്ചുകഴിഞ്ഞാണ് അങ്ങെത്തുന്നതെങ്കിൽ പറയുകയും വേണ്ട.

?    ബംഗാളി കവി മനോരഞ്ജൻ ബ്യാപാരി, ഹിന്ദി കവി മംഗ്ലേഷ് ദർബാൾ എന്നിങ്ങനെ ഇക്കാലത്തെ ഇന്ത്യൻ കവികളുമായും ഗോപിക്ക് ബന്ധമുണ്ട്. മഹാമാരി നമുക്ക് നഷ്ടപ്പെടുത്തിയ കവിയാണല്ലോ മംഗ്ലേഷ്. ഇന്ത്യൻ ഭാഷകളിലെ കവിതകളിൽ എന്താണ് സംഭവിക്കുന്നത്. ഇന്ത്യയിലെ ഭാഷാകവിതകളിൽ പൊതുവായ എന്തെങ്കിലും കാണാൻ പറ്റുമോ...

=    ഇന്ത്യൻ കവിതകളിൽ പൊതുവെ സംഭവിച്ച ഒരു കാര്യം അരികുകളുടെ കാവ്യവൽക്കരണം സംഭവിച്ചു എന്നതാണ്. ദളിത് കവിത എഴുപതുകളിൽ ഗുജറാത്തിയിലേയോ മറാത്തിയിലേയോ കവിതാപ്രസ്ഥാനങ്ങൾ ആയിരുന്നുവെങ്കിൽ ഇന്നത് എല്ലാ ഭാഷകളിലേയും കാര്യമാണ്. സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടാതെ ഇന്ന് ഒരു കവിതയ്ക്കും പുറത്തുവരാനാകില്ല. പരിസ്ഥിതിബോധം, ഭാഷയുടെ നിർമാനകീകരണം എന്നിങ്ങനെ കവിതയുടെ ഇന്ദ്രിയങ്ങൾക്ക് വികാസമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും കവിത ജനങ്ങളുടെ പൊതുബോധത്തിൽ ഇടപെടുന്ന ധർമം കൂടി അനുഷ്ഠിക്കുന്നുണ്ട് എന്ന് കരുതുന്ന വിഭാഗത്തിന്. അതേസമയം ഇത്തരം സൂക്ഷ്മമായ അധികാരസ്വരൂപങ്ങളെ കണ്ടെത്തുമ്പോഴും ഭീഷണമാം വിധം വളർന്ന സ്ഥൂലാധികാരത്തെ നോക്കാൻ ഇന്ത്യൻ കവിതക്ക് ശക്തി കുറഞ്ഞോ? എന്തുകൊണ്ടാണ് ജനതയുടെ ആത്മബലത്തെ ചിതറിച്ചുകളഞ്ഞ ഫാസിസത്തെ സമീപദൃശ്യമായി പിടിച്ചെടുക്കാൻ കവിതക്ക് കഴിയാത്തത്? കവിതയുടെ നിരവധിയായ വികാസപ്രക്രിയ കാണുമ്പോഴും ഇത്തരം വിമർശനങ്ങൾ ഉയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട്.

ആന്തരിക വിമർശനത്തിന്റേതായ പങ്ക് ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യൻ കവിത മുന്നോട്ട് പോയിട്ടുള്ളത്. ബി സി ആറാം നൂറ്റാണ്ടിൽ ഉണ്ടായ ഥെരിഗാഥ (ലോകത്തിലെ ആദ്യത്തെ പെൺകവികൾ ഈ കവിതകൾ രചിച്ചവരാണ്) മുതൽ ഈ ആന്തരികവിമർശനത്തിന്റെ ധാര പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ സാഹിത്യപ്രസ്ഥാനങ്ങൾ ഓരോരോ കാലങ്ങളിൽ ഉടലെടുത്തുവെങ്കിലും അവയെ ചലനാത്മകമാക്കിയത് ഈ ആന്തരികവിമർശനത്തിന്റെ പാരമ്പര്യത്തുടർച്ചയാണ്. ഏറ്റവും കൂടുതൽ രാഷ്ട്രീയകവിതകൾ എഴുതപ്പെടേണ്ട സമയത്ത് ഏറ്റവും കൂടുതൽ അരാഷ്ട്രീയ കവിതകൾ എഴുതപ്പെടുന്നതിൽ എന്തോ ഒരു ധാരണാപ്പിശക് ഉണ്ട്. ഇത് ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്നം കൂടിയാണ്, നീതിയാണ് ഏറ്റവും വലിയ സൗന്ദര്യങ്ങളിൽ ഒന്ന് എന്ന് ഉറപ്പിച്ച കവിതാരംഗത്ത്.

?    ഈ പറയുന്ന ദളിത് കവിതകളുടെ അനുഭവതലങ്ങളും സ്ത്രീപക്ഷ രാഷ്ട്രീയം ആവശ്യപ്പെടുന്ന സൂക്ഷ്മതയും ഗോപിയുടെ കവിതയേയും ബാധിച്ചിട്ടുണ്ടോ...

=    ഉറപ്പില്ല. എന്റെ എഴുത്ത് രൂപപ്പെടുന്നത് എന്റെ തന്നെ അനുഭവങ്ങളെ മുൻനിർത്തിയാണ്. ഒരു കവിയ്ക്കും അയാളുടെ/ അവളുടെ കാതലിൽ ആരേയും അനുകരിക്കാൻ സാധ്യമല്ല. പക്ഷേ, ആ കാതൽ രൂപപ്പെടുന്നതിന് അത്യാവശ്യമായ പഠിപ്പിൽ ഇതെല്ലാം ഉൾച്ചേർന്നിരിക്കണം.
ബ്രിട്ടീഷുകാരുടെ സെല്ലുലാർ ജയിലിൽ, കാലാപാനിയിൽ, ജീവപര്യന്തത്തടവുകാരെക്കൊണ്ട് ചക്ക് ആട്ടിച്ചിരുന്നു. അതിന്റെ പീഡാനുഭവം അവരുടെ ജീവിതത്തെ നരകതുല്യമാക്കിയിരുന്നു. അത് വായിച്ചാൽ നാം അസ്വസ്ഥരാകും. എന്നാൽ യാതൊരു ശിക്ഷയും കൂടാതെ പ്രത്യേക ജാതിയിൽ ജനിച്ചതുകൊണ്ടു മാത്രം അത് നിരന്തരം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം നമ്മിൽ യാതൊരു ചലനവും ഉണ്ടാക്കില്ല. ഈ വൈരുധ്യം അറിയണമെങ്കിൽ നമ്മുടെ പൊതുബോധത്തിന് അത്തരമൊരു പഠിപ്പിലൂടെ പോയേ തീരൂ. അത് പ്രധാനപ്പെട്ടതാണ്.

ഫോട്ടോ: ഇമ ബാബു

ഫോട്ടോ: ഇമ ബാബു

‘അടുക്കളയിൽ കവിതയെത്തുമ്പോൾ’ എന്നായിരുന്നു ഒരു പൊതുമാസികയിൽ അച്ചടിക്കപ്പെട്ട എന്റെ ആദ്യകവിതയുടെ പേര് എന്ന് സൂചിപ്പിച്ചല്ലോ. അന്നു മുതൽ ഒരു പെൺപാതി കവിതയിൽ കൂടെയുണ്ട്. അതൊരു ഉരകല്ലാണ്. നമ്മുടെ കാവ്യവിചാരങ്ങളെ ഏകപക്ഷീയമല്ലാതാക്കുന്നത് ഇത്തരം ഉരകല്ലുകളാണ്. അതിനാൽ ഊറ്റങ്ങൾ അല്ല കാവ്യാഭിമാനങ്ങൾ. ഇത്തരം ഉരകല്ലുകൾ ചേർന്നുണ്ടാക്കുന്ന വിനീതമായ അന്തസ്സേ കവിതയ്ക്ക് ചേരൂ.

?   2014 മുതൽ ഗോപിയുടെ കവിതയെഴുത്തിന്റെ ഫ്രീക്വൻസി വർധിച്ചോ. അതിൽ പ്രത്യക്ഷ രാഷ്ട്രീയാസ്വസ്ഥതകൾ വ്യക്തമായും കാണാം. ലോകകപ്പ് ഫുട്ബോൾ കാലത്തെ കവിതയിൽ ഹിറ്റ്ലറിന് കടന്നുവരാതിരിക്കാൻ പറ്റുന്നില്ല. ഫാസിസ്റ്റ് കാലമായപ്പോൾ കവിത മാറിയിട്ടുണ്ടോ. കവിതയെഴുത്ത് മാറിയിട്ടുണ്ടോ. 'അയ്യോ എന്ന വാക്കുകൊണ്ട് അപ്പം ചുടാനാവില്ല, പക്ഷേ, അപ്പം കരിയുന്നുവെന്ന് ലോകത്തെ അറിയിക്കാനാകും' എന്ന് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്. അപ്പവും ലോകവും കരിയുന്നുവെന്ന് വിളിച്ചുപറയേണ്ട ധാർമിക ബാധ്യത കവിക്കുണ്ടോ. അത് ഗോപി എന്ന വ്യക്തിയുടെ ബാധ്യതയാണോ കവിയുടെ ബാധ്യതയാണോ.

=   ധാർമികബാധ്യത എന്നതിനേക്കാൾ ജീവിച്ചിരിക്കുന്നതിന്റെ ആവശ്യകതയാണ് ഫാസിസ്റ്റ് വിരുദ്ധനാകുക എന്നത്. ഫാസിസം നമ്മുടെ ഇന്നിനേയും നാളെയേയും മാത്രമല്ല ഇന്നലകളേയും മൂടിക്കളയുന്നു. മനുഷ്യവംശത്തെ ബാധിച്ച രോഗമാണത് എന്ന് തിരിച്ചറിയുമ്പോൾ കവിക്ക് ചികിത്സകനാകാതിരിക്കാൻ വയ്യ. അത് കവിത എന്ന സാഹിത്യരൂപത്തെ നിലനിർത്താൻ കൂടി നടത്തുന്ന പോരാട്ടമാണ്.

എഴുത്തിന്റെ വ്യാപ്തി കൂടുന്നതും കുറയുന്നതും അല്ല പ്രശ്നം. മറിച്ച് നമ്മൾ യഥാർഥത്തിൽ നിൽക്കേണ്ട ചരിത്രസ്ഥലിയിൽ നിൽക്കാൻ പറ്റുന്നുണ്ടോ ഇല്ലയോ എന്നതാണ്. ബാബറി മസ്ജിദിന്റെ തകർച്ച അങ്ങനെയൊരു സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയത്. ഒരു കൂട്ടം തെമ്മാടികൾ ചരിത്രത്തെ കായികമായി കീഴടക്കാൻ മുന്നോട്ടുവന്നതോടെ നമ്മുടെ മുൻഗണനകൾ മാറിപ്പോയി. നമ്മൾ കൊള്ളയടിക്കപ്പെട്ടു. അതുവരെയുള്ള ചിന്തയുടേയും ധൈഷണികതയുടേയും അനുഭൂതികളുടേയും ചരിത്രം കീഴ്മേൽ മറിഞ്ഞു. നമുക്ക് ആ ചരിത്രത്തെ പുനർനിർമിക്കേണ്ടതുണ്ട്. അതിനാൽ പൊതുബോധത്തിൽ നിരന്തരം ഇടപെടുക എന്നത് ജീവിതത്തിന്റെ ഭാഗം ആയിത്തീർന്നിരിക്കുന്നു.
‘അയ്യോ’ എന്ന് ദിവസവും നിരവധി പേർ പറയുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഭാഷയുടെ ഏറ്റവും ചെറിയ യൂണിറ്റുകൊണ്ട് നാം ജീവിക്കുന്ന കാലത്തിന്റെ അഗാധസത്തയെ പിടിച്ചെടുക്കലാണ് ‘അയ്യോ’ എന്ന് പറയുമ്പോൾ സംഭവിക്കുന്നത്. നമ്മുടെ കാലത്തെ ഒരു നാടോടി എഴുത്താണത്. ഒരു സംയോജിത മനസ്സ് അതിനു പിന്നിൽ കർതൃത്വമായുണ്ട്. രസകരമായ ഒരു ഭാവി ആ കവിതയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതെഴുതിക്കഴിഞ്ഞ് അധികം കാലം പിന്നിടും മുമ്പ് ഓക്സ്ഫോർഡ് ഡിക്ഷ്ണറി 'അയ്യോ’ എന്ന പദത്തെ അവരുടെ സ്വരസഞ്ചയത്തിൽ ഉൾപ്പെടുത്തി. തികച്ചും ഒരു ആകസ്മികതയാണെങ്കിലും അത് ആ കവിതക്കുനേരെ ഇട്ട ശരി ചിഹ്നമാണ് എന്ന് വിചാരിക്കുന്നു.

?    കവിതയെഴുത്തിന്റെ വ്യാപ്തി കൂടിയെന്നതുകൊണ്ട്, നേരത്തേ പറഞ്ഞ‐ ദിലീപ് ചിത്രേ, ഇ വി രാമകൃഷ്ണൻ മാഷുമായുള്ള അഭിമുഖത്തിൽ പറഞ്ഞ‐  അനുഭവങ്ങളെ പിന്തുടരുന്ന ഭാഷയുടെ പ്രയോഗം, ഒരു വ്യാധിപോലെ രാഷ്ട്രീയം ബാധിക്കുന്ന കാലത്ത്, കൂടുന്നുണ്ടോ എന്നാണ് ചോദിക്കാൻ ശ്രമിച്ചത്. അത് ചോദിക്കാൻ മറ്റ് കാര്യങ്ങളുമുണ്ട്. ഇക്കാലത്തെ സംസ്കാരിക വേദികളിൽ, കവിത ചൊല്ലുന്നതിനിടയിൽ, പുസ്തകങ്ങളുടെ പ്രകാശനവേദികളിൽ, എന്തിന് സൗഹൃദ ക്കൂട്ടങ്ങളുടെ ഒത്തൊരുമകളിൽ പോലും ഗോപി രാഷ്ട്രീയമാണ് സംസാരിക്കുന്നത്. പൊതുബോധത്തിലുള്ള നിരന്തരമായ ഇടപെടലാണോ അത്. അതിനെ ഒന്നു കൂടി വിശദീകരിക്കാമോ...

=    കവി എന്നാൽ സ്ഥല‐ കാലങ്ങൾക്കതീതമായ ഒരു വ്യക്തിത്വമല്ല. കാവ്യഭാഷ എന്നത് പോലും സ്ഥല‐ കാലങ്ങളുടെ സവിശേഷമായ വിശദീകരണമോ ചൂണ്ടിക്കാട്ടലോ ആണ്. പുതിയ കവിതയുടെ വ്യാകരണം ഈ സ്ഥലകാലങ്ങളുടെ സാന്നിധ്യമാണ്. ഭാഷാവ്യാകരണം അല്ല. എന്നെ സംബന്ധിച്ചിടത്തോളം മലയാള കവിതയ്ക്ക് ഒരു രാഷ്ട്രീയപാരമ്പര്യം ഉണ്ട് എന്ന തിരിച്ചറിവ് പ്രധാനപ്പെട്ടതാണ്. ശ്രീനാരായണഗുരു മുതൽ ഇങ്ങോട്ടുള്ള കവികളുടെ കാര്യം പരിശോധിച്ചാൽ ആരാണ് രാഷ്ട്രീയവിചാരത്തിൽ നിന്നും മാറിനിന്നിട്ടുള്ളത്? കുമാരനാശാൻ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, അയ്യപ്പപ്പണിക്കർ, കക്കാട്, ആറ്റൂർ... എഴുപതുകൾ എത്തുമ്പോൾ കെ ജി എസ്, സച്ചിദാനന്ദൻ, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, എ അയ്യപ്പൻ... നമ്മുടെ സ്ത്രീ കവിത ഇന്ത്യയിലെ മറ്റിടങ്ങളിലെ സ്ത്രീ കവിതയിൽ നിന്ന് വ്യതിരിക്തമാകുന്നതുപോലും രാഷ്ട്രീയ ധ്വനികൾ കൊണ്ടാണ്. ബാലാമണിയമ്മ വീട്ടുവേലയുടെ രാഷ്ട്രീയം തെരഞ്ഞു.

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു

സുഗതകുമാരി ബയാഫ്രാ പോലുള്ള കവിതകൾ എഴുതുന്നത് സ്വന്തം ഉത്തരവാദിത്തമായി കരുതി. പിന്നാക്കം പോയാൽ പൂന്താനത്തിലും നമ്പ്യാരിലും രാഷ്ട്രീയം നിറഞ്ഞു തുളുമ്പി. ‘കൊല്ലിക്കയത്രേ നിനക്ക് രസമെടോ?' എന്ന് എഴുത്തച്ഛൻ ഗാന്ധാരിയെക്കൊണ്ട് കൃഷ്ണനോട് ചോദിപ്പിച്ചു. ഭക്തകവി എന്ന് മുദ്രകുത്തിത്തള്ളിയ പി കുഞ്ഞിരാമൻനായർ ഒരു കവിതയിൽ ഗാന്ധിയുടെ കൊലപാതകം പ്രവചിച്ചു. നവോത്ഥാനത്തിനും ഗാന്ധിസത്തിനും കമ്യൂണിസത്തിന്റെ വകഭേദങ്ങൾക്കും മലയാള കവിതയിൽ ഒരു സമാന്തര ചരിത്രം വായിക്കാം. ഈ പൊതുചരിത്രം മാത്രമല്ല, ഒറ്റപ്പെടലിന്റെ, വേദനയുടെ, കലാപത്തിന്റെ നിരവധി സൂക്ഷ്മചരിത്രങ്ങളും. കോളനീകരണവും ജാതിയും സ്ത്രൈണ രാഷ്ട്രീയവും മലയാളകവിതയിൽ വളരേമുമ്പേ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. അടികൊണ്ട ചേര പോലെ നദി ഒഴുകുന്നത് പി കാണുന്നത് ഗ്രീൻ പാർട്ടികൾ ലോകത്ത് ഉടലെടുക്കുന്നതിന് മുമ്പാണ്.

അതായത് രാഷ്ട്രീയ,സാമൂഹ്യപ്രസ്ഥാനങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കും മുമ്പുതന്നെ നീതിയുടെ ചരിത്രത്തിന്റെ സ്വാഭാവികമായ പ്രശ്നസ്ഥലികൾ എന്ന മട്ടിൽ മലയാള കവിത രാഷ്ട്രീയ പ്രശ്നങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. പ്രണയകവിത എന്ന മട്ടിൽ മലയാളികൾ മൊത്തം ഏറ്റെടുത്ത രമണനിൽ പോലും 'വർഗ പ്രശ്ന'മാണ് വില്ലൻ. അതിനാൽ മലയാളത്തിൽ നമുക്ക് കവിതകൾക്കുള്ളിൽ കണ്ടുപിടിക്കേണ്ടിയിരുന്നത് യഥാർഥത്തിൽ അരാഷ്ട്രീയത ആയിരുന്നു എന്ന് പറയാം, അതിശയോക്തി കൂടാതെ.  ഞാൻ കവിതയെഴുതിത്തുടങ്ങിയ കാലത്തെ ഒരു വലിയ പ്രശ്നം അരാഷ്ട്രീയത സകല സുഷിരങ്ങളിലൂടെയും രാജ്യത്തിലേക്കും ശരീരങ്ങളിലേക്കും ഇരമ്പിക്കയറി എന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും അരാഷ്ട്രീയമായി. ജനാധിപത്യം എന്ന വ്യവസ്ഥ ഈ അരാഷ്ട്രീയതയിൽ മരവിച്ചുപോയിരുന്നു. ഇന്നലെകളുമായി നമുക്കുള്ള ബന്ധം സമ്പൂർണമായി വിച്ഛേദിക്കപ്പെടുന്ന സ്ഥിതിവന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം സ്വാതന്ത്ര്യപ്പോരാട്ടങ്ങളും സ്വാതന്ത്ര്യപ്രാപ്തിയും ഒക്കെയായിരുന്നുവെങ്കിൽ അതിന്റെ അവസാനം മതഭൂരിപക്ഷത്തിന്റെ വൈറസ് ബാധയേറ്റ് സ്വയം പടയാളികളായി ചമഞ്ഞ കുറേപ്പേർ തങ്ങളുടെ സഹജീവികളുടെ ആരാധനാലയം സാമൂഹ്യജീവിതത്തിന്റെ എല്ലാ കരാറുകളും ലംഘിച്ച് തല്ലിത്തകർത്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗുജറാത്ത് എന്ന ഇന്ത്യൻ സംസ്ഥാനത്തിൽ ഭരണകൂടവും അതിനാൽ നയിക്കപ്പെടുന്ന സ്ഥാപനങ്ങളും ചേർന്ന് അതിന്റെ തന്നെ പ്രജകളെ തെരുവുനായ്ക്കളെപ്പോലെ തല്ലിക്കൊല്ലുന്നത് കാണേണ്ടിവന്നു. മഹാരാഷ്ട്രയിലെ വിദർഭ പോലുള്ള പ്രവിശ്യയിൽ മധ്യവർഗി ഒരു മാസം വാങ്ങുന്ന ശമ്പളത്തിന്റെ അത്രയും പോലുമില്ലാത്ത സംഖ്യ കടം വീട്ടാൻ പറ്റാതെ കർഷകർ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുന്നതും നാം കണ്ടു. ദുരഭിമാനക്കൊലകളിൽ ഇന്ത്യൻ സ്ത്രീത്വം നിരന്തരം ഇരകളായി. ജാതിയുടെ മുൻഗണനയും അവഗണനയും നിയമത്തിന് മുകളിലെ നിയമം ആയി. ഞങ്ങൾ കവിതയെഴുതാൻ തുടങ്ങുന്ന കാലത്ത് ഇതായിരുന്നു ഇന്ത്യൻ യാഥാർത്ഥ്യം.

ഒഎൻവി, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട തുടങ്ങിയവർക്കൊപ്പം പി എൻ ഗോപീകൃഷ്‌ണൻ

ഒഎൻവി, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട തുടങ്ങിയവർക്കൊപ്പം പി എൻ ഗോപീകൃഷ്‌ണൻ

?   സവർക്കറെ ഇന്ത്യയുടെ രാഷ്ട്രീയ പിതൃബിംബമായി അവതരിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കുറച്ചായല്ലോ. അത് വന്നുവന്ന് വളരെ സക്രിയമായി നമ്മുടെ വ്യവഹാരങ്ങളിൽ വ്യാപരിക്കുന്ന കാലം കൂടിയാണ്.
ഗാന്ധി, ഗോഡ്സെ, സവർക്കർ എന്നിവർ ഗോപിയുടെ ആലോചനകളിലും വായനകളിലും എഴുത്തിൽ ഇപ്പോൾ നിരന്തരം കടന്നുവരുന്നത് ഇത്തരത്തിൽ പൊതുബോധത്തിലുള്ള ഇടപെടൽ തന്നെയാണോ. ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ കവിക്കെന്താണ് ചെയ്യാനുള്ളത്...

=   ഫാസിസം ഇന്ത്യൻ ചക്രവാളത്തിൽ കാണാൻ തുടങ്ങിയ കാലത്തുതന്നെ മലയാള ധൈഷണികതയും സർഗാത്മകതയും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കെ ജി എസ് തത്വചിന്തയുമായി ഞാൻ ഉലാത്തുമ്പോൾ എഴുതി. എൻ എസ് മാധവന്റെ തിരുത്തും എൻ പ്രഭാകരന്റെ രാമനും ഉണ്ടായി. ടി കെ രാമചന്ദ്രന്റേയും ബി രാജീവന്റെയും സച്ചിദാനന്ദന്റേയും എം എൻ വിജയന്റേയും രവീന്ദ്രന്റേയും കെ ഇ എന്നിന്റേയും കെ അരവിന്ദാക്ഷന്റേയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റേയും മറ്റും എഴുത്തുകളും പ്രസംഗങ്ങളുമൊക്കെ ധാരാളമായുണ്ടായി. ഹിറ്റ്ലറുടെ ഫാസിസവും ഗ്രാംഷിയുടെ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെട്ടു.

ഇന്ത്യൻ ഫാസിസത്തിന് യൂറോപ്യൻ ഫാസിസവുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ അതോടൊപ്പം തന്നെ അതിന് ഇന്ത്യൻ വേരുകളും ഉണ്ട്; ഇന്ത്യൻ ചരിത്രത്തിൽ ആഴ്ന്നു കിടക്കുന്നവ. മറാത്ത/മുഗളർ എന്ന നിലയിൽ ആരംഭിച്ച ആ ചരിത്രം വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല എന്ന തോന്നൽ എനിക്കുണ്ടായി. മീൻ കാംഫിനെ പറ്റി നമുക്കറിയാം. എന്നാൽ 1923 ൽ പുറത്തുവന്ന സവർക്കറുടെ എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വയെപ്പറ്റി നമുക്ക് വേണ്ടത്ര അറിഞ്ഞുകൂടാ. 1921 ലെ മലബാർ കലാപത്തെപ്പറ്റി സവർക്കർ മറാത്തിയിലെഴുതിയ നോവൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇന്ധനം ആയത് എങ്ങനെ എന്ന് എത്രപേർക്കറിയാം? കാലാപാനി എന്ന പ്രിയദർശന്റെ മോഹൻലാൽ ചിത്രം ഇവിടെ മുഖ്യധാരയിൽ വിജയകരമായി പ്രദർശിപ്പിച്ചുപോയിട്ടും അത് ഉണ്ടാക്കിയ അവാർഡ് വിവാദം മാത്രമേ നാം ചർച്ച ചെയ്തുള്ളൂ. അത് സവർക്കറുടെ പുസ്തകത്തെ ആശ്രയിച്ച് ഉണ്ടാക്കിയ ഒരു കഥാചിത്രമാണ് എന്ന കാര്യം ശ്രദ്ധിച്ചേ ഇല്ല. ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്നതിന് ശേഷമാണ് കമൽഹാസന്റെ ഹേ റാം പുറത്തിറങ്ങുന്നത്. അതും മുഖ്യധാരയിൽ വിജയകരമായി പ്രദർശിപ്പിക്കുകയുണ്ടായി.

‘ഹേ റാമി’ൽ കമൽഹാസൻ

‘ഹേ റാമി’ൽ കമൽഹാസൻ

സവർക്കറുടെ ഹിന്ദുത്വ ഫാസിസ്റ്റ് മുഖം വെളിപ്പെടുത്താൻ ആ സിനിമ ശ്രമിച്ചിരുന്നു.

അക്കാര്യവും നാം വലുതായി ചർച്ച ചെയ്തില്ല. ഇതിന്റെ ഒരു കാരണം ജാതിയെ നേരിടുന്നതിൽ പരിമിത വിജയം നേടാൻ നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. പിന്നീട് വന്ന ദേശീയ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഒക്കെത്തന്നെ ജാതിയെ ജനാധിപത്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കയറിയിരിക്കുന്നതിൽ നിന്നും മാറ്റിനിർത്താനായിട്ടുണ്ട്. ജാതി സംഘടനകൾ പോലും കേരളത്തിൽ ശ്രമിച്ചത് അധികാരത്തിൽ തങ്ങളുടെ ഓഹരി നിലവാരത്തെ ഇടിയാതെ നിലനിർത്താനാണ്. അത് കൊണ്ട് ബ്രാഹ്മണിസത്തെ അധികാരത്തിന്റെ കേന്ദ്ര അരങ്ങിൽ നാം അധികം കണ്ടില്ല. അതിനാൽ അത്തരത്തിലുള്ള ഒരു മറവിയിലേക്ക് ഉദാസീനതയിലേക്ക് നാം വീണുപോയിട്ടുണ്ട്.

ഗോഡ്‌സെ നമ്മിൽ ഭൂരിഭാഗത്തെ സംബന്ധിച്ചിടത്തോളം ഒരു മതഭ്രാന്തൻ മാത്രമാണ്. നൈമിഷികമായ വികാരത്തള്ളിച്ചയിൽ ഗാന്ധിയെ വെടിവച്ചു കൊന്നവൻ. അല്ലെങ്കിൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന 'നന്മ' കൾക്ക് എതിരുനിന്നവൻ. നമ്മുടെ ഏറ്റവും വലിയ ധൈഷണികരിൽ ഒരാളായിരുന്ന എൻ വി കൃഷ്ണവാര്യർക്കുപോലും അങ്ങനെയായിരുന്നു. നാഥുറാം ഗോഡ്സെയും ഗാന്ധിയും എന്ന കവിതയിൽ ഗോഡ്സെ കരിഞ്ചന്തക്കാരന്റേയും മുതലാളിത്തത്തിന്റേയും അധികാരത്തിന്റേയും ഒക്കെ പ്രതിരൂപമായി വരുന്നുണ്ടെങ്കിലും ഹിന്ദുത്വഫാസിസത്തിന്റെ പ്രതിരൂപമായി അതിൽ പ്രത്യക്ഷപ്പെടുന്നേ ഇല്ല; ജസ്റ്റീസ് ജീവൻ ലാൽ കപൂർ ഗാന്ധിവധത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന കാലത്ത് എഴുതപ്പെട്ട കവിതയായിട്ടുപോലും. ഗാന്ധിവധം ഗാന്ധിയുടെ മുസ്ലിം സമീപനത്തോടുള്ള ഹിന്ദുത്വവാദികളുടെ ഗോഡ്സെയെ മുന്നിൽ നിർത്തിയുള്ള പ്രതികരണമായി വായിക്കുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ വിപുല സന്ദർഭത്തെ കാണാതിരിക്കലാണ്. പാകിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യം വേർപെട്ടതോടെ ബാക്കിയായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എളുപ്പമാണെന്നാണ് സവർക്കറും കൂട്ടരും കരുതിയത്.

ഗാന്ധിജിയുടെ അന്ത്യയാത്ര

ഗാന്ധിജിയുടെ അന്ത്യയാത്ര

അന്നത്തെ ഇന്ത്യൻ നേതാക്കളുടെ പ്രബുദ്ധത ഇന്ത്യയെ സെക്യുലർ പന്ഥാവിലൂടെ നയിക്കും എന്ന് കണ്ടപ്പോൾ രാജ്യത്തെ സായുധമായി പിടിച്ചെടുത്ത് ഹിന്ദു രാഷ്ട്രമാക്കാൻ ഫാസിസ്റ്റുകൾ ശ്രമിച്ചതിന്റെ ആദ്യപടിയായിരുന്നു ഗാന്ധി വധം.സവർക്കറും ഇന്ത്യയിലെ ചില ഹിന്ദുനാട്ടുരാജ്യങ്ങളും ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതിയുടെ ചാവേർ ആയിരുന്നു ഗോഡ്സെ. ജീവൻ ലാൽ കപൂർ കമ്മീഷൻ ഇത് ഒരു പരിധി വരെ കണ്ടെത്തിയിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർടി പത്രമായിരുന്ന പീപ്പിൾസ് ഏജ് ഗാന്ധിവധത്തിനുമുമ്പേതന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

മരിച്ച ഗാന്ധി ജീവിച്ചിരുന്ന ഗാന്ധിയേക്കാൾ ശക്തമായ രാഷ്ട്രീയസാന്നിധ്യമായതോടെ ഫാസിസ്റ്റുകളുടെ ആ പദ്ധതി അമ്പേ പാളിപ്പോവുകയാണുണ്ടായത്. എന്നാൽ അവർ പദ്ധതി ഉപേക്ഷിച്ചില്ല. ജനതയുടെ മറവിക്ക് പിന്നിലിരുന്ന് പതുക്കെപ്പതുക്കെ അവർ അതിലേയ്ക്കുള്ള പടവുകൾ പണിതു. സവർക്കറുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി രാമബിംബത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ കൗശലവും പൗരത്വനിയമവും 370 ാം വകുപ്പിന്റെ നിർവീര്യവൽക്കരണവുമടക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കിവരുമ്പോൾ ഫാസിസത്തിന്റെ ഇന്ത്യൻ ചരിത്രം നാം ആഴത്തിൽ പഠിക്കേണ്ടിവരും.

ഭാവനയെ ചരിത്രവൽക്കരിക്കുന്നതിൽ കവിക്ക് വലിയ പങ്കുണ്ട് എന്ന് നാം ജീവിച്ചിരുന്ന കാലം തെളിയിച്ചിട്ടുണ്ട്. മാച്ചു പിച്ചുവിന്റെ ഉയരങ്ങൾ പോലുള്ള കവിതകൾ ഉൾക്കൊള്ളുന്ന കാന്റോ ജനറൽ പുറത്തുവന്നതോടെയാണ് നെരൂദ വിശ്വരൂപം കാണിച്ചത്. ഏത് നല്ല കവിത രുചിച്ചു നോക്കിയാലും ചരിത്രത്തിന്റെ മണ്ണ് ചുവയ്ക്കും.

 ഭാവനയെ ചരിത്രവൽക്കരിക്കുന്നതിൽ കവിക്ക് വലിയ പങ്കുണ്ട് എന്ന് നാം ജീവിച്ചിരുന്ന കാലം തെളിയിച്ചിട്ടുണ്ട്. മാച്ചു പിച്ചുവിന്റെ ഉയരങ്ങൾ പോലുള്ള കവിതകൾ ഉൾക്കൊള്ളുന്ന കാന്റോ ജനറൽ പുറത്ത് വന്നതോടെയാണ് നെരൂദ വിശ്വരൂപം കാണിച്ചത്. ഏത് നല്ല കവിത രുചിച്ചു നോക്കിയാലും ചരിത്രത്തിന്റെ മണ്ണ് ചുവയ്ക്കും. കവിത സമം കാല്പനികത എന്ന സമവാക്യം ആധുനികാനന്തര കാലത്തും നാം കക്ഷത്തേറ്റി നടക്കുന്നതുകൊണ്ട് ആ മൺചുവയെ പാൽപ്പായസ രുചിയായി നാം നുണപ്പെടുത്തുന്നു എന്ന് മാത്രം.

നെരൂദയുടെ ‘കാന്റോ ജനറൽ’

നെരൂദയുടെ ‘കാന്റോ ജനറൽ’

?   കവികൾ, എഴുത്തുകാർ ശരിക്കും ദേശീയതകൾക്ക് പുറത്തുള്ളവരാണോ? എൻ വി കൃഷ്ണവാരിയരും ഇടശേരിയും അടക്കമുള്ള നമ്മുടെ കവികൾ അതിർത്തികളേയും ദേശീയതയെയും തള്ളിക്കൊണ്ടാണ് മാനവീയതയെ ഉയർത്തിപ്പിടിച്ചത്. ദേശീയത എന്നത് തന്റെ അവസാനത്തെ അഭയകേന്ദ്രമായിരിക്കുമെന്ന് ടാഗോർ പറഞ്ഞിട്ടുണ്ട്. ദേശീയ ഗാനം, ദേശീയത, ദേശീയ പതാക, ദേശഭാഷ തുടങ്ങിയ കല്പനകളെയെല്ലാം നമ്മുടെ ഭൂരിപക്ഷം കവികളും എഴുത്തുകാരും പുരോഗമന ചിന്തകരും ഒരർത്ഥത്തിൽ തള്ളിപ്പറഞ്ഞിരുന്നതുമാണ്. പക്ഷേ ഇവയെ എല്ലാം ഫാസിസ്റ്റുകളുടെ കൈകളിൽ നിന്ന് തിരികെ പിടിച്ച് സംരക്ഷിക്കേണ്ട ഒരു കാലമായിട്ടുണ്ടോ, ഈ കല്‌പനകളെ കുറിച്ചെല്ലാം പുനരാലോചന നടത്തേണ്ടതുണ്ടോ...

=    ദേശരാഷ്ട്ര സങ്കല്പമാണ് ഇന്നത്തെ ലോകത്തിന്റെ അടിസ്ഥാനം. അത് എന്നന്നേയ്ക്കുമുള്ള അടിസ്ഥാനമല്ല. സങ്കല്പങ്ങൾ മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നമ്മുടെ ചെറുപ്പകാലത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ അടിസ്ഥാനസങ്കല്പം ഭാഷാ സംസ്ഥാനങ്ങൾ ആയിരുന്നു. പോട്ടി ശ്രീരാമുലുവിന്റെ ആത്മാഹുതിയെ തുടർന്നാണ് ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായിത്തീരുന്നതൊക്കെ അങ്ങനെ കൂടിയാണ്. എന്നാൽ പോട്ടി ശ്രീരാമുലു നിരാഹാരമിരുന്നത് ഏത് ആന്ധ്രാപ്രദേശിന് വേണ്ടിയായിരുന്നോ അത് തന്നെ ഇപ്പോൾ രണ്ടായി.

തെലങ്കാന മറ്റൊരു സംസ്ഥാനമായി. ഒരേ ഭാഷ സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയിൽ അപൂർവമല്ല. അതായത് ഭാഷാ സംസ്ഥാനങ്ങൾ എന്ന പരികല്പനയിൽ അല്ല ഇന്ന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങൾ നിലനിൽക്കുന്നത്. ഇതുപോലെ ദേശ രാഷ്ട്ര സങ്കല്പങ്ങൾക്കും സ്വാഭാവികമായി മാറ്റങ്ങൾ വരാം. അതിനാൽ ദേശീയതയെക്കുറിച്ചുള്ള ജിംഗോയിസ്റ്റ് സമീപനങ്ങളിൽ വലിയ കാര്യം ഒന്നും ഇല്ല. ടാഗോർ ഇത് നേരത്തേ കണ്ടിരുന്നു.

?   കോടതി വിധികൾ വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇക്കാലത്ത് കോടതി വിധികൾ ഏറ്റവും പ്രധാനമാണല്ലോ. നമ്മളിത് സംസാരിക്കുമ്പോൾ ബാബറി പള്ളി പൊളിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുന്നു. ഇന്നാട്ടിലെ മുസ്ലിങ്ങൾക്ക് നീതി വാങ്ങിക്കൊടുക്കാൻ നമ്മുടെ രാഷ്ട്രീയബോധ്യങ്ങൾക്കും നീണ്ട കാലത്തെ ജനാധിപത്യചർച്ചകൾക്കും ആയില്ല, എന്ന് മാത്രമല്ല പൗരത്വബില്ല് നമ്മുടെ ജനാധിപത്യത്തിന് മുകളിൽ വാളായി തൂങ്ങിക്കിടപ്പുമുണ്ട്. ഈ കോടതിവിധികളുടെ വിശദമായ വായനയിൽ എന്താണ് കാണുന്നത്. ഈ വിധികളെ നമ്മൾ എന്തുചെയ്യണം.

=   കോടതി വിധികളുടെ വായന ഇക്കഴിഞ്ഞ വർഷങ്ങളിലാണ് ഗൗരവമായി നടത്തിയിട്ടുള്ളത്. അതിന്റെ കാരണവും രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ.  ഹിന്ദുത്വഫാസിസം ആൾക്കൂട്ടസൈന്യങ്ങളെ വിന്യസിച്ച് പ്രവർത്തിച്ചു കൊണ്ടാണ് സംസ്കാരത്തിന് മേൽ പിടിമുറുക്കുന്നത്. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ ചെറുതും വലുതുമായ ഈ ആൾക്കൂട്ട സൈന്യമാണ് കൊലപ്പെടുത്തിയത്. എം എഫ് ഹുസൈനെ അവർ നാടുകടത്തി. അനന്തമൂർത്തിയുടെ മരണം ആഘോഷിച്ചു. പെരുമാൾ മുരുകനേയും എസ് ഹരീഷിനേയും ഭീഷണിപ്പെടുത്തി. അതിനുമുമ്പ് എ കെ രാമാനുജന്റെ ലേഖനം സിലബസ്സിൽ നിന്ന് പിൻവലിപ്പിച്ചു. ഫയർ പോലുള്ള സിനിമകൾക്കുനേരെ അക്രമം അഴിച്ചുവിട്ടു. വാട്ടർ പോലുള്ള സിനിമകളുടെ ചിത്രീകരണം തടഞ്ഞു. ആനന്ദ് പടവർധന്റെ ഡോക്യുമെന്ററിക്കെതിരെ തിരിഞ്ഞു. ഇങ്ങനെ സംസ്കാരത്തിന് നേരെ വലിയ യുദ്ധമാണ് ഫാസിസ്റ്റുകൾ പ്രഖ്യാപിച്ചിട്ടുള്ളത്, തുടരുന്നത്.

സംസ്കാരത്തിൽ നടക്കുന്ന ഈ യുദ്ധത്തോട് ഒരു ജനാധിപത്യ രാജ്യത്തിൽ അതിന്റെ മൂന്നാം തൂണ് എങ്ങനെയാണ് പ്രതിപ്രവർത്തിക്കുന്നത് എന്നറിയാനുള്ള ഒരു എഴുത്തുകാരന്റെ ജീവന്മരണ പ്രശ്നം പോലുള്ള ആകാംക്ഷയാണ് എന്നെ കോടതി വിധികളുടെ വായനയിലെത്തിച്ചത് എന്ന് പറയാം.

?   സുപ്രീം കോടതി റിട്ടയേഡ്‌ ജഡ്ജ് ആയ കെ ടി  തോമസിന് ഈയിടെ ഗോപി ദീർഘമായ ഒരു തുറന്ന കത്തെഴുതിയത് ഇതുമായി ബന്ധപ്പെട്ട് ഓർക്കുന്നു.

=   ഗാന്ധിവധത്തെ സംബന്ധിച്ച് ഷാബു പ്രസാദ് എന്ന ഒരു വ്യക്തി ഒരു പുസ്തകം എഴുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ പുസ്തകത്തിന് രണ്ട് ഉദ്ദേശ്യമേയുള്ളൂ. ഒന്ന് ചരിത്രത്തെ വളച്ചൊടിക്കുക. രണ്ട്, ഗാന്ധിവധത്തിന്റെ കാരണക്കാരായി നിരവധി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയ ഹിന്ദുതീവ്രവാദികളെ വെള്ളപൂശുക.

ഫോട്ടോ: അമൻ സജി ഡൊമിനിക്‌

ഫോട്ടോ: അമൻ സജി ഡൊമിനിക്‌

ചരിത്രത്തെ തങ്ങളുടേതായ രീതിയിൽ  വ്യാഖ്യാനിക്കുക എന്നത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർടികളും ചെയ്തു വരുന്ന സംഗതിയാണ്. എന്നാൽ ചരിത്രത്തെ മൊത്തമായി സത്യാന്തര കുഴച്ചെടുക്കാനുള്ള പെറോട്ടമാവായി കാണുന്നത് ഫാസിസ്റ്റുകൾ ആണ്. ഗാന്ധിവധത്തിന്റെ സംശയനിഴലിൽ നെഹ്റുവിനേയും കമ്യൂണിസ്റ്റുകാരേയും മൗണ്ട് ബാറ്റനേയും ഒക്കെ കൊണ്ടുനിർത്തുന്നതാണ് ഈ പുസ്തകം.

കാര്യങ്ങൾ ഇത്തരത്തിലായിരിക്കേ, അതിനെയെല്ലാം ഓരത്തേക്ക് മാറ്റിവച്ച് ഹിന്ദു ഫാസിസ്റ്റ് സംഘടനകളെ വെള്ളപൂശാൻ എഴുതിയ പുസ്തകത്തിന് ആദരണീയനായ ഒരു ജസ്റ്റിസ് അവതാരികയെഴുതുക, ആ പുസ്തകം ചൂണ്ടിക്കാട്ടുന്ന 'വസ്തുതകളിൽ’  ഗവേഷണം ആവശ്യമുണ്ടെന്ന് പറയുക, കപൂർ കമീഷൻ പ്രതിസ്ഥാനത്ത് നിർത്തിയ സവർക്കറെ മഹാത്മാവാക്കുക, ഒരു കൊലക്കേസിൽ പ്രതിയായാണ് സവർക്കർ ആൻഡമാൻ ജയിലിൽ പോയത് എന്നതുപോലും ഗൗനിക്കാതെ സവർക്കർ ഹിംസ ചെയ്യില്ല എന്ന് പറയുക... ഇതെല്ലാം കാണുന്നത് വിചിത്രമായിരുന്നു.

ഹിന്ദുമഹാസഭയ്ക്കും ആർ എസ് എസിനും സാങ്കേതികമായി രണ്ട് അസ്തിത്വമാണ് ഉള്ളത് എന്ന അറിവുപോലും ആ പുസ്തകമാണ് തന്നത് എന്ന്  അവതാരികാകാരൻ അത്ഭുതപ്പെടുന്നു; ഇന്ത്യൻ ചരിത്രത്തിന്റെ അ, ആ, ഇ, ഈ അറിയാത്ത ഒരാളെപ്പോലെ. അത് എന്നെ ഞെട്ടിച്ചു. സെലക്ടീവ് മെമ്മറികളിൽ മാത്രം വാഴാൻ ഒരു ജനതയെ ആരും വിധിച്ചുകൂടാ.

?   ജമ്മുവിലെ കത്‌വയിൽ ഒരു മുസ്ലിം ആദിവാസി പെൺകുട്ടി ദിവസങ്ങളോളം ഒരു ക്ഷേത്രത്തിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാവുകയും അവസാനം കൊല്ലപ്പെടുകയും ചെയ്ത, അതിക്രൂരമായ കേസിലെ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഗോപികൃഷ്ണൻ വിവർത്തനം ചെയ്തിരുന്നു. എന്തായിരുന്നു അതിന്റെ പ്രേരണ. അതെത്രമാത്രം പ്രധാനമായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്.

=   കത്വ സംഭവത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മലയാളത്തിലാക്കിയതിന്റെയും പ്രേരണ ഇതുതന്നെ. ഒരു കാലത്ത് ഫിക്‌ഷൻ രചനയായിരുന്നു സാഹിത്യം. പിന്നീട് നോൺ ഫിക്‌ഷൻ കൂടി സാഹിത്യം എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെട്ടു. സ്വെറ്റ്ലാനാ അലക്സിയേവിച്ചിന് നൊബേൽ സമ്മാനം കിട്ടിയതോടെ ജേർണലിസ്റ്റിക് റിപ്പോർട്ടിങ്ങിന് സാഹിത്യ പദവി കൈവന്നു. നമ്മുടെ കാലത്ത് കോടതി വിധികളും എഫ് ഐ ആറുകളുമൊക്കെ സാഹിത്യം എന്ന വിശാലമായ കുടക്കീഴിൽ വരും. പ്രത്യേകിച്ച് ആവിഷ്കാരം അപകടസന്ധിയിൽ ആകുന്ന ഒരു രാജ്യത്തിൽ പ്രതിരോധത്തിന്റെ സ്വരം ഉയർത്താൻ അവയ്ക്ക് കഴിയുമ്പോൾ. കത്വയിലെ ആ കുഞ്ഞിനുമേൽ മതവൈര്യവും ശാരീരികമായി പ്രയോഗിക്കപ്പെട്ടപ്പോൾ  ആ എഫ് ഐ ആർ റിപ്പോർട്ട് ഇരുളിലെ ഇടിമിന്നലായി തോന്നി. അതെഴുതിയ പൊലീസുകാർ നീതിയുടെ മഹാകാവ്യമെഴുതുന്ന കവികളായി അനുഭവപ്പെട്ടു.

  കനത്ത നിശ്ശബ്ദതകൾക്കുശേഷം സംഗീതമുണ്ടാകുമെന്നും എല്ലാ ഇരുണ്ട പാതകൾക്കും ഒടുവിൽ വെളിച്ചമുണ്ടാകുമെന്നും വിശ്വസിക്കുന്ന ഒരു ശുഭകാംക്ഷിയാണോ ഗോപി. വിദൂരതയിലെങ്കിലും വെളിച്ചം ഇല്ലാത്ത കാലത്ത്, കൂടുതൽ കൂടുതൽ ഭയാനകമായ വാർത്തകൾ ദിനം പ്രതി കേൾക്കുന്ന കാലത്തായിരിക്കുമോ ഇനിയുള്ള നമ്മുടെ ജീവിതം. അതോ ഈ കാലം നമുക്ക് മറ്റ് ഗുണപരമായ അനുഭവങ്ങൾ തന്നിട്ടുണ്ടോ.

=    പ്രത്യാശയെന്നാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ലക്ഷ്യമല്ല. നമ്മുടെ ജീവിതത്തിന്റെ ഒരു ഇഴയാണത്. റോഡരികിലെ ഒരു പാഴ്സസ്യം അതിന്റെ തളിരിലകളെ നീട്ടിക്കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന അനുഭവം. 'ഇരുണ്ട കാലങ്ങളിലും പാട്ടുണ്ടാകുമോ? ഉണ്ട്, ഇരുണ്ട കാലങ്ങളെക്കുറിച്ചുള്ള പാട്ട് ' എന്ന് ബ്രെഹ്ത് എഴുതുന്നത് വായിക്കുമ്പോൾ ഉണ്ടാകുന്ന വെളിച്ചം. ഇക്കാലം നമ്മെ പരിക്ഷീണരാക്കി. എന്നാൽ അത്ര തന്നെ ഊർജസ്വലരാക്കി.  
വ്യക്തിപരമായി പറയുകയാണെങ്കിൽ എഴുത്തിൽ പറച്ചിലിൽ കുറേക്കൂടി ആണ്ടുമുങ്ങാൻ ഈ ദിനങ്ങൾ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. സ്വകാര്യതയെ വിലമതിക്കുന്ന, തർക്കങ്ങളോട് വിമുഖനായ ഒരാളായിരുന്നു ഞാൻ. ഇപ്പോഴും അങ്ങനെ തന്നെ.

എന്നാൽ ഉള്ളിനെ കുറേക്കൂടി വികസിപ്പിക്കേണ്ട, തുറക്കേണ്ട ഒരു സന്ദർഭമായി ഇക്കാലത്തെ ഞാൻ മനസ്സിലാക്കുന്നു; അപരിചിതരായ മനുഷ്യരോട് സംസാരിക്കേണ്ട ആവശ്യകതയെക്കുറിച്ചും. വിദർഭയിൽ ഒരു കാലത്ത് സ്വകാര്യ വേദനയുടെ അങ്ങേത്തലയായ ആത്മഹത്യയിലേക്കുപോയ കർഷകർ ഇപ്പോൾ ത്യാഗോജ്വലമായ സമരത്തിലൂടെ ഭരണകൂടത്തെ പിറകോട്ട് നടത്തിക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയം എന്ന വാക്ക് അലർജിയായി കരുതിയിരുന്ന എന്റെ സഹകവികളിൽ പലരും ആ കൊട്ടിയടച്ച ജനാലയെ തുറന്നിരിക്കുന്നു. അതേസമയം കുറേക്കൂടി നമ്മുടെ സ്ഥലകാലങ്ങൾ ഇരുണ്ടേക്കാം. കേട്ട വാർത്തകളേക്കാൾ ഭീതിദമായ വാർത്തകൾ പിന്നാലെ വന്നേക്കാം. എന്നാൽ ഏതിരുട്ടിനേക്കാളും വെളിച്ചം തരുന്നതാണ് ജീവിതോന്മാദം എന്ന് വിശ്വസിക്കുന്ന എഴുത്തുകാരുടെ എണ്ണം കൂടുന്നുണ്ട്. അതിൽപ്പരം സന്തോഷം മറ്റെന്ത്? ഇപ്പറഞ്ഞതെല്ലാം ഇത്ര പോരാ എന്ന തോന്നൽ പോലും, ആ പ്രത്യാശയുടെ ഭാഗമാണ് .
 

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top