26 April Friday
കടലാക്രമണഭീതി ഒഴിഞ്ഞു ; ഏപ്രിലിനുമുമ്പ്‌ 7.32 കിലോമീറ്റർ 
പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം

ചെല്ലാനം ചൊല്ലണ്‌ ടെട്രാപോഡ് സൂപ്പറെന്ന്‌

പ്രത്യേക ലേഖകൻUpdated: Saturday Aug 6, 2022

ചെല്ലാനത്ത്‌ ടെട്രാപോഡ്‌ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു


കൊച്ചി  
കാറ്റും കോളും കാണുമ്പോഴെ തെക്കേ ചെല്ലാനത്തുകാരുടെ ഉള്ളിൽ തീയായിരുന്നു. കലിതുള്ളിയടുക്കുന്ന കടൽ ഏത്‌ നിമിഷവും കിടപ്പാടം കൊണ്ടുപോകുമെന്ന ഭീതി. എന്നാലിപ്പോൾ മഴ കടുത്തിട്ടും ഇവർക്ക് ആശങ്കയൊഴിഞ്ഞ കാലവർഷമാണ്‌. ടെട്രാപോഡ്‌ ഉപയോഗിച്ച്‌  കടൽഭിത്തി  നിർമിച്ച പുത്തൻതോടുമുതൽ ചെല്ലാനം ഹാർബർവരെ ഒരിടത്തും തീരം കടൽ കവർന്നില്ല. ജൂണിന്റെ തുടക്കത്തിൽ കടൽ പ്രക്ഷുബ്‌ധമായപ്പോഴും ഇവിടെ സുരക്ഷിതമായിരുന്നു. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെ 344 കോടിയുടെ കടൽഭിത്തി നിർമാണമാണ്‌ പുരോഗമിക്കുന്നത്‌. അടുത്തഘട്ടത്തിൽ കണ്ണമാലി ഭാഗത്തുകൂടി സ്ഥാപിക്കുന്നതോടെ ചെല്ലാനം പൂർണമായും സുരക്ഷിതമാക്കും.

സമുദ്രനിരപ്പിൽനിന്ന്‌ 6.10 മീറ്റർ ഉയരത്തിലാണ്‌ കടൽഭിത്തി കെട്ടുന്നത്‌. ഇതിനുമുകളിൽ മൂന്നുമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്‌. രണ്ടരമീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിനുമുകളിലാണ് കോൺക്രീറ്റുകൊണ്ടുനിർമിച്ച ടെട്രാപോഡ്‌  സ്ഥാപിക്കുക. രണ്ടുമുതൽ അഞ്ചുടൺവരെ ഭാരമുണ്ടാകും ഇവയ്‌ക്ക്‌. 20,235 എണ്ണം നിർമിച്ചു. കടൽഭിത്തിക്കായി 3,50,323 മെട്രിക് ടൺ കല്ലും ഉപയോഗിച്ചു. ചെല്ലാനം ബസാറിൽ ആറ്‌ പുലിമുട്ട്‌ ശൃംഖലയും ഒരുക്കും.

2023 ഏപ്രിലിനുമുമ്പ്‌ 7.32 കിലോമീറ്റർ പൂർത്തിയാക്കും. ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ സഹകരണസ്ഥാപനമായ ഊരാളുങ്കലിനാണ്‌ ചുമതല. രണ്ടാം ഘട്ടംകൂടി കഴിയുന്നതോടെ 10 കിലോമീറ്റർ ദൂരത്ത്‌ സംരക്ഷണമൊരുങ്ങുന്നു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ഉടനെയാണ്‌ ചെല്ലാനം തീരസംരക്ഷണത്തിനുള്ള ശാസ്‌ത്രീയപദ്ധതിക്ക്‌ തുടക്കമിട്ടത്‌.  2021 ജൂണിലെ കടലാക്രമണസമയത്ത്‌ ചെല്ലാനം സന്ദർശിച്ച മന്ത്രിമാരായ പി രാജീവും സജി ചെറിയാനും റോഷി അഗസ്‌റ്റിനും പദ്ധതിക്ക്‌ രൂപംനൽകാൻ തുടർനടപടികൾ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top