26 April Friday

ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയും പോകും ; അമേരിക്ക ഇസ്രയേല്‍ സംയുക്ത പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Friday Jul 15, 2022


ജറുസലേം
ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം സമാഹരിക്കുന്നത്‌ തടയാൻ എല്ലാ ശക്തിയും ഉപയോ​ഗിക്കാന്‍ അമേരിക്ക സന്നദ്ധമെന്ന് പ്രഖ്യാപനത്തില്‍ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്‍ പറഞ്ഞു.ആണവ ഇറാന്‍ ഇനിയുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡ് അവകാശപ്പെട്ടു. ഇറാന്‍വിരുദ്ധനീക്കം ശക്തമാക്കി ഇസ്രയേലിനെ മുഖ്യസൈനികപങ്കാളിയാക്കുന്നത് ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ ഇസ്രയേലില്‍ എത്തിയത്.

സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇറാനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നടത്തിയത്.  ഇറാൻ നിലപാട്‌ മാറ്റിയില്ലെങ്കിൽ മറ്റു രാജ്യങ്ങളും ബലം പ്രയോഗിക്കാൻ മടിക്കില്ലെന്ന്‌ ഇറാൻ തിരിച്ചറിയണമെന്ന്‌ ലാപിഡ്‌ പറഞ്ഞു. നയതന്ത്ര നീക്കത്തിലൂടെയുള്ള പരിഹാരമാണ്‌ ആഗ്രഹിക്കുന്നതെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയാണ്‌ അമേരിക്കയുടെ ലക്ഷ്യമെന്നും ബൈഡൻ അവകാശപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ 2015ലെ ആണവകരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ച നടന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ഇരുപക്ഷവും പരസ്പരം പഴിചാരുന്നതിനിടെയാണ്‌ ഇസ്രയേലിനെ കൂട്ടുപിടിച്ചുള്ള ബൈഡന്റെ നീക്കം.

ഇസ്രയേലിനുള്ള അമേരിക്കൻ സൈനിക സഹായം തുടരാനും ധാരണയായി. 2016ൽ ബറാക്‌ ഒബാമ പ്രസിഡന്റും ജോ ബൈഡൻ വൈസ്‌ പ്രസിഡന്റുമായിരിക്കെയാണ്‌ പത്തുവർഷത്തേക്ക്‌ 3800 കോടി ഡോളർ (3.04 ലക്ഷം കോടി രൂപ) സൈനികസഹായം നൽകാനുള്ള കരാറിൽ ഒപ്പിട്ടത്‌.

ഇസ്രയേൽ–- പലസ്തീൻ വിഷയത്തിൽ ‘ഇരുരാഷ്ട്ര’ വാദത്തെ പിന്തുണയ്ക്കുന്നതായ നിലപാട്‌ ബൈഡൻ ആവർത്തിച്ചു. വെള്ളിയാഴ്ച ഇസ്രയേൽ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്ക്‌ സന്ദർശിക്കുന്ന ബൈഡൻ പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസുമായും കൂടിക്കാഴ്ച നടത്തും. മടക്കയാത്രയിൽ സൗദി സന്ദർശിച്ച്‌ സൗദി വ്യോമമേഖലയിൽ ഇസ്രയേൽ വിമാനങ്ങൾക്ക്‌ അനുമതി നൽകുന്നത്‌ സംബന്ധിച്ചും ചർച്ച നടത്തും.  പ്രസിഡന്റായതിനുശേഷമുള്ള ബൈഡന്റെ ആദ്യ ഇസ്രയേൽ സന്ദർശനമാണ്‌ ഇത്‌.

ഇത്‌ വിവേചനമാണ്‌
വെള്ളിയാഴ്ചത്തെ ബൈഡന്റെ വെസ്‌റ്റ്‌ ബാങ്ക്‌ സന്ദർശനത്തിന്‌ മുന്നോടിയായി ബത്‌ലഹേമിലും റാമള്ളയിലും പ്രതിഷേധ ബോർഡുകൾ. ‘മിസ്‌റ്റർ പ്രസിഡന്റ്‌, ഇത്‌ വർണവിവേചനമാണ്‌’ എന്നെഴുതിയ കൂറ്റൻ ബോർഡുകളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ജോർദാൻ നദിക്കും മെഡിറ്ററേനിയൻ സമുദ്രത്തിനും ഇടയിലുള്ള ഭാഗം വർണവിവേചനം പിന്തുടരുന്നവരാണ്‌ ഭരിക്കുന്നതെന്ന്‌ മനസ്സിലാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top