26 April Friday

സമരവഴികളിലെ 
വിളക്കുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

സ്വാതന്ത്ര്യസമരത്തിൽ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഭാവനകൾ നിസ്തുലമാണ്. ജനതയ്ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ അവരുടെ സൃഷ്ടികൾക്ക് കഴിഞ്ഞു. സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശവും ഊർജവുമായിരുന്നു അവർ. ഇന്ത്യയുടെ വെെവിധ്യങ്ങളെ ഒന്നിച്ചുകൊണ്ടുപോകാൻ അവരുടെ എഴുത്തുകൾക്ക് കഴിഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ നേരിട്ടുപൊരുതുന്ന രാഷ്ട്രീയ നേതൃത്വത്തിന് ദിശാബോധം നൽകാൻവരെ ശക്തിയുള്ളതായിരുന്നു രചനകളിലേറെയും. അവരെ പ്രചോദിപ്പിക്കാനും ധിഷണാശാലികളാക്കാനും മൂർച്ചയുള്ള എഴുത്തായിരുന്നു. ബങ്കിംചന്ദ്ര ചാറ്റർജി, രവീന്ദ്രനാഥ ടാഗോർ, ഭാരതേന്ദു ഹരിശ്ചന്ദ്ര, മെെഥിലി ശരൺ ഗുപ്ത, ജയ്ശങ്കർ പ്രസാദ്, മുൻഷി പ്രേംചന്ദ്, സുബ്രഹ്മണ്യ ഭാരതി, സച്ചിദാനന്ദ് ഹിരനന്ദ് വാത്സ്യായനൻ, സരോജിനി നായിഡു, വള്ളത്തോൾ നാരായണ മേനോൻ തുടങ്ങിയവർ ആ ഗണത്തിലെ മുൻനിരക്കാരാണ്.സ്വാതന്ത്ര്യസമര പോരാളികൾക്ക് ഏറെ ഊർജംപകർന്ന വന്ദേമാതരം എഴുതിയത് പത്രപ്രവർത്തകൻകൂടിയായ ബങ്കിംചന്ദ്ര ചാറ്റർജിയാണ്.  

രവീന്ദ്രനാഥ ടാഗോർ രചിച്ച ഏക് ചലോരേ എന്ന ദേശഭക്തിഗാനം ഇന്ത്യയിലങ്ങോളം അലയടിച്ചു. ദേശീയഗാനമായ ജനഗണമന എഴുതിയതും മഹാത്മാ ഗാന്ധി ഗുരുദേവ് എന്ന്‌ അഭിസംബോധന ചെയ്തതും ടാഗോറാണ്. ഗാന്ധിയെ മഹാത്മജിയെന്ന്‌ ആദ്യമായി വിളിച്ചതും ടാഗോറായിരുന്നു.
ഇന്ത്യൻ നാടകത്തിന്റെ പിതാവാണ് ഭാരതേന്ദു ഹരിശ്ചന്ദ്ര, ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ അദ്ദേഹം എഴുതിയ ഭാരത് ദുർദശ നാടകം ഏറെ ശ്രദ്ധേയം. ആധുനിക ഹിന്ദി സാഹിത്യത്തിന്റെയും നാടകത്തിന്റെയും വക്താവായിരുന്ന ജയ്ശങ്കർ പ്രസാദ് സമരപോരാളികൾക്ക് അക്ഷരങ്ങളിലൂടെ വഴികാണിച്ചു. സാമ്പത്തികമായും സഹാ
യിച്ചു.

മെെഥിലി ശരൺ ഗുപ്ത ദേശീയ കവിയായിരുന്നു. ഭാരത് ഭാരതി എന്ന കൃതി ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആഹ്വാനംചെയ്തു. മുൻഷി പ്രേംചന്ദിന്റെ സൃഷ്ടികളിൽ പ്രതിഫലിക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരമാണ്. 1916നും 1936നും ഇടയിലുള്ള ഇന്ത്യൻ സമരചരിത്രത്തിന്റെ കണ്ണാടിയായാണ് ഈ എഴുത്തുകൾ വിശേഷിപ്പിക്കുന്നത്.


 

മഹാകവി ഭാരതി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യ ഭാരതി ആധുനിക തമിഴ് കവിതയുടെ വഴികാട്ടിയാണ്. ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ച നിരവധി രചനകൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. ബ്രിട്ടീഷ് ഭരണകൂടം 1908ൽ അദ്ദേഹത്തിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. വിപ്ലവകാരിയായ എഴുത്തുകാരനായിരുന്നു സച്ചിദാനന്ദ ഹിരനന്ദ് വാത്സ്യായനൻ. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു സ്ത്രീകളടക്കമുള്ള ദുർബല വിഭാഗങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് എത്താന്‍ പ്രേരണയായി.1930ൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകി.

മലയാളികൾക്ക് സ്വാതന്ത്ര്യത്തിന്റെ മണ്ണും വിണ്ണും കാണിച്ചുകൊടുത്ത മഹാകവിയാണ് വള്ളത്തോൾ നാരായണ മേനോൻ. അദ്ദേഹത്തിന്റെ ഭാരതമെന്ന പേർ കേട്ടാലഭിമാന‌പൂരിതമാകണമന്തരംഗം..., പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതഷ്മ ദേവിയുടെ തൃപ്പതാകകൾ... തുടങ്ങിയ വരികൾ മലയാളവും കടന്ന് ഇന്ത്യയാകെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഊർജംപകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top