26 April Friday

കാലപ്പടവുകൾ ... സുനിൽ പി ഇളയിടത്തിന്റെ പംക്തി നാലാം ഭാഗം

സുനിൽ പി ഇളയിടംUpdated: Thursday Oct 21, 2021

മഹാരാജാസ്‌ കോളേജ്‌ ക്യാമ്പസ്‌

മഹാരാജാസിനെക്കുറിച്ചുള്ള എന്റെ ഓർമകളിൽ ഏറ്റവും ദീപ്തമായത് മായികത നിറഞ്ഞ അതിലെ രാത്രികളാണ്. പലപ്പോഴും സംഘടനാപ്രവർത്തനങ്ങളും മറ്റും കഴിഞ്ഞ് രാത്രി ഏറെ വൈകിയാവും ക്യാമ്പസിൽനിന്ന് ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങുക. ചില ദിവസങ്ങളിൽ ക്യാമ്പസിൽ തന്നെ കിടന്നുറങ്ങും...ദേശാഭിമാനി വാരികയിലെ പംക്തി നാലാം ഭാഗം.


ഒരു പ്രാചീന വൃക്ഷത്തിന്റെ ഛായയുണ്ട് മഹാരാജാസിന്. കോളേജിന്റെ പടിഞ്ഞാറേ ഗെയ്റ്റിലേക്കുള്ള നടപ്പാതയുടെ ഇരുപുറത്തുമായി തണല്‍ പടര്‍ത്തിയും തലയുയര്‍ത്തിയും നില്‍ക്കുന്ന വന്‍മരങ്ങളെപ്പോലെ. അധൃഷ്യമായൊരു പ്രാചീനതയുടെ പരിവേഷം അതിനെ ചൂഴ്ന്നുനില്‍ക്കുന്നു. കോളേജ് കെട്ടിടത്തിനു ചുറ്റുമുള്ള വന്‍മരങ്ങള്‍, കെട്ടിടത്തിന്റെ മേല്‍ത്തട്ടിലെ മരപ്പലകകള്‍ പാകിയ നടവഴികള്‍, പടിപടിയായി മേലോട്ടുയരുന്ന ഇരിപ്പിടങ്ങളുമായി സെമിനാര്‍ ഹാളുകള്‍, കനത്ത തൂണുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന വരാന്തകള്‍, ചരിത്രത്തിന്റെ ഗതിക്രമമായി കേസരി കണ്ടെത്തിയ ആവര്‍ത്തനത്തെയും അവരോഹണത്തെയും ഏറ്റുവാങ്ങിയ പിരിയന്‍ ഗോവണികള്‍, ഭൂതകാലത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് മെയിന്‍ഹാളിലെ ഛായാപടങ്ങളില്‍നിന്ന് നമ്മെ നോക്കുന്ന പൂര്‍വപ്രതാപങ്ങള്‍, നടുമുറ്റത്തെ സമരമരം, ചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, ഒന്നര നൂറ്റാണ്ടായി അതിലേ കടന്നുപോയ പലപല തലമുറകള്‍... മഹാരാജാസിലെത്തുമ്പോള്‍ ഇതെല്ലാം ഒരാളെ വലയംചെയ്യും. കാലം അവിടെ കുറുകിനില്‍ക്കുന്നു.
മഹാരാജാസ്‌ കോളേജ്‌

മഹാരാജാസ്‌ കോളേജ്‌



മഹാരാജാസിനെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ ഏറ്റവും ദീപ്തമായത് മായികത നിറഞ്ഞ അതിലെ രാത്രികളാണ്. പലപ്പോഴും സംഘടനാപ്രവര്‍ത്തനങ്ങളും മറ്റും കഴിഞ്ഞ് രാത്രി ഏറെ വൈകിയാവും ക്യാമ്പസില്‍നിന്ന് ഞങ്ങള്‍ ഹോസ്റ്റലിലേക്ക് മടങ്ങുക. ചില ദിവസങ്ങളില്‍ ക്യാമ്പസില്‍ തന്നെ കിടന്നുറങ്ങും. ഹോസ്റ്റലിലെ സുഹൃത്തുക്കളിലൊരാളായ അജിത്താണ് കിടക്കാനുള്ള പായയും തലയിണയും കൊണ്ടുവരുക. അന്ന് ബിരുദവിദ്യാര്‍ഥിയായിരുന്ന അജിത്പ്രസാദിന്റെ മുറിയിലാണ് ഞാന്‍ മിക്കവാറും തങ്ങിയിരുന്നത്. സുഭാഷ് പാര്‍ക്കിന് അഭിമുഖമായുള്ള മെയിന്‍ ഹാളിലാണ് ഞങ്ങള്‍ കിടക്കുക. മഹാരാജാസിന്റെ ചരിത്രം മങ്ങിമയങ്ങിനില്‍ക്കുന്ന ഒരിടമാണ് മെയിന്‍ ഹാള്‍. രണ്ടാം നിലയില്‍, നൂറോ നൂറ്റമ്പതോ പേര്‍ക്ക് ഇരിക്കാവുന്നത്ര വലിപ്പമുള്ള വിശാലമായ ഹാളാണത്. രാത്രിയുടെ ഇരുട്ടിലൂടെ പഴയ രാജാക്കന്മാരുടെ ഛായാപടങ്ങള്‍ നിരനിരയായി ചുമരുകളില്‍ നിന്ന് നമ്മെ നോക്കും. പോയകാലത്തിന്റെ പ്രതാപങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആ ഛായാരൂപികള്‍ മങ്ങിയ വെളിച്ചത്തിലൂടെ നമ്മോട് പലതും പറയുന്നതായി തോന്നും. കനമുള്ള വലിയ പലകകള്‍ പാകി ഉയര്‍ത്തിയുണ്ടാക്കിയ സ്റ്റേജും പലകവിരിച്ച തറയുമാണ് മെയിന്‍ ഹാളിലുള്ളത്. മഴയുള്ളപ്പോഴും വലിയ തണുപ്പുതോന്നില്ല.

മെയിന്‍ ഹാളിലെ ജനലുകളിലൂടെ രാത്രിയിലും പടിഞ്ഞാറുനിന്ന് കടല്‍ക്കാറ്റ് എത്തും. ജനല്‍പ്പാളികള്‍ക്ക് തൊട്ടപ്പുറത്ത് കൂറ്റന്‍ തണല്‍മരങ്ങളുടെ ചില്ലകള്‍ കാറ്റിലിളകുന്നുണ്ടാവും. ക്യാമ്പസിനുപുറത്ത് റോഡും റോഡിനപ്പുറത്ത് സുഭാഷ് പാര്‍ക്കും. അര്‍ധരാത്രിയോടെ വാഹനങ്ങള്‍ നിലച്ച് റോഡ് നിശ്ശബ്ദമാവും. വഴിയിലെ വൃക്ഷത്തലപ്പുകളിലെ മഞ്ഞവെളിച്ചം നോക്കിയാണ് സ്റ്റേജില്‍ ഞങ്ങള്‍ കിടക്കുക. അഴിമുഖത്ത് നങ്കൂരമിടാന്‍ എത്തുന്ന കപ്പലുകളുടെ നീണ്ട ചൂളംവിളികള്‍ മഞ്ഞവെളിച്ചം പുതച്ചുനില്‍ക്കുന്ന രാത്രിക്കും ഉറക്കത്തിനും ഇടയിലൂടെ ഞങ്ങളെ തേടിവരും. അന്നത്തെ തീവ്രമായ രാഷ്ട്രീയബോധ്യങ്ങളും സംഘടനാചര്‍ച്ചകളും ഒക്കെയായി ഏറെ വൈകിയാണ് എന്നും ഉറങ്ങുക. പുലര്‍കാലത്തിന്റെ കാളംവിളിപോലെ കപ്പലുകളുടെ ചൂളംവിളി ഞങ്ങളെ തേടിയെത്തുമ്പോഴാവും ഉറക്കത്തിലേക്ക് വീഴുക. വൈകിയുറങ്ങിയാലും നീണ്ടുറങ്ങാന്‍ പറ്റുമായിരുന്നില്ല. അന്ന് പ്രീഡിഗ്രി ഷിഫ്റ്റ് സമ്പ്രദായത്തില്‍ നടക്കുന്നുണ്ട്. രാവിലെ എട്ടുമണിയോടെ കുട്ടികള്‍ എത്തിത്തുടങ്ങും. അതിനു മുന്‍പ് എപ്പോഴെങ്കിലും ഉണര്‍ന്ന് ഹോസ്റ്റലിലേക്ക് മടങ്ങും. മായികമായ മഞ്ഞവെളിച്ചം കൂടേറിയ മനസ്സോടെ.
സുനിൽ പി ഇളയിടം (വലത്ത്‌) കലാലയ വിദ്യാഭ്യാസകാലത്ത്‌

സുനിൽ പി ഇളയിടം (വലത്ത്‌) കലാലയ വിദ്യാഭ്യാസകാലത്ത്‌



മഹാരാജാസിന് അനന്യമായ ഒരു ബഹുഭാവ സംസ്കാരമുണ്ട്. പലയിടങ്ങളില്‍ നിന്നെത്തിയ പലപല ജീവിതങ്ങള്‍ അവിടെ കൈകോര്‍ത്തു നില്‍ക്കുന്നു. ഒന്നു മറ്റൊന്നിനെ വിഴുങ്ങാതെ. ലക്ഷദ്വീപ് മുതല്‍ ഇടുക്കിവരെയുള്ള ഇടങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍. ഫോര്‍ട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും തൃപ്പൂണിത്തുറ കൊട്ടാരത്തിന്റെയും കമ്മട്ടിപ്പാടത്തിന്റെയും മുളവുകാട് പോലുള്ള സമീപദ്വീപുകളുടെയും ജീവിതരീതികളുടെ കലര്‍പ്പാണ് അതിന്റെ ആധാരശ്രുതിയായി തീര്‍ന്നത്. കഥകളിപ്പാട്ടും പടിഞ്ഞാറന്‍ സംഗീതവും അവിടെ തൊട്ടടുത്തുണ്ട്. അതിസമ്പത്തിന്റെ പ്രതാപങ്ങളും അതികഠിനമായ ദാരിദ്ര്യവുമുണ്ട്. എല്ലാ ജീവിതസ്ഥാനങ്ങള്‍ക്കും അതാതിന്റേതായ ഇടങ്ങള്‍. തമ്മില്‍ കലര്‍ന്നും ഒന്നു മറ്റൊന്നിനെ വിഴുങ്ങാതെയും അവ നില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. മിക്കവാറും ഏകമാനമായ ജീവിതമാണ് അതിന് മുമ്പുപഠിച്ച കോളേജില്‍ ഞാന്‍ കണ്ടിട്ടുള്ളത്. മഹാരാജാസ് എത്രയും വ്യത്യസ്തമായിരുന്നു. ജീവിതത്തിന്റെ നാനാവിതാനങ്ങളിലേക്ക് അവിടെ നിന്നും വാതിലുകള്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു.

മഹാരാജാസിലെ വിദ്യാര്‍ഥിജീവിതകാലത്ത് രണ്ടു വര്‍ഷവും (1988,90) ഞാന്‍ വിദ്യാര്‍ഥി യൂണിയന്റെ ചെയര്‍മാനായിരുന്നു. മഹാരാജാസ് വിദ്യാര്‍ഥികളുടെ എണ്ണത്താലും അതിസമൃദ്ധമാണ്. പ്രീഡിഗ്രി വേര്‍പെടുത്തുന്നതിനു മുമ്പുള്ള കാലം. എംഎ പഠനത്തിനായാണ് മാല്ല്യങ്കര എസ്എന്‍എം കോളേജില്‍നിന്ന് മഹാരാജാസിലേക്ക് ഞാന്‍ എത്തുന്നത്. ബിരുദപഠനം ഭൗതികശാസ്ത്രത്തിലായിരുന്നുവെങ്കിലും എംഎ ആയപ്പോള്‍ മലയാളമായി. സംഘടനാപ്രവര്‍ത്തനസൗകര്യമായിരുന്നു അതിലെ പ്രധാന പ്രേരണ. തൊട്ടുമുമ്പുള്ള വര്‍ഷം മഹാത്മാഗാന്ധി സര്‍വകലാശാലാ യുവജനോത്സവത്തില്‍ ഞാന്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന്റെ പരിവേഷം മഹാരാജാസില്‍ എത്തുമ്പോഴും മാഞ്ഞുപോയിരുന്നില്ല. അതുകൊണ്ട് എത്തിയപാടെ തെരഞ്ഞെടുപ്പിന്റെയും സംഘടനാപ്രവര്‍ത്തനത്തിന്റെയും എല്ലാം ഭാഗമായി. അക്കാലത്ത് വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.
എസ്എഫ്ഐയുടെ എറണാകുളം ജില്ലാ വൈസ്‌പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലം. പി രാജീവ് അന്ന് കളമശ്ശേരിയില്‍നിന്ന് വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ എത്തിയിരുന്നു. മഹാരാജാസിലെയും എറണാകുളം നഗരത്തിലെയും നേതാക്കളായി എന്‍ സതീഷിനെയും ടി പി രമേഷിനെയും പോലുള്ളവര്‍. വിദ്യാര്‍ഥിജീവിതകാലത്ത് ഞാന്‍ കണ്ട മികവുറ്റ നേതാക്കളിലൊരാളായിരുന്നു സതീഷ്. അതുല്യമായ സംഘാടനവൈഭവവും കന്‍മഷമില്ലാത്ത സൗഹൃദവും. സമര്‍പ്പിതമായ സംഘടനാപ്രവര്‍ത്തനവും മുന്‍വിധികളില്ലാത്ത സാഹോദര്യഭാവവും ഒരുപോലെ ഒത്തിണങ്ങിയ ഒരാള്‍. സതീഷ് പിന്നീട് അഭിഭാഷകനായി. ഇടയ്ക്കൊരു ഘട്ടത്തില്‍ എറണാകുളത്ത് സിപിഐ  എം ഏരിയാ സെക്രട്ടറിയായും സതീഷുണ്ടായിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി തുടരുന്നു.


മഹാരാജാസിലെ സായാഹ്നങ്ങൾ പലതും രമേഷിനൊപ്പമായിരുന്നു. മറ്റു തിരക്കുകൾ ഒന്നുമില്ലെങ്കിൽ ചില ദിവസങ്ങളിൽ വൈകുന്നേരം ഞങ്ങൾ നടക്കാൻ പോകും. ബ്രോഡ്‌വേയും മാർക്കറ്റുമെല്ലാം പിന്നിട്ട് ആ നടപ്പുകൾ ചിലപ്പോൾ മറൈൻ ഡ്രൈവിലാണ് ചെന്നവസാനിക്കുക.


മഹാരാജാസിലെ സായാഹ്നങ്ങള്‍ പലതും രമേഷിനൊപ്പമായിരുന്നു. മറ്റു തിരക്കുകള്‍ ഒന്നുമില്ലെങ്കില്‍ ചില ദിവസങ്ങളില്‍ വൈകുന്നേരം ഞങ്ങള്‍ നടക്കാന്‍ പോകും. ബ്രോഡ്‌വേയും മാര്‍ക്കറ്റുമെല്ലാം പിന്നിട്ട് ആ നടപ്പുകള്‍ ചിലപ്പോള്‍ മറൈന്‍ ഡ്രൈവിലാണ് ചെന്നവസാനിക്കുക. ചിലപ്പോള്‍ ബോട്ട്ജെട്ടിയില്‍. അല്ലെങ്കില്‍ രാജേന്ദ്രമൈതാനത്തിലെ കായലോരത്ത്. അക്കാലത്ത് മേനക തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ എതിര്‍ഭാഗത്ത് വിശാലമായ കായല്‍പ്പരപ്പ്. കായലിന്റെ കരയില്‍ പണിതീര്‍ന്നുവരുന്ന കെട്ടിടത്തിന്റെ ചവിട്ടുപടികളിലാണ് ഞങ്ങളുടെ നടത്തം അവസാനിക്കുക. ആ ചവിട്ടുപടികളിലിരുന്ന് ഞങ്ങള്‍ കുറെയേറെ ജീവിതം പറഞ്ഞുതീര്‍ത്തു. കലയിലും സംഗീതത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും എല്ലാം ഒരുപോലെ താല്‍പ്പര്യം പുലര്‍ത്തുന്ന ഒരാളായിരുന്നു രമേഷ്. അമര്‍ന്ന ചിരിയുടെ അകമ്പടിയുള്ള വാക്യങ്ങളിലാണ് രമേഷ് സംസാരിക്കുക. എറണാകുളം നഗരത്തിന്റെ സമാന്തരചരിത്രവും അനുഭവങ്ങളും രമേഷില്‍നിന്നാണ് ഞാന്‍ കുറെയേറെ മനസ്സിലാക്കിയത്. രമേഷ് പിന്നീട് അഭിഭാഷകനായി. അഭിഭാഷക യൂണിയന്റെ നേതാവും എറണാകുളത്തെ ഫൈനാര്‍ട്സ് സൊസൈറ്റിയുടെ സെക്രട്ടറിയും ഒക്കെയായി. ഫൈനാര്‍ട്സ് സൊസൈറ്റിയുടെ അറിയിപ്പുകള്‍ക്കൊപ്പം പഴയ കാലവും ഇപ്പോള്‍ എന്നെത്തേടി വരുന്നു.

സതീഷിനെയും രമേഷിനെയും കൂടാതെ ഒട്ടനവധി സുഹൃത്തുക്കളെ മഹാരാജാസിലെ വിദ്യാര്‍ഥിജീവിതം സമ്മാനിച്ചു. സംഘടനയുടെ നട്ടെല്ലുപോലെ എം കെ പ്രകാശന്‍ ക്യാമ്പസിലുണ്ടായിരുന്നു. സത്യന്‍ കോളങ്ങാട്, മനോജ് വാസു, എം കെ റോയി, വര്‍ഗീസ്, അജിത്പ്രസാദ്... എണ്ണിയാല്‍ തീരാത്തത്രയും പേര്‍. എസ് രമേശനും തോമസ് ഐസക്കും മുതല്‍ രമേശ്‌വര്‍മ വരെയുള്ളവര്‍ ഞങ്ങള്‍ക്കു മുന്‍പേ അതിലെ കടന്നുപോയിരുന്നു. അവരുടെ പ്രകാശവലയത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്.

രാജീവ് രവിയും അമല്‍ നീരദും ആഷിക് അബുവും ശ്രീജിത്ത് ദിവാകരനുമെല്ലാം പിന്നീട് ക്യാമ്പസിലെത്തി. അപ്പോഴേക്കും ഞാന്‍ സംഘടനാജീവിതത്തില്‍നിന്ന് പിന്‍വാങ്ങി അധ്യാപനത്തില്‍ പ്രവേശിച്ചിരുന്നു. മഹാരാജാസിനെ അവര്‍ പുതിയ വിതാനങ്ങളിലേക്ക് നയിക്കുന്നത് ഞങ്ങള്‍ അകലെ നിന്നു കണ്ടു.

മഹാരാജാസിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനം ഒരു മുഴുവന്‍സമയ ജോലിപോലെയാണ്. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയാല്‍ പലപ്പോഴും രാത്രി വൈകിയാണ് അതവസാനിക്കുക. അക്കാലത്ത് മഹാരാജാസില്‍ സായാഹ്ന കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി എട്ടരയോടെയാണ് സായാഹ്ന കോളേജ് അവസാനിക്കുക. മിക്കവാറും അത്രയും സമയം ഞങ്ങള്‍ ക്യാമ്പസിലുണ്ടാവും. രാവിലെ ഒമ്പതുമണിയോടെ ക്യാമ്പസിലെത്തുമ്പോള്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടാവും. ഏറെയും വിദൂരഗ്രാമങ്ങളില്‍നിന്ന് എത്തിയ സാധാരണക്കാരായിരിക്കും. പാര്‍ടി നേതാക്കളുടെ കത്തുമായാണ് പലരും വരുക. അവര്‍ക്കുള്ള ഡോണേഴ്സിനെ കണ്ടെത്തലാണ് മിക്ക ദിവസങ്ങളിലെയും ആദ്യ ജോലി. അപൂര്‍വ ഗ്രൂപ്പുകളാണെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ അതിനായി അലയേണ്ടിവരും. മിക്ക ദിവസങ്ങളുടെയും തുടക്കം ആ അലച്ചിലാവും.

എംഎ പഠനകാലത്ത് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എറണാകുളം നഗരത്തിലെ വിദ്യാലയങ്ങളിലും സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരന്തരം പോയി. നഗരത്തിന്റെ ചുറ്റുവട്ടങ്ങളും ഇടവഴികളും മറ്റും പരിചിതമായത് അങ്ങനെയാണ്. ക്യാമ്പസിനകത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം വിദ്യാര്‍ഥി യൂണിയന്‍ പരിപാടികളുടെ സംഘാടനമാണ്. അന്നത്തെ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനാണ് ആദ്യവര്‍ഷം കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് വന്നത്. നിത്യചൈതന്യയതി, സാനുമാസ്റ്റര്‍, ദേവരാജന്‍ മാസ്റ്റര്‍, സി രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍, ഒ എന്‍ വി... എത്രയോ പേര്‍ പല പരിപാടികള്‍ക്കുമായി വന്നു. അക്കാലത്തുതന്നെ അവരോടെല്ലാം ഇടപഴകാന്‍ കഴിഞ്ഞത് സംഘടനാജീവിതം തന്ന വലിയൊരു തുറസ്സായിരുന്നു. സാധാരണവും അസാധാരണവുമായ അനുഭവങ്ങളുടെ കലവറയായി അതുമാറി.

 

എംഎ പഠനത്തിന്റെ രണ്ടാം വർഷം കലോത്സവം ഉദ്ഘാടനം ചെയ്തത് ദേവരാജൻമാഷാണ്. മാഷ് സംസാരിച്ചുകൊണ്ടിരിക്കെ വൈദ്യുതി നിലച്ചു. പകരം സംവിധാനങ്ങൾ അപ്പോൾ തയ്യാറാക്കിയിട്ടില്ലായിരുന്നു. ദേവരാജൻമാഷിന്റെ ദേഷ്യം പ്രസിദ്ധമായിരുന്നതുകൊണ്ട് ഞങ്ങൾ പരിഭ്രമത്തിലായി. മാഷ് പക്ഷേ, ശാന്തനായി, വേദിയിലെ കസേരയിൽ കാത്തിരുന്നു.


എംഎ പഠനത്തിന്റെ രണ്ടാം വര്‍ഷം കലോത്സവം ഉദ്ഘാടനം ചെയ്തത് ദേവരാജന്‍ മാഷാണ്.

മാഷ് സംസാരിച്ചുകൊണ്ടിരിക്കെ വൈദ്യുതി നിലച്ചു. പകരം സംവിധാനങ്ങള്‍ അപ്പോള്‍ തയ്യാറാക്കിയിട്ടില്ലായിരുന്നു. ദേവരാജന്‍ മാഷിന്റെ ദേഷ്യം പ്രസിദ്ധമായിരുന്നതുകൊണ്ട് ഞങ്ങള്‍ പരിഭ്രമത്തിലായി. മാഷ് പക്ഷേ, ശാന്തനായി, വേദിയിലെ കസേരയില്‍ കാത്തിരുന്നു. ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് ബാറ്ററി കൊണ്ടുവന്ന് യോഗം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞത്. നിര്‍ത്തിയേടത്തുനിന്നും മാഷ് പ്രസംഗം തുടങ്ങി. പാട്ടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പലതും പറഞ്ഞു. പാട്ടുപാടണമെന്ന കുട്ടികളുടെ അഭ്യര്‍ഥന അറിയിച്ചപ്പോള്‍ അകമ്പടിയൊന്നുമില്ലാതെ 'തുഞ്ചന്‍പറമ്പിലെ തത്തേ...' എന്ന പാട്ടുപാടി. എത്രയോ തലമുറകളിലേക്ക് അലയടിച്ചുപറന്ന ശാരികപ്പൈതല്‍ സെന്റിനറി ഓഡിറ്റോറിയത്തിലെ സദസ്സിന്റെ മൗനത്തിനു മുകളിലൂടെയും ചിറകടിച്ചു പറന്നു.
 
ഫസൽ ഖുറൈ-ശി-

ഫസൽ ഖുറൈ-ശി-

മഹാരാജാസ് കാലമാണ് കലയുടെ ലോകത്തേക്ക് വലിയൊരു വഴി തുറന്നുതന്നത്. അന്ന് ക്യാമ്പസില്‍ SPICMACAY (Society for the Promotion of Indian Classical Music and Culture Amongst the Youth) സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫ. രംഗരാജന്‍ ആയിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. സംഘാടകരില്‍ പലരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. SPICMACAY യുമായി സഹകരിച്ച് വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ ധാരാളം പരിപാടികള്‍ ക്യാമ്പസില്‍ നടത്തി. ഹരിപ്രസാദ് ചൗരസ്യ, യു ശ്രീനിവാസന്‍, സ്വപ്നസുന്ദരി, ജസ്രാജ്, ഫസല്‍ ഖുറൈശി, ദൊരൈസ്വാമി അയ്യങ്കാര്‍... ഇങ്ങനെ ഒരുപാട് പേര്‍ SPICMACAYയുടെ പരിപാടികള്‍ക്കായി അക്കാലത്ത് എത്തിയിരുന്നു. വിദൂരമായ നാട്ടില്‍ പുറത്തുനിന്ന് അവിടെയെത്തിയവരാണ് ഞങ്ങളിലധികം പേരും. ഇവരില്‍ പലരെയും ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയുമായിരുന്നു.
ഹരിപ്രസാദ്‌ ചൗരസ്യ

ഹരിപ്രസാദ്‌ ചൗരസ്യ

ചൗരസ്യയുടെ ഓടക്കുഴല്‍ നാദവും ഫസല്‍ ഖുറൈശിയുടെ താളപ്പെരുക്കവും മെയിന്‍ ഹാളിന്റെ പ്രാചീനഭംഗിയില്‍ വിലയം പ്രാപിക്കുന്നത് ഞങ്ങള്‍ കേട്ടുനിന്നു. മഹാരാജാസിന് തൊട്ടപ്പുറത്ത് ഭാരതീയ വിദ്യാഭവനിലും ഫൈനാര്‍ട്സ് ഹാളിലും സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകം സജീവമായുണ്ടായിരുന്നു. കലാക്ഷേത്രത്തിലെ ചിത്രപ്രദര്‍ശനങ്ങള്‍. സിനിമകള്‍. സംവാദങ്ങള്‍. പഴയ ലോകത്തില്‍നിന്നുള്ള വഴിമാറലായിരുന്നു അത്. സംഘടനാജീവിതത്തിനും രാഷ്ട്രീയാഭിമുഖ്യങ്ങള്‍ക്കും അപ്പുറം മറ്റൊരു ലോകത്തേക്കുള്ള വഴികൂടി മഹാരാജാസ് തുറന്നുതന്നു. പില്‍ക്കാലത്ത് അതിലൂടെയാണ് ഞങ്ങള്‍ കുറെയേറെ നടന്നത്.
ക്യാമ്പസില്‍ വലിയൊരു സാംസ്കാരിക കൂട്ടായ്മയുണ്ടായിരുന്നു. സംഘം സാംസ്കാരിക വേദി. ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും ചേര്‍ന്ന് തുടങ്ങിയതാണ്.
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഞാനെത്തുമ്പോള്‍ അതവിടെ വളരെ സജീവമാണ്. ഞങ്ങളുടെ കാലത്ത് അതിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിന് വന്നത് കോവിലനാണ്. കെജിഎസ്സാണ് കോവിലനെ കൂട്ടിക്കൊണ്ടുവന്നത്. സെന്റിനറി ഹാളില്‍ നിന്ന് മനുഷ്യവംശത്തിന്റെ പ്രാക്തനമായ മുഴക്കം നിറഞ്ഞ ശബ്ദത്തില്‍ കോവിലന്‍ ആദിമചരിത്രത്തിന്റെ കഥ പറഞ്ഞു. തട്ടകം എഴുതുന്ന കാലമാവണം. അധിനിവേശങ്ങളുടെയും കുടിയേറ്റങ്ങളുടെയും കഥ. വെട്ടിപ്പിടുത്തങ്ങളുടെയും പലായനങ്ങളുടെയും കഥ. ഞാന്‍ കോവിലനെ അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു. തോറ്റങ്ങള്‍ ഉറയുന്ന ഭാഷയുടെ കരുത്ത് അപാരമായി തോന്നി. സെന്റിനറി ഹാള്‍ അതിന്റെ മുഴക്കത്തിലമര്‍ന്നു.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് ബഹുരൂപിയായി. ഒരാഴ്ച നീളുന്ന പുസ്തകപ്രദര്‍ശനം, പല പ്രസാധകരില്‍ നിന്ന് സമാഹരിച്ച പുസ്തകങ്ങളാണ്. അവ കുറെയധികം വിറ്റഴിക്കാനായി. ഉച്ചകള്‍ക്കുശേഷം സംഗീതാവതരണങ്ങള്‍, കച്ചേരികള്‍... മഹാരാജാസിന്റെ ബഹുഭാവസംസ്കാരത്തിന് ഇണങ്ങുന്ന വേദിയായിരുന്നു സംഘത്തിന്റേത്. അടിസ്ഥാനപരമായി രാഷ്ട്രീയ കൂട്ടായ്മയായിരുന്നുവെങ്കിലും പ്രത്യക്ഷ രാഷ്ട്രീയത്തില്‍ തല്‍പ്പരരല്ലാത്തവരും അതില്‍ പങ്കാളികളായി. സംഘം എന്ന പേരിനെ അത് അന്വര്‍ഥമാക്കി.

വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്ക് പൊതുവെ അറുതിവന്ന കാലത്താണ് ഞാന്‍ മഹാരാജാസില്‍ എത്തുന്നത്. സൈമണ്‍ ബ്രിട്ടോയ്ക്കെതിരായ ആക്രമണം നടന്നത് കുറച്ചുകാലം മുമ്പാണ്. ബ്രിട്ടോയെ കാണാന്‍ ഞങ്ങള്‍ ഇടയ്ക്ക് പോകും. എല്ലാ വര്‍ഷവും യൂണിയന്‍ തെരഞ്ഞെടുപ്പിനുമുമ്പ് മഹാരാജാസിലെ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് ബ്രിട്ടോയെ ചെന്നു കാണുമായിരുന്നു. അതുല്യമായ ആത്മവിശ്വാസത്തോടെ ബ്രിട്ടോ ലോകത്തെയും രാഷ്ട്രീയത്തെയും കലയെയും കുറിച്ച് സംസാരിക്കും. തുടരേണ്ട സമരങ്ങളെക്കുറിച്ച് പറയും. കീഴടങ്ങാത്ത ഇച്ഛയുടെ കൊടിമരമായിരുന്നു സൈമണ്‍ ബ്രിട്ടോ. പോരാട്ടത്തിന്റെ പതാകകള്‍ അതിലെപ്പോഴും ഉയര്‍ന്നുപാറി.

എറണാകുളത്തുനിന്നും പോന്നതിനുശേഷം ബ്രിട്ടോയുമായുള്ള സമ്പര്‍ക്കം കുറഞ്ഞു. ചിലപ്പോഴൊക്കെ സഖാവിനെ വീട്ടിലെത്തി കണ്ടു. പുസ്തകസംവാദങ്ങളിലും പഠനക്ലാസുകളിലും സമ്മേളനങ്ങളിലും വച്ച് ഇടയ്ക്കിടെ കണ്ടു. പ്രയാസങ്ങള്‍ക്കിടയിലും ബ്രിട്ടോ ജീവിതോത്സാഹവും സമരവീര്യവും കൈവിട്ടിരുന്നില്ല. ശബരിമല പ്രശ്നത്തിന്റെ കാലത്ത് സര്‍വകലാശാലയിലെ എന്റെ ഓഫീസ് ഹൈന്ദവ വര്‍ഗീയവാദികള്‍ കയ്യേറിയപ്പോഴാണ് ബ്രിട്ടോ അവസാനം വിളിച്ചത്. യാത്രകളില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ബ്രിട്ടോ ഓര്‍മിപ്പിച്ചു. ബ്രിട്ടോ ഫോണിലൂടെ പറഞ്ഞതത്രയും പറവൂരിലെ ഒരു വഴിയരികില്‍നിന്നാണ് ഞാന്‍ കേട്ടത്. അതായിരുന്നു ബ്രിട്ടോയുമായുള്ള അവസാന സംഭാഷണം. ഏറെ വൈകാതെ ബ്രിട്ടോ വിടവാങ്ങി. സഹനത്തിന്റെയും സമരത്തിന്റെയും കൊടിമരത്തിലെ നിത്യപതാകയായി.

സൈമണ്‍ ബ്രിട്ടോ

സൈമണ്‍ ബ്രിട്ടോ


വലിയ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞിരുന്നുവെങ്കിലും അക്കാലത്തും മഹാരാജാസില്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. മഹാരാജാസ് ഗ്രൗണ്ടില്‍ സമ്മേളനത്തിനെത്തിയ INTUC പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത് വലിയ കോളിളക്കമായി. കുറെയേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കുപറ്റി. ക്യാമ്പസ് ഒന്നടങ്കം അണിനിരന്ന സമരമായിരുന്നു പിന്നാലെയുണ്ടായത്. എല്ലാവരും തെരുവിലിറങ്ങി. അതൊരു തീപിടിച്ച ദിവസമായിരുന്നു. ചെറിയ സംഘര്‍ഷങ്ങള്‍ പിന്നെയുമുണ്ടായി, പലതും ക്യാമ്പസില്‍ ചേക്കേറുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളുമായായിരുന്നു. മാല്ല്യങ്കര എസ്എഎം കോളേജിലെ വിദ്യാഭ്യാസകാലത്ത് സംഘര്‍ഷങ്ങളില്‍ എനിക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും മഹാരാജാസ് കാലത്ത് അതുണ്ടായില്ല. അക്കാലത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലുകളും കാര്യമായുണ്ടായില്ല. ഇ കെ നായനാര്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരണമായിരുന്നു അപ്പോള്‍. സമരങ്ങള്‍ ധാരാളം നടന്നിരുന്നുവെങ്കിലും പൊലീസ് ശാന്തമായാണ് അതിനെയെല്ലാം നേരിട്ടത്.

മഹാരാജാസ് ജീവിതകാലത്താണ് രാഷ്ട്രീയബോധ്യങ്ങള്‍ക്കുമേല്‍ വലിയ ചോദ്യങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്നത്. സോഷ്യലിസ്റ്റുലോകത്തിന്റെ തകര്‍ച്ച ആരംഭിച്ച കാലം. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം. പലതരം ആത്മപരിശോധനകളിലേക്ക് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും നീങ്ങുകയായിരുന്നു. ക്യാമ്പസിനുള്ളിലും അതിന്റെ അലയടികളുണ്ടായി. ലോകഗതിയുടെ പരിണാമങ്ങളെക്കുറിച്ച് പലതരം ചര്‍ച്ചകളും പ്രചാരണങ്ങളും ക്ലാസ്മുറികളിലും നടന്നു. സോഷ്യലിസത്തിന്റെ സ്വരൂപഭേദങ്ങള്‍ ഗൗരവപൂര്‍ണമായ ആലോചനയുടെ വിഷയമാകാന്‍ അതു കാരണമായി. തിരിഞ്ഞുനോക്കുമ്പോള്‍ പില്‍ക്കാല രാഷ്ട്രീയ ധാരണകളെ രൂപപ്പെടുത്തുന്നതില്‍ അത് വലിയ പങ്കുവഹിച്ചു എന്നാണ് തോന്നുന്നത്.

മഹാരാജാസ് കാലത്താണ് കവിതയെഴുത്ത് നിര്‍ത്തിയത്! എസ്എന്‍എം കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കവിതാരചനയില്‍ എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ മൂന്നു തവണ സമ്മാനം നേടിയിരുന്നു. രണ്ടുതവണ ഒന്നാം സ്ഥാനവും ഒരിക്കല്‍ രണ്ടാം സ്ഥാനവും. കവിയാണെന്ന തെറ്റിദ്ധാരണ ഉണ്ടായതങ്ങനെയാണ്. മഹാരാജാസ് കാലത്ത് വലിയ കവികളെ ധാരാളമായി വായിച്ചു. ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടശ്ശേരിയും മുതല്‍ ജിബ്രാനും പാസും നെരൂദയും എലിയറ്റും വരെ. മഹാരഥികളായ നോവലിസ്റ്റുകളെയും ഇക്കാലത്ത് കുറെയൊക്കെ വായിച്ചു.

സച്ചിദാനന്ദനെയും കെ ജി എസ്സിനെയും മറ്റും അനുകരിച്ച് ഞാനെഴുതുന്നത് കവിതയാണോ എന്ന് അതോടെ സംശയമായി. അതിനിടയിലാണ് എന്നേക്കാള്‍ ഒരുവര്‍ഷം സീനിയറും ഇപ്പോള്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ എഡിറ്ററുമായ ഉണ്ണിരാജന്‍ ശങ്കറിന്റെ കവിത മാഗസിനില്‍ വന്നത്. ചെറിയ വാക്കുകളില്‍ അനുഭവങ്ങളുടെ സൂക്ഷ്മലോകങ്ങളിലേക്ക് നീങ്ങുന്ന കവിതകളായിരുന്നു ഉണ്ണിയുടേത്. അത് വായിച്ചതോടെ ഇനി കവിയായി തുടരേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ എംഎ രണ്ടാം വര്‍ഷം അവസാനമായി കവിതയെഴുതി. സുഹൃത്തുക്കളായ മൂന്നുപേരെക്കുറിച്ചായിരുന്നു അത്. മറ്റൊരു സുഹൃത്തിന്റെ പേരില്‍ അത് പ്രസിദ്ധീകരിച്ചു. അതോടെ കവിതാരചനയ്ക്ക് അവസാനമായി!

കവിത പോയിടത്ത് പകരം വന്നത് പ്രഭാഷണമാണ്. അക്കാലത്താണ് ഞാന്‍ പൊതുപ്രഭാഷണത്തിലേക്ക് നീങ്ങിയത്. എറണാകുളത്തും പരിസരങ്ങളിലുമായി പോയിവരാവുന്ന ഇടങ്ങളിലേക്കൊക്കെ പ്രസംഗത്തിനായി പോയി. രാഷ്ട്രീയസമ്മേളനങ്ങള്‍, സെമിനാറുകള്‍, സാംസ്കാരിക സദസ്സുകള്‍... പല വേദികളില്‍ സംസാരിച്ചു. കവിത അതിനെല്ലാം തുണയായി എന്നു പറയാം. മനുഷ്യാനുഭൂതികളുടെ സഞ്ചിതസ്ഥാനമാണ് കവിത. അതില്‍നിന്ന് ചില വാക്കുകളും വരികളും പ്രഭാഷണത്തിലെത്തുമ്പോള്‍ പ്രഭാഷണം ദീപ്തമാകും. തിരിഞ്ഞുനോക്കുമ്പോള്‍ കവിത നല്‍കിയ ഏറ്റവും വലിയ മിച്ചം അതാണെന്നുതോന്നുന്നു.

വലിയ അധ്യാപകരുടെ ഒരു നിര അന്ന് മഹാരാജാസിലുണ്ട്. എല്ലാ വ്യവസ്ഥകള്‍ക്കും കുറുകെ പ്രൊഫ. കെ എന്‍ ഭരതന്‍ വിധ്വംസകമായി ചെരുപ്പിടാതെ നടന്നു. അദ്ദേഹത്തിന്റെ മുഴങ്ങുന്ന ശബ്ദവും വിജ്ഞാനത്തിന്റെ ഗരിമയും ഒപ്പത്തിനൊപ്പം സഞ്ചരിച്ചു. കെ ജി ശങ്കരപ്പിള്ളയും സി ആര്‍ ഓമനക്കുട്ടനും സി അയ്യപ്പനും ജോസ് വെമ്മേലിയും മറ്റും മലയാളവിഭാഗത്തിലുണ്ടായിരുന്നു. പ്രൊഫ. ജോര്‍ജ് ഇരുമ്പയമായിരുന്നു വകുപ്പ് തലവന്‍. ശങ്കരക്കുറുപ്പ്,

എം ലീലാവതി ,എം കെ സാനു,

എം ലീലാവതി ,എം കെ സാനു,

എം കെ സാനു, എം ലീലാവതി, എം തോമസ് മാത്യു, എം കൃഷ്ണന്‍നായര്‍, ഒ എന്‍ വി തുടങ്ങിയവരുടെയെല്ലാം നിഴല്‍വീണുകിടക്കുന്ന ക്ലാസ്മുറികളില്‍ അവരുടെ ശബ്ദം ഉയര്‍ന്നുതാണു. ഇംഗ്ലീഷ് വിഭാഗത്തില്‍ ടി ആര്‍ സുജാതദേവി, രംഗരാജന്‍, തോമസ് മാഞ്ഞൂരാന്‍ അങ്ങനെ പലരുമുണ്ടായിരുന്നു. ടി ആറിന്റെ വ്യഥിതയാത്രകള്‍ അവസാനപാദത്തിലെത്തിയ കാലമാണത്. ഇടയ്ക്കു മാത്രം ടി ആര്‍ ക്ലാസിലെത്തി. എത്തിയപ്പോള്‍ ഉജ്വലനായ അധ്യാപകനായി.

അല്ലാത്തപ്പോള്‍ മുഴുവന്‍ ടി ആര്‍ അലഞ്ഞു. ചെറുകഥയും ചിത്രകലയും ഞങ്ങളില്‍ ചിലരൊക്കെ വായിച്ചിരുന്നു. പ്രതിഭയുടെ പരകോടിയില്‍ ധൂര്‍ത്തമായി സ്വയം പാറിനടന്ന ആ ജീവിതം ഞങ്ങള്‍ നോക്കിനിന്നു. പരിഷത്തിന്റെ സംസ്ഥാനനേതാക്കളിലൊരാളായ പ്രൊഫ. പി കെ രവീന്ദ്രന്‍ ശാസ്ത്രത്തിന്റെ ജനകീയമുഖം പോലെ തന്നെയാണ് ക്യാമ്പസിലുണ്ടായിരുന്നത്. ചരിത്രവിഭാഗത്തിലെ പിജി രവീന്ദ്രന്‍ ഞങ്ങള്‍ക്ക് എപ്പോഴും വലിയ തുണയായി. വിദ്യാര്‍ഥികളുടെ ഏതാവശ്യത്തിനും അദ്ദേഹം ഒപ്പം നിന്നു. പ്രൊഫ. കെ ഭാരതിയായിരുന്നു കോളേജ് പ്രിന്‍സിപ്പല്‍. പ്രശാന്തമായ സ്നേഹഭാവമായിരുന്നു ഭാരതിടീച്ചര്‍ക്ക്. അമ്മയെപ്പോലെ എന്നു പറയുന്നത് ക്ലീഷെയായി തോന്നാമെങ്കിലും ടീച്ചര്‍ കുട്ടികളോട് അമ്മയെപ്പോലെ തന്നെ പെരുമാറി. പദവിയെ അധികാരമാക്കാതെ, അതിനെ സ്നേഹമാക്കി മാറ്റാന്‍ ഭാരതിടീച്ചര്‍ക്കറിയുമായിരുന്നു. അത്യപൂര്‍വം പേര്‍ക്കേ ഇപ്പോഴും അതറിഞ്ഞുകൂടൂ.

കെ എന്‍ ഭരതന്‍

കെ എന്‍ ഭരതന്‍

വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ മുങ്ങിയതുകൊണ്ട് ഞാന്‍ അധികമൊന്നും ക്ലാസില്‍ കയറിയിരുന്നില്ല. ഒരുപക്ഷേ, അങ്ങനെ കയറാതിരുന്നതിലെ റെക്കോഡ് എനിക്കായിരിക്കും. മഹാരാജാസില്‍ അന്ന് ഹാജര്‍ നിര്‍ബന്ധമൊന്നുമല്ല. ക്ലാസിലുള്ളതിലധികം കുട്ടികള്‍ പുറത്തുണ്ടാവും. ഞാനെന്നും അവര്‍ക്കൊപ്പമായിരുന്നു. രണ്ടുവര്‍ഷം നീണ്ട പഠനകാലയളവില്‍ മൂന്നുനാലു പിരീഡുകള്‍ മാത്രമാണ് ക്ലാസിലിരുന്നത്. ഒന്നാം വര്‍ഷം ഒന്നാമത്തെ ക്ലാസ് ബോസ് മാഷിന്റേതായിരുന്നു. പിന്നീടെപ്പോഴോ രണ്ടുമൂന്നു തവണ കെ ജി എസ്സിന്റെ ക്ലാസിലും. അവിചാരിതമായി എന്നെ ക്ലാസില്‍ കണ്ട് 'അല്ലാ! ആരായിത്!' എന്ന് കളിയായി അത്ഭുതപ്പെട്ട കെ ജി എസ്സിനെയും അപ്പോള്‍ ക്ലാസ് നിറഞ്ഞുയര്‍ന്ന ചിരിയും ഇപ്പോഴും ഓര്‍മയിലുണ്ട്. ക്ലാസില്‍ ഒട്ടും കയറാതിരുന്നതിന്റെ പേരില്‍ വകുപ്പ് തലവനായ ജോര്‍ജ് ഇരുമ്പയം മാഷിന് എന്നോട് അലോസരം തോന്നിയിട്ടുണ്ട്. എങ്കിലും പരീക്ഷയായപ്പോള്‍ അദ്ദേഹം അതെഴുതാന്‍ അവസരം തന്നു. മഹാരാജാസില്‍ അധികാരം സ്നേഹശാസനങ്ങള്‍ക്കപ്പുറം പോയിരുന്നില്ല.

തെരഞ്ഞെടുപ്പുകളാണ് മഹാരാജാസിലെ ഉത്സവകാലം. മഹാരാജാസിന്റെ സര്‍വപ്രകാശങ്ങളും തെളിയുന്നതപ്പോഴാണ്. രണ്ടാഴ്ചക്കാലം ക്യാമ്പസിന്റെ മുക്കിലും മൂലയിലും പ്രചാരണത്തിന്റെ കൊടുങ്കാറ്റടിക്കും. ഓരോ ക്ലാസിലും കയറിയിറങ്ങിയുള്ള പ്രചാരണങ്ങളുമായി വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായി നീങ്ങും. പാട്ടും കവിതയും കച്ചേരിയും ചിത്രരചനയുമെല്ലാം പ്രചാരണത്തിന്റെ ഭാഗമാകും. പലതരം പ്രതിഭാവിലാസങ്ങള്‍ ഒരുമിച്ചണിനിരന്ന് ക്യാമ്പസിന്റെ സിരാപടലങ്ങളിലാകെ ഊര്‍ജം നിറയ്ക്കുന്ന കാലമാണത്. പ്രചാരണം അവസാനിക്കുന്ന ദിവസം വമ്പിച്ച പ്രകടനം നടക്കും. സമരമരത്തിന്റെ ചുവട്ടില്‍നിന്ന് തുടങ്ങുന്ന ജാഥ കോളേജ് യൂണിയന്‍ ഓഫീസിനുമുന്നിലെ ഗോവണിവഴി ഒന്നാം നിലയിലേക്ക് കയറും. ഒന്നാം നില മുഴുവന്‍ പിന്നിട്ട് ജാഥയുടെ മുന്‍നിര മടങ്ങിയെത്തുമ്പോഴും മുകളിലേക്ക് കുട്ടികള്‍ കയറിത്തീര്‍ന്നുകാണില്ല. അതിനകം കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഒരു മനുഷ്യശൃംഖല രൂപം കൊണ്ടിരിക്കും. എല്ലാ കോണുകളില്‍ നിന്നും ഉയരുന്ന മുദ്രാവാക്യങ്ങളുടെയും പാട്ടുകളുടെയും മുഴക്കങ്ങളില്‍ ക്യാമ്പസ് പ്രകമ്പിതമാകുന്ന സമയമാണിത്. എണ്ണമറ്റ യൗവനങ്ങളുടെ വിപ്ലവസ്വപ്നങ്ങള്‍ക്ക് കൈവന്ന ശബ്ദരൂപംപോലെ, നൂറുകണക്കിന് പേര്‍ ക്യാമ്പസിന്റെ നടുവില്‍ ഒരുമിച്ച് നിന്ന് ഇടിമുഴങ്ങുന്ന സ്വരത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കും. രണ്ടാഴ്ചയോളം ഇരമ്പിനിന്ന പ്രചാരണത്തിന്റെ പരിസമാപ്തി.

അസാധാരണമായ സൗഹൃദങ്ങള്‍ കൈവന്ന ഇടമായിരുന്നു മഹാരാജാസ്. ചിലതെല്ലാം ഇന്നും തുടരുന്നു. പലതും കാലപ്രവാഹത്തില്‍ പല പ്രകാരങ്ങളിലേക്ക് പിന്‍വാങ്ങി. ചിലത് പൂത്തുപടര്‍ന്നു. ചിലത് കൊഴിഞ്ഞുവീണു. ഉണ്ണിരാജന്‍ ശങ്കറും രാംമോഹന്‍ പാലിയത്തും സണ്ണി എം കപിക്കാടുമെല്ലാം സീനിയര്‍ വിദ്യാര്‍ഥികളായി ക്യാമ്പസിലുണ്ട്. അവരെല്ലാമായി അന്ന് പരിചയമായി. ഗാഢസൗഹൃദം എന്നു പറയാനാവില്ല. ഗാഢസൗഹൃദങ്ങള്‍ രൂപപ്പെട്ടത് പിന്നീടാണ്. പലതും സംഘടനാബന്ധങ്ങള്‍ വഴിയല്ല. എംഎ ഇംഗ്ലീഷില്‍നിന്നുള്ള മൂന്നു പേര്‍; മഡോണ, ശശികല, സോണിയ. ഫിസിക്സില്‍ നിന്ന് അജിത്ത്, ഇംഗ്ലീഷ് ബിരുദക്ലാസില്‍നിന്ന് രഞ്ജിത്ത്, ക്യാമ്പസിന് പുറത്ത് തേവരയില്‍ നിന്നെത്തുന്ന ബീനയും സെന്റ് ആല്‍ബര്‍ട്സില്‍നിന്നും വരുന്ന മാത്യുവും. മെയിന്‍ ഹാളിന് പുറത്തെ വരാന്തയില്‍ നിന്ന് താഴോട്ടുള്ള ചവിട്ടുപടികളില്‍ ഞങ്ങള്‍ ഒത്തുകൂടും. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും. പടിപടിയായി ആ സൗഹൃദം വളര്‍ന്നു. മിക്കവരുടെയും വീടുകളില്‍ പലതവണ പോയി. യാത്രകളില്‍ ഒത്തുകൂടി. പലരുടെയും ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നു. സ്നേഹസൗഹൃദങ്ങളുടെ പൂക്കള്‍ മാത്രം വിടരുന്ന മഹാവൃക്ഷങ്ങളായി, മഹാരാജാസിലെ തണല്‍മരങ്ങള്‍ ഞങ്ങള്‍ക്കുമീതെ കുടവിടര്‍ത്തി നിന്നു.

എംഎ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മഹാരാജാസില്‍നിന്ന് പോന്നതോടെ സജീവമായി സംഘടനാജീവിതം ഞാന്‍ അവസാനിപ്പിച്ചു. ഒരു മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായി സ്വയം സങ്കല്‍പ്പിച്ചാണ് ഞാന്‍ മഹാരാജാസിലെത്തിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആ ധാരണ മാറി. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ പോന്ന മാനസികഘടനയല്ല എന്റേത് എന്ന തോന്നലുണ്ടായത് അക്കാലത്താണ്. മഹാരാജാസിലെ തുറസ്സുകള്‍ അതിനൊരു പ്രേരണയായിട്ടുണ്ടാവണം. എംഎ പരീക്ഷ എഴുതിയതിനു പിന്നാലെ, 1991 സെപ്തംബറില്‍ യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) ലഭിച്ചിരുന്നു. അതിന്റെ ബലത്തില്‍ 1992ല്‍ മുഴുവന്‍സമയ ഗവേഷണത്തിന് ചേര്‍ന്നുവെങ്കിലും വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിലേക്ക് മടങ്ങിപ്പോയില്ല. സംഘടനാജീവിതത്തിന്റെ ഹംസഗാനവും മഹാരാജാസ് തന്നെയായി.

മഹാരാജാസ് കോളേജ് ലാബ്

മഹാരാജാസ് കോളേജ് ലാബ്

മൂന്നു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ പഴയ ആ തണലുകളുടെ സൗഖ്യം മഹാരാജാസ് നല്‍കുന്നുണ്ടോ എന്ന് സംശയം തോന്നാം. അതിതീവ്രമായ ഗൃഹാതുരത മഹാരാജാസിനെച്ചൊല്ലി ഞാന്‍ ഒരിക്കലും വച്ചുപുലര്‍ത്തിയിട്ടില്ല. മഹാരാജാസിനെക്കുറിച്ചെന്നല്ല, ഒന്നിനെക്കുറിച്ചും അത്തരം കാല്പനികതീവ്രതകള്‍ എനിക്കില്ല. കാലപ്രവാഹം പലതിനെയും കടപുഴക്കി. ഓര്‍മകളിലെ പച്ചപ്പിനും അവിടവിടെയായി നരവീഴുന്നു. ജീവിതോര്‍ജവും രാഷ്ട്രീയജാഗ്രതയും ത്രസിച്ചുനിന്ന ആ കാലത്തിന്റെ പരിധികളും പരിമിതികളും ഇന്ന് കുറെക്കൂടി തെളിഞ്ഞുകാണാനാവുന്നുണ്ട്. എല്ലാ ഉത്സാഹങ്ങള്‍ക്കിടയിലും അതൊരു ആണ്‍ലോകമായിരുന്നു എന്നിപ്പോഴറിയാം. നമ്മുടെ ആധുനികതയുടെ കൊടിയടയാളമായ മധ്യവര്‍ഗപരവും സവര്‍ണവുമായ ഭാവനാലോകം തന്നെയായിരുന്നു അവിടത്തെയും മാതൃക. അതൊന്നും മഹാരാജാസിന്റെ മാത്രം പരിമിതികളല്ല. എങ്കിലും അതവിടെയുണ്ടായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണാം. അങ്ങനെ പലതും നിറംമങ്ങിയ വിദൂരക്കാഴ്ചകളില്‍ തെളിയുന്നുണ്ട്. അതിനെല്ലാമിടയിലും ജീവിതാകാശത്തിന്റെ ആ നീലപ്പരപ്പ് മായാതെ തുടരുന്നുമുണ്ട്.

 

മെയിൻ ഹാളിനടുത്തുള്ള ഇടനാഴിയിലെ ജനൽപ്പടിയിൽ എത്രയോ വട്ടം ആ ആകാശപ്പരപ്പിലേക്ക് നോക്കി ഞങ്ങൾ ഇരുന്നിട്ടുണ്ട്,. ആകാശത്തിനു കുറുകെ പറക്കുന്ന വെള്ളിപ്പറവകൾ. ‘ആസാം പണിക്കാർ’ എഴുതിയ വൈലോപ്പിള്ളിയും ഇവിടെയിരുന്നിട്ടുണ്ടാവണം.
 

മെയിന്‍ ഹാളിനടുത്തുള്ള ഇടനാഴിയിലെ ജനല്‍പ്പടിയില്‍ എത്രയോ വട്ടം ആ ആകാശപ്പരപ്പിലേക്ക് നോക്കി ഞങ്ങള്‍ ഇരുന്നിട്ടുണ്ട്. ആകാശത്തിനു കുറുകെ പറക്കുന്ന വെള്ളിപ്പറവകള്‍. 'ആസാം പണിക്കാര്‍' എഴുതിയ വൈലോപ്പിള്ളിയും ഇവിടെയിരുന്നിട്ടുണ്ടാവണം.
''ഇവിടെ ജീവിക്കാനിവിടെയാശിക്കാ
നിവിടെ ദുഃഖിപ്പാന്‍ കഴിവതേസുഖം!'' .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top