27 April Saturday

ബ്രെക്സിറ്റ് നടപ്പാക്കി ബോറിസ് ജോണ്‍സന്‍...പരമ്പര അവസാന ഭാഗം.

തോമസ്‌ പുത്തിരിUpdated: Tuesday Apr 13, 2021

2016  ജൂണ്‍ 23ന്  ബ്രെക്സിറ്റ് റഫറണ്ഡം  കഴിഞ്ഞെങ്കിലും യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് സ്വീകാര്യമായ  വേര്‍പിരിയല്‍  കരാര്‍ ഉണ്ടാക്കുവാനോ ബ്രെക്സിറ്റ്   നടപ്പാക്കുവാനോ   മൂന്ന് വർഷം ഭരിച്ച തെരേസ മെയ്ക്കു കഴിഞ്ഞില്ല. പാര്‍ടി സമ്മര്‍ദ്ദത്തിന് വഴങ്ങി  തെരെസ മെയ്   രാജിവച്ചു.  തുടര്‍ന്ന് ടോറി പാര്‍ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ  2019  ജൂലൈ 24 ന്   ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

"എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും യൂറോപ്യന്‍ യൂണിയനുമായി മെച്ചപ്പെട്ട പങ്കാളിത്തം വളര്‍ത്താന്‍ കഴിയുന്ന ഒരു കരാര്‍ ഉണ്ടാക്കി  ഒക്ടോബര്‍  31ന് മുമ്പായി ബ്രെക്സിറ്റ് നടപ്പാക്കുമെന്ന്" അധികാരമേറ്റ ദിവസം തന്നെ ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. പക്ഷെ, തുടക്കത്തില്‍  ബോറിസ് ജോണ്‍സനും യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് സ്വീകാര്യമായ കരാര്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.

ഇദ്ദേഹം ഏര്‍പ്പെട്ട കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ബ്രെക്സിറ്റ് നടപ്പില്‍ വരുത്തുന്നത് നീട്ടിവെക്കണമെന്ന്  വീണ്ടും ബ്രിട്ടന്‍   ആവശ്യപ്പെട്ടു. ബ്രിട്ടന്റെ ആവശ്യം അംഗീകരിച്ച യൂറോപ്യന്‍ യൂണിയന്‍ ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്  2020 ജനുവരി 31 വരെ നീട്ടുകയും ചെയ്തു.

ബ്രെക്സിറ്റ്  നടപ്പിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍  സര്‍ക്കാര്‍ പിരിച്ചുവിട്ടു 2019 ഡിസംബര്‍ 12നു ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ്  നിയമം കൊണ്ടുവന്നു. ഈ തിരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റ് നടപ്പില്‍ വരുത്തുമെന്ന് പ്രചാരണം നടത്തിയ  ടോറി പാര്‍ടി വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുകയും  ബോറിസ് ജോണ്‍സന്‍ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

ബോറിസ് ജോണ്‍സന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ പുനാരംഭിക്കുകയും,   മറ്റൊരു ബ്രെക്സിറ്റ് കരാര്‍ നേടിയെടുക്കുന്നതില്‍ വിജയം കൈവരിക്കുകയും   ചെയ്തു.  ഈ കരാറിന് ഭരണപ്രതിപക്ഷ ഭേദമെന്യ ബ്രിട്ടനില്‍ സ്വീകാര്യത ലഭിച്ചു.  2020 ഡിസംബർ 24 നു 'ഇ യു -യു കെ കോ ഓപറേഷന്‍ എഗ്രിമെന്റ്' എന്ന പേരിലുള്ള ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍  യൂണിയനും ഒപ്പുവച്ചു.  2020 ഡിസംബർ  31നു  രാത്രി 11 മണിക്ക്   യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പൂര്‍ണമായും വേര്‍പ്പെട്ടു.  1973 മുതല്‍ തുടങ്ങിയ യൂറോപ്യന്‍ ബാന്ധവത്തിന്റെ അന്ത്യം.

ബോറിസ് ജോണ്‍സന്‍ന്റെ വാക്കുകളില്‍ പറഞ്ഞാല്‍, "ബ്രിട്ടന്‍ യൂറോപ്പില്‍ നിന്നും സ്വതന്ത്രമായി, ഇനി മുതല്‍  തങ്ങളുടെ നിയമരൂപീകരണം യൂറോപ്പിന്റെ സ്വാധീനമില്ലാതെ ബ്രിട്ടന് നടപ്പാക്കാന്‍ കഴിയും"

100  ദിനങ്ങള്‍ പിന്നിട്ട് ബ്രെക്സിറ്റ്

ബ്രെക്സിറ്റ് നടപ്പില്‍ വരുമ്പോള്‍ അത് ബ്രിട്ടനില്‍ ഒരു മഹാദുരന്തത്തിനു വഴിവക്കുമെന്നുള്ള തരത്തില്‍  ഒരു പ്രചാരണം ശക്തമായുണ്ടായിരുന്നു. എന്നാല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നു നൂറു ദിവസം പിന്നിടുമ്പോള്‍ ബ്രെക്സിറ്റ് ബ്രിട്ടീഷുകാരുടെ നിത്യജീവിതത്തില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഒന്നും തന്നെയുണ്ടാക്കിയില്ല എന്നതാണ് വാസ്തവം. ബ്രെക്സിറ്റിനെ ബ്രിട്ടീഷ് ജനത സ്വീകരിച്ചിരിക്കുന്നു. എങ്കിലും ചില പ്രശ്നങ്ങള്‍ ഇപ്പോഴും ബ്രെക്സിറ്റ് ബ്രിട്ടനെ അലട്ടുന്നുണ്ട്. അതില്‍ പ്രധാനമായത്.

1. കയറ്റുമതിയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നും  യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലേക്കുള്ള  കയറ്റുമതിയില്‍  2 ശതമാനം വർധന ഉണ്ടായപ്പോള്‍,  യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 2021  ജനുവരിയിൽ 41 ശതമാനം കുറഞ്ഞു.  യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിയും  ജനുവരിയിൽ 29% കുറഞ്ഞു. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള  ഇറക്കുമതിയില്‍ 13  ശതമാനം മാത്രമേ  ഇടിവ് ഉണ്ടായുള്ളൂ.  

കയറ്റുമതി ഇറക്കുമതി വ്യാപാരത്തിലെ ഇടിവ് പൂര്‍ണമായും ബ്രെക്സിറ്റ് കാരണമല്ല എന്നും നിരീക്ഷണമുണ്ട്. കൊറോണയും കൂടാതെ   ബ്രെക്സിറ്റിനു മുമ്പുള്ള ദിനങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു വേണ്ട ഉല്‍പ്പന്നങ്ങള്‍  കൂടുതലായി സ്റ്റോക്ക്‌ ചെയ്തതും  ഇതിന്റെ പ്രധാന  കാരണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. മത്സ്യബന്ധന മേഖലയിലും കടുത്ത പ്രതിസന്ധി ബ്രിട്ടന്‍ നേരിടുന്നുണ്ട്.

2. ബ്രിട്ടീഷ് ജനതയ്ക്ക് ബ്രെക്സിറ്റ് സ്വീകാര്യമായെങ്കിലും, യൂ കെ യുടെ ഭാഗമായ സ്കോട് ലണ്ടി‌ലും വടക്കന്‍ അയര്‍ലണ്ടിലും ബ്രെക്സിറ്റ് സ്വീകാര്യമായിട്ടില്ല.   സ്‌കോട്ട്‌ലണ്ട്‌ യു കെ യില്‍ നിന്നും വിടുതല്‍ ചെയ്തു യൂറോപ്യന്‍ യൂണിയനില്‍ ചേരുവാനുള്ള ആവശ്യം അനുദിനം ശക്തമാക്കിവരികയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഈ രണ്ടു രാജ്യങ്ങളും യു കെ യില്‍ നിന്ന് വിട്ടു പോയി യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള സാധ്യതയും കൂടി വരികയാണ്.

വടക്കൻ അയർലന്‍ഡില്‍  ബ്രെക്സിറ്റുമായി ബന്ധപ്പെട്ടു  കലാപവും അക്രമങ്ങളും  വര്‍ദ്ധിച്ചുവരികയാണ്. ബ്രെക്സിറ്റിന്റെ തുടക്കം മുതല്‍ തന്നെയുള്ള ഒരു പ്രശ്നമാണ് ഇത്. യൂറോപ്യന്‍ യൂണിയനുമായി റോഡു മാര്‍ഗം അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ അയർലൻഡ് യു കെ യുടെ ഭാഗമാണ്. എന്നാല്‍ അതിനോട്   ചേര്‍ന്ന് കിടക്കുന്ന സ്വതന്ത്ര രാജ്യമായ റിപബ്ലിക് ഓഫ്  അയർലൻഡ് യൂറോപ്യന്‍ യൂണിയന്റെ ഭാഗവും. ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സാമൂഹ്യമായും, സംസ്ക്കാരികമായും, വ്യാപാരപരമായും വളരയധികം അടുത്ത ബന്ധമാണുള്ളത്. ബ്രെക്സിറ്റ് നിലവില്‍ വന്നെങ്കിലും  അയർലൻഡ് അതിര്‍ത്തിയില്‍ ബ്രെക്സിറ്റ് ചെക്കിങ്ങും മറ്റും നടപടികളും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.  അത് നടപ്പാക്കേണ്ടി വരുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകും. അതിനുള്ള ഒരു ശ്വാശ്വത പരിഹാരം ഇതുവരെയും കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ്  വടക്കന്‍  അയർലൻടില്‍ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.
    
3. യൂറോപ്യൻ യൂണിയൻ നിയമത്തിന്റെ ഭാഗമായി ബ്രിട്ടനില്‍ നടപ്പിലാക്കിയ  തൊഴിൽ നിയമങ്ങള്‍ ബ്രെക്സിറ്റിനുശേഷം   പുനപരിശോധിക്കുവാനുള്ള ഒരു ശ്രമം ബ്രിട്ടീഷ് സര്‍ക്കാര്‍  നടത്തിയിരുന്നു. എന്നാല്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ ശക്തമായ എതിര്‍പ്പ് നേരിട്ടതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും വരും ദിനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി നടപ്പിലാക്കിയ തൊഴില്‍ സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത  ബ്രിട്ടനിലെ തൊഴിലാളി യൂണിയനുകള്‍ കാണുന്നുണ്ട്.

ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ബ്രിട്ടീഷ് ജനത പൊതുവേ ബ്രെക്സിറ്റിനെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രവുമല്ല കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ബ്രിട്ടന്‍   അഭൂതപൂര്‍വമായ നേട്ടമാണ് കൈവരിച്ചത്.

ബ്രെക്സിറ്റ് പരമ്പരയിലെ അവസാനത്തെ അദ്ധ്യായം എഴുതുന്ന ഈ ദിനത്തില്‍, 12 ഏപ്രില്‍ 2021  തിങ്കളാഴ്‌ച ലോക്ക്ഡൗൺ റോഡ്‌മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുകയാണ്.  ഹെയർഡ്രെസ്സറുകൾ, ഷോപ്പുകൾ, ജിമ്മുകൾ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. യൂറോപ്പിലാകമാനം  കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍  ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന അവസരത്തിലാണ് ബ്രിട്ടന്‍  ലോക്ക്ഡൗൺ ഭേദിച്ചു ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

കോവിഡിന്റെ തുടക്കം മുതല്‍ ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റിക്ക് ഫണ്ട് നല്‍കി പ്രതിരോധത്തിനുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതുമുതല്‍,   ഫുട്ബാള്‍ സ്റ്റെടിയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി രാജ്യത്താകമാനം മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍  ആരംഭിച്ചു കുത്തിവെപ്പ് പ്രതിരോധം ഫലപ്രദമായി നടപ്പാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍  ഏറെ മുന്നിലാണ് ബ്രിട്ടന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

18 വയസ്സിനു മുകളിലുള്ള ഏതാണ്ട്  70 % പേര്‍ക്ക് ഇതിനകം തന്നെ വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ സ്കൂളുകളില്‍  ടെസ്റ്റുകള്‍, എല്ലാവര്‍ക്കും   വീട്ടില്‍ തന്നെ  ടെസ്റ്റ്‌ ചെയ്യുവാന്‍ കഴിയുന്ന സൌജന്യ ടെസ്റ്റിംഗ്  കിറ്റുകള്‍ എല്ലാം സമയബന്ധിതമായി വിതരണം ചെയ്തു. ഇങ്ങനെ  സമാനതകളില്ലാത്ത  കോവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങളിലൂടെയാണ്  ബ്രിട്ടന്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍  കോവിഡില്‍  നിന്നുള്ള  സ്വാതന്ത്ര്യം കൈവരിക്കുന്നത്.
 
എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ കേന്ദ്രീകൃത  കോവിഡ് വാക്സിനേഷന്‍ പ്രതിരോധം ബ്രിട്ടനെ അപേക്ഷിച്ച് വളരെ പിറകിലാണ്. ഇ യു അംഗരാജ്യങ്ങള്‍ തന്നെ യൂറോപ്യന്‍ യൂണിയന്റെ ദുര്‍ബലമായ  കോവിഡ് പ്രതിരോധത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു.

കോവിഡ്  പ്രതിരോധത്തിലുള്ള  ബ്രിട്ടന്റെ നേട്ടം   ബ്രെക്സിറ്റിന്റെ  കൂടിയാണെന്നുള്ള ഒരു ധാരണയും ബ്രിട്ടീഷ് സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.   ഇക്കാരണത്താല്‍   ബ്രെക്സിറ്റ് നടപ്പിലാക്കിയ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിന്റെ റേയ്റ്റിംഗ്   അടുത്ത കാലത്തായി വളരെയധികം മെച്ചപ്പെട്ടു.    

ബ്രെക്സിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള  സംവാദങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍  ആത്യന്തികമായി ബ്രെക്സിറ്റ് ബ്രിട്ടന് ഗുണമോ ദോഷമോ എന്നുള്ള ചോദ്യം വളരെ പ്രസക്തമാണ്.  കാലം തെളിയിക്കേണ്ട ഈ ചരിത്രസംഭവത്തിനു  ഒറ്റവാക്കിലുള്ള  ഒരു  യെസ് ഓര്‍ നോ മറുപടി സാധ്യമല്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയുവാന്‍ കഴിയും.  തങ്ങളുടെ രാജ്യത്തിന്  അനുകൂലമായ രീതിയില്‍  സമ്പദ്‌വ്യവസ്ഥയെയും വികസന പ്രവര്‍ത്തനങ്ങളെയും മാറ്റിമറിക്കുന്ന സാമ്പത്തീക വികസന ക്ഷേമനയങ്ങള്‍ രൂപീകരിക്കുവാനുള്ള  പൂര്‍ണസ്വാതന്ത്ര്യം ബ്രിട്ടന്‍  ബ്രെക്സിറ്റിലൂടെ നേടിയിരിക്കുന്നു.         

ഈ സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള ഭരണപരിഷ്ക്കാരങ്ങള്‍  നടപ്പിലാക്കുമ്പോള്‍  അധികാരത്തില്‍ ഇരിക്കുന്നവര്‍ ആരുടെ വര്‍ഗതാല്പര്യം ആണ്  സംരക്ഷിക്കുക  എന്നതിനെ ആശ്രയിച്ചായിരിക്കും ബ്രെക്സിറ്റ്  വരുംദിനങ്ങളില്‍ വിലയിരുത്തപ്പെടുക. ദേശീയതയും കുടിയേറ്റ  വിരുദ്ധതയും അടിസ്ഥാനമാക്കിയുള്ള  ബ്രെക്സിറ്റ്  പ്രചാരണത്തിലൂടെ   കഴിഞ്ഞ ഒരു പതീറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന ടോറി പാര്‍ടി ഇതുവരെയും തുടര്‍ന്നുവന്നത് തൊഴിലാളി വിരുദ്ധ ഭരണ പരിഷ്ക്കാരങ്ങളാണ്.  ബ്രെക്സിറ്റിലൂടെ ലഭിച്ച പരമാധികാരം അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ക്ഷേമത്തിനുവേണ്ടി എത്രത്തോളം വിനിയോഗിക്കപ്പെടും  എന്നതാണ് ബ്രെക്സിറ്റ് ഉയര്‍ത്തുന്ന കാതലായ ചോദ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top