27 April Saturday

കാത്തിരിപ്പുണ്ട്‌ അമ്മമാരിപ്പോഴും; സഖാവ്‌ സനൂപ്‌... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത നോവ്‌

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Oct 11, 2020
തോരാമഴ... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത നോവ്‌... നാടൊന്നാകെ നെഞ്ചുരുകി കരയുകയാണ്‌. പിറകിലാരോ പറഞ്ഞു, ‘ആരുപറഞ്ഞു. അവന്‌ ആരുമില്ലെന്ന്‌... ഞാനവന്റെ അമ്മയല്ലേ... ഇവരൊക്കെ അവന്റെ അമ്മമാരല്ലേ. ആർക്കാണവൻ മകനല്ലാത്തത്‌.’അവിടെ കണ്ട ഓരോ മുഖങ്ങൾക്കും അവന്റെ ഛായ... ആ മുഖങ്ങളിലത്രയും ശബ്ദമില്ലാത്ത ഒരു ചോദ്യം മാത്രം... എന്തിനാണ്‌... എന്തിനാണ്‌ എന്റെ ഹൃദയത്തിലേക്ക്‌ ആ കത്തിയാഴ്‌ത്തിയിറക്കിയത്‌?
 
സനൂപിന്റെ മൃതദേഹത്തിനുമുന്നിൽ അലമുറയിടുന്ന വല്യമ്മയുടെ മകൾ രമ്യ

സനൂപിന്റെ മൃതദേഹത്തിനുമുന്നിൽ അലമുറയിടുന്ന വല്യമ്മയുടെ മകൾ രമ്യ

ദിവസങ്ങൾ പിന്നിട്ടിട്ടും അവർക്കാ യാഥാർഥ്യം ഉൾക്കൊള്ളാനാകുന്നില്ല, അവൻ കൂടെയില്ലെന്ന്‌. റോഡിനിരുവശവും ഒന്നുമുരിയാടാതെ തലകുനിച്ചിരിക്കുന്ന ഒരുകൂട്ടം യുവാക്കൾ. കണ്ണീർ കുതിർന്ന തോർത്തിൽ മുഖം പൂഴ്‌ത്തി നിൽക്കുന്ന സ്‌ത്രീകൾ. കളിവണ്ടി നഷ്‌ടപ്പെട്ട കണക്കേ നടക്കുന്ന കുഞ്ഞുങ്ങൾ. മണികെട്ടിയ ആട്ടിൻകുട്ടികൾ ദിക്കറിയാതെന്നപോൽ ഓടിനടക്കുന്നു.
 
കത്തിയെരിയുന്ന നിലവിളക്കിനരികിലെ ആർത്തനാദം മാത്രം നിലയ്‌ക്കുന്നില്ല. തക്കുടുവിന്റെ വല്യമ്മ, വിലാസിനി. അവർക്കവനെന്നാൽ ഒരു ജന്മത്തിന്റെ ഉത്തരമാണ്‌. പൊടുന്നനെ നിലച്ചുപോയ ഘടികാരത്തിന്റെ സ്വപ്‌നം‌.
 
രക്തസ്രാവത്തെ തുടർന്ന്‌ രണ്ടാമത്തെ പ്രസവത്തോടെ തക്കുടുവിന്റെ അമ്മ മരിച്ചു. അവനന്ന്‌ മൂന്ന്‌ വയസ്സ്‌‌. പിന്നീട്‌ അച്ഛനും മരിച്ചു. അതോടെ വിലാസിനിയായി അവന്റെ അച്‌ഛനും അമ്മയും. വിലാസിനിയുടെ മക്കൾ രതീഷിനും രമ്യക്കും ഒപ്പം തക്കുടുവും വളർന്നു.
 
കൂലിപ്പണിയെടുത്ത്‌ അന്നന്ന്‌ കിട്ടുന്ന അന്നം കൊണ്ടവർ ജീവിതം ആഘോഷമാക്കി. അമ്മയില്ലാത്ത കുഞ്ഞെന്ന്‌ ഒരിക്കലുമറിയിക്കാതെ ആ കോളനിയിലെ മുഴുവൻ അമ്മമാരും അവനെ ഒക്കത്തേറ്റി. ഒമ്പതാം ക്ലാസ്‌ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ദിവസം  അവൻ പറഞ്ഞു, ‘ഇനി  ഞാൻ പഠിക്കാൻ പോണില്ല. കുടുംബം നോക്കാൻ നിങ്ങൾക്കൊപ്പം ഞാനും പണിക്ക്‌ പോരാം...’
 
പുതുശേരി ഐഎച്ച്‌ഡിപി കോളനിയിലെ 63 വീട്ടിലെ അമ്മമാർക്കും ഒരൊറ്റ മകൻ, തക്കുടു. ബാക്കിയെല്ലാം അവന്റെ സഹോദരങ്ങൾ. എഴുപത്‌ പിന്നിട്ടയാളുടെ വീട്ടിൽ തർക്കമുണ്ടായാൽ പോലും ആദ്യം വിളിക്കുക തക്കുടുവിനെ. അവൻ പറഞ്ഞാൽ പിന്നെ മറ്റൊരു ഉത്തരമില്ല , ആർക്കും. ആ ഞായറാഴ്‌ചയും ഇതുപോലൊരു തർക്കം പരിഹരിക്കാൻ പോയതാണ്‌ ഈ ഇരുപത്തിയാറുകാരൻ. പക്ഷേ...
 
‘ഏത്‌ രാത്രിയും ആര്‌ വന്ന്‌ വിളിച്ചാലും അവൻ പോകും.  നോക്കണേടാന്ന്‌ ഞാൻ പറഞ്ഞാ അവൻ തിരിച്ച്‌ ചോദിക്കും, എന്തിനാ പേടിക്കണേന്ന്‌. പേടീണ്ടാര്‌ന്നില്ല. ഇന്നീ നേരം വരെ... എന്നിട്ടിപ്പോ... പേട്യേ ഉള്ളു...’
 
എത്ര നേരം വൈകി വന്നാലും അവൻ വന്നിട്ടേ ഞാൻ ചോറ്‌ കഴിക്കു. അന്നു രാത്രീം കാത്തിരുന്നു, അവൻ വരണത്‌. ഒടുക്കം ഒരുപിടി ചോറ്‌ തിന്നാതെ വിശന്ന വയറോടെയല്ലേ എന്റെ കുട്ടി.....’ പായത്തലപ്പിലേക്ക്‌ മുഷിഞ്ഞ തുണിക്കെട്ട്‌ കണക്കേ ആ ശരീരം  കുഴഞ്ഞുവീണു. പെറ്റ വയറിന്റെ നോവറിഞ്ഞ ഒരമ്മ.
 
മൺചുമരുകൾ പടുത്തുയർത്തിയ ആ കുഞ്ഞുവീടിന്നകം നിറയേ കണ്ണീർ മണം.  അടർന്നുവീഴാറായ ഭിത്തിയിൽ തിരുകിവച്ച കടലാസ്‌ തുണ്ടുകൾ... ചുരുട്ടിവച്ച തുണികൾ. ഇനിയൊരതിഥിയും  വരാനില്ലെന്ന പോൽ കമിഴ്‌ത്തി വച്ച അരിക്‌ ചുളിഞ്ഞ പാത്രങ്ങൾ. അതിനെല്ലാമപ്പുറം പിന്നാമ്പുറത്തെ  ചായ്‌പ്പിൽ  അവരോരോരുത്തരും കരഞ്ഞുതീർക്കാൻ പോലുമാവാതെയിരുന്നു. അവന്റെ അമ്മമാർ.
 
‘അന്ന്‌ രാത്രി 12 മണിവരെ തക്കുടൂന്റെ ഫോൺ ബിസിയായിരുന്നു. പിന്നെ സ്വിച്ച്‌ ഓഫ്‌ ആയി.  എന്തോ പറ്റി ആശുപത്രിയിലാന്ന്‌ മാത്രേ അറിഞ്ഞുള്ളു. ഇങ്ങനൊക്കെ....’  ഏട്ടത്തിയമ്മ വിനിതയുടെ വാക്കുകളിൽ നിറയുന്ന ഭീതി.
 
‘ഈ വീടിന്റെ നെടും തൂണാണ്‌ ഇല്ലാതായേ.  ഞായറാഴ്‌ച പെണ്ണ്‌ കാണാൻ പോണന്ന്‌ പറഞ്ഞതാ. അവനാ പറഞ്ഞേ ഇപ്പോ വേണ്ട വീട്‌ നന്നാക്കിയിട്ട്‌ മതീന്ന്‌. കണ്ട്‌ ഇഷ്‌ടപ്പെട്ടാ  ഒറപ്പിച്ചിടാലോന്ന്‌ പറഞ്ഞ്‌ ഞാൻ കൊറേ നിർബന്ധിച്ചു. അവന്റെ കല്യാണം ഈ കോളനിക്കാരുടെ മുഴോൻ സ്വപ്‌നമായിരുന്നു. വല്യ ആഘോഷമായി നടത്തണന്ന്‌ എല്ലാരും പറയും. ഇരിക്കുന്ന വീടും പറമ്പുമായി എട്ടുസെന്റല്ലാതെ മറ്റൊന്നും ഈ കുടുംബത്തിനില്ല. അത്‌ ഇപ്പോഴും അയ്യ(അമ്മൂമ്മ)യുടെ  പേരിലാണ്‌. ’
 
വീടിന്‌ സമീപം കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌ത ഇ എം എസ്‌ കമ്യൂണിറ്റി ഹാൾ തക്കുടുവിന്റെ സ്വപ്‌നമായിരുന്നു.  തറക്കല്ലിടൽ മുതൽ ഉദ്‌ഘാടനം വരെ അവൻ തന്നെയായിരുന്നു മുന്നിൽ. ഈ കോളനിയിൽ അങ്ങനൊരു ഹാൾ വേണമെന്ന്‌ ശഠിച്ചതും അവൻ. ഹാളിന്‌ ഇ എം എസ്‌ ഹാൾ എന്ന്‌ പേരിടണമെന്ന്‌ പറഞ്ഞതും അവൻ...  ആ ഹാളിൽ വച്ച്‌ വിവാഹം നടത്തണമെന്ന്‌ പറയുന്ന കൂട്ടുകാർക്ക്‌ മുന്നിൽ ചെറുചിരിയോടെ  നിന്ന അവന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ കിടത്തിയതും അതേ ഹാളിൽ എന്നത്‌ നടുക്കുന്ന സത്യം. ചില വേദനകൾക്ക്‌ മുന്നിൽ സ്വയം ഇല്ലാതായെങ്കിൽ എന്ന്‌ മനുഷ്യൻ ചിന്തിച്ചുപോകുന്ന ചില നിമിഷങ്ങൾ.
 
സനൂപിന്റെ വല്യമ്മ വിലാസിനി

സനൂപിന്റെ വല്യമ്മ വിലാസിനി

‘ഞാൻ കല്യാണം കഴിച്ച്‌ വരുമ്പോൾ അവന്‌ അഞ്ച്‌ വയസ്സാണ്‌. ഒന്നിനും ഒരു വാശിയില്ലാത്ത കുട്ടി. എല്ലാവർക്കും അവനെ ഇഷ്‌ടാണ്‌.’ അമ്മായി സരിത ഹൃദയമടക്കി പറഞ്ഞു. വീട്ടിലാണേലും നാട്ടിലാണേലും എങ്ങനെയാ ഇങ്ങനെ മനുഷ്യന്മാരെ ഇഷ്‌ടപ്പെടാൻ പറ്റണേന്ന്‌ അത്‌ഭുതം തോന്നും. പാർടിയാണ്‌ അവന്‌ എന്നും വലുത്‌. അതു കഴിഞ്ഞേ എന്തുമുള്ളു.’
 
അമ്മമ്മ  അയ്യയുടെ വഴിയേ നടന്നാണവൻ ഇവിടെയെത്തിയത്‌. അവനങ്ങനാവാനേ കഴിയു. ഇ എം എസിന്റെ കാലത്ത്‌ ഒരു ചോപ്പുകൊടി ഈ കോളനിയിൽ കേറ്റണമെന്ന്‌ ശഠിച്ചവൾ അയ്യ.  പാർടി പരിപാടിയെന്ന്‌ കേട്ടാൽ  കല്ലുടയ്‌ക്കുന്ന പണി പാതിയിൽ നിർത്തി മുദ്രാവാക്യം വിളിക്കാനെത്തുന്നവൾ അയ്യ. ഒറ്റയ്‌ക്കൊരു ബസ്‌ കയറാൻ അറിയില്ലെങ്കിലും മഹിളാ അസോസിയേഷൻ പരിപാടികൾക്ക്‌ ഡൽഹിയിൽ വരെ പോയി സമരം ചെയ്‌തിട്ടുണ്ട്‌. അവരുടെ പേരക്കുട്ടിയാണ്‌ സഖാവ്‌ സനൂപ്‌.
 
 ‘അവന്‌ സ്വന്തമായി ഒരു തരി മണ്ണ്‌ പോയിട്ട്‌ നൂറ്‌ രൂപ പോലുമില്ല. പണിക്ക്‌ കിട്ടുന്ന കാശ്‌ മുഴോൻ നാട്ടുകാർക്ക്‌ വേണ്ടിയാ ചെലവാക്കാ. കുട്ട്യോളെ കളിപ്പിച്ചും വയസ്സായോരോട്‌ കളി പറഞ്ഞും ഒരുമിനിറ്റ്‌ മിണ്ടാണ്ടിരിക്കില്ല’. വാക്കുകൾ മുഴുമിപ്പിക്കാതെ  ബന്ധുവായ രേഷ്‌മ പൊട്ടിക്കരഞ്ഞു.
 
അവനാരേയും ഇന്നേ വരെ കരയിച്ചില്ല.  എല്ലാ കണ്ണീരും ഒരുമിച്ചൊരു ദിനം പൊടുന്നനേ കണ്ണീർപ്പെയ്‌ത്തായി മാറി.
 
‘അന്ന്‌ രാത്രി ആറുമണി വരെ  ഈ വീടിന്റെ തിണ്ണയിലിരുന്നവനാ. കുടുംബശ്രീ ഉണ്ടായിരുന്നു.  എന്തു സംശയമുണ്ടായാലും അവന്റടുത്ത്‌ ഉത്തരമുണ്ടാകും.കല്യാണം കഴിഞ്ഞ്‌ ഞാൻ വരുമ്പോ അവൻ ചെറുതാ. അന്നേ അവൻ എനിക്കെന്റെ മോനാ. സ്വന്തം മോനെയാണോ തക്കുടൂനെയാണോ കൂടുതൽ ഇഷ്‌ടം എന്ന്‌ ചോദിച്ചാൽ അവന്റെ പേര്‌ പറയണ അമ്മമാരാ ഞങ്ങള്‌.’ അയൽവാസി ഷിജി അവൻ ഇനി വരാത്ത വഴികളിലേക്ക്‌ കണ്ണ്‌ പായ്‌ച്ചിരുന്നു...
 
തക്കുടൂന്ന്‌ അവന്റെ അമ്മയാണ്‌ ആദ്യം വിളിച്ചേ. അങ്ങനെ പറഞ്ഞാലേ അവനെ അറിയു. നാട്‌ മുഴുക്കേ അവനെ വിളിച്ചു. അന്നവസാനമായി അവന്റെ മൃതദേഹം അവിടെയെത്തിച്ചപ്പോഴും മന്ത്രധ്വനി പോലെ ഉയർന്നുകേട്ടതൊരേയൊരു ശബ്‌ദം... തക്കുടൂ...
 
‘വണ്ണം കുറഞ്ഞ്‌ ഒന്നും തിന്നാതെ നടന്ന ചെക്കനാരുന്നു. രാവിലേം വൈകിട്ടും വീടിന്റെ മുന്നിക്കൂടെ പോകുമ്പോ ഒന്നും രണ്ടും പറഞ്ഞ്‌ വഴക്കടിക്കാഞ്ഞാ അവന്‌ സമാധാനാവില്ല. ഇഷ്‌ടം കൂടിട്ട്‌... ഇഷ്‌ടം കൂടീട്ട്‌ തല്ലുകൂടണ ചെക്കൻ.’ എഴുപത്‌ പിന്നിട്ട വേശുവിന്‌ തക്കുടുവിനി ഇല്ലെന്ന്‌ പറയാൻ പോലും ഇഷ്‌ടമല്ല.
 
‘ഞങ്ങളിവിടെ വീടിന്റെ ഉള്ളില്‌ ഇരിക്കുമ്പോ അവിടെ അവൻ മരിച്ച്‌ കെടക്കല്ലേ. ഒരു തരി... ഒരു തരി ജീവൻ ബാക്കി വെക്കാരുന്നില്ലേ. എന്തുവിറ്റും ഞങ്ങളവനെ രക്ഷിക്കുമായിരുന്നില്ലേ. ഞങ്ങൾക്ക്‌‌ ഞങ്ങളെ മോൻ പോയി.  ഇനീമുണ്ട്‌ ഇവിടെ ആൺമക്കൾ...’
 
 സുജാതയും കവിതയുമെല്ലാം പറയുന്നു. ഞങ്ങൾക്കൊരു റേഷൻ കാർഡിന്‌... പെൻഷന്‌... എല്ലാത്തിനും തക്കുടുവായിരുന്നു ഓടിനടന്ന്‌ ശരിയാക്കുന്നേ. നാലാമോണത്തിന്‌  ഒറ്റക്കൊരാളുടെ വീട്ടിലും അടുപ്പ്‌ പുകയില്ല. അവരെല്ലാം ഒന്നിച്ച്‌ കൂടി സദ്യയൊരുക്കലും പൂവിടലുമെല്ലാമായി ഒത്തുകൂടും... അവനില്ലാതെ ഞങ്ങൾക്കിനിയെന്ത്‌...
 
എല്ലാ തിരക്കിൽനിന്നും മാറി അകലെ ഒരമ്മ മാത്രം തലകുനിച്ചിരുന്നു. തക്കുടുവിനെപ്പോലെ അച്‌ഛനും അമ്മയുമില്ലാത്ത രണ്ടുമക്കളെ വളർത്തിയ വല്യമ്മ, ശാന്ത. തിരുവത്ര പരേതരായ പരമേശ്വരന്റെയും സുധയുടേയും മക്കൾ സുധീപും  സനൂപും. കഴിഞ്ഞ ഡിസംബർ 23നാണ്‌ ഇവർക്ക്‌ ആർഎസ്‌എസ്‌ ആക്രമണത്തിൽ പരിക്കേറ്റത്‌. മാസങ്ങളോളം നീണ്ട ചികിത്സ. ഇപ്പോഴും ജോലിക്ക്‌ പോകാൻ സനൂപിനാവില്ല. 
 
എന്റെ മകനും സനൂപ്‌, അവനും സനൂപ്‌. രണ്ടാൾക്കും ഒരേ വയസ്സ്‌‌. കഴിഞ്ഞ കൊല്ലം എന്റെ കുട്ടിയെ അവർ കൊല്ലാൻ നോക്കി. ഭാഗ്യം കൊണ്ട്‌ അവർ രക്ഷപ്പെട്ടു.  പക്ഷേ തക്കുടുവിനെ അവർ...
 
ആ അമ്മയും പിറക്കാതെ പോയ ഒരു മകന്റെ പേരിൽ വ്യസനിച്ചിരുന്നു. ഇനിയൊരിക്കലും അവൻ നടന്നുവരാത്ത വഴികളിൽ ഓരോ വീടിന്റെ ഉമ്മറവാതിലിലും വഴിക്കണ്ണുമായി... ആ അമ്മമാർ.
തക്കുടൂ... ഇനി നിന്നോട്‌ മാത്രം...
 
കർമബന്ധങ്ങളുടെ എതുകാണാച്ചരടിനാലാണ്‌ പ്രിയ കൂട്ടുകാരാ നീ അവരെ ഇത്രമേൽ ബന്ധിപ്പിച്ചിരിക്കുന്നത്‌. അനുജനായും ചേട്ടനായും മകനായും... സ്‌നേഹത്തിന്റെ ഏതുരസതന്ത്രമാണ്‌... എന്തുരഹസ്യമാണ്‌ നീ പറയാതെ ചേർത്തുവച്ചത്‌. ഒടുവിലത്തെ കണ്ണീരും നിന്റെ പേരിൽ പൊഴിക്കുന്ന ആ അമ്മമാരോട്‌ എന്ത്‌ പറയണം. ഇനിയും കാത്തിരിക്കേണ്ടെന്നോ....
 

നാട്‌ വീടാക്കിയവൻ

ആർഎസ്‌എസ്‌ ക്രിമിനലുകൾ ഒക്‌ടോബർ നാലിന്‌ ഞായറാഴ്‌ച രാത്രി കൊലപ്പെടുത്തിയ 26കാരൻ. പുതുശേരി കോളനിയിൽ പേരാലിൽ പരേതരായ ഉണ്ണികൃഷ്‌ണന്റെയും സതിയുടെയും മകൻ. തൃശൂർ കുന്നംകുളം പുതുശേരിയിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി.
 
ഡിവൈഎഫ്‌ഐ ചൊവ്വന്നൂർ മേഖലാ ജോയിന്റ്‌ സെക്രട്ടറി. പ്രവർത്തന  മികവിൽ 20‐ാം വയസ്സിൽ ബ്രാഞ്ച്‌ സെക്രട്ടറിയായി.
 
ആക്രമണത്തിനിടയിൽ പരിക്കേറ്റ വിപിൻ, ജിതിൻ, അഭിജിത്ത്‌ എന്നിവർ  ചികിത്സയിലാണ്‌. 
 
തൃശൂർ മെഡിക്കൽ കോളേജിലെ  രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള ‘വയറെരിയുന്നവർക്ക്‌ മിഴി നനയാതിരിക്കാൻ’  പൊതിച്ചോറ്‌ വിതരണ ചുമതലയിൽ പുതുശേരി കോളനിയിൽനിന്ന്‌ പിറ്റേ ദിവസത്തേക്ക്‌  600 ചോറ്‌ ഉറപ്പാക്കി. മടങ്ങിയെത്തി കമ്യൂണിറ്റി ഹാളിൽ ടിവി കണ്ടിരിക്കേയാണ്‌ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കം പരിഹരിക്കാൻ സനൂപിനെ വിളിച്ചത്‌. അഞ്ചുകിലോമീറ്റർ അകലെ തിരക്കൊഴിഞ്ഞയിടത്ത്‌ ആർഎസ്‌എസ്സുകാർ കുത്തിക്കൊന്നു. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐ എം പ്രവർത്തകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top