26 April Friday

താപനം തുടരും ഉത്സർജനം നിലച്ചാലും

ഡോ. ഗോപകുമാർ ചോലയിൽUpdated: Thursday Feb 4, 2021


അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളാണ്  ആഗോളതാപനത്തിന്റെ പ്രധാന കാരണം.  എന്നാൽ, ഹരിതഗൃഹവാതക ഉത്സർജനം പൂർണമായും നിർത്തിവച്ചാൽപോലും  ഇതിനകം അന്തരീക്ഷത്തിലേക്ക് നിക്ഷേപിച്ച താപനകാരികളുടെ സാന്നിധ്യം മൂലം ആഗോളതാപനം ഇനിയും ഒരഞ്ഞൂറോ അതിലധികമോ വർഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

പ്രമുഖ ഹരിതഗൃഹവാതകമായ കാർബൺഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കെത്തുന്നത് പ്രധാനമായും ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം വഴിയാണ്.  ഫോസിൽ ഇന്ധന ഉപയോഗം അടിയന്തരമായി നിർത്തിവച്ചാൽ പോലും അടുത്ത അഞ്ച് നൂറ്റാണ്ടോളം ഭൂമിയിൽ ചൂടേറിക്കൊണ്ടിരിക്കും.  അത്തരമൊരവസ്ഥയിൽ ആഗോളതാപനില ഇന്നത്തേതിനേക്കാൾ ചുരുങ്ങിയത് മൂന്ന് ഡിഗ്രി സെന്റീഗ്രേഡ് വരെ ഉയർന്നേക്കാമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു (Scientific Reports, 10, 18456, 2020).  പല കംപ്യൂട്ടർ സിമുലേഷൻ മോഡലുകളും 4.0  ഡിഗ്രി സെന്റീഗ്രേഡോ    അതിലേറെയോ  താപവർധനവിനുള്ള സാധ്യതകൾ പ്രവചിച്ചതും  ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. താപനില വെറും മൂന്ന്  ഡിഗ്രി  സെന്റിഗ്രേഡ് ഉയർന്നാൽ പ്രത്യേകിച്ചെന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. 

വ്യവസായ വിപ്ലവപൂർവകാലഘട്ടത്തെ അപേക്ഷിച്ച് ഇപ്പോൾ ആഗോളതാപനിലയിൽ അനുഭവപ്പെടുന്ന ശരാശരി വർധനവ് 1.2 ഡിഗ്രി സെന്റീഗ്രേഡിന്റെ മാത്രമാണ്.  എന്നാൽ, നാമമാത്രമായ ഈ വർധനവ് പോലും സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ ലോകം  അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ദശകങ്ങളിൽ, അടിക്കടി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥയിലെ രൂക്ഷമാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നു.  പൊതുവെ അനുഭവപ്പെട്ടു വരുന്ന മഴ കുറവ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു വരുന്ന കടുത്ത വരൾച്ചാവേളകൾ, ഭൂമിയിലെ വൻ ഹിമനിക്ഷേപങ്ങളായ ഉത്തര-ദക്ഷിണ ധ്രുവപ്രദേശങ്ങൾ, ഹിമാലയം, ലോകത്തിലെ മറ്റ്  ഹിമപർവതങ്ങൾ  എന്നിവിടങ്ങളിലെ  കനത്ത തോതിലുള്ള മഞ്ഞുരുക്കം, ഉഷ്‌ണ-ശീത തരംഗങ്ങളുടെ നിരന്തര സാന്നിധ്യം,  ശക്തിയേറിയ ചുഴലിക്കാറ്റുകൾ, അതിശക്തമായ ആലിപ്പഴം വീഴ്ച, അതിതീവ്രമഴയും അനുബന്ധ പ്രളയ സാഹചര്യങ്ങളും  തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

രണ്ടായിരത്തി അഞ്ഞൂറാം -ആണ്ടോടെ അന്തരീക്ഷ താപനിലയിൽ ചുരുങ്ങിയത് 3 ഡിഗ്രി സെന്റീഗ്രേഡിന്റെ-യെങ്കിലും വർധനവ് ഉണ്ടാകും എന്നാണ് അനുമാനിത പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.  അതിന്റെ ഫലമായി 1850  കളെ അപേക്ഷിച്ച്, വ്യാപകമായ മഞ്ഞുരുക്കം മൂലം സമുദ്ര നിരപ്പ് മൂന്ന് മീറ്റർ വരെ ഉയർന്നേക്കാം. മാത്രമല്ല, ആർട്ടിക്മേഖലയിലെ വൻഹിമശേഖരം ഉരുകിയൊലിക്കുകയും ഉരുകിയ ജലം ചൂട് മൂലം ബാഷ്പീകരണ വിധേയമാകുകയും  ചെയ്യാം. ഇതു മൂലം  അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെട്ടേക്കാം. ഉറഞ്ഞ ഹിമമണൽ മിശ്രിതം (permafrost ) ഉരുകുന്ന അവസ്ഥയാണ് മറ്റൊന്ന്.   ഉറഞ്ഞ ഹിമമണലിൽ തടഞ്ഞുവയ്‌ക്കപ്പെട്ടിട്ടുള്ള കാർബൺഡയോക്‌സൈഡ്, മീഥേൻ, നൈട്രസ്ഓക്‌സൈഡ് എന്നീ പ്രധാനപ്പെട്ട താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ  ഭീമശേഖരം അന്തരീക്ഷത്തിലേക്ക് ഇതുവഴി എത്തും. 

അസഹനീയമാം വിധം ഉയർന്ന അന്തരീക്ഷ താപനം നിയന്ത്രണ വിധേയമാക്കാൻ 33  ബില്യൺ  ടൺ കാർബൺഡയോക്‌സൈഡ് ഓരോ വർഷവും അടിയന്തരമായി നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിൽ രാഷ്ട്രങ്ങൾ ഏകോപിപ്പിക്കണമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌. ഇല്ലെങ്കിൽ ദുരന്തവാഹകരായ  തീക്ഷ്‌ണകാലാവസ്ഥാ വ്യതിയാനങ്ങൾ  കടുത്ത രീതിയിൽ അനുഭവപ്പെടുമെന്നും ഇവർ മുന്നറിയിപ്പ്‌ നൽകുന്നു.  

അടുത്ത മൂന്ന് പതിറ്റാണ്ടിനകം അന്തരീക്ഷത്തിലെ കാർബൺ സാന്നിധ്യം ഫലത്തിൽ ഇല്ലാതാക്കുവാനുള്ള നടപടികൾ ഒരു തുടക്കം മാത്രമാണ്.  എന്നാൽ തന്നെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ അന്തരീക്ഷത്തിലേക്ക് അധികതോതിൽ നിക്ഷേപിക്കപ്പെട്ട കാർബൺഡയോക്‌സൈഡിന്റെ ഫലമായി അന്തരീക്ഷത്തിന് ചൂടേറുന്നപ്രക്രിയ ഏറെ വർഷങ്ങളോളം തുടർന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.     പരിഹാര നപടികൾ  തുടർന്നാൽ  മാത്രമേ ഈയൊരു നിരീക്ഷണത്തിന്റെ ഫലസാധ്യതയ്‌ക്ക് നിലനിൽപ്പ്‌ ഉണ്ടാവുകയുള്ളു.

കാലാവസ്ഥാ വ്യതിയാനഫലമായി ലോകം ഒരു നിർണായക ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന കാര്യം 1.5 ഡിഗ്രി സെന്റീഗ്രേഡ് താപവർധനാ  പരിധിയുടെ വക്താക്കളും അതിന്റെ വിമർശകരും ഒരു പോലെ അംഗീകരിക്കുന്നു.  
ആർട്ടിക് മേഖലയിൽ മാത്രമല്ല, ലോകത്തിലെ പ്രധാനപ്പെട്ട ഹിമപർവതമേഖലകളിലും  ഹിമശോഷണം  മൂർധന്യത്തിൽ  എത്താനിടയുണ്ട്.  പർവതങ്ങൾ, സമുദ്രോപരിതലങ്ങൾ എന്നിവയെ ആവരണം ചെയ്‌ത മഞ്ഞുപാളികൾ ഉരുകി അപ്രത്യക്ഷമാകുമ്പോൾ ഇരുണ്ട നിറത്തിലുള്ള പാറക്കെട്ടുകളും സമുദ്രജലവും അനാവൃതമാകുന്നു.  ഇരുണ്ട  പ്രതലങ്ങൾ  സൗരവികിരണങ്ങൾ അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രതിഫലി പ്പിക്കുകയില്ല എന്ന് മാത്രമല്ല, അവ താപവികിരണങ്ങളെ  ആഗിരണം ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു.  ഈ പ്രക്രിയ മൂലം  ആഗോള താപനത്തിൽ 0.43 ഡിഗ്രി സെന്റീഗ്രേഡിന്റെ വർധനവ് ഉണ്ടാകാം. (നേച്ചർ കമ്യൂണിക്കേഷൻസ്, 11, 5177, 2020 ).

(കാലാവസ്ഥാ വ്യതിയാന ഗവേഷണ അക്കാദമിയിലെ സയന്റിഫിക്  ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top