27 April Saturday

ബ്രിട്ടീഷ്‌ സർക്കാർ റെയിൽവേ ഏറ്റെടുത്തു; സ്വകാര്യ നടത്തിപ്പുകാരുമായുള്ള കരാറുകൾ മരവിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ലണ്ടൻ > കോവിഡ്‌ വ്യാപനകാലത്ത്‌ അവശ്യവിഭാഗങ്ങളിലെ ജോലിക്കാർക്ക്‌ യാത്രാസൗകര്യം ഉറപ്പാക്കാൻ ബ്രിട്ടൻ റെയിൽവേ സർവീസ്‌ ഏറ്റെടുത്തു. സ്വകാര്യ നടത്തിപ്പുകാരുമായുള്ള കരാറുകൾ മരവിപ്പിക്കുന്നതായും കുറഞ്ഞത്‌ ആറ്‌ മാസത്തേക്ക്‌ എല്ലാ വരുമാനവും ചെലവും ഏറ്റെടുക്കുന്നതായും ഗതാഗത മന്ത്രാലയം അറിയിച്ചു.

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചതിനാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന്‌ ട്രെയിൻ സർവീസുകൾ തിങ്കളാഴ്‌ചമുതൽ കുറച്ചിരിക്കെയാണ്‌  സർക്കാർ ഇടപെടൽ. രണ്ട്‌ ശതമാനത്തിധികം വരാത്ത തുക നടത്തിപ്പിന്‌ കൂടുതലായി ഈടാക്കും. അവധി ആഘോഷിക്കാനോ സമ്പർക്കങ്ങൾ ഒഴിവാക്കാനോ വേണ്ടി ആളുകൾ താൽക്കാലിക വസതികളിലേക്കോ ക്യാമ്പ്‌ സൈറ്റുകളിലേക്കോ കാരവൻ പാർക്കുകളിലേക്കോ സഞ്ചരിക്കരുതെന്ന്‌ സർക്കാർ നിർദേശിച്ചു. മറ്റുള്ളവരിൽനിന്ന്‌ അകന്നുനിൽക്കണം എന്ന നിർദേശം ലംഘിച്ച്‌ ആളുകൾ പ്രകൃതിസുന്ദരമായ ഗ്രാമീണ കേന്ദ്രങ്ങളിലും കടൽത്തീരങ്ങളിലും തടിച്ചുകൂടുന്നതുസംബന്ധിച്ച ആശങ്കകൾക്കിടെയാണ്‌ ഈ നിർദേശം നൽകിയത്‌. സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന്‌ പല നേതാക്കളിൽനിന്നും ആവശ്യമുയർന്നിരുന്നു. ആറായിരത്തോളം പേർക്ക്‌ രോഗം ബാധിച്ച ബ്രിട്ടനിൽ മരണസംഖ്യ 300 കടന്നു.

എയർ ക്യാനഡ 5000 പേരെ ഒഴിവാക്കുന്നു

പാരീസ്‌ > കോവിഡ്‌ വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയേയും തൊഴിലിനെയും കാര്യമായി ബാധിക്കുന്നതിനിടെ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും അതിനനുസരിച്ച്‌ കടുത്ത തീരുമാനങ്ങൾ എടുക്കുന്നു.

വിമാനസർവീസുകൾ നിറത്തിവച്ച സാഹചര്യത്തിൽ എയർ ക്യാനഡ അയ്യായിരത്തിലധികം ജീവക്കാരെ ലേ ഓഫ്‌ ചെയ്യുകയാണെന്ന്‌ ഒരു യൂണിയൻ നേതാവ്‌ പറഞ്ഞു. ചെലവുകുറഞ്ഞ ഉപസ്ഥാപനമായ റൂഷിൽനിന്ന്‌ 3600 ജീവനക്കാരെയും 1549 ഫ്ലൈറ്റ്‌ അറ്റൻഡന്റുമാരെയുമാണ്‌ ഇപ്പോൾ ഒഴിവാക്കുന്നത്‌.

ദഷിണ കൊറിയൻ വ്യോമയാന കമ്പനിയായ ഏസ്‌തർ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്‌. ദക്ഷിണ കൊറിയയുടെതന്നെ എയർ സോ, എയർ ബുസാൻ, ടി’വേ എയർ എന്നിവ ആഭ്യന്തര സറവീസുകൾ മാത്രമായി ചുരുക്കി.ഫ്രാൻസിൽ സൂപ്പർ മാർക്കറ്റുകളിലും മറ്റ്‌ അവശ്യമേഖലകളിലും തൊഴിലാളികൾ ജോലിക്ക്‌ എത്തണമെന്ന്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top