02 May Thursday

കുഞ്ഞൻ വൈറസിന്‌ കുഞ്ഞൻ ടെക്നോളജിക്കുരുക്ക്

എസ്‌ വരുൺUpdated: Thursday Sep 3, 2020


ലോകത്തെ  ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രസമൂഹം അഹോരാത്രം പരിശ്രമിക്കുകയാണ്. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞന്മാരും ഫലപ്രദമായ വാക്സിൻ ഗവേഷണവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കേവലം വാക്സിനുകളിൽ മാത്രം ഒതുങ്ങുന്നതല്ല കോവിഡ് ഗവേഷണ രംഗം. നാളെയുടെ സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന നാനോടെക്നോളജിക്ക് കോവിഡ് ഗവേഷണ മേഖലയിൽ നിർണായക പങ്കു വഹിക്കാനുണ്ട്. രോഗപ്രതിരോധത്തിന് പത്തൊമ്പതാം നൂറ്റാണ്ടു മുമ്പുവരെ പ്രചാരത്തിലിരുന്നത് അശാസ്ത്രീയ ‘ബ്ലഡ്‌ ലെറ്റിങ്‌' പ്രാകൃത ചികിത്സാരീതികളായിരുന്നു. അവിടെനിന്ന് ആന്റിബയോട്ടിക്സ്, റേഡിയോതെറാപ്പി, വാക്സിനുകൾ എന്നിവ ഉപയോഗിച്ച് രോഗങ്ങളെ നിയന്ത്രിച്ചു നിർത്താം എന്ന നിലയിൽ ആരോഗ്യ രംഗത്തെ എത്തിച്ചത് സുദീർഘമായ ഗവേഷണങ്ങളുടെ ഫലമാണ്. ആ ഗവേഷണ പരമ്പരകളിലെ പുത്തൻ അവതാരമാണ് നാനോടെക്നോളജി.

നാനോടെക്നോളജിയുടെ കടന്നുവരവോടുകൂടി പല രംഗത്തും അതിശയിപ്പിക്കുന്ന മുന്നേറ്റങ്ങളുണ്ടായി. അവയിലെ ചില നിർണായക നേട്ടങ്ങൾ ഊർജം, ഇലക്ട്രോണിക്സ് മേഖലകൾ തൊട്ട് ആരോഗ്യരംഗത്ത് വരെ വ്യാപിച്ചുകിടക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, ശക്തിയേറിയ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് മാത്രം പഠിക്കാൻ സാധിക്കുന്ന നാനോകണങ്ങൾ, നമുക്ക് മുന്നിൽ വിസ്മയകരമായ ലോകമാണ് തുറന്നുവയ്‌ക്കുന്നത്. ഒരു മീറ്ററിന്റെ 100 കോടിയിലെ ഒരംശം മാത്രമാണ് ഒരു നാനോമീറ്റർ. ഒരു കുഞ്ഞൻ ഉറുമ്പിന് ഏകദേശം 5 മില്യൺ നാനോമീറ്റർ നീളം കാണും.


 

അതേസമയം ഒരു കടലാസ് കഷണത്തിന് ഒരു ലക്ഷം നാനോമീറ്റർ ആയിരിക്കും കനം. അതുപോലെതന്നെ ജീവന്റെ അടിസ്ഥാന ഘടകമായ ഡിഎൻഎയ്ക്ക് 2 നാനോമീറ്റർ ആണ് വ്യാസം. നാനോസ്കെയിൽ അടിസ്ഥാനമാക്കിയുള്ളതാണ് നമുക്കു ചുറ്റും കാണുന്ന പല വസ്തുക്കളും. ഉദാഹരണം: താമരയുടെ ഇലകൾ, മൊബൈൽ ഫോണുകളിലെ ചിപ്പുകൾ മുതലായവ. നാനോസ്കെയിലിലെ ഒരു വസ്തു അതിന്റെ തനതു രൂപത്തിൽനിന്നും തീർത്തും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്നു. ഈ പ്രത്യേകതകൾ ഫലപ്രദമായ രീതിയിൽ, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി വിവിധ മേഖലകളിൽ പരമാവധി ഉപയോഗപ്പെടുത്തുന്നു.

മരുന്നുകളുടെ ഗവേഷണത്തിൽ നാനോകണങ്ങളുടെ പങ്ക് അതിശയത്തോടെ മാത്രമേ വീക്ഷിക്കാൻ കഴിയൂ. ശരീരത്തിന് ആവശ്യമായ ആന്റി-വൈറൽ മരുന്നുകൾ അതിസൂക്ഷ്മമായ നാനോകണങ്ങളുമായി സംയോജിപ്പിച്ച്, വൈറസുകളെ ആക്രമിക്കാൻ ഉതകുന്ന രീതിയിൽ ശരീരകോശങ്ങളെ സജ്ജമാക്കുന്നു. ഒരു വാക്സിൻ രൂപകൽപ്പന ചെയ്യുമ്പോൾ ഉണ്ടാകുന്ന പല വെല്ലുവിളികളും നാനോടെക്നോളജിയുടെ സഹായത്താൽ മറികടക്കാൻ സാധിക്കുന്നു. നാനോകണങ്ങൾ ഉപയോഗിച്ചുള്ള m-RNA വാക്സിനുകൾ അവസാന വട്ട ക്ലിനിക്കൽ പരീക്ഷണഘട്ടത്തിൽ ആണെന്ന വാർത്ത ആശാവഹമാണ്. 

അത്യാധുനിക ബയോ സെൻസറുകളുടെ നിർമാണത്തിലും നാനോടെക്നോളജിയുടെ പങ്ക് വലുതാണ്‌. നാനോടെക്നോളജിയിലുള്ള ഗവേഷണം ആരംഭിച്ചതോടെ, മുമ്പൊരിക്കലുമില്ലാത്ത വേഗതയിൽ വൈദ്യ ശാസ്‌ത്ര രംഗത്തുള്ള ഉപകരണങ്ങളുടെ പ്രവർത്തന മികവ് ഏറി.  ചെലവു കുറഞ്ഞതും കൃത്യതയാർന്നതുമായ ബയോ സെൻസറുകൾ കോവിഡ് രോഗനിർണയ–- പ്രതിരോധ മേഖലകളിൽ അത്യന്താപേക്ഷിതമാണ്. കോവിഡ് രോഗത്തിന്റെ പ്രാരംഭദശയിൽ തന്നെ ശരീരത്തിലെ വൈറസുകളുടെ പെരുപ്പം (വൈറൽ ലോഡ്) നിരീക്ഷിക്കാൻ കഴിഞ്ഞാൽ  പ്രതിരോധം എളുപ്പമാകും.  

വൈറസിന്റെ പുറം പാളിയിൽ കാണുന്ന പ്രത്യേക വസ്തുക്കളുടെ രാസഘടനയ്‌ക്ക് അനുസരിച്ച് നാനോകണങ്ങൾ നിർമിക്കുന്നു. ഇത്തരത്തിലുള്ള നാനോ ഉപകരണങ്ങൾ രാസപ്രവർത്തനങ്ങളെ പെട്ടെന്ന് ത്വരിതപ്പെടുത്തി ഫലങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നു. ആരോഗ്യരംഗത്ത് അത്രയ്ക്ക് വൈദഗ്ധ്യം ഇല്ലാത്തവർക്ക് പോലും ഇത്തരത്തിലുള്ള നാനോ കിറ്റുകൾ ഉപയോഗിച്ച് രോഗ നിർണയ വിവരങ്ങൾ വിശകലനം ചെയ്യാം എന്നത് നാനോസെൻസറുകളുടെ മാറ്റ് വർധിപ്പിക്കുന്നു.

രോഗപ്രതിരോധത്തിനുള്ള ആരോഗ്യ മാസ്‌കുകളുടെ നിർമാണത്തിലും നാനോടെക്നോളജിയുടെ കയ്യൊപ്പ് കാണാം. നാനോഫൈബറുകൾ ഉപയോഗിച്ചുള്ള ആന്റി-വൈറൽ മാസ്കുകൾ, നാനോസ്കെയിലിനോട് അടുത്തുകിടക്കുന്ന വൈറസുകൾക്ക് (60–- - 150 നാനോമീറ്റർ) ശക്തമായ പ്രതിരോധക്കോട്ട തീർക്കുന്നു. കാർബണിന്റെ   വകഭേദങ്ങളായ കാർബൺ നാനോട്യൂബുകളും ഗ്രാഫീനും മാസ്ക് നിർമാണ പോളിമറുകളിൽ സന്നിവേശിപ്പിച്ച് വളരെ സൂക്ഷ്മമായ സുഷിരങ്ങൾ നിർമിക്കുന്നു. ഇത്തരത്തിൽ നിർമിക്കുന്ന മാസ്‌ക്കുകളുടെ പ്രവർത്തന മികവും ഗുണനിലവാരവും മികച്ചതാണെന്ന് ശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു.

മനുഷ്യനു കീഴടക്കാനാകില്ലെന്നു കരുതിയിരുന്ന, കോളറ, വസൂരി, പോളിയോ, ക്ഷയം തുടങ്ങിയ മാരകരോഗങ്ങളെ ആധുനിക വൈദ്യശാസ്ത്രം കീഴ്പ്പെടുത്തിക്കഴിഞ്ഞു. അമ്പരപ്പിക്കുന്ന വേഗത്തിലാണ് നമ്മൾ ഈ നേട്ടം കൈവരിച്ചത്. രോഗാതുരത കുറച്ചു കൊണ്ടുവരാനും രോഗബാധ മൂലമുണ്ടാകന്ന ജീവനാശം പരിമിതപ്പെടുത്താനും ശാസ്ത്രീയ ചികിത്സാരീതികൾ വഴി ഇന്ന് കഴിയുന്നുണ്ട്. ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യകളും ഈ പടയോട്ടത്തിൽ വൈദ്യശാസ്ത്രത്തിനു തുണയായിത്തീരുന്നു. മനുഷ്യവംശത്തിന്റെ  ഈ കുതിപ്പിൽ നാനോ ടെക്നോളജി പോലുള്ള നൂതന സാങ്കേതികവിദ്യകൾ ശാസ്ത്രലോകത്ത് തുറന്നിടുന്ന അനന്തസാധ്യതകൾ അത്ഭുതാവഹമായ ഒരു മാറ്റത്തിന്റെ തുടക്കമായി കണക്കാക്കാം.

(എൻഐടി  കലിക്കറ്റ്‌  കെമിക്കൽ എൻജിനിയറിങ് പിഎച്ച്ഡി ഗവേഷണ വിദ്യാർഥിയും നാനോടെക്നോളജി
വിദഗ്‌ധനുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top