26 April Friday
അമേരിക്കയിൽ മരണസംഖ്യ നാൽപ്പത്തയ്യായിരത്തിലേക്ക്‌

കോവിഡ്‌: മരണം ഒന്നേമുക്കാൽ ലക്ഷം ; രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിലധികം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 22, 2020


പാരീസ്‌
കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ ഒന്നേമുക്കാൽ ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിലധികമായി. ഏറ്റവുമധികം ആളുകൾ മരിച്ച അമേരിക്കയിൽ മരണസംഖ്യ നാൽപ്പത്തയ്യായിരത്തിലേക്ക്‌. ലക്ഷത്തിലധികം ആളുകൾ മരിച്ച യൂറോപ്പിൽ പൊതുവെ മരണനിരക്ക്‌ കുറയുന്നുണ്ടെങ്കിലും ബ്രിട്ടനിൽ ചൊവ്വാഴ്‌ചയും വർധനവുണ്ടായി. അവിടെ മരണസംഖ്യ 20000 കടന്നതായി സർക്കാർ സൂചിപ്പിച്ചു.

ബ്രിട്ടനിൽ  828 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 17337 ആയി. ആശുപത്രികളിലെ മരണസംഖ്യ മാത്രമാണിത്‌. യഥാർഥ മരണസംഖ്യ ഇതിലും 41 ശതമാനം അധികമായിരിക്കുമെന്ന്‌ സർക്കാർ അറിയിച്ചു. ഏപ്രിൽ 10വരെ ബ്രിട്ടനിലും വെയിൽസിലും ആശുപത്രികൾക്ക്‌ പുറത്ത്‌ കോവിഡുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങൾ തിട്ടപ്പെടുത്തി ദേശീയ സ്ഥിതിവിവര ഓഫീസ്‌ അറിയിച്ചതാണിത്‌. ഇക്കാലത്ത്‌ ആകെ 13121 പേർ കോവിഡുമായി ബന്ധപ്പെട്ട്‌ മരിച്ചെങ്കിലും ആശുപത്രിയിൽ മരിച്ച 9288 പേർ മാത്രമാണ്‌ കണക്കിലുള്ളതെന്ന്‌ സർക്കാർ അറിയിച്ചു. ഔദ്യോഗിക മരണസംഖ്യതന്നെ 20000 കടന്നതായാണ്‌ വ്യക്തമാകുന്നത്‌. എന്നാൽ യഥാർഥ മരണസംഖ്യ അതിനുമപ്പുറമായിരിക്കുമെന്ന്‌ അനൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

സ്‌പെയിനിലും ഏതാനും ദിവസമായി കുറഞ്ഞുവന്ന മരണനിരക്ക്‌ ചൊവ്വാഴ്‌ച കൂടി. 430 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 21282 ആയി. അമേരിക്കയിൽ മാസച്യുസെറ്റ്‌സും രോഗത്തിന്റെ പ്രഭവകേന്ദ്രമായി. ഈയാഴ്‌ച അവിടെ മരണം ഇരട്ടിയായി രണ്ടായിരം കടക്കുമെന്നാണ്‌ റിപ്പോർട്ട്‌. റഷ്യയിലും ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണവും മരണവും കുത്തനെ കൂടുകയാണ്‌. 52763 പേർക്ക്‌ രോഗം സ്ഥിരീകരിച്ച റഷ്യയിൽ 456 പേരാണ്‌ ഇതുവരെ മരിച്ചത്‌ എന്നാൽ ഏപ്രിൽ ഒമ്പത്‌വരെ 10131 പേർക്ക്‌ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്‌. 76 പേരായിരുന്നു മരിച്ചത്‌.

ബെൽജിയത്തിൽ മരണസംഖ്യ ആറായിരത്തോടും ജർമനിയിൽ അയ്യായിരത്തോടും അടുക്കുന്നു. നെതർലൻഡ്‌സിൽ 4000 ആകാറായി. ഇറ്റലിയിൽ 24648 പേരാണ്‌ മരിച്ചത്‌. ഫ്രാൻസിൽ 21000 ആകാറായി. അതേസമയം ചൈനയിൽ പുതിയ മരണമില്ലാത്ത സ്ഥിതി തുടരുന്നു. ഇറാനിലും പുരോഗതിയുണ്ട്‌. 5297 ആണ്‌ അവിടെ മരണസംഖ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top