08 May Wednesday

AUDIO:- പാഴായ ഋഗ്വേദപഠനവും മഹാഭാരതവും: വായനയെപ്പറ്റി ഇഎംഎസിന്റെ 1995 ലെ ഇംഗ്ലീഷ്‌ പ്രഭാഷണം കേൾക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
"ഋഗ്വേദത്തേക്കാൾ എന്റെ വ്യക്തിത്വം കരുപ്പിടിപ്പിക്കുന്നതിൽ സ്വാധീനിച്ചിട്ടുള്ളത് മഹാഭാരതമാണ്‌. ബാല്യകാലത്ത്‌  അനുഷ്ഠാനം പോലെ ഉരുവിട്ട് കാണാപാഠം പഠിച്ചതാണ് ഋഗ്വേദത്തിലെ ശ്ലോകങ്ങൾ. അതിലൊന്നുപോലും ഇപ്പോൾ ഓർമയിലില്ല"_ 1995 നവംബർ 25ന്‌ കേന്ദ്രസാഹിത്യ അക്കാദമി ദില്ലിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിച്ച ഇ എം എസ് പറഞ്ഞു.

ഈ പ്രഭാഷണത്തിന്റെ ശബ്ദരേഖ ഇവിടെ കേൾക്കാം.

സ്വന്തം വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കുന്നതിൽ സ്വാധീനിച്ചിട്ടുള്ളതും ആകർഷിച്ചിട്ടുള്ളതുമായ പുസ്തകങ്ങളെ സംബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിലെ പതിമൂന്നാമത്തേതായിരുന്നു ഈ പ്രഭാഷണം.
തന്റെ വ്യക്തിത്വം കരുപ്പിടിപ്പിച്ചിട്ടുള്ളത് ഏതു പുസ്തകമാണെന്ന് സൂക്ഷ്‌മമായി ചൂണ്ടിക്കാട്ടാൻ ആവില്ലെന്ന്‌ ആമുഖമായി പറഞ്ഞാണ്‌ ഇ എം എസ് പ്രഭാഷണം തുടങ്ങിയത്‌. പ്രഭാഷണശേഷം ചോദ്യങ്ങൾക്ക്‌ ഇഎംഎസ്‌ നൽകിയ മറുപടിയും കവി കെ സച്ചിദാനന്ദന്റെ നന്ദിപ്രസംഗവും ശബ്ദരേഖയിലുണ്ട്‌. സാഹിത്യഅക്കാദമിയുടെ ശേഖരത്തിൽ നിന്നാണ്‌ ശബ്ദരേഖ.

പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ഇവിടെ വായിക്കാം:

ധാരാളം പുസ്തകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. അവയേതൊക്കെയാണെന്ന് എണ്ണിയെണ്ണി പറയാനാവില്ല. ബാല്യകാലത്ത് ഒമ്പതു വയസിന് മുമ്പാണ്  ഋഗ്വേദവും മഹാഭാരതവും ഹൃദിസ്ഥമാക്കിയത്.  ഋഗ്വേദം കാണാപാഠം പഠിക്കാൻ ആറുവർഷം എടുത്തിരിക്കും എന്നാൽ ഇത്രയും വർഷം ജീവിതത്തിൽ പാഴായിപ്പോയെന്നാണ് താൻ കണക്കാക്കുന്നത്, ഇത്രയും ചെറിയ കുട്ടിയായിരിക്കെ കാണാപാഠം പഠിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ല. മനസ്സിൽ ഒന്നും തങ്ങിനിൽക്കുന്നില്ല.  ഋഗ്വേദത്തിന്റെ. മലയാളം പരിഭാഷ  ഇന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് പ്രകാശനം ചെയ്യുകയുണ്ടായി. അന്ന് അതിന്റെ കോപ്പി ഏറ്റുവാങ്ങാൻ തന്നെയാണ് ക്ഷണിച്ചിരുന്നത്. അതിൽ പങ്കെടുക്കാൻ താനാദ്യം വിസമ്മതിച്ചു. പക്ഷേ, നിർബ്ബന്ധത്തിനു വഴങ്ങി അതിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ബാല്യകാലത്തെ അനുഭവം ഓർമ്മിപ്പിച്ചു. ഇന്നത്തെ കുട്ടികൾക്ക് ഈ ദുരനുഭവം ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

മഹാഭാരതം ഒമ്പതു പത്തു വയസ്സുള്ളപ്പോൾ വൃത്താനുവൃത്തം വായിച്ചു.  ഋഗ്വേദവുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാഭാരതം തന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം. പിന്നിടാണ്‌  തുഞ്ചത്തെഴുതത്തച്ഛന്റെ രാമായണവും മഹാഭാരതം മലയാള പരിഭാഷയും മറ്റും മറ്റും വായിക്കാനിട യായത്, ആധുനിക കവിതയും നാടകങ്ങളും മറ്റും പതിനാറാം വയസ്സിൽ സകൂളിൽ ചേർന്നതിനു ശേഷമാണ്‌ വായിക്കാനാരംഭിച്ചത്. സ്വകാര്യട്യൂഷൻ നേരത്തെ ലഭിച്ചിരുന്നതുകൊണ്ട് ഏഴാം ക്ലാസിലാണ് ആദ്യമായി സ്കൂളിൽ ചേർന്നത്, സ്കൂളിൽ ചേർന്ന ശേഷമേ മലയാളത്തിൽ എഴുതാൻ പഠിച്ചുള്ളൂ. സ്കൂൾ പുസ്തകങ്ങൾ മാത്രമല്ല ഇതര പുസ്തകങ്ങളിലും താൽപര്യമുണ്ടായി. ഹിന്ദു പത്രവും മാതൃഭൂമി വാരികയും തുടർച്ചയായി വായിച്ചിരുന്നു. ഈ പത്രവായനയിൽ കൂടിയാണ് രാഷ്‌ട്രീയവുമായി ബന്ധമുണ്ടായത്. എല്ലാ ആഴ്ചയും ഒന്നോ രണ്ടോ പൂസ്തകം വായിക്കുക കോളേജ്‌ ജീവിതത്തിൽ സാധാരണമാക്കിയിരുന്നു. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ ലഭിച്ചത് കത്തോലിക്കാ സഭയുടെ കീഴിലുള്ള കോളേജിൽ നിന്നായിരുന്നുവെന്നത് ഓർക്കാൻ കൗതുകമുള്ള
കാര്യമാണ്.
 
ഞാൻ ആദ്യം ഗാന്ധിയനും പിന്നീട് നെഹ്‌റുവിന്റെ  അനുയായിയുമായി, അതും വിട്ട്‌ കമ്യൂണിസ്റ്റായി. 1931 ൽ ഞാൻ എഴുതിയ ചെറിയ പുസ്തകംനെഹ്‌റുവിന്റെ ജീവിതകഥയായിരുന്നു. യഥാർഥത്തിൽ ജയിലിലെ ജീവിതമായിരുന്നു എന്റെ സർവകലാശാല. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ബംഗാൾ തീവ്രവാദിയായ തടവുപുള്ളിയെ കണ്ടുമുട്ടാനിടയായി.  അദ്ദേഹം വലിയ പണ്ഡിതനായിരുന്നു. ചരിത്രവും രാഷ്‌ട്രീയവും പഠിക്കാൻ സഹായകമായ പുസ്തകങ്ങൾ അദ്ദേഹം എനി ക്ക് നിർദേശിച്ചു. ഞാനതെല്ലാം  ജയിലിൽ കിടന്നു വായിച്ചു.  ഋഗ്വേദത്തിൽ നിന്ന് മാർക്സിസത്തിലേക്ക് ഞാൻ നടന്നുനീങ്ങി എന്നു ചിലർ വിശേഷിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്‐ ഇ എം എസ് തുടർന്നു.

പ്രഭാഷണത്തിനുശേഷം പലരും ചോദ്യങ്ങൾ ഉന്നയിച്ചു.  അവയ്‌ക്ക്‌ ഇഎംഎസ്‌ നൽകിയ മറുപടി താഴെ:

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ കുറിച്ച്‌ പുസ്‌തകം എഴുതിയതിന്റെ പശ്‌ചാത്തലമെന്താണ്‌?

ഞാനിത്‌ ‘ദേശാഭിമാനി’ പത്രത്തിൽ തുടർലേഖനമായി എഴുതിയതാണ്‌. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ ദേശാഭിമാനി കടുത്ത സെൻസർഷിപ്പിന്‌ ഇരയായിരുന്നു. വാർത്തകളൊന്നും ശരിയായ രീതിയിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പേജ്‌ നിറയ്‌ക്കുകതന്നെ ദുഷ്‌ക്കരമായിരുന്നു. അതിനാൽ ആനുകാലിക സംഭവങ്ങളെ കുറിച്ചല്ലാതെ പഴയ കാലത്തെകുറിച്ച്‌ എഴുതുന്നത്‌ നന്നായിരിക്കുമെന്ന്‌ ചിലർ ഉപദേശിച്ചു. അതനുസരിച്ചാണ്‌ ആഴ്‌ചയിൽ രണ്ടു ലേഖനംവീതം എഴുതിയത്‌. പട്ടാഭി സീതാരാമയ്യരുടെ കോൺഗ്രസ്‌ ചരിത്രവും മറ്റും ഞാൻ നേരത്തെ വായിച്ചിട്ടുണ്ട്‌. എന്തായാലും ഈ ലേഖനപരമ്പര അവസാനിച്ചതോടെ അടിയന്തിരാവസ്‌ഥ പിൻലിക്കപ്പെട്ടു. പിന്നീടത്‌ മലയാളത്തിലും ഇംഗ്ലീഷിലും പുസ്‌തകമാക്കി.

ഏതെല്ലാമാണ്‌ പ്രധാനപ്പെട്ട പുസ്‌തകങ്ങളായി കരുതുന്നത്‌?  

ഞാനെഴുതിയ പുസ്‌തകങ്ങളെല്ലാം എന്റെ ഓർമ്മയിലില്ല. പലതും മറന്നുപോയി. ചിലപ്പോൾ ഇതിൽ ഏതിന്റെയെങ്കിലും ഒരു കോപ്പി കിട്ടണമെങ്കിൽ മറ്റാരെയെങ്കിലും സമീപിക്കണം. 1964– 65 ൽ നെഹ്‌റുവിന്റെ സാമ്പത്തിക നയത്തെ കുറിച്ചുള്ള ഒരു ബൃഹദ്‌ഗ്രന്ഥം ഞാനെഴുതിയിട്ടുണ്ട്‌. അതിന്റെ പുതിയ പതിപ്പ്‌ ഇപ്പോഴില്ല. പുതിയ പതിപ്പിറക്കണമെന്ന്‌ പലരും ആവശ്യപ്പെട്ടപ്പോൾ ഞാൻ നിരസിച്ചു. രാഷ്‌ട്രീയം ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കയാണ്‌. വളരെ മുമ്പെഴുതിയ ചില കാര്യങ്ങളെ അടിസ്‌ഥാനപ്പെടുത്തി ഇന്ന്‌ തീരുമാനങ്ങളെടുക്കുന്നത്‌ ചിലപ്പോൾ ശരിയായെന്നുവരില്ല.

ആധുനിക മലയാള സാഹിത്യത്തെകുറിച്ച്‌ എന്താണ്‌ അഭിപ്രായം?

ഞാൻ പ്രാഥമികമായി രാഷ്‌ട്രീയക്കാരനാണ്‌. കമ്യൂണിസ്‌റ്റുകാരനാണ്‌. ആ വീക്ഷണകോണിലൂടെയാണ്‌ കാര്യങ്ങളെ നോക്കിക്കാണുന്നത്‌. ഞാനൊരു സൗന്ദര്യശാസ്‌ത്രവിദഗ്‌ധനല്ല. കുമാരനാശാന്റെ കൃതികളിലെ സാമൂഹ്യരാഷ്‌ട്രീയ പശ്‌ചാത്തലത്തെ ആസ്‌പദമാക്കി ഞാൻ ഒരു പുസ്‌തകം എഴുതിയിട്ടുണ്ട്‌. കേരള സർവകാലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ  സമാഹാരമാണിത്‌. അടുത്തയിടെ സച്ചിദാനന്ദന്റെ ഒരു കൃതിയേയും ഞാൻ വിലയിരുത്തി.

ആത്‌മകഥയെകുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?

എന്റെ ആത്‌മകഥയിൽ എന്റെ ജീവിതത്തെ സ്വാധീനിച്ച രണ്ടു സ്‌ത്രീകളെ കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌. ഒന്ന്‌ അമ്മ, രണ്ട്‌ ഭാര്യ. ഞാൻ ആദ്യം ജയിലിൽ പോകുമ്പോൾ അമ്മയോട്‌ പറഞ്ഞിരുന്നില്ല. ഈ വിവരമറിഞ്ഞ്‌ അമ്മ കഠിന ദുഃഖത്തിലാണെന്ന്‌ ഞാൻ മനസ്സിലാക്കി. എന്റെ അമ്മ ഇതുമൂലം ഏറെ സഹിച്ചു. ഞാൻ ജയിലിൽ നിന്ന്‌ പുറത്തിറങ്ങി അമ്മയെ കണ്ടുമുട്ടിയത്‌ ഹൃദയസ്‌പൃക്കായിരുന്നു. അമ്മ എന്നോടൊരു ചോദ്യമെറിഞ്ഞു – ‘‘നീ ഇനി ജയിലിൽ പോകുമോ?’’ ഞാൻ ധർമസങ്കടത്തിലായി. അവസാനം ഒരു പൊളി പറയാൻ തന്നെ തീരുമാനിച്ചു. അതല്ലായിരുന്നുവെങ്കിൽ അമ്മ ഹൃദയം പൊട്ടി മരിക്കുമായിരുന്നു. പക്ഷ ഞാൻ  ജയിലിൽനിന്ന്‌ മടങ്ങിവന്ന്‌ ഒരുവർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. എന്റെ അടുത്ത ജയിലിൽപോക്കും ഒളിവിലേക്കുള്ള പോക്കും കാണാൻ അമ്മയുണ്ടായില്ല. ഭാര്യയും ഞാൻ കാരണം ഏറെ ദുരിതമനുഭവിച്ചിട്ടുണ്ട്‌. ഞാൻ ജയിലിൽ പോയപ്പോൾ വെടിവെച്ച്‌ കൊല്ലപ്പെടുമെന്ന്‌ ആരോ ഭാര്യയെ ധരിപ്പിച്ചു. ഒറ്റയ്‌ക്കുതന്നെ ജീവിച്ച്‌ ഭാര്യക്ക്‌ ഒത്തിരി ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്‌. എന്റെ ആത്‌മകഥയിൽ ഞാൻ തന്നെ ഉന്നയിച്ച ഒരു ചോദ്യമുണ്ട്‌. അമ്മയുടെ വാൽസല്യമാണോ ഭാര്യയുടെ വാൽസല്യമാണോ ഏറെ പ്രിയങ്കരമായത്‌? എനിക്കതു തീരുമാനിക്കാനാവുന്നില്ല.

റഷ്യൻ ക്ലാസിക്കുകളിൽ ഏതാണ്‌ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെട്ടത്‌?

ടോൾസ്‌റ്റോയിയുടെ ‘യുദ്ധവും സമാധാനവും’

വേദങ്ങളും മാർക്‌സിസവും തമ്മിലുള്ള വ്യത്യാസം?

മൂവായിരമോ നാലായിരമോ വർഷം മുമ്പുണ്ടായതാണ്‌ വേദങ്ങൾ. മാർക്‌സിസം കഴിഞ്ഞ നൂറ്റാണ്ടിന്റെ സൃഷ്‌ടിയാണ്‌. അതുതന്നെയാണ്‌ വ്യത്യാസം.

മതത്തോടുള്ള സമീപനം എന്താണ്‌?

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ മാർക്‌സ്‌ പറഞ്ഞതുതന്നെയാണ്‌ എന്റെയും അഭിപ്രായം. ഇതിനർഥം മതം അതേപടി തെറ്റാണെന്നല്ല. കറുപ്പ്‌ ഔഷധവുമാണല്ലോ. പക്ഷേ, ഈ ഔഷധം താൽക്കാലിക ആശ്വാസത്തിനേ ഉതകുന്നുള്ളു. ശാശ്വത പരിഹാരം വിപ്ലവം മാത്രമാണ്‌.

ആധുനിക കവിതകളിൽ ഏതെങ്കിലും ഓർമയിലുണ്ടോ? ഒരു കവിത ചൊല്ലാമോ?

എനിക്ക്‌ പല കവിതകളും അറിയാം. പക്ഷേ ഞാൻ ഇവിടെ ചൊല്ലിയിട്ട്‌ എന്തുവേണം. 

അക്കാദമി സെക്രട്ടറി ഇന്ദർനാഥ്‌ ചൗധരിയാണ്‌ ചടങ്ങിൽ  സ്വാഗതം പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top