26 April Friday

തകഴി തുടങ്ങി, കേരളത്തിന്റെ മൊബൈൽ വിളിക്ക്‌ 25

ലെനി ജോസഫ്‌Updated: Wednesday Sep 15, 2021

തകഴി ശിവശങ്കരപ്പിള്ള ആദ്യ മൊബൈൽ സർവീസിനു തുടക്കംകുറിച്ച്‌ എ ആർ ടണ്ഠനുമായി സംസാരിക്കുന്നു. സമീപം കമലസുരയ്യ. ഉൾച്ചിത്രത്തിൽ എ ആർ ടണ്ഠൻ


ആലപ്പുഴ
കേരളം മൊബൈലിൽ സംസാരിച്ചു തുടങ്ങിയിട്ട്‌ വെള്ളിയാഴ്‌ച കാൽനൂറ്റാണ്ട്. കൃതികളിലുടെ മലയാളശബ്‌ദം ലോകമെങ്ങും എത്തിച്ച കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു അന്ന്‌ ആദ്യമായി മൊബൈലിൽ സംസാരിച്ചത്‌. 1996 സെപ്‌തംബർ 17നായിരുന്നു ആ ചരിത്ര നിമിഷം. എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ ദക്ഷിണമേഖല കമാൻഡന്റ്‌ എ ആർ ടണ്ഠനുമായി സംസാരിച്ചായിരുന്നു ഉദ്‌ഘാടനം. ചടങ്ങിൽ കമല സുരയ്യയും പങ്കെടുത്തിരുന്നു. എസ്‌കോട്ടൽ ആയിരുന്നു സേവനദാതാവ്‌. എസ്‌കോട്ടൽ ഐഡിയയുമായും ഐഡിയ വൊഡാഫോണുമായി സംയോജിച്ച്‌ അവസാനം വൊഡാഫോൺ ഐഡിയ(വി ഐ) ആയി.

പേജറായിരുന്നു മൊബൈലിന്റെ മുൻഗാമി. പേജറിലേക്ക്‌ സന്ദേശം അയയ്‌ക്കാമെന്നല്ലാതെ സംസാരിക്കാൻ കഴിയുമായിരുന്നില്ല. 1995 ജൂലൈ 31നായിരുന്നു ഇന്ത്യയിലെ ആദ്യമൊബൈൽ ഫോൺവിളി. ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖറാമിനെ വിളിച്ചതോടെയാണ്‌ രാജ്യത്ത്‌ മൊബൈൽ യുഗം ആരംഭിച്ചത്‌. മോദിടെൽസ്‌ട്രയായിരുന്നു സേവനം ലഭ്യമാക്കിയ കമ്പനി.

കേരളത്തിൽ എസ്‌കോട്ടൽ 1996 ഒക്‌ടോബറിൽ സേവനം ലഭ്യമാക്കിത്തുടങ്ങി. ആ വർഷം തന്നെ ബിപിഎൽ മൊബൈലുമെത്തി. ബിഎസ്‌എൻഎൽ എത്തിയത്‌ 2002ൽ മാത്രം.

തുടക്കത്തിൽ ഔട്ട്‌ ഗോയിങ്‌ കോളിന്‌ മിനിറ്റിന്‌ 16 രൂപയായിരുന്നു ചാർജ്. ഇൻകമിങ്‌ കോളിന്‌ എട്ടുരൂപയും. അരലക്ഷം രൂപയായിരുന്നു അന്ന്‌ ഫോണിന്റെ വില. 2003ലാണ്‌ ഇൻകമിങ്‌ രാജ്യമാകെ സൗജന്യമായത്‌. കാൽനൂറ്റാണ്ടിനകം മൊബൈൽ മലയാളിയുടെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായി. ഇന്ന്‌ ടിവിക്കും കംപ്യൂട്ടറിനും കാമറയ്‌ക്കും പകരമായി മൊബൈൽ. കോവിഡ് കാലത്ത്‌  പഠിപ്പിക്കാൻ അധ്യാപകരും മൊബെെലിലെത്തി.

1973ൽ മോട്ടറോളയിലെ എൻജിനീയർ ഡോ. മാർട്ടിൻ കൂപ്പറായിരുന്നു കൊണ്ടുനടക്കാവുന്ന ആദ്യഫോൺ രൂപകൽപ്പന ചെയ്‌തത്‌. 1973 ഏപ്രിൽ മൂന്നിന്‌ ന്യൂയോർക്കിൽ കൂപ്പർ ആദ്യമായി മൊബൈൽ സംഭാഷണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top