27 April Saturday

യുദ്ധതന്ത്രജ്ഞൻ ; സൈന്യത്തെ 
പരിഷ്‌കരിച്ച 
ദീർഘദർശി

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021

ന്യൂഡൽഹി> പ്രതിരോധമേഖലയിൽ നാല്‌ പതിറ്റാണ്ടിന്റെ വിശിഷ്ടസേവനം ബാക്കിയാക്കിയാണ് ജനറൽ ബിപിൻറാവത്ത്‌ വിട പറഞ്ഞത്‌. അതിർത്തികടന്നുള്ള മിന്നലാക്രമണം ആസൂത്രണം ചെയ്യുന്നതിൽ യുദ്ധ വിദഗ്‌ധനായ ഒരു പോരാളിയായിരുന്നു. ദുഷ്‌കരമായ സാഹചര്യത്തിൽ സൈന്യത്തെ നയിക്കുന്നതിൽ പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ കലാപനീക്കം നേരിടാൻ മുന്നിൽനിന്നു. നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പരംവിശിഷ്ട്‌ സേവാമെഡൽ, അതിവിശിഷ്ട്‌ സേവാമെഡൽ, യുദ്ധ്‌സേവാമെഡൽ, സേനാമെഡൽ, വിശിഷ്ടസേവാമെഡൽ തുടങ്ങിയ ബഹുമതികൾ ചിലത്‌ മാത്രം. ഡിഫെൻസ്‌ അക്കാദമി  ‘സ്വോർഡ്‌ ഓഫ്‌ ഓണർ’ നൽകി ആദരിച്ചു. ഉയർന്നപ്രദേശങ്ങളിലെ സൈനികനീക്കങ്ങളിലെ ജ്ഞാനവും സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ യുദ്ധതന്ത്രജ്ഞതയും കൈമുതലായി ഉണ്ടായിരുന്ന ബിപിൻറാവത്തിന്റെ റാങ്കുകൾ അതിവേഗം ഉയർന്നു. ജമ്മുകശ്‌മീർ ഉറിയിലെ 19 ഇൻഫൻട്രി ഡിവിഷൻ, 11 ഗൂർഖാറൈഫിൾസ്‌ അഞ്ചാം ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ്‌ അഞ്ചാംസെക്ടർ തുടങ്ങിയവയ്‌ക്ക്‌ സേനാനേതൃത്വം നൽകി. മൾട്ടിനാഷണൽ ബ്രിഗേഡിന്റെ ഭാഗമായി കോംഗോയിൽ സേവനമനുഷ്‌ഠിച്ചു.

2016ൽ സതേൺ കമാൻഡ്‌ ജനറൽഓഫീസർ കമാൻഡിങ്‌ ഇൻ ചീഫായി. മാസങ്ങൾക്കുള്ളിൽ സെപ്‌തംബറിൽ അദ്ദേഹം കരസേനയുടെ വൈസ്‌ചീഫായി. 2016 ഡിസംബർ 31ന്‌ കരസേനാമേധാവിയായി ചുമതലയേറ്റു. ഗൂർഖാബ്രിഗേഡിൽ നിന്നും കരേസേനാമേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായിരുന്നു ബിപിൻറാവത്ത്‌. ജനറൽ സാംമനേഷ്‌ഷാ, ദൽബീർസിങ്ങ്‌ സുഹാഗ്‌ എന്നിവരായിരുന്നു ഈ കാര്യത്തിലെ മുൻഗാമികൾ. 2019 ഡിസംബറിൽ രാജ്യത്തിന്റെ ആദ്യ ചീഫ്‌ ഓഫ്‌ ഡിഫെൻസ്‌ സ്‌റ്റാഫായി (സിഡിഎസ്‌) നിയമിതനായതോടെ ജനറൽ ബിപിൻറാവത്ത്‌ ചരിത്രത്തിൽ ഇടം ഉറപ്പിച്ചു.

മടക്കവും സൈനികനായി
ബിരുദം പൂർത്തിയാക്കിയ വെല്ലിങ്‌ടൺ ഡിഫൻസ്‌ സർവീസ്‌ സ്റ്റാഫ്‌ കോളേജിൽ പ്രഭാഷണത്തിനായി പോകുംവഴിയാണ്‌ ജനറൽ ബിപിൻറാവത്ത്‌ ഹെലികോപ്‌റ്റർ തകർന്ന്‌ കൊല്ലപ്പെട്ടത്‌. 1958ൽ ഉത്തരാഖണ്ഡിലെ പൗരിയിൽ സൈനിക കുടുംബത്തിൽ ജനിച്ച റാവത്ത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി എന്ന പദവിയിലെത്തി. അച്ഛൻ ലക്ഷ്‌മൺ സിങ്‌ റാവത്ത്‌ ലെഫ്‌റ്റനന്റ്‌ ജനറലായിരുന്നു. ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്കൂൾ, ഷിംല സെന്റ്‌ എഡ്വേർഡ്‌ സ്കൂൾ, ഖടക്‌വസ്‌ല നാഷണൽ ഡിഫൻസ്‌ അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. വെല്ലിങ്‌ടൺ ഡിഫൻസ്‌ സർവീസ്‌ സ്റ്റാഫ്‌ കോളേജിൽനിന്ന്‌ ബിരുദം. കൻസാസ്‌ ഫോർട്ട്‌ ലീവൻവർത്തിലെ അമേരിക്കൻ സൈനിക കോളേജിൽ ഉപരിപഠനം നടത്തി. 1978ൽ കരസേനയുടെ ഭാഗമായി. 14–-ാം ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലായിരുന്നു നിയമനം. അദ്ദേഹത്തിന്റെ അച്ഛന്റെ മാതൃ യൂണിറ്റും ഇതുതന്നെയായിരുന്നു.

മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ പ്രതിരോധപഠനത്തിൽ എംഫിൽ. മാനേജ്‌മെന്റ്‌, കമ്പ്യൂട്ടർ സ്റ്റഡീസ്‌ എന്നിവയിൽ ഡിപ്ലോമ. മീററ്റ്‌ ചൗധരി ചരൺ സിങ്‌ സർവകലാശാലയിൽനിന്ന്‌ മിലിട്ടറി–-മീഡിയ സ്‌ട്രാറ്റജിക്‌ സ്റ്റഡീസിൽ പിഎച്ച്‌ഡിയും നേടി. ദേശസുരക്ഷ സംബന്ധിച്ച്‌ നിരവധി ലേഖനമെഴുതി. ഭാര്യ ഡോ. മധുലികയും അപകടത്തിൽ മരിച്ചു. രണ്ട്‌ മക്കൾ: കൃതിക, തരിണി.

സൈന്യത്തെ 
പരിഷ്‌കരിച്ച 
ദീർഘദർശി: 
കരസേന
ഇന്ത്യൻ മിലിട്ടറിയുടെ ഉന്നത പ്രതിരോധ സംഘടനകളിൽ ദൂരവ്യാപക പരിഷ്‌കാരങ്ങൾക്ക്‌ തുടക്കമിട്ട ദീർഘദർശിയായിരുന്നു പ്രഥമ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തെന്ന്‌ കരസേന അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ സംയുക്ത തിയറ്റർ കമാൻഡിന്‌ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചു. ആയുധങ്ങളടക്കമുള്ളവ തദ്ദേശീയമായി നിർമിക്കുന്നതിന്‌ പ്രാമുഖ്യം നൽകി.  ആർമി വൈവ്‌സ്‌ വെൽഫെയർ അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ മധുലിക റാവത്ത്‌ കാരുണ്യംനിറഞ്ഞ വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു. അവരുടെ വേർപാടും നഷ്ടമാണ്‌. ഒപ്പമുണ്ടായിരുന്ന മറ്റ്‌ 11 പേരുടെ വേർപാടും എല്ലാവർക്കും തീരാനഷ്ടമാണ്‌– കരസേന അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top