09 May Thursday

ലക്ഷണം കണ്ടാൽ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌

സ്വന്തം ലേഖികUpdated: Tuesday Mar 31, 2020

തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധത്തിന്‌ വേഗം കൂട്ടാൻ സംസ്ഥാനത്ത്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ ആരംഭിക്കുന്നു. നിരീക്ഷണത്തിലുള്ളവരിൽ കോവിഡ്‌ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ചികിത്സിക്കുന്നതിനാണിത്‌. കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ ഉള്ളവരിൽ ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഫസ്‌റ്റ്‌ ലൈൻ സെന്ററുകളിലേക്ക്‌ മാറ്റും. ഇതിന്‌ അനുയോജ്യമായ ആശുപത്രികൾ കണ്ടെത്താൻ ആരോഗ്യവകുപ്പ്‌ ജില്ലാ കലക്ടർമാർക്ക്‌ നിർദേശം നൽകി.

സമൂഹവ്യാപനം ഉണ്ടായാൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളും പ്രധാന ആശുപത്രികളും കോവിഡ്‌ ആശുപത്രികളാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മറ്റ്‌ രോഗങ്ങൾ വന്ന്‌ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക്‌ ജില്ലകളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കും. നിലവിൽ നിരീക്ഷണത്തിലുള്ള 1,57,253 പേരിൽ നല്ലൊരു ശതമാനത്തിനും രോഗം സ്ഥിരീകരിച്ചാൽ കോവിഡ്‌ ആശുപത്രികളിൽ തിരക്കേറും. ഇത്‌ മുന്നിൽ കണ്ടാണ്‌ ചെറുലക്ഷണങ്ങൾ ഉള്ളവരെ കോവിഡ്‌ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന്‌ പകരം ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിലേക്ക്‌ മാറ്റണമെന്ന തീരുമാനം.

തൊണ്ടവേദന, ചുമ, വയറിളക്കം, പനി എന്നിവയുള്ളവരെ ഇവിടെ പ്രവേശിപ്പിച്ച്‌ ചികിത്സിക്കും. നിരീക്ഷണത്തിൽ ഉള്ളവരിൽ ഹൃദ്രോഗം, ക്യാൻസർ, വൃക്ക–- ശ്വാസകോശ–- നാഡീസംബന്ധ രോഗങ്ങൾ ഉള്ളവർ എന്നിവരെയും ഇവിടെ പ്രവേശിപ്പിക്കും. ഇത്തരം രോഗികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചാൽ സമയോചിത പരിചരണത്തിലൂടെ ജീവൻ രക്ഷിക്കാനാകുമെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. കോവിഡ്‌ രോഗികളിൽ പൊടുന്നനെ വർധനയുണ്ടായാൽ രോഗം സ്ഥിരീകരിച്ചവരെയും ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിൽ ചികിത്സിക്കും.

പത്തുമുതൽ 25വരെ കിടക്കകളുള്ള ആശുപത്രികളാണ്‌ ജില്ലകളിൽ ഇതിനായി തയ്യാറാക്കുന്നത്‌. ആവശ്യമെങ്കിൽ ഒന്നിലധികം കേന്ദ്രങ്ങളിൽ ഇവ സജ്ജീകരിക്കും. ഓരോ കേന്ദ്രത്തിലും എട്ട്‌ ഡോക്ടർ, 12 നേഴ്‌സ്‌, മൂന്ന്‌ ഫാർമസിസ്‌റ്റ്‌, 10 ശുചീകരണ തൊഴിലാളികൾ, ആറു വളന്റിയർമാർ, മൂന്ന്‌ സെക്യൂരിറ്റി ഗാർഡ്‌ എന്നിവരുണ്ടാകും. ഇവർ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യും. ആശുപത്രികളിൽ ആവശ്യമായ ആരോഗ്യ, ഇതര ജീവനക്കാരെ ജില്ലാ ഭരണ സംവിധാനം കണ്ടെത്തും.


 

മണവും രുചിയും തിരിച്ചറിയാത്തതും കോവിഡ്‌  ലക്ഷണമാകാം
മണവും രുചിയും തിരിച്ചറിയുന്നതിലുള്ള ശേഷിക്കുറവും കൊറോണ വൈറസ്‌ ബാധയുടെ ലക്ഷണമാകാമെന്ന്‌ പഠനം. മറ്റ്‌ ലക്ഷണങ്ങൾ പുറത്തുവരുംമുമ്പേ കോവിഡിന്റെ പ്രാരംഭ ലക്ഷണമായി മണവും രുചിയും നഷ്ടപ്പെടുന്നതിനെ കണക്കാക്കണമെന്ന്‌ അമേരിക്കൻ ഗവേഷകർ പറയുന്നു. വിവിധ രാജ്യങ്ങളിലും അമേരിക്കയിലും നടത്തിയ പഠനത്തിൽനിന്ന്‌ മണവും രുചിയും തിരിച്ചറിയുന്നതിലെ പ്രശ്‌നങ്ങൾ കോവിഡിന്റെ പ്രാരംഭ ലക്ഷണമാണെന്ന്‌ വ്യക്തമായതായി അമേരിക്കൻ ഗവേഷകനായ ജെയിംസ്‌ സി ഡെന്നനി പറഞ്ഞു. ഈ ലക്ഷണങ്ങളും കോവിഡ്‌ തിരിച്ചറിയാനുള്ള മാർഗരേഖയിൽ ചേർക്കണമെന്ന്‌ പഠനം നിർദേശിച്ചു. സാധാരണ ജലദോഷം, അലർജി, സൈനസ്‌ എന്നിവയുള്ളപ്പോൾ മണം തരിച്ചറിയാൻ കഴിയില്ല. എന്നാൽ, ഇവയൊന്നും ഇല്ലാതെ മണം തിരിച്ചറിയാൻ കഴിയാതെ വന്നാൽ കോവിഡ്‌ സാധ്യത മുന്നിൽക്കണ്ട്‌ മറ്റ്‌ ടെസ്‌റ്റുകൾ നടത്തുകയോ സമ്പർക്കവിലക്ക്‌ നിർദേശിക്കുകയോ വേണമെന്ന്‌ പഠനം പറയുന്നു.


 

ആന്റിബോഡി ചികിത്സ പരിഗണനയിൽ
കോവിഡ്‌–- 19 ബാധിതരെ ചികിത്സിക്കാൻ രോഗം ഭേദമായവരിൽനിന്നുള്ള ആന്റിബോഡി ഉപയോഗിക്കുന്നത്‌ സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. രോഗം ഭേദമായവരുടെ രക്തത്തിൽനിന്ന്‌ വേർതിരിച്ചെടുക്കുന്ന പ്ലാസ്‌മ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക്‌ നൽകും. കേന്ദ്രസർക്കാരിന്റെയും ഐസിഎംആറിന്റെയും ഡ്രഗ്‌ കൺട്രോളർ ജനറലിന്റെയും അനുമതി ലഭിച്ചാൽ  ഈ രീതി സ്വീകരിക്കും.

മുൻകാലങ്ങളിൽ ടെറ്റനസ്‌, പേവിഷബാധ തുടങ്ങിയവയ്‌ക്ക്‌ സ്വീകരിച്ചിരുന്നതുപോലെ ഭേദമായവരിൽനിന്നുള്ള ആന്റിബോഡി ഉപയോഗിക്കാമെന്നാണ്‌ വിദഗ്‌ധ സമിതിയുടെ ശുപാർശ. ചൈനയിൽ കോവിഡ്‌ രോഗികളിൽ ഇത്‌ വിജയകരമായി പരീക്ഷിച്ചിരുന്നു. ആഫ്രിക്കയിൽ എബോള പടർന്നപ്പോഴും ഇത്‌ ഫലം കണ്ടു. അമേരിക്കയിലും ഈ രീതി സ്വീകരിക്കാൻ അനുമതിയായി.

രോഗം ഭേദമായവരുടെ രക്തപരിശോധനയിലൂടെ ആന്റിബോഡിയുടെ അളവ്‌ പരിശോധിക്കും. രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ്‌ ഇതിനായുള്ള എലൈസ ടെസ്‌റ്റ്‌ നടത്തുക. ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡിയുടെ അളവ്‌ തൃപ്തികരമെങ്കിൽ ആ വ്യക്തിയുടെ സമ്മതത്തോടെ രക്തം ശേഖരിക്കും. ‘പ്ലാസ്മഫെറസിസ്‌’ എന്ന പ്രക്രിയയിലൂടെ വേർതിരിക്കുന്ന പ്ലാസ്മ രോഗിക്ക്‌ നൽകും.

കോവിഡ്‌ മുക്തരായവർക്ക്‌ മറ്റ്‌ രോഗങ്ങൾ ഉണ്ടെങ്കിൽ അത്‌ പ്ലാസ്മ സ്വീകരിക്കുന്നവരിലേക്കും എത്താൻ സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽമാത്രമാകും ഈ ചികിത്സാരീതി ഉപയോഗിക്കുക. സംസ്ഥാനത്ത്‌ നിപാ ബാധയുണ്ടായപ്പോഴും ഈ രീതി പരിഗണിച്ചിരുന്നു. എന്നാൽ, രോഗം അതിവേഗം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ആവശ്യമായിവന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top