26 April Friday

കൗതുകങ്ങൾ അവസാനിക്കുന്നില്ല

നവനീത്കൃഷ്ണൻ എസ്Updated: Sunday May 15, 2022


1990കളുടെ തുടക്കം. രണ്ട് ശാസ്ത്രജ്ഞരും അവരുടെ ടീമും തങ്ങളുടെ ശ്രദ്ധ മുഴുവൻ ആകാശഗംഗയുടെ കേന്ദ്രത്തിലേക്ക് തിരിച്ചിരിക്കുകയാണ്. അവിടെ അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ട്. ആകാശഗംഗയുടെ കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള തിളക്കമാർന്ന നക്ഷത്രങ്ങളെ കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുകയാണ്‌ അവർ. ഗാലക്സിയുടെ കേന്ദ്രത്തിനു ചുറ്റും ഈ നക്ഷത്രങ്ങൾ ചുറ്റിക്കറങ്ങുന്നുണ്ട്. പരമാവധി കൃത്യതയോടെ ആ നക്ഷത്രങ്ങളുടെ ചലനവും ഓർബിറ്റും അവർ നിർണയിച്ചു. ഒരുകാര്യം അവർക്ക്‌  ബോധ്യപ്പെട്ടു. ആകാശഗംഗയുടെ കേന്ദ്രത്തിൽ ഒന്നും കാണാനില്ല. പക്ഷേ, വളരെ ഉയർന്ന മാസുള്ള എന്തോ അവിടെയുണ്ട്. അതിനു ചുറ്റുമാണ് ഈ നക്ഷത്രങ്ങൾ ചുറ്റിക്കറങ്ങുന്നത്. ആ നക്ഷത്രങ്ങളേക്കാൾ എത്രയോ അധികം ഉയർന്ന മാസുള്ള ഒന്നാകണം കേന്ദ്രത്തിലുള്ള ആ അജ്ഞാതവസ്തുവിന്. കൂടുതൽ  പഠനത്തിലൂടെ ഒരുകാര്യം ബോധ്യമായി. 40 ലക്ഷം സൂര്യന്റെ മാസുള്ള ഒരു വസ്തുവാണ് അവിടെയുള്ളത്. എന്നാൽ, അതിന്റെ വലുപ്പം നമ്മുടെ സൗരയൂഥത്തേക്കാൾ ചെറുതും.

ഗ്രാവിറ്റേഷണൽ തിയറികൾ പ്രകാരം ആ വസ്തു ഒരു ബ്ലാക്ക്ഹോൾ ആകാനേ സാധ്യതയുള്ളൂ. അതും ഒരു സൂപ്പർ മാസീവ് ബ്ലാക്ക്ഹോൾ.

ആന്ദ്രിയ ഗെസ്, റൈന ഗെൻസൽ–- ഇവരായിരുന്നു ആ ശാസ്ത്രജ്ഞർ. രണ്ടുപേരും വ്യത്യസ്ത ടീമുകൾക്കൊപ്പം വെവ്വേറെയാണ് പ്രവർത്തിച്ചിരുന്നത്. പക്ഷേ, ഇരുവരും കണ്ടെത്തിയത് ഒരേയൊരു കാര്യം. ആകാശഗംഗയുടെ കേന്ദ്രത്തിൽ ഒരു സൂപ്പർ മാസീവ് ബ്ലാക്ക്ഹോളുണ്ട്.

വീണ്ടും ശ്രദ്ധാകേന്ദ്രം
ആന്ദ്രിയ ഗെസും റൈന ഗെൻസലും  കണ്ടെത്തിയ ആ ബ്ലാക്ക്ഹോളാണ്‌  സജിറ്റേറിയസ് എ. ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള ഇത്‌  കഴിഞ്ഞദിവസം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ശാസ്‌ത്രലോകം ഏറെ പണിപ്പെട്ട്‌  ഇതിന്റെ ഫോട്ടോ പകർത്തിയിരിക്കുന്നു. ലോകം കൗതുകപൂർവം ഇത്‌ ചർച്ച ചെയ്യുകയാണിപ്പോൾ.

ഭൂമിയിൽനിന്ന് ആകാശഗംഗയുടെ കേന്ദ്രത്തിൽ എത്തണമെങ്കിൽ പ്രകാശത്തിനുപോലും 27,000 വർഷം സഞ്ചരിക്കേണ്ടിവരും. അത്രയ്ക്കും അകലെയാണ് നമ്മുടെ ഈ ഗാലക്സി കേന്ദ്രം. അവിടെയാണ് സജിറ്റേറിയസ് എ*. ഇത്രയും അകലെയുള്ള, തിളക്കമുള്ള നക്ഷത്രങ്ങളെപ്പോലും അതീവശക്തിയേറിയ ടെലിസ്കോപ്പുകളിലൂടെയേ നിരീക്ഷിക്കാൻ കഴിയൂ. ബ്ലാക്ക്ഹോളുകളെ എന്തായാലും കാണാൻ കഴിയില്ല. അവയുടെ ചുറ്റും പക്ഷേ ‘അക്രേഷൻ ഡിസ്ക്’(Accretion disk) എന്നൊരു ഭാഗമുണ്ട്. ദ്രവ്യവും മറ്റും അതിവേഗത്തിൽ ബ്ലാക്ക്ഹോളിനു ചുറ്റും ചുറ്റിക്കറങ്ങുന്ന ഭാഗമാണ്‌ ഇത്. പല തരത്തിലുള്ള പ്രകാശം ഇവിടെനിന്ന് പുറത്തേക്കു വരുന്നുണ്ട്. വളരെ ഉയർന്ന വലുപ്പമുള്ള ടെലിസ്കോപ്പ് ഉണ്ടെങ്കിൽ റേഡിയോ തംരംഗങ്ങളുടെ രൂപത്തിലുള്ള ഈ പ്രകാശത്തെ നിരീക്ഷിക്കാനാകും. ഫോട്ടോ എടുക്കാം.

2017ൽ ഇവന്റ് ഹൊറൈസൺ (Event Horizon Telescope) എന്ന ടെലിസ്കോപ് സമുച്ചയം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള കുറെ ശാസ്ത്രജ്ഞർ സജിറ്റേറിയസ് എ* എന്ന ബ്ലാക്ക്ഹോളിനെ നിരീക്ഷിച്ചിരുന്നു. അന്നു നടത്തിയ നിരീക്ഷണത്തിൽനിന്നു ലഭിച്ച ഡാറ്റയെ വിശകലനം ചെയ്‌താണ്‌ ബ്ലാക്ക്ഹോളിന്റെ ചിത്രം തയ്യാറാക്കിയത്.

ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള ബ്ലാക്ക്ഹോളിനെ മാത്രമായിരുന്നില്ല അന്ന് നിരീക്ഷിച്ചത്. ആകാശഗംഗയ്ക്കു പുറത്തുള്ള മറ്റൊരു ഗാലക്‌സിയായ എം 87 (M87)ന്റെ കേന്ദ്രത്തിലുള്ള സൂപ്പർ മാസീവ് ബ്ലാക്ക്ഹോളിന്റെ നേർക്കും അന്ന് ടെലിസ്കോപ്പുകൾ തിരിച്ചുവച്ചിരുന്നു. കന്നിരാശിയിൽ കാണുന്ന ഈ ബ്ലാക്ക്ഹോളിന്റെ വലുപ്പവും മാസും ആകാശഗംഗയുടെ കേന്ദ്രത്തിലെ ബ്ലാക്ക്ഹോളിനേക്കാൾ ഏറെയേറെ കൂടുതലായിരുന്നു. അതിനാൽ ഡാറ്റാ പ്രോ സസിങ് കുറേക്കൂടി എളുപ്പമാണ്. അങ്ങനെ 2019ൽ ആദ്യമായി ലോകം കണ്ട ബ്ലാക്ക്ഹോൾ ഫോട്ടോ എം 87 ലേതായി.

എവിടെയാണ് ബ്ലാക്ക്‌ഹോൾ
സത്യത്തിൽ ബ്ലാക്ക്‌ഹോളിനെ കാണാൻ പറ്റില്ല. പക്ഷേ, അതിനു ചുറ്റുമുള്ള ഒരു പ്രത്യേക മേഖലയുടെ ചിത്രം പകർത്താൻ കഴിയും. അതിന്റെ ചിത്രമാണ് ഓറഞ്ചുനിറത്തിൽ കാണുന്നത്. അതിനുള്ളിൽ കറുപ്പിൽ കാണുന്ന ഭാഗമില്ല. അവിടെയാണ് ബ്ലാക്ക്ഹോൾ ഉള്ളത്.

ബ്ലാക്ക്‌ഹോളിന്റെ അടുത്തെത്തിയാൽ പ്രകാശത്തിനുപോലും തിരിച്ചുവരാൻ പറ്റില്ല .ബ്ലാക്ക്‌ഹോളിൽനിന്ന് നിശ്ചിത ദൂരം പുറത്തുനിന്നാൽ വലിയ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ, ആ ദൂരത്തിന്റെ അകത്തുകടന്നാലോ; രക്ഷയില്ല. അകത്തുകടന്ന വസ്തുവിനോ പ്രകാശത്തിനോ എന്തു പറ്റിയെന്ന് അറിയാനും കഴിയില്ല. സംഭവചക്രവാളം (Event horizon) എന്നാണ് ഈ മേഖലയ്ക്ക് പേര്.
ചുരുക്കത്തിൽ ഈ മേഖലയ്‌ക്ക്‌ പുറത്തുള്ള ഏതു പ്രവർത്തനത്തെയും നമുക്ക് നിരീക്ഷിക്കാനാകും.  അതിനുള്ളിലുള്ള ഒന്നിനെയും നിരീക്ഷിക്കാനാകില്ല. അവിടെനിന്ന് ഒരു തരംഗവും പുറത്തുവരുന്നില്ല എന്നതാണ്‌ കാര്യം.

ഇവന്റ്‌ ഹൊറൈസണിന്‌  അകലത്തായി അക്രേഷൻ ഡിസ്‌ക് (Accretion disc) മേഖലയുണ്ട്‌.  ഈ ഭാഗത്തുകൂടി കടന്നുപോകുന്ന വസ്തുക്കളിൽ വേഗത കുറവുള്ളവ ബ്ലാക്ക്‌ഹോളിലേക്ക് വീഴും. ചുറ്റും കറങ്ങിക്കറങ്ങി പതിയെയാണ് അകത്തെത്തുക. വളരെ ഉയർന്ന വേഗതയിലാണ് ഈ കറക്കം. പലപ്പോഴും പ്രകാശവേഗതയോട് അടുത്തുവരും. അതോടെ ഗുരുത്വാകർഷണവും ഘർഷണവും ചേർന്ന് ഈ മേഖലയിൽ വരുന്ന പദാർഥങ്ങളുടെ താപനില വളരെ ഉയരും. ഗാമാ രശ്മികളും എക്‌സ്-റേ രശ്മികളുമടക്കം പലതരത്തിലുള്ള പ്രകാശം അതിൽനിന്നും പുറത്തുവരും. പ്രകാശമാനമായ ഈ മേഖലയെ ആണ് നമുക്ക് നിരീക്ഷിക്കാനാകുക. ഇവന്റ് ഹൊറൈസൻ ടെലിസ്‌കോപ് ഈ മേഖലയുടെ ഫോട്ടോയാണ്‌ എടുത്തത്‌.

എന്താണ് ബ്ലാക്ക്ഹോൾ
പ്രകാശത്തിനുപോലും രക്ഷപ്പെടാനാകാത്ത, ആകെപ്പാടെ ദുരൂഹമായ ഒരിടം.  ഈ ധാരണയിൽ തെറ്റൊന്നുമില്ല. പക്ഷേ, മറ്റു ചില തെറ്റിദ്ധാരണയും ഇതോടൊപ്പമുണ്ട്. എന്തിനെയും വിഴുങ്ങുന്ന, അതിഭീമാകാരമായ വലുപ്പമുള്ള ഒന്നാണ് ഇത്‌. ഇതുപക്ഷേ പൂർണമായും സത്യമല്ല. ഒരു നിശ്ചിതസാന്ദ്രതയിൽ കൂടുതലുള്ള ഏതൊരു വസ്തുവിനെയും നമുക്ക് ബ്ലാക്ക്ഹോൾ എന്നു വിളിക്കാം. വലുപ്പമല്ല, സാന്ദ്രതയാണ് ബ്ലാക്ക്ഹോളാണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്. ഭൂമിയെ ഒരു നെല്ലിക്കയോളം ഞെക്കിച്ചുരുക്കിയാൽ അതും ഒരു ബ്ലാക്ക്ഹോളായി മാറും. ആ നെല്ലിക്കാ വലുപ്പത്തിന് ഉള്ളിലെത്തുന്നത് പ്രകാശമായാൽപ്പോലും അതു രക്ഷപ്പെടില്ല.


 

ഫോട്ടോ എടുത്തത് എങ്ങനെ
സൂപ്പർമാസീവ് ബ്ലാക്ക്ഹോളിന്റെ അക്രേഷൻ ഡിസ്കിന് ലക്ഷക്കണക്കിന്‌ കിലോമീറ്റർ വലുപ്പമുണ്ടാകും. ഡിസ്കിന്റെ ഒരു അറ്റത്തുനിന്ന് പ്രകാശത്തിന് മറ്റേ അറ്റത്ത് എത്തണമെങ്കിൽ ഏറെ സമയം വേണ്ടിവരും.  പക്ഷേ, ഭൂമിയിൽനിന്നുള്ള അകലംമൂലം ഈ വലുപ്പം  നമുക്ക് ഏറെ ചെറുതായേ തോന്നൂ. ഭൂമിയോളം വലിയ ടെലിസ്കോപ് ഉണ്ടെങ്കിലേ ഇതിന്റെയൊക്കെ ഫോട്ടോ എടുക്കാനാകൂ. അതുപക്ഷേ പ്രായോഗികമല്ല. അവിടെയാണ് ശാസ്ത്രജ്ഞർ പുതിയൊരു വിദ്യ പരീക്ഷിച്ചത്. ഭൂമിയിൽ വിവിധയിടത്ത്‌ റേഡിയോ ടെലിസ്കോപ്പുകളുണ്ട്. ഇവയെ പരസ്പരം യോജിപ്പിച്ചാൽ ഭൂമിയോളം വലിയ ടെലിസ്കോപ്പിനു സമാനമാകും. ആ പദ്ധതിയാണ്‌ ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്. കുറെയധികം റേഡിയോ ടെലിസ്കോപ്പുകൾ ഈ നെറ്റുവർക്കിന്റെ ഭാഗക്കി. 2017ൽ ഭൂമിയുടെ പല ഭാഗത്തായുള്ള ടെലിസ്കോപ്പുകളെല്ലാംകൂടി രണ്ട്‌ ബ്ലാക്ക്ഹോളുകളെ നിരീക്ഷിച്ചു. എം 87ലെയും ആകാശഗംഗയിലെയും ബ്ലാക്ക്ഹോളുകളെ. ഈ ഡാറ്റ മുഴുവൻ പിന്നീട് കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ ഒരുമിച്ചുകൂട്ടി. ഡാറ്റയെ ഉയർന്നശേഷിയുള്ള കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഏറെ നളെടുത്താണ്‌ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച  ചിത്രമാക്കി മാറ്റിയത്.--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top