26 April Friday

വിസാ ഇളവുകള്‍ യുഎഇ പിന്‍വലിച്ചു; വിസ പുതുക്കാന്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

അനസ് യാസിന്‍Updated: Saturday Jul 11, 2020

മനാമ> കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന വിസാ ഇളവുകളില്‍ യുഎഇ ഭേദഗതി വരുത്തി. താമസ വിസ,  എന്‍ട്രി പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവന്‍ തീരുമാനങ്ങളും റദ്ദാക്കി. ഞായറാഴ്ച മുതല്‍ എല്ലാ വിസാ സേവനങ്ങള്‍ക്കും ഫീസും പിഴയും ഈടാക്കാനും മന്ത്രിസഭ അനുമതി നല്‍കി.

രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ പാശ്ചാത്തലത്തിലാണ് തീരുമാനം.
നേരത്തെ രാജ്യത്തിനു അകത്തുള്ള താമസക്കാര്‍ക്ക് വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് എന്നിവയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇത് റദ്ദാക്കി പകരം വിസ പുതുക്കുന്നതിന് മൂന്നു മാസത്തെ സാവകാശം നല്‍കി.

ഞായറാഴ്ച മുതല്‍ ഫെഡറല്‍ അതോറിറ്റി വിസ പുതുക്കാനുള്ള അപേക്ഷ സ്വീകരിക്കും. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ കാലഹരണപ്പെട്ട റെസിഡന്‍സി വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കുമുള്ള അപേക്ഷയാണ് ഈ മാസം സ്വീകരിക്കുക. മേയില്‍ കാലാവധി കഴിഞ്ഞവക്ക് ആഗസ്ത് എട്ടു മുതലും ജൂണ്‍ 1 നും ജൂലൈ 11 നും ഇടയില്‍ കാലഹരണപ്പെട്ടവക്ക് സെപ്തംബര്‍ 10 മുതലും പുതുക്കാന്‍ അപേക്ഷിക്കാം. ജൂലൈ 12 നു ശേഷം കാലാവധി കഴിയുന്നവക്ക് അതേ ദിവസങ്ങളില്‍ അപേക്ഷിക്കാം.

താമസവിസാ കലാവധി മാര്‍ച്ച് ഒന്നിന് അവസാനിച്ച, രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്കും യുഎഇക്ക് പുറത്ത് ആറു മാസത്തിലേറെയായി തുടരുന്നവര്‍ക്കും തിരിച്ചുവരാന്‍ ഒരുനിശ്ചിത സമയം അനുവദിക്കും. അവരുടെ രാജ്യത്തുനിന്ന് യുഎഇയിലേക്ക് വ്യോമയാന ഗതാഗതം പുനസ്ഥാപിക്കുന്ന തീയതി മുതലാണ് നിശ്ചിത സമയം നല്‍കുക. യുഎഇ പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ആറ് മാസത്തില്‍ താഴെ യുഎഇയ്ക്ക് പുറത്ത് താമസിച്ച റെസിഡന്റ് വിസക്കാര്‍ എന്നിവര്‍ക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ ഒരു മാസ സമയം രേഖകള്‍ പുതുക്കുന്നതിനായി അനുവദിച്ചു.

 എല്ലാ വിഭാഗക്കാര്‍ക്കും ഇളവ് കാലാവധിക്ക് ശേഷമായിരിക്കും സേവന തുകകളും, പിഴകളും ചുമത്തുക. ഇളവ് കാലാവധിയില്‍ പിഴകള്‍ ചുമത്തില്ല.ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ അവധിക്കെത്തിയ യുഎഇ വിസക്കാര്‍ക്ക് മടങ്ങാന്‍ പ്രത്യേക വിമാന സര്‍വീസുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top