26 April Friday

പുടിനെ വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


മോസ്കോ
റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനെ വധിക്കാൻ ശ്രമമുണ്ടായെന്ന്‌ റിപ്പോർട്ട്‌. കാറിൽ സഞ്ചരിക്കവെ, മുൻ ചക്രത്തിലേക്ക്‌ വന്നുപതിച്ച സ്‌ഫോടകവസ്തു വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷിത ഇടത്തേക്ക്‌ മാറ്റിയപ്പോഴേക്കും വാഹനം പുകകൊണ്ട്‌ മൂടിയിരുന്നു. എന്നാൽ, പുടിൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം എന്നാണ്‌ ഉണ്ടായതെന്നതിൽ വ്യക്തതയില്ല. ജനറൽ ജിവിആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച്‌  യൂറോ വീക്കിലി ന്യൂസാണ്‌ വിവരം റിപ്പോർട്ട്‌ ചെയ്തത്‌.

ഔദ്യോഗിക വസതിയിലേക്കുള്ള യാത്രാമധ്യേയാണ്‌ പുടിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്‌. വസതിക്ക്‌ കിലോമീറ്ററുകൾ അടുത്തെത്തിയപ്പോൾ ആദ്യ എസ്‌കോർട്ട്‌ വാഹനത്തെ ഒരു ആംബുലൻസ്‌ മറച്ചു. രണ്ടാമത്തെ എസ്‌കോർട്ട്‌ വാഹനം കടന്നുപോയശേഷമാണ്‌ വാഹനവ്യൂഹത്തിൽ പുടിൻ സഞ്ചരിച്ചിരുന്ന അഞ്ചാമത്തെ കാറിനുനേരെ ആക്രമണമുണ്ടായത്‌.

വാഹനവ്യൂഹം തടഞ്ഞ ആംബുലൻസിന്റെ ഡ്രൈവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നിരവധിപേരെ റഷ്യൻ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തു. രണ്ടുമാസം മുമ്പും പുടിനുനേരെ വധശ്രമം ഉണ്ടായിരുന്നു. അഞ്ച്‌ വധശ്രമത്തെ അതിജീവിച്ചതായി പുടിൻതന്നെ 2017ൽ വെളിപ്പെടുത്തിയിരുന്നു. ആഗസ്തിൽ പുടിന്റെ ഉപദേശകൻ അലക്സാണ്ടർ ഡുഗിന്റെ മകളും മാധ്യമപ്രവർത്തകയുമായ ദാരിയ ഡുഗിന കാർ ബോംബ്‌ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഉക്രയ്‌ൻ: ചൈനയുടേത്‌ സന്തുലിത നിലപാടെന്ന്‌ പുടിൻ
ഉക്രയ്‌ൻ വിഷയത്തില്‍ ചൈന സന്തുലിതമായ നിലപാട്‌ സ്വീകരിച്ചെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ഷാങ്‌ഹായ്‌ സഹകരണ സംഘടന ഉച്ചകോടിക്ക്‌ മുന്നോടിയായി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പുടിൻ. അമേരിക്ക തയ്‌വാനിൽ പ്രകോപനമുണ്ടാക്കിയതിനെ അപലപിക്കുന്നതായും പുടിൻ പറഞ്ഞു.

റഷ്യയുടെ ന്യായമായ ആവശ്യങ്ങൾക്ക്‌ പിന്തുണ നൽകുമെന്ന്‌ ഷി ഉറപ്പുനൽകി. ഇറാനിയൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുമായും പുടിൻ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‌ ആവശ്യമായ പ്രകൃതിവാതകം, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള സന്നദ്ധതയും പ്രധാനമന്ത്രി ഷെഹബാസ്‌ ഷെറിഫുമായുള്ള ചർച്ചയിൽ പുടിൻ പ്രകടിപ്പിച്ചു.ഉച്ചകോടിയോട്‌ അനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top