26 April Friday

ഇന്ത്യക്കാരെ പിടിക്കാൻ ട്രംപിന്റെ മോഡി വീഡിയോ ; വിനായക ചതുർഥി ആശംസയുമായി ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020



വാഷിങ്‌ടൺ
വീണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആദ്യ പ്രചാരണ വീഡിയോ ഇന്ത്യൻ അമേരിക്കക്കാരുടെ വോട്ട്‌ ലക്ഷ്യമിട്ട്‌. ട്രംപ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമൊത്തുള്ള ദൃശ്യങ്ങളും ഇരുവരുടെയും പ്രസംഗഭാഗങ്ങളും ചേർത്താണ്‌ 107 സെക്കൻഡുള്ള വീഡിയോ പുറത്തിറക്കിയത്‌. ഇത്‌ വൈറലാക്കാൻ ട്രംപിന്റെ കുടുംബാംഗങ്ങളും റിപ്പബ്ലിക്കൻ നേതാക്കളും അണികളും റീട്വീറ്റ്‌ ചെയ്‌തെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും 66,000 പേർ മാത്രമാണ്‌ വീഡിയോ കണ്ടത്‌. 25 ലക്ഷം ഇന്ത്യക്കാർക്ക്‌ അമേരിക്കയിൽ വോട്ടുണ്ട്‌.

കഴിഞ്ഞ സെപ്‌തംബറിൽ ഹൂസ്റ്റണിൽ അമേരിക്കയിലെ സംഘപരിവാർ സംഘടനകളുടെ മുൻകൈയിൽ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിക്ക്‌ മോഡിയും ട്രംപും കൈകോർത്തു വരുന്നതുമുതൽ ഫെബ്രുവരിയിൽ അഹമ്മദാബാദിൽ മോഡി ഒരുക്കിയ സ്വീകരണത്തിൽ ട്രംപ്‌ പ്രസംഗിക്കുന്നതുവരെയുള്ള  രംഗങ്ങളാണ്‌ വീഡിയോയിലുള്ളത്‌. മോഡിക്ക്‌ അമേരിക്കയിൽ ഇന്ത്യക്കാരുടെ ഇടയിൽ വലിയ പിന്തുണയുണ്ടെന്നാണ്‌ ട്രംപും റിപ്പബ്ലിക്കൻ പ്രചാരണവിഭാഗവും കരുതുന്നത്‌. നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ അത്‌ തനിക്ക്‌ വോട്ടാകുമെന്നാണ്‌ ട്രംപിന്റെ പ്രതീക്ഷ.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ ഇന്ത്യൻ വംശജ കമല ഹാരിസിനെ മത്സര പങ്കാളിയാക്കിയത്‌ ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ബൈഡൻ ശനിയാഴ്‌ച ട്വിറ്ററിലൂടെ അമേരിക്കയിലും ഇന്ത്യയിലും ലോകത്തെങ്ങുമുള്ള ഹിന്ദുക്കൾക്ക്‌ ഗണേശ ചതുർഥി ആശംസ നേർന്നിട്ടുണ്ട്‌. ഇത്‌ റീട്വീറ്റ്‌ ചെയ്‌ത്‌ കമല ഹാരിസും ആശംസ നേർന്നു.ട്രംപിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷൻ തിങ്കളാഴ്‌ച രാത്രി വടക്കൻ കാരലൈനയിലെ ഷാർലറ്റിൽ ആരംഭിക്കും. അതിനെതിരെ കഴിഞ്ഞ രണ്ട്‌ രാവുകളിലും കറുത്തവരടക്കം നൂറുകണക്കിനാളുകളുടെ പ്രകടനം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top